Image

മാറ്റം ഉൾക്കൊണ്ട് നാടകം; ദൃശ്യാവിഷ്ക്കാരങ്ങളിലെ പുതുപ്രവണതകൾ

Published on 04 November, 2024
മാറ്റം ഉൾക്കൊണ്ട് നാടകം; ദൃശ്യാവിഷ്ക്കാരങ്ങളിലെ പുതുപ്രവണതകൾ

ദൃശ്യാവിഷ്ക്കാരങ്ങളിലെ പുതുപ്രവണതകൾ എന്ന വിഷയത്തിൽ സൂമിലൂടെ ലാനാ കൺവൻഷന്റെ ഭാഗമായി നടന്ന ചർച്ച പുതിയ അറിവുകളുടെ വലിയ ലോകം ശ്രോതാക്കൾക്ക് സമ്മാനിച്ചു. കേരളത്തിൽ നിന്നും വെബ് കോൺഫെറൻസ് വഴി പങ്കെടുത്ത പ്രൊഫ. ഡോ. ചന്ദ്രദാസനായിരുന്നു മുഖ്യാതിഥി. നാടകസംവിധായകൻ, നടൻ, അധ്യാപകൻ എന്നീ നിലകളിലുള്ള അനുഭവങ്ങൾവച്ച് അദ്ദേഹം നടത്തിയ പ്രഭാഷണം ഏറെ ശ്രദ്ധ നേടി. ഹരിദാസ് തങ്കപ്പൻ മോഡറേറ്ററായിരുന്ന ചർച്ചയിൽ ജയൻ കെ.സി.  മനോഹർ തോമസ്, ബിന്ദു ടിജി, ബിജോ ജോസ് ചെമ്മാന്ത്ര, ഫിലിപ്പ് തോമസ്, ഷാജു ജോൺ, റഫീഖ് തറയിൽ, അനശ്വർ മാമ്പള്ളി, മാമ്മൻ മാത്യു, ഷിനോ കുര്യൻ തുടങ്ങിയവർ പങ്കെടുത്തു. അനശ്വർ മാമ്പള്ളി നന്ദിപ്രകാശനം നടത്തി.

പ്രൊഫ. ഡോ. ചന്ദ്രഹാസൻ നടത്തിയ മുഖ്യപ്രഭാഷണത്തിന്റെ പ്രസക്ത  ഭാഗം:  "ഏറ്റവും പഴയത് ഏറ്റവും പുതിയതായി വരുന്ന രസകരമായ പ്രവണതയാണ് ഇപ്പോഴുള്ളത്.  എഴുത്തിൽ മാറ്റം വരുന്നതുപോലെ തന്നെ സാഹിത്യത്തെ അവലംബിച്ച് രംഗത്ത് വരുന്ന കലയിലും മാറ്റം വരും. നാടകത്തിൽ  വന്നിരിക്കുന്ന ഏറ്റവും വലിയ മാറ്റം പഴയതിലേക്കുള്ള മടങ്ങിപ്പോക്കാണ്. മുൻകാലത്തിലെ രീതികൾ പൊടിതട്ടിയെടുത്ത് പുതിയ സാങ്കേതികതയുടെ സഹായത്തോടെ അവതരിപ്പിക്കുന്ന രീതിയാണ് കണ്ടുവരുന്നത്. വ്യത്യസ്ത സമയങ്ങളുള്ള വിവിധ രാജ്യങ്ങളിലിരുന്ന് സാഹിത്യ ചർച്ച നടത്തുന്ന തലത്തിലേക്ക് സാങ്കേതികത വളർന്ന സമയമാണിത്. വെർച്വൽ സ്ട്രീമിങ് ഒരർത്ഥത്തിൽ നാടകമാണ്. അവതരിപ്പിക്കുന്ന വ്യക്തി കഥാപാത്രവും കേട്ടിരിക്കുന്നവർ പ്രേക്ഷകരും.

കോവിഡിന് ശേഷമാണ് വെർച്വൽ സ്ട്രീമിങിങ് കുതിച്ചുചാട്ടം ഉണ്ടായത്. അവതരിപ്പിക്കുന്ന സമയത്ത് അത് അരങ്ങേറുന്ന സ്ഥലത്തുതന്നെ  പ്രേക്ഷകർ ഇരുന്നുകാണുന്ന കലാരൂപമാണ് നാടകം. അഭിനേതാക്കളുടെ ഗന്ധംപോലും ഒരുപക്ഷേ പ്രേക്ഷകന് അടുത്തറിയാനാകുന്നു. എന്നാൽ,സിനിമ അങ്ങനെയല്ല. ചിത്രീകരിച്ച ശേഷം എപ്പോൾ വേണമെങ്കിലും കാണികൾക്ക് അത് കാണാനാകും. ഇരുപതിനായിരം പ്രേക്ഷകർക്കു മുൻപാകെ മൈക്കിന്റെ സഹായംപോലുമില്ലാതെ ഗ്രീക്ക് നാടകം അരങ്ങേറിയ ചരിത്രമുണ്ട്. സാങ്കേതികതയിൽ മാറ്റം എല്ലാക്കാലത്തും നാടകരചനയിലും ശൈലിയിലും മാറ്റങ്ങൾ കൊണ്ടുവന്നു. നോവലിലും സിനിമയിലും എല്ലാം പുതിയ ആഖ്യാന മോഡലുകൾ വന്നിട്ടുണ്ട്. ഒരു കഥയോ രംഗമോ എങ്ങനെ പ്രേക്ഷകന് മനസ്സിലാകുന്ന വിധത്തിൽ അവതരിപ്പിക്കാം എന്നാണ് നാടകത്തിൽ ശ്രദ്ധിക്കുന്നത്. ഭാഷയ്ക്ക് അതീതമായി ആംഗ്യങ്ങളിലൂടെയും അഭിനയത്തിലൂടെയും ഇമേജുകളിലൂടെയും കാര്യങ്ങൾ പ്രകടിപ്പിക്കുന്നു.

സിനിമയിലൊക്കെ ദൃശ്യങ്ങളാണ് ഭാഷയേക്കാൾ കൂടുതൽ സംസാരിക്കുന്നത്. കേൾക്കുന്ന ഭാഷകളായ മലയാളവും തമിഴും സംസ്കൃതവും ഒന്നുമില്ലാതെ ദൃശ്യഭാഷ എന്നൊന്ന് ഉരുത്തിരിഞ്ഞുവന്നത് അങ്ങനെയാണ്. ആക്ടർ എന്ന വാക്കുകൊണ്ട് സ്ത്രീയോ പുരുഷനോ എന്നു വ്യത്യാസമില്ലാതെ ഏത് ലിംഗത്തില്പെട്ടവരും  ആകാം എന്ന സ്വത്വബോധവും ഉൾച്ചേർക്കലുകളും വന്നുകഴിഞ്ഞു. പ്രമേയങ്ങളും പ്രേക്ഷകരും മാറി.

നാടകത്തെ പ്രേക്ഷകർക്ക് കൂടുതൽ ഇന്റിമേറ്റും ഇൻക്ലൂസീവുമായി അനുഭവപ്പെടാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. പ്രേക്ഷകരുടെ എണ്ണം നോക്കി നാടകത്തിന്റെ മികവ് നിർണ്ണയിക്കുന്ന കാലം മാറി. ഒന്നിച്ച് പരമാവധി ഇരുന്നൂറ് പേർ ഒരു നാടകം കണ്ടശേഷം മറ്റുള്ളവർ അടുത്ത ഷോ കണ്ടാൽ മതി എന്നാണ് ഇന്ന്  ചിന്തിക്കുന്നത്. ആളുകളുടെ എണ്ണം കൂടിയാൽ പൂർണമായ അർത്ഥത്തിൽ അത് പ്രേക്ഷകരിലേക്ക് എത്തില്ല. പ്രേക്ഷകരും നടനും തമ്മിലുള്ള അകലം കൂടുംതോറും റീച്ചിന്റെ ഇന്റൻസിറ്റി കുറയും. ഉപരിതലത്തിലുള്ള കാഴ്‌ച മാത്രമായത് മാറും. കൂടുതൽ ഇഴയടുപ്പവും ആഴവുമുണ്ടാകണമെങ്കിൽ കാണികളുടെ എണ്ണം അധികമാകരുത്.

ഒരേനാടകം 99 സീറ്റുള്ള തീയറ്ററിലിരുന്ന് കാണുന്നതും 1000 സീറ്റുള്ള തീയറ്ററിൽ കാണുന്നതും പ്രേക്ഷകന് നൽകുന്ന അനുഭവത്തിന്റെ ആഴം വ്യത്യസ്തമായിരിക്കും. ഇത്തരത്തിൽ നിരവധി പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. മഹാഭാരതത്തിൽ നിന്ന് കാളിദാസൻ ദുഷ്യന്തന്റെയും ശകുന്തളയുടെയും കഥ ഉണ്ടാക്കുമ്പോൾ അത് മറ്റൊരു സർഗ്ഗസിദ്ധിയാണ്. അതുപോലെയാണ് ഖസാക്കിന്റെ ഇതിഹാസം നോവൽ നാടകമാക്കുമ്പോൾ എന്റെ സർഗ്ഗസിദ്ധിയാണ് ഞാൻ അതിൽ സന്നിവേശിപ്പിച്ചത്. യഥാർത്ഥ കൃതിയിൽ നിന്ന് മോചനം നേടി അത് മറ്റൊരു സൃഷ്ടിയായി തീരുന്നു."

see also

എഴുത്തുകാർ സമൂഹത്തെ നയിക്കേണ്ടവർ (ശങ്കർ മന) 

ചെറുകഥാ രചനയിലെ ആത്മസംഘര്‍ഷം (നീന പനക്കൽ) 

സമൂഹത്തിലെമുറിവേറ്റ സ്ത്രീകളുടെ മുറിവുകളാണ് കവിതകൾ (ലാന സാഹിത്യോത്സവം രണ്ടാം ദിവസം : ഉമ സജി) 

ലാനപൊടിപൂരം (ഓട്ടംതുള്ളല്‍: ജോണ്‍ ഇളമത) 

എഴുത്തിടത്തിലെ രാഷ്ട്രിയ ഇടപെടലുകൾ (മാമ്മൻ സി മാത്യു) 

മധുരമനോജ്ഞമായി ലാന സാഹിത്യോത്സവം 

ലാന സാഹിത്യോത്സവം (കൂടുതല്‍ ചിത്രങ്ങള്‍) 

മലയാളം ചെറിയ ഭാഷയല്ല, അപകര്‍ഷത വേണ്ട: ഇ. സന്തോഷ് കുമാര്‍ 

ലാന സാഹിത്യോത്സവം 2024 ന്യൂയോർക്കിലെ അക്ഷര നഗരിയിൽ ആരംഭിച്ചു  

Join WhatsApp News
Jayan varghese 2024-11-05 14:53:38
‘ ഏറ്റവും പഴയത് ഏറ്റവും പുതിയതായി വരുന്ന രസകരമായ പ്രവണതയാണ് ഇപ്പോളുള്ളത് ‘ എന്ന പരാമർശത്തിലെ രസകരം എന്നത് സങ്കടകരം എന്ന് തിരുത്തേണ്ടിയിരിക്കുന്നു. സ്വാതന്ത്ര്യാനന്തര കാലഘട്ടം വരെ തമിഴ് നാടകങ്ങളുടെ പിടിയിലായിരുന്ന മലയാള നാടകവേദി പ്രതിഭാ ശാലികളായ നാടക കൃത്തുക്കളുടെ വരവോടെ അതുവരെ മുന്നിലായിരുന്ന ബംഗാളി നാടകങ്ങളെയും പിന്നിലാക്കി വളരുകയായിരുന്നു. 970 കളിലും 80 കളിലും ലോക നാടക വേദിക്കൊപ്പം തലയുയർത്തി നിന്ന നാടകങ്ങൾ നമുക്കുണ്ടായി. ഗ്രാമാന്തരങ്ങളിൽപ്പോലും യുവ പ്രതിഭകളുടെ സംഗമ വേദികളായിരുന്ന അമേച്ചർ നാടകാവതരണങ്ങൾ ധാർമ്മിക സാമൂഹികാവസ്ഥക്ക് വെള്ളവും വളവുമേകി നില നിന്നിരുന്നു. സാംസ്ക്കാരിക സമ്പന്നതയുടെ സംവേദനത്തിലൂടെ സമാധാനവും സംതൃപ്തിയും നിറഞ്ഞു നിന്ന അക്കാലത്തേക്ക് പഴയതിനെ പുതിയതാക്കാനുള്ള വ്യഗ്രതയോടെ കുറേ അക്കാദമിക് പണ്ഡിതന്മാർ കടന്നു വന്നു. ഗോത്ര സംസ്ക്കാരം കുഴിച്ചു മൂടിയ പുരാതന കലാ രൂപങ്ങളുടെ അളിഞ്ഞ പ്രേതങ്ങളെ തോണ്ടിയെടുത്തു വേദികളിൽ പ്രദർശിപ്പിച്ചു കൊണ്ടായിരുന്നു അവരുടെ പ്രകടനങ്ങൾ. ‘ തനതു നാടകവേദി ‘ എന്ന് അവർ അടയാളപ്പെടുത്തിയ ഈ പ്രസ്ഥാനം മലയാള നാടക വേദിയെ ലോക നാടക വേദിയുടെ മുന്നിൽ എത്തിക്കുമെന്ന് അവർ തന്നെ വീമ്പിളക്കുകയും നട്ടെല്ലില്ലാത്ത മാധ്യമങ്ങൾ അത് ഏറ്റു പാടുകയും ചെയ്തു. ആകാശ വാണിയിലും സ്‌കൂൾ ഓഫ് ഡ്രാമയിലും യൂണിവേഴ്സിറ്റി കോളേജിലുമൊക്കെ അധികാരം കയ്യാളിയിരുന്നത് ഈ സംഘത്തിന്റെ ആളുകൾ ആയിരുന്നു എന്നത് കൊണ്ടാവണം മാധ്യമങ്ങൾ അവർക്കു പിന്നാലെ ഓടിയത് എന്ന് സമാധാനിക്കാം. ഇതോടെ ജന ജീവിതത്തിന്റെ നെഞ്ചിടിപ്പുകളായി സമൂഹത്തിൽ നില നിന്ന യഥാർത്ഥ നാടകം പടിയിറങ്ങിപ്പോയി. ഫൈൻ ആർട്സ് സൊസൈറ്റികൾ അടച്ചു പൂട്ടി ആർട്സ് ക്ലബ്ബ്കൾ ചീട്ടുകളി സങ്കേതങ്ങളായി മാറി. യുവാക്കൾ രാഷ്ട്രീയ ചട്ടുകങ്ങളായി ജാഥക്ക് റോഡിലിറങ്ങി. നാനൂറു രൂപയും കോഴി ബിരിയാണിയും പട്ടച്ചാരായവും വരുമാനമായതോടെ അവർക്കു വേറൊന്നും വേണ്ടാതായി. അന്ന് തുടങ്ങിയ ആ ജാഥ ബീവറേജ് ഔട്ലറ്റുകളുടെ മുന്നില നീണ്ട ക്യൂവായി ഇന്ന് പരിണമിച്ചിരിക്കുന്നു ! ചക്കിനു വച്ചത് കൊക്കിനു കൊണ്ടു എന്നത് പോലെ സാമൂഹ്യ തകർച്ചയ്ക്ക് കാരണമായി എന്ന് ഞാൻ കരുതുന്ന ഈ പഴയതിനെ പുതിയതാക്കുന്ന ഈ പരിപാടി ഇനിയെങ്കിലും അവസാനിപ്പിക്കണം. മഹാരഥന്മാർ എന്നവകാശപ്പെടുന്ന ജി. ശങ്കരപ്പിള്ള, കാവാലം നാരായണപ്പണിക്കർ, നരേന്ദ്ര പ്രസാദ്, വയലാ വാസുദേവൻ പിള്ള മുതലായവർ നേതൃത്വം നൽകിയ തനതു നാടക വേദി പ്രസ്ഥാനം മലയാള നാടക വേദിയുടെ മരണ മണിക്ക് കരണമാവുകയായിരുന്നു എന്നതിന്റെ പേരിൽ കാല യവനികയ്ക്കുള്ളിൽ മറഞ്ഞു കഴിഞ്ഞ അവരുടെ ആത്മാവുകൾ കുറ്റ ബോധത്തോടെ ഇന്നും തേങ്ങുകയായിരിക്കണം ! ജയൻ വർഗീസ് .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക