Image

മുല്ലപ്പെരിയാർ തീരത്തെ മുല്ലപ്പൂക്കാരി (ഇ-മലയാളി കഥാമത്സരം 2024: രേഖ ആനന്ദ്‌)

Published on 05 November, 2024
മുല്ലപ്പെരിയാർ തീരത്തെ മുല്ലപ്പൂക്കാരി (ഇ-മലയാളി കഥാമത്സരം 2024: രേഖ ആനന്ദ്‌)

"ഇനിയും മഴപെയ്താൽ അണക്കെട്ടുപൊട്ടുമോ മോളെ".. !! ?

രണ്ടു ദിനങ്ങൾ കടന്നുപോയിട്ടും ഇപ്പോളും കാതിൽ അലയടിക്കുന്ന ആ തളർന്ന ചോദ്യത്തിന് മുന്നിൽ എന്ത് പറയണം എന്നറിയാതെ പകച്ചു നിന്നതോർക്കുകയായിരുന്നു ഞാൻ.

ഒന്ന് ഷട്ടർ തുറന്നാൽ പോലും പ്രളയത്തിൽ മുങ്ങി പോകാൻ സാധ്യതയുള്ള ,അരുവിയുടെ തീരത്തുള്ള പുറമ്പോക്ക്‌ ഭൂമിയിലെ, കൊച്ചു കുടിലിൽ കഴിയുന്ന ലക്ഷ്മിയമ്മയുടെ  ആ തളർന്ന സ്വരത്തിൽ ,ഉറക്കമില്ലാതെ തള്ളിനീക്കിയ, അനേകം രാത്രികളുടെ നിദ്രാഭാരം കനത്തു നിന്നിരുന്നു.

അണക്കെട്ടിൽ നിന്നും ഒരുപാട് ദൂരെ  നഗരത്തിൽ ,ഫ്ലാറ്റ് സമുച്ചയത്തിന്റെ പതിനെട്ടാം നിലയിൽ ജീവിയ്ക്കുന്ന
എനിയ്ക്ക്ഒരിക്കലും അങ്ങനൊരു ചിന്ത ഇത്രയേറെ ആകുലത നൽകിയിരുന്നില്ല എന്ന് ഞാൻ വേദനയോടെ ഓർത്തു.

ഈ അണക്കെട്ടു ഒരിക്കലും പൊട്ടില്ല എന്ന് ആരെങ്കിലും ഒന്ന് ഉറപ്പിച്ചു പറഞ്ഞിരുന്നു എങ്കിൽ സമാധാനത്തോടെ ഒന്ന് ഉറങ്ങാമായിരുന്നു എന്നൊരു പ്രതീക്ഷ അവരുടെ തളർന്ന കണ്ണുകളിൽ കത്തി നിന്നിരുന്നു .

മൂന്ന് ദിവസങ്ങൾക്കു മുൻപാണ് ഞാൻ ആദ്യമായി ഇടുക്കിയിലെ  ആ ഗ്രാമവും അവിടെ അമ്പലത്തിനു മുൻപിൽ മുല്ലപ്പൂ വിൽക്കുന്ന ലക്ഷ്മിയമ്മയെയും കാണുന്നത് .

അപ്രതീക്ഷിതമായി ഔദ്യോഗിക ആവശ്യത്തിന് ചേട്ടന്  ഡൽഹിയിൽ പോകേണ്ടി വന്നപ്പോൾ ,ഫ്ലാറ്റിൽ 
ഞാൻ തനിച്ചായി പോകുമെന്നു പേടിച്ച
അവസരത്തിലാണ് ,പ്രിയ കൂട്ടുകാരി
മായ അവളുടെ നാട്ടിലേക്കു പോകുമ്പോൾ  എന്നെയും ക്ഷണിച്ചത്.

അവളുടെ ഗ്രാമം കാണാൻ 
എനിയ്ക്കും ആഗ്രഹമായിരുന്നു .
സമ്മതം കിട്ടില്ല എന്ന് ഉറപ്പുള്ളതുകൊണ്ടു ആ ആഗ്രഹം ഉള്ളിൽ ഒതുക്കിയപ്പോളാണ് എന്നെ ഞെട്ടിച്ചുകൊണ്ട് ,മായ ആ സന്തോഷ വാർത്ത പറഞ്ഞത് .
അവൾ ചേട്ടനോട്  സംസാരിച്ചു സമ്മതം വാങ്ങി എന്ന് !
ആ വാക്കുകൾ ഒരു കാറ്റുപോലെയായിരുന്നു .

വെക്കേഷൻ തുടങ്ങിയ മുതൽ  കുട്ടികൾ നാട്ടിൽ എന്റെ മാതാപിതാക്കളുടെ കൂടെ.

ചേട്ടൻ ഡൽഹിയിൽ മീറ്റിംഗിനും ,മായ നാട്ടിലും പോയാൽ ഫ്ലാറ്റിന്റെ ഉള്ളിൽ ഒറ്റയ്ക്കു കടുത്ത ഏകാന്തതയിൽ കഴിയേണ്ടിവരുന്ന ദിവസങ്ങളെ ഓർത്തു ഭാരപ്പെട്ട എന്റെ മനസ്സ്,
മണ്ണിൽ നനഞ്ഞു കുതിർന്നു കിടന്ന  അപ്പൂപ്പൻ താടി ,ഒരു കാറ്റുകൊണ്ടു പറന്നപോലെ ഉയർന്നു പറന്നു .

മായയുടെ വീട്ടിലേയ്ക്കുള്ള യാത്ര.
വിവാഹ ശേഷം ആദ്യമായാണ് ചേട്ടന്റെ കൂടെയല്ലാതെ ഒരു ദൂരയാത്ര.

കാർ മുന്നോട്ടു കുതിയ്ക്കുമ്പോൾ പുറകോട്ടു മറയുന്ന മൾബറി തോട്ടങ്ങൾ. പട്ടുനൂൽ നെയ്തു കൂടുണ്ടാക്കി, അതിനുള്ളിൽ ഉറങ്ങുന്ന പാവം പട്ടുനൂൽപുഴുക്കളെ ഓർത്തു മനസ്സ് വേദനിച്ചു ...
ശലഭമായി പറക്കാൻ കൊതിച്ചു 
പട്ടുനൂലു നെയ്തു കൂട്ടുന്നു . കൂടു മെനയുന്നു .ആർക്കോ പട്ടുവസ്ത്രത്തിൽ തിളങ്ങാൻ വേണ്ടി കഠിനപ്രയത്നം ചെയ്തു പിടഞ്ഞു ഒടുങ്ങുന്നവർ ..

ആദ്യത്തെ ദിവസത്തെ യാത്ര ക്ഷീണം മാറിയപ്പോൾ, സന്ധ്യാസമയത്താണ് മായ അവളുടെ കുട്ടികളെ, അച്ഛന്റെയും അമ്മയുടെയും കൂടെ നിർത്തി ,ആ കൊച്ചു ക്ഷേത്രം കാണാൻ എന്നെ കൊണ്ടുപോയതും ലക്ഷ്മിയമ്മയെ  കണ്ടതും .

മുടിയിൽ ചൂടി വാടി കരിഞ്ഞ പൂക്കൾ കാണുന്നത് സങ്കടമായതു കൊണ്ട് പൂ ചൂടുന്നതിനേക്കാൾ ഞാൻ ഇഷ്ടപ്പെട്ടിരുന്നത് അവ വിരിഞ്ഞു നിൽക്കുന്നത് കാണാനായിരുന്നു .

എങ്കിലും ദേവിയുടെ നടയിൽ വെയ്ക്കാൻ ഒരു മുഴം വാങ്ങാം അവർക്കും അതൊരു സഹായമാകുമല്ലോ എന്നോർത്താണ്  അവരുടെ അടുത്തെത്തിയത്.

നഗരത്തിൽ മുഴത്തിന് നൂറുരൂപ
പറയുന്ന സുഗന്ധമില്ലാത്ത മുല്ലപ്പൂ  കണ്ടു ശീലിച്ച എനിയ്ക്ക്അതിശയവും സ്നേഹവും തോന്നിയത് അത്രയും സുഗന്ധം പൊഴിക്കുന്ന മുല്ലപ്പൂക്കൾ
ഇരുപതുരൂപയ്ക്ക് തന്നപ്പോളായിരുന്നു.

ഇരുനൂറു രൂപയുടെ ഒറ്റനോട്ടു കൊടുത്തു ,ബാക്കി വേണ്ട എന്ന് പറയുമ്പോൾ അവർ വിശ്വസിക്കാനാവാത്ത എന്തോ കേട്ടപോലെ എന്നെ നോക്കി.

ബാക്കി പണം തരാൻ  അവരുടെ കൈയിൽ മുഷിഞ്ഞ ചില പത്തു രൂപ നോട്ടുകൾ അല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല എന്ന് കണ്ണിൽ നിന്നും പൊഴിഞ്ഞിറങ്ങി തിളങ്ങിയ ,കണ്ണുനീർ തുള്ളികൾ  മനസ്സിനോട് പറഞ്ഞു .

മായ അൽപ്പം ദൂരെ മാറിനിന്ന് വിദേശത്തു നിന്ന് വിളിച്ച അവളുടെ ഭർത്താവിനോട് സംസാരിയ്ക്കുകയായിരുന്നു.
സംസാരസമയം കൂടും തോറും ലക്ഷ്മിയമ്മയോടു കൂടുതൽ
സംസാരിക്കാൻ എനിയ്ക്കു സമയം കിട്ടുകയായിരുന്നു.

ആ മുല്ലപ്പൂക്കൾ അവരുടെ
വീട്ടുമുറ്റത്തെ മുല്ല വള്ളികളിൽ നിന്നും ഇറുത്തെടുത്തതാണെന്നു പറഞ്ഞപ്പോൾ
അവ വിരിഞ്ഞു നില്കുന്നത് കാണാൻ,അതിയായ മോഹം തോന്നി.

എന്റെ മനസ്സ് വായിച്ചിട്ടെന്നപോലെ അടുത്ത നിമിഷം അവർ പറഞ്ഞു "മോളുവരുമോ..എന്റെ വീടുകാണാൻ?
സംസാരം കഴിഞ്ഞു അടുത്തേക്ക് വന്ന മായ, "അപ്പോഴേയ്ക്കും നിങ്ങൾ പരിചയമായോ ! "എന്ന് പറഞ്ഞപ്പോളാണ് മായയ്ക്ക് അവരെ ആദ്യമേ അറിയാം എന്ന് എനിയ്ക്കു മനസ്സിലായത്.
ഞാൻ പ്രതീക്ഷയോടെ ധർമ്മ സങ്കടത്തോടെ മായയുടെ കണ്ണുകളിൽ നോക്കി.
മാസങ്ങൾക്കു ശേഷമാണു മായ അവളുടെ വീട്ടിൽ എത്തുന്നത്.
അതുകൊണ്ടു ഓരോ നിമിഷവും 
വിലപ്പെട്ടതാണ് ..
ആ സമയം എങ്ങനെ ചിലവഴിക്കണം എന്ന് അവൾ പറയുന്നപോലെ ഞാൻ അനുസരിയ്ക്കും.

എറണാകുളം നഗരത്തിലെ ഫ്ലാറ്റിൽ നിന്നും കോഴിക്കോടുള്ള എന്റെ വീട്ടിലേയ്ക്കുള്ള യാത്രകൾ 
ഓർത്തുപോയി ഞാൻ .
ചെറിയ ചെറിയ മോഹങ്ങൾ ഉള്ളിൽ  
നിറച്ചുകൊണ്ടാണ് യാത്ര ആരംഭിക്കുന്നത്.
അച്ഛനും അമ്മയ്ക്കും അനിയനും ഒക്കെ ഇഷ്ടമുള്ളതൊക്കെ വെച്ചുണ്ടാക്കികൊടുക്കണം,
അമ്മയുടെ ചുളിവുവീണു തുടങ്ങിയ കൈയിലും കാലിലും ക്രീം പുരട്ടി മിനുക്കണം..നഖങ്ങളിൽ നെയിൽ പോളിഷ് ഇട്ടു കൊടുക്കണം.
വേദനയുള്ള കാലുതടവി അടുത്തിരുന്നു കുറെ സംസാരിയ്ക്കണം.
അനിയന്റെ ഇരട്ട പെൺകുഞ്ഞുങ്ങളെ കൊതിതീരെ ഓമനിയ്ക്കണം.
അങ്ങനെ കുഞ്ഞു കുഞ്ഞു മോഹങ്ങൾ .

പക്ഷെ ഉയർന്ന ഉദ്യോഗം ഉണ്ടായിട്ടും കുട്ടികളുടെ ഭാവി ഭദ്രമാക്കാൻ എന്നു പറഞ്ഞു അനേകം  ബിസിനസ്സ്   
സാമ്രാജ്യങ്ങൾ കെട്ടിപ്പടുക്കാൻ,സ്വന്തം ജീവിതം ജീവിയ്ക്കാൻ മറന്നു, നെട്ടോട്ടമോടുന്ന ചേട്ടന്റെ ഒപ്പം, അതിവേഗം ഓടുന്ന കാറിൽ, ഒരു നിമിഷം കണ്ണടച്ചാൽ മുന്നിലെ വാഹനത്തിൽ,തട്ടിതകരുമോ എന്ന്പേടിച്ചു  കണ്ണിമയ്ക്കാതെ, ജീവൻ കൈയിൽ പിടിച്ചപോലെയുള്ള യാത്രകൾ..അർധരാത്രി വീട്ടിൽചെന്ന്കയറുമ്പോൾ അടുത്ത ദിവസം തല ഉയർത്താൻ പോലും ആകാത്ത വിധം മനസ്സും ശരീരവും തളർന്നു പോയിട്ടുണ്ടാകും.
ക്ഷീണവും കൊച്ചു മോഹങ്ങളും തീരാതെ ഭർത്തൃഗൃഹത്തിലേക്കു യാത്രതുടരാൻ കാറിൽ കയറുമ്പോൾ ഉള്ളു പൊടിയുന്നുണ്ടാവും പലപ്പോളും.
ഭർതൃമാതാവിനും പിന്നെ പരിചയത്തിൽ ഉള്ള ഏതു പ്രായമായ സ്ത്രീകളെ കാണുമ്പോളും അവർക്കു കാലുവേദനിയ്ക്കുന്നുണ്ടാകുമോ
എന്ന് ഓർത്തു തടവികൊടുക്കാൻ തോന്നുന്നതും, അമ്മയുടെ അടുത്തിരിയ്ക്കാനോ കാലുതടവാനോ ആഗ്രഹിച്ചിട്ടും അവസരം കിട്ടാത്ത മകളുടെ ആഗ്രഹസഫലീകരണമാണ് എന്ന് തോന്നാറുണ്ട് ..

വിവാഹശേഷം സ്വന്തം വീട്ടിൽവിരുന്നുകാരിയെപോലെ എത്തി തിരിച്ചുപോകാൻ ,വിധിക്കപെട്ട ഓരോ സ്ത്രീയുടെയും മനസ്സിന്റെ പിടച്ചിൽ..
ആ പിടച്ചിൽ ആരംഭിക്കുന്നതു വിവാഹദിനത്തിലാണ് .
ചിപ്പിയിൽ നിന്നും അടർന്നുപോയ മുത്തുപോലെ, ഉള്ളം മുറിഞ്ഞുകൊണ്ടുള്ള പടിയിറക്കം .
ആ പടിയിറക്കത്തിന്റെ ആവർത്തനമാകും പിന്നീടുള്ള 
ഓരോ ഹ്രസ്വ സന്ദർശനങ്ങളുടെയും
ഒടുവിൽ യാത്രപറഞ്ഞു ഇറങ്ങുമ്പോൾ. .ലോകത്തിലെ 
ഏറ്റവും വലിയ അഭിനേത്രിയാണെന്നു തോന്നിപ്പോകുന്ന രീതിയിൽ അമ്മ ഉള്ളിലെ സങ്കടം മറച്ചു പുഞ്ചിരിക്കും. തന്റെ കണ്ണുകൾ കലങ്ങിയാൽ മകളുടെ ഹൃദയം കലങ്ങും എന്ന് നന്നായി അറിയുന്ന അച്ഛനും, ചിരിയുടെ മുഖംമൂടി അണിയുകയും കണ്ണുകൾ ചതിക്കയാൽ ,വല്ലാതെ തോറ്റുപോകുകയും ചെയ്യും.

അതുകൊണ്ടുതന്നെ മായ അവളുടെ ഗൃഹസന്ദർശനത്തിലെ മുഴുവൻ സമയവും ,അവളുടെ അച്ഛനെയും അമ്മയെയും സ്നേഹിച്ചു കൂടെ തന്നെ നിൽക്കണം എന്നും ഞാൻ ആഗ്രഹിച്ചിരുന്നു .

എന്റെ ചിന്തകൾ  ശരിയ്ക്കും മനസ്സിലാക്കിയ അവൾ പറഞ്ഞു, "നാളെ അച്ഛനും അമ്മയും അച്ഛന്റെ കൂട്ടുകാരന്റെ,മകളുടെ,വിവാഹത്തിന് പോകും.കുട്ടികളും കൂടെ പോകും. അവർ പോയിട്ടു നമ്മുക്ക് ലക്ഷ്മിയമ്മയുടെ വീടുകാണാൻ പോകാം.
എന്റെ നാട്ടിൽ വന്നിട്ടു, മുല്ല പൂത്തു നില്കുന്നത് കാണാൻ പറ്റിയില്ല എന്നോർത്തു നീ ,ഫ്ലാറ്റിൽ പോയി 
സങ്കടപ്പെട്ടു കിടക്കാൻ സാധ്യത കാണുന്നുണ്ട് .അതിനു ഞാൻ ഇടവരുത്തില്ല ."

അടുത്ത ദിവസം  മായയുടെ അമ്മ വിളമ്പിയ പതുപതുപ്പുള്ള ഇഡ്ഡലിയും സാമ്പാറും കഴിക്കുമ്പോളും മനസ്സ് ആൽത്തറയിൽ ഞങ്ങളുടെ ആഗമനം പ്രതീക്ഷിച്ചു ,പൂ വിറ്റുതീർക്കുന്ന, ലക്ഷ്മിയമ്മയായിരുന്നു.

പത്തുമണി ആകുമ്പോളേയ്ക്കും  അവിടെ എത്താം.
പൂവിൽപ്പന മുടക്കേണ്ട എന്ന് ഞങ്ങൾ പറഞ്ഞിരുന്നു. അവരുടെ ഒഴിഞ്ഞ പൂക്കൂട കണ്ടപ്പോൾ ഞങ്ങൾക്കും സന്തോഷമായി..എല്ലാം വിറ്റു തീർന്നിരിയ്ക്കുന്നു..

ഞങ്ങളെ കണ്ടപ്പോൾ അവരുടെ മുഖം അമ്പലത്തിനു മുന്നിലെ കൽവിളക്കുപോലെ പ്രകാശിച്ചു.
അവർക്കു വീട്ടിൽ അതിഥിയായി പോകാൻ ആരും തന്നെ ഇല്ലായിരുന്നു എന്ന് ആ പ്രകാശത്തിന്റെ തീവ്രത വെളിപ്പെടുത്തുന്നുണ്ടായിരുന്നു .

വേഗം തൊഴുതു വന്നു ഞങ്ങൾ .
അമ്പലത്തിന്റെ എതിരെയുള്ള മൺപാതയിലൂടെ പത്തു മിനിറ്റ് നടക്കാൻ ഉണ്ടെന്നു അറിഞ്ഞപ്പോൾ 
കാറിന്റെ പിൻസീറ്റിൽ കയറാൻ മായ അവരോടു പറഞ്ഞു.വിശ്വസിക്കാനാകാത്തതുപോലെ മായയെ നോക്കികൊണ്ട്‌  അബോധാവസ്ഥയിൽ എന്നപോലെ, ഒരു കുട്ടിയുടെ  അനുസരണയോടെ, ഒരു കൊട്ടാരത്തിലേക്കു പ്രവേശിയ്ക്കുന്നതുപോലെ ശ്രദ്ധയോടെ കാലെടുത്തു വെച്ചതു കണ്ടപ്പോൾ ,അവർ ആദ്യമായിട്ടാണ് കാറിൽ കയറുന്നതെന്നു ഞങ്ങൾക്ക് തോന്നി.

കാർ മുന്നോട്ടു നീങ്ങവേ അവരുടെ മുഖം കൗതുകംകൊണ്ടും ,സന്തോഷം കൊണ്ടും തിളങ്ങുന്നുണ്ടായിരുന്നു .
മുന്നിലെ കണ്ണാടിയിൽ ആ ദൃശ്യം കാൺകെ എന്റെ മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞു തുളുമ്പി .

ഒരിക്കലും കാറിൽ കയറാത്ത പാവങ്ങളെ കാറിൽകയറ്റി അവർക്കു എത്തേണ്ടിടത്തു എത്തിച്ചു കൊടുക്കുന്നത് , മനസ്സിൽ സന്തോഷം നിറയ്ക്കാനുള്ള 
എളുപ്പവഴിയാണെന്നു ആ യാത്രയിലാണ് ഞാൻ തിരിച്ചറിഞ്ഞത് .

"മോളെ ഈ മരത്തിനു താഴെ കാർ നിർത്താം.ഇനിയുള്ള വഴി വീതിയില്ല"എന്നവർ പറഞ്ഞപ്പോൾ മായ കാർ ഒതുക്കി നിർത്തി.

മുന്നിൽ പുൽമെത്ത വിരിച്ചപോലെ ഇടവഴി.അവയിൽ കുഞ്ഞു  രത്നങ്ങൾ വിതറിയപോലെ മഴത്തുള്ളികൾ തിളങ്ങിനിന്നിരുന്നു..
അരികെ പടർന്നു നിന്ന ഒരു ചെടിയുടെ തണ്ടു പൊട്ടിച്ചു ലക്ഷ്മിയമ്മ ഊതികാണിച്ചു.
ഉത്സവപറമ്പിൽ വിൽപ്പനക്കാർ ഊതിപ്പറപ്പിക്കുന്ന സോപ്പുകുമിളകൾ പോലെ നിരവധി മനോഹര കുമിളകൾ ഉയർന്നു പറന്നു .അങ്ങനെയൊരു ചെടി ആദ്യമായി കാണുകയായിരുന്നു

അപ്പോൾ മാത്രം യാത്രയിൽ മക്കൾ കൂടെ വേണമായിരുന്നു എന്നൊരു വേദന ഞങ്ങൾക്ക് തോന്നി...

മായ ആദ്യമേ പറഞ്ഞിരുന്നു ലക്ഷ്മിയമ്മയുടെ വീട്ടിൽ പോകാൻ
അനുവാദം ചോദിക്കാൻ ചേട്ടനെ ഫോൺ ചെയ്തിട്ട് , ചേട്ടൻ സമ്മതിച്ചില്ലാന്നു പറഞ്ഞു കരഞ്ഞിട്ട് എന്റടുത്തു വന്നാൽ എന്റെ വിധം മാറും .
പോയി വന്നിട്ടു പറഞ്ഞാൽ മതി എന്ന്..
പതിനഞ്ചു മിനിറ്റ് മാത്രം കണ്ടു പരിചയം ഉള്ള സ്ത്രീയുടെ വീട്ടിൽ പോകുക എന്ന ആഗ്രഹം ബാലിശമായതും ,ഒരിക്കലും അനുവദിക്കേണ്ടാത്തതുമായ ഒരു ആവശ്യമാണെന്നു തീരുമാനിയ്ക്കാൻ ചേട്ടന് ഒരു നിമിഷം പോലും വേണ്ട എന്ന് നന്നായി അറിയാമായിരുന്നു.

അവർ പാവം സ്ത്രീയാണെന്ന് പറഞ്ഞു വാദിച്ചാൽ ,ഇതുപോലെ ഞാൻ മുൻപു പാവമാണെന്നു പറഞ്ഞു സഹതാപം തോന്നി സഹായിച്ച അനേകം സ്ത്രീകൾ ചെയ്ത തട്ടിപ്പിന്റെ കഥകളുടെ ഒരു ലിസ്റ്റ് തിരിച്ചു പറഞ്ഞു എന്നെ തോൽപ്പിച്ചു കളയും ചേട്ടൻ. അതുകൊണ്ട് മായയെ അനുസരിക്കുകയാണ് നല്ലതെന്നു ഉറപ്പിച്ചു .

രാവിലെ വിളിച്ചപ്പോൾ ചേട്ടൻ മീറ്റിംഗിന് പോകാനുള്ള ധൃതിയിൽ പെട്ടന്ന് ഫോൺ വെച്ചത് ഭാഗ്യമായി.രണ്ടു മിനിറ്റ് എങ്കിലും സംസാരിച്ചിരുന്നെങ്കിൽ പറഞ്ഞുപോകുമായിരുന്നു.
എങ്കിൽ ഈപോക്ക് നടക്കില്ലെന്നു മാത്രമല്ല ഉടനെ എറണാകുളത്തേക്കു തിരിച്ചു  പോകാനും പറയുമായിരുന്നു.

മരിച്ചു പോകുന്നതിനു മുൻപ് ഒരു ദിവസം എങ്കിലും സ്വന്തം ജീവിതം സ്വന്തം ഇഷ്ടത്തിന് അനുസരിച്ചു ജീവിയ്ക്കണം എന്ന് മായ എപ്പോളും വഴക്കുപറയും .

മായയുടെ കൂട്ടുകിട്ടിയതിൽ പിന്നെ എന്നെ വരച്ചവരയിൽ നിർത്താൻ പറ്റാതായിട്ടുണ്ട് ചേട്ടന്..
എനിയ്ക്കു ഓർത്തിട്ടു ചിരി വന്നു .
മായ ഇല്ലായിരുന്നു എങ്കിൽ ഇങ്ങനെ ഒരു യാത്ര ഒരിക്കലും സാധ്യമാകുമായിരുന്നില്ല

എന്നെപോലെയല്ല മായ .അവൾ പെട്ടന്നൊന്നും ആരെയും വിശ്വസിയ്ക്കില്ല ആ ധൈര്യത്തിലാണ് ചേട്ടൻ അവളുടെ കൂടെ അയയ്ക്കാൻ ധൈര്യപ്പെട്ടതും.

അരികിൽ പടർന്നിരിയ്ക്കുന്ന തൊട്ടാവാടിയെ തൊട്ടു പിണക്കി വാടിച്ചപ്പോൾ  കുട്ടിക്കാലത്തേക്ക് 
തിരിച്ചു കൊണ്ട് പോകുന്ന, ഒരു മാന്ത്രിക ഇടവഴിയിലൂടെയാണ് ഞങ്ങളിപ്പോൾ പോയി കൊണ്ടിരിയ്ക്കുന്നതെന്നൊരു  സന്തോഷം ഉള്ളിൽ നിറഞ്ഞു.

അരികിൽ മുക്കുറ്റി ചെടി മഞ്ഞ മൂക്കുത്തി ഇട്ടു ചിരിച്ചു നില്കുന്നു. നിന്റെ സ്വർണ്ണ മുക്കുത്തിയേക്കാൾ മനോഹരം എന്റെ വജ്ര മുക്കുത്തിയാണെന്ന ഭാവത്തിൽ അരികിൽ പുൽക്കൊടിത്തുമ്പുകൾ മഞ്ഞുകണങ്ങൾ ചൂടി നിന്നു.

ഇടവഴി വീതി കുറഞ്ഞു വന്നു .
അരികിൽ ചാഞ്ഞു നിന്നിരുന്ന ചില്ലയിൽ വലിയ ചിലന്തിവല. 
എത്ര മനോഹരമായാണ് ,ഇഴകൾ തമ്മിലുള്ള അകലം പോലും  എത്ര കൃത്യമായാണ്, ക്ഷമയോടെ അളവുകോലുപോലും ഇല്ലാതെ അത് 
നെയ്തിരിക്കുന്നത് .
മഴത്തുള്ളികൾ വെയിൽ തട്ടി വജ്രംപോലെ അതിൽ തിളങ്ങി നില്കുന്നു.
പെട്ടന്ന്ഒരു കമ്പെടുത്തു വെറുപ്പോടെ ചിലന്തിവല എന്ന് പറഞ്ഞു മായ അത്പൊട്ടിച്ചു കളഞ്ഞു .. മുറിഞ്ഞപോലെ  എന്റെ മനസ്സ് 
വേദനിച്ചു . ആ ചിലന്തി ഒരു കലാകാരിയാണെന്നും അതിന്റെ വല അതിമനോഹരമായ
കലാസൃഷ്ടിയാണെന്നും, ഒരു നല്ല വാക്ക് കേൾക്കാൻ കൊതിച്ചു അഭിമാനത്തോടെ നിൽക്കവേ, വെറുപ്പോടെ അത് പൊട്ടിച്ചു കളയുമ്പോൾ അതിന്റെ മനസ്സ് ഒരു ചില്ലുപാത്രം പോലെ ഉടഞ്ഞുപോകും എന്ന് തോന്നി .
വളരെ ദിവസങ്ങൾ കഠിനാധ്വാനം ചെയ്തു മനോഹരമായ ഗ്ലാസ്പെയിന്റിംഗ് ചേട്ടനെ കാണിച്ചപ്പോൾ അതിലേക്കു നോക്കുകപോലും ചെയ്യാതെ,  ചുമരിൽ ആണി  തറച്ചു വൃത്തികേടാക്കാൻ പറ്റില്ല ,
ചുമരിൽത്തൂക്കാൻ പറ്റില്ല എന്ന് കർശന സ്വരത്തിൽ പറഞ്ഞപ്പോൾ തന്റെ മനസ്സ് തകർന്നപോലെ ആ ചിലന്തിയുടെ മനസ്സും തകർന്നു കാണും .

ഞാൻ തിരിഞ്ഞു നോക്കി .തകർന്നു തൂങ്ങിയ തന്റെ സൃഷ്ടിയുടെ നൂലിൽ തൂങ്ങി കൊച്ചു ചിലന്തി പിടയുന്നു .

എനിയ്ക്കു  മായയോട് ദേഷ്യം വന്നു .
"എന്ത് ഭംഗിയായിരുന്നു .നീ എന്തിനാ അത് പൊട്ടിച്ചത്?പാവം എത്ര കഷ്ടപ്പെട്ട് ഉണ്ടാക്കിയതാ "
ദേഷ്യത്തോടെ ഞാൻ ചോദിച്ചു .
ഭ്രാന്തുപറയാതെ ഒന്ന് വേഗം നടന്നേ വലിയ മഴ വരാൻ പോകുന്നു .മായ നടത്തത്തിനു വേഗം കൂട്ടികൊണ്ടു പറഞ്ഞു .ആരും ചിന്തിക്കാത്ത കാര്യങ്ങൾ ചിന്തിപ്പിക്കുന്ന എന്റെ മനസ്സിനെ പഴിച്ചുകൊണ്ടു ഞാൻ നടത്തത്തിനു വേഗം കൂട്ടി . 
പെട്ടന്ന് കാർമേഘം വന്നു മൂടി വല്ലാതെ ഇരുട്ട് പരന്നു.

ഇപ്പോൾ ദൂരെയായി കൊച്ചു കുടിൽ കാണാം.

അടുത്ത നിമിഷം അനേകം,മുല്ലപ്പൂ മൊട്ടുകൾ ഒരുമിച്ചു വിരിഞ്ഞപോലെ സുഗന്ധം ചുറ്റും പരന്നു...

ഒരു കൊച്ചു കുടിലിലേക്കല്ല ഒരു സ്വർഗ്ഗ ലോകത്തേക്കാണ്ഞങ്ങൾ
പ്രവേശിക്കുന്നതെന്നുതോന്നി.
അവർ കാറിലേക്ക് കാലെടുത്തുവെച്ച അതെ അതിശയത്തോടെ ഞങ്ങൾ പതിയെ ഓരോ കാലടികളും മുന്നോട്ടു വെച്ചുതുടങ്ങി..
അനേകം മുല്ല വള്ളികൾ ചുറ്റും പടർന്നു നിന്നു സുഗന്ധം പൊഴിച്ചു വരവേറ്റു.
കൂടാതെ  പനിനീർചെടികൾ,
കുറ്റിമുല്ലകൾ,മന്ദാര ചെടികൾ തീകത്തിനിൽക്കുന്നതു പോലെ തെച്ചിപ്പൂ കുലകൾ .എല്ലാം മത്സരിച്ചു വർണ്ണവിസ്മയം തീർക്കുന്നു .

ചാണകം മെഴുകിയ തറയിൽ നിന്നും അൽപ്പം ഉയർന്ന അരമതിലിൽ സാരിതുമ്പു കൊണ്ട് തുടച്ചിട്ട് ഞങ്ങളോട് ഇരിയ്ക്കാൻ പറഞ്ഞിട്ടു അവർ
തിടുക്കപ്പെട്ടു അകത്തേക്കുപോയി.
 
നേരെ മുന്നിലായി അരുവി ആർത്തലച്ചു ഒഴുകുന്നു...
ദൂരെ കോട്ട പോലെ അണക്കെട്ടിന്റെ മുകൾഭാഗം കനത്ത കാർമേഘതൊപ്പിവെച്ചു നില്കുന്നത് കാണാം.

പെട്ടന്ന് ഞങ്ങൾ ഇരിക്കുന്ന വരാന്തയുടെ അരമതിലിനു അരികിലായി കൈയിൽ ഒരു വാക്കത്തിയുമായി അവർ. 
പലതരം വഞ്ചനകളുടെയും ആക്രമണങ്ങളുടെയും വാർത്തകൾ വായിച്ചു ഉള്ളിന്റെ ഉള്ളിൽ തളംകെട്ടി നിന്നിരുന്ന ഭീതി പൊടുന്നനെ ഞങ്ങളെ വലയം ചെയ്തു.ഓടാൻപോലും ആകാത്ത വണ്ണം പാദങ്ങൾ പെട്ടന്ന് കനം വെച്ചതുപോലെ. നടുങ്ങിവിറച്ചു ഞങ്ങൾ. പെട്ടന്ന് കനത്ത മഴ ആർത്തലച്ചുപെയ്തു.
ധൈര്യശാലിയായ മായപോലും ഒന്ന് നടുങ്ങി എന്ന് തോന്നി .
അടുത്ത നിമിഷം മഴയെ വകവെയ്ക്കാതെ സാരിത്തലപ്പു തലയിലേയ്ക് ഇട്ടു അവർ അരികിൽ നിൽക്കുന്ന വാഴയിൽ നിന്നും രണ്ടു ഇളം നാക്കില വെട്ടിയെടുക്കുന്നു.
കുറ്റംബോധത്തോടെ ഞാനും മായയും പരസ്പരം നോക്കി പുഞ്ചിരിച്ചു .

ഞങ്ങൾ പതിയെ അകത്തേയ്ക്കു കയറി. ഒരു മുറിയും ഒരു അടുക്കളയും മാത്രമുള്ള കൊച്ചുകൂരയായിരുന്നു അത്..
അടുക്കളയിൽ വിറകടുപ്പിൽ തിളയ്ക്കുന്ന വെള്ളത്തിൽ കാപ്പിപ്പൊടി ഇടുകയായിരുന്നു അവർ..

"ഇതൊന്നും വേണ്ട,ലക്ഷ്മിയമ്മേ ഞങ്ങൾ പൂന്തോപ്പും അരുവിയും ഒക്കെ ഒന്ന് കണ്ടിട്ടു പോകാൻ വന്നതാ"ഞാൻ പറഞ്ഞു .

അവർ കൊച്ചുഭരണിയിൽ നിന്നും ഏതാനും ശർക്കര എടുത്തു കാപ്പിയിലേയ്ക് ഇട്ടുകൊണ്ട് നെഞ്ചുപൊട്ടിയപോലെ പറഞ്ഞു " മോൻ കുവൈറ്റിൽ പോയതിൽ പിന്നെ ഈ വീട്ടിൽ ആരും വന്നിട്ടില്ല.
സന്തോഷമാണ് മോളെ വീട്ടിൽ വരുന്നവർക്ക് എന്തെങ്കിലും വെച്ചുണ്ടാക്കി കൊടുക്കുന്നത് ."

എത്രയോ കാലങ്ങളായി ആരെയെങ്കിലും സ്നേഹിയ്ക്കാൻ കാത്തിരിയ്ക്കുകയായിരുന്നു അവർ എന്ന് തോന്നി..
മോനെ കുറിച്ച് വാതോരാതെ പറയുന്നതിനിടയിൽ അവർ കുറച്ചു ചെറിയഉള്ളി തൊലികളഞ്ഞു ,കഴുകി ഒരു കൊച്ചു കൽ ഉരലിൽ ഇട്ടു, എന്നിട്ടു ആ ഉള്ളിത്തൊലിയുമായി 
പിൻവാതിലിലൂടെ പുറത്തിറങ്ങി .
കൂടെ ഞങ്ങളും.
അവിടെ അനേകം പച്ചക്കറി തൈകൾ കായ്ച്ചു,നിന്നിരുന്നു.
വെണ്ടയും,വഴുതനയും,ചുവന്ന ചീരയും, മഞ്ഞ കൊളംബി പൂക്കൾ വിടർത്തികൊണ്ടു മത്തൻ വള്ളികളും പടർന്നു നിന്നിരുന്നു..
അതിനു അരികിൽ അരികുപൊട്ടിയ വലിയ മൺകലത്തിൽ പടർന്നു നിന്നിരുന്ന കാന്താരി ചെടിയുടെ ചുവട്ടിൽ ഒരു പൂജ പുഷ്പ്പം അർപ്പിയ്ക്കുന്ന
ബഹുമാനത്തോടെ ആ ഉള്ളിത്തൊലിയിട്ടു, കമ്പുകൊണ്ടു മണ്ണൊന്നു ഇളക്കി കൊടുത്തു .

അശ്രദ്ധയോടെ നമ്മൾ വേസ്റ്റ് ബാസ്കറ്റിലേക്കു എറിയുന്ന 
ഉള്ളിത്തൊലിയോട്  പോലും അവർക്ക് സ്നേഹമാണ് എന്ന് തോന്നിപോയി .
ശേഷം മൗനമായി അനുവാദം ചോദിച്ചിട്ടെന്ന പോലെ നിറയെ കായ്ച്ചു നിൽക്കുന്ന കാന്താരി ചെടിയിൽ നിന്നും ഏതാനും കാന്താരി മുളക് പറിച്ചെടുത്തു. ഭരണിയിൽ നിന്ന് അൽപ്പം ഉപ്പുകല്ലെടുത്തു കഴുകി ഞങ്ങളോട്പറഞ്ഞു "ഉപ്പുകല്ലുപോലും കഴുകണം.എവിടെയൊക്കെ കൂട്ടിയിട്ടിട്ടാണ് കവറിൽ ആക്കുന്നതെന്നു അറിയില്ലല്ലോ".

അതുകേട്ടപ്പോൾ ഞങ്ങൾ ഓർത്തത്
ലക്ഷ്മിയമ്മയുടെ വീടുകാണാൻ പോകുകയാണെന്നു അറിഞ്ഞപ്പോൾ മായയുടെ അയൽവീട്ടിലെ പണക്കാരി കൊച്ചമ്മ പുച്ഛത്തോടെ പറഞ്ഞതാണ്..
"അവിടെന്നു വെള്ളം പോലും കുടിയ്ക്കാൻ നിൽക്കണ്ട.
അവറ്റകൾക്കൊന്നും വൃത്തിയും വെടിപ്പും ഒന്നും ഉണ്ടാകില്ലെന്നേ"..
ആ കൊച്ചമ്മയോടു  എനിയ്ക്കു അതിയായ ദേഷ്യം തോന്നി..

തിരികെപോയിട്ടു ഇത് അവരോടു പറയണമെന്നും മനസ്സിൽ ഉറപ്പിച്ചു..

നിമിഷനേരം കൊണ്ട്കാന്താരി ചമ്മന്തി ഇടിച്ചുണ്ടാക്കി അൽപ്പം വെളിച്ചെണ്ണ അതിലേയ്ക്ക്
പകർന്നുകൊണ്ട് അവർ പറഞ്ഞു, "ഇരിയ്ക്കാനൊന്നും ഇല്ല മക്കളെ, തറയിൽ ഇരുന്നു ശീലം കാണില്ല..
വരാന്തയിലെ അരമതിലിൽ ഇരുന്നോളു .അവിടെ ആകുമ്പോൾ അരുവിയും മഴയും കണ്ടു കൊണ്ട് കഴിക്കാലോ"...
നേരത്തെ വെട്ടിയ ഇളം നാക്കില ആ തിണ്ണയിൽ വെച്ചു രണ്ടു ചെറിയ ചില്ലുഗ്ലാസ്സിലേക്ക് ചൂടുള്ള ശർക്കരക്കാപ്പി പകർന്നു.
അകത്തു പോയി തിരിച്ചു വന്നപ്പോൾ കൈയിൽ രണ്ടു കൊച്ചു മൺകലങ്ങൾ.

ഒന്നിൽ പുഴുങ്ങിയ മരച്ചീനി.മറ്റേതിൽ കുഞ്ഞൻ അയല മുളകിട്ടത്.

ചുവന്ന പട്ടുസാരിയിൽ വെള്ളിക്കസവ് 
പോലെ, ആ ചുവന്ന കറിയിൽ വെള്ളിനിറത്തിൽ അയല കിടന്നു തിളങ്ങുന്നു...
രണ്ടുപേർക്കും ഇലയിൽ വിളമ്പിയ ശേഷം ഇലത്തുമ്പിൽ കാന്താരി ചമ്മന്തി കൂടെ വിളമ്പി.
നല്ല പപ്പടംചുട്ട ഗന്ധം പരന്നപ്പോളാണ് അറിഞ്ഞത് കാപ്പിയുണ്ടാക്കിയ അടുപ്പിന്റെ കനലിൽ,പപ്പടം ഇട്ടിട്ടാണ് അവർ മരച്ചീനി വിളമ്പാൻ തുടങ്ങിയതെന്ന്.

ധൃതിയിൽ വീണ്ടും ഉള്ളിൽ പോയി വന്നപ്പോൾ ഒരു തട്ടിൽ നാല് പപ്പടം ചുട്ടതും ഉണ്ടായിരുന്നു കൈയിൽ.
ഇവിടെ നിന്ന് പറിച്ച മരച്ചീനിയാ മക്കളെ ,വെണ്ണപോലെ വെന്തുകിട്ടും.
മോൻ പോയതിൽ പിന്നെ മീനൊന്നും വാങ്ങാറേയില്ല.ഒറ്റയ്ക്കു ഇരുന്നു എന്ത് കഴിച്ചാലും ഇറങ്ങില്ല.
ഇന്നിപ്പോൾ നിങ്ങൾ വരുന്ന സന്തോഷത്തിൽ വെളുപ്പിനെ മീൻവാങ്ങി മുളകിട്ടുവെച്ചതാണ്.

"മോന് അവിടെ ഇതൊക്കെ കിട്ടുമോ ആവൊ..?
പോയതിൽപിന്നെ രണ്ടു പ്രാവശ്യം വിളിച്ചു..അങ്ങോട്ടൊരു വിശേഷവും തിരക്കാൻ സമയം ഇല്ലായിരുന്നു.
കൂട്ടുകാരന്റെ നമ്പറിൽ നിന്നായിരുന്നു വിളിച്ചത്.ശമ്പളം കിട്ടിയിട്ടു, എന്നും വിളിക്കാമെന്ന് പറഞ്ഞിട്ടുണ്ട്.
വേദനനിറഞ്ഞ സ്വരത്തിൽ അവർ പതിയെ പറഞ്ഞു .

ചില്ലു മുഴുവൻ പൊട്ടി ,റബ്ബർബാൻഡ് ചുറ്റിയ കൊച്ചു ഫോൺ എടുത്തു കാണിച്ചു കൊണ്ട് അവർ പറഞ്ഞു ഇതിൽ രണ്ടു നമ്പർ ആക്കിത്തന്നിട്ടാണ് അവൻ പോയത് .
ഇതിൽ ഒന്നിൽ ഞെക്കിയാൽ കൂട്ടുകാരൻ രമേശന്റെ .
രണ്ടിൽ ഞെക്കിയാൽ അവൻ കൂലിപ്പണിക്ക് പോയ ഒരു വീട്ടിലെ മാഷിന്റെ നമ്പറാണ്.
അത്യാവശ്യം എന്തെങ്കിലും ഉണ്ടെങ്കിൽ മാത്രം അവരെ വിളിച്ചാൽ മതിയെന്ന് അവൻ പറഞ്ഞിട്ടുണ്ട്..
അവരൊക്കെ ഓരോ തിരക്കിൽ ആയിരിക്കും എന്നോർത്ത് ഇതുവരെ വിളിച്ചിട്ടില്ല.മോന് നല്ല ഒരു ഫോൺ ഉണ്ടായിരുന്നു.വിമാനകൂലിയ്ക്കു 
കാശുതികയാതെ വന്നപ്പോൾ വിറ്റു .

പെയിന്റിംഗ് പണിക്കു പോയപ്പോ രണ്ടുനില വീടിന്റെ മുകളിൽ ഒക്കെ നിന്ന്പണിയുന്നതറിഞ്ഞപ്പോ സഹിച്ചില്ല.അവിടെ ആകുമ്പോ,
പേടിയ്ക്കാനില്ല.ശമ്പളം കിട്ടും വരെ അമ്മ എങ്ങനെയെങ്കിലും പിടിച്ചു നിൽക്കണേ എന്ന്പറഞ്ഞു ഫോൺവെച്ചതാ. അങ്ങോട്ടൊന്നും ചോദിയ്ക്കാൻ പറ്റിയില്ല മക്കളെ..  
അത് പറഞ്ഞിട്ടു അവർ മോന്റെ  ഫ്രെയിം ചെയ്ത ഫോട്ടോ എടുത്തുകാണിച്ചു.
അമ്മയെപ്പോലെ നന്മയും കാരുണ്യവും നിറഞ്ഞു തുളുമ്പുന്ന കണ്ണുകൾ..പഠിയ്ക്കാൻ സാഹചര്യം ഉണ്ടായിരുന്നു എങ്കിൽ ഏതോ വലിയ നിലയിൽ എത്തുമായിരുന്നു എന്ന് ആ മുഖം വിളിച്ചു പറയുന്നുണ്ടായിരുന്നു .

മഴ അൽപ്പം തോർന്നിട്ടുണ്ട് .ഞങ്ങൾ പുറത്തിറങ്ങി..അരുവിയുടെ തീരത്തു പോയി..
കലങ്ങി മറിഞ്ഞു ഒഴുകുകയാണത്..
ആ അമ്മയുടെ മനസ്സുപോലെ.

അൽപനേരം കൂടെ അവിടമൊക്കെ കണ്ടിട്ടു ഇറങ്ങണമെന്നു പറഞ്ഞപ്പോൾ ,സമ്മതിക്കാതെ അവർ അടുപ്പിൽ  കലത്തിൽ ഞങ്ങൾക്ക് കൂടെ ഊണിനു അരി കഴുകിയിട്ടിരുന്നു.

അരുവിയിൽനോക്കി ഇരിക്കുന്ന ഞങ്ങളെ നോക്കി അവർ പറഞ്ഞു.കഴിഞ്ഞ വർഷം മഴ കൂടിയപ്പോൾ അണക്കെട്ടിന്റെ ഷട്ടർ തുറന്നു അവിടമൊക്കെ പ്രളയത്തിൽ മുങ്ങിപോയെന്നും ,ആ ദിവസം മകന്റെ കൂട്ടുകാരന്റെ വിവാഹം കൂടാൻ ദൂരെ ഒരു ഗ്രാമത്തിൽ പോയതുകൊണ്ട്  ജീവൻ രക്ഷപെട്ടു.
രണ്ടാഴ്ച ഒരു സ്കൂളിന്റെ വരാന്തയിൽ കഴിഞ്ഞെന്നും വെള്ളമിറങ്ങിയപ്പോളേക്കും ആകെ നശിച്ചു പോയ കൊച്ചുവീട് വീണ്ടും മകൻ കൂലിപ്പണിയ്ക്കു പോയി
കിട്ടിയ പണം കൊണ്ട്, നന്നാക്കി എടുത്തതാണെന്നും പറഞ്ഞപ്പോൾ അന്ന്അനുഭവിച്ച വേദനയുടെ ആഴങ്ങൾ ഒരു കാർമേഘംപോലെ ആ മുഖത്തു പടർന്നിരുന്നു.
ഞങ്ങൾക്ക് വേണ്ടി കുറെ ചീര പറിച്ചു അരുവിയിലെ തെളിഞ്ഞ വെള്ളത്തിൽ ഉലച്ചു കഴുകി അവർ അരിയാൻ  തുടങ്ങി.
എത്ര വേഗമാണവർ ഒരു കൂമ്പാരം ചീര അരിഞ്ഞു കൂട്ടിയത് .!!
അവർ ചീര തോരൻ ഉണ്ടാകുന്ന തിരക്കിൽ സ്വയം മറന്നു നിൽകുമ്പോൾ ആ പൊട്ടിയ മൊബൈലിൽ നിന്നും,അവസാനം വിളി വന്ന കൂട്ടുകാരന്റെ നമ്പർ,
ഞങ്ങൾ എന്റെ മൊബൈലിൽ സേവ് ചെയ്തു.പൂന്തോട്ടം കണ്ടു വരാമെന്നു  പറഞ്ഞു പുറത്തിറങ്ങി.
വെള്ളിയാഴ്ചയാണ്.ഭാഗ്യം ഉണ്ടെങ്കിൽ കിട്ടും.
ആദ്യ ബെല്ലിൽ തന്നെ തളർന്ന സ്വരത്തിൽ ഹലോ കേട്ടു..വിനയന് കൊടുക്കാൻ പറഞ്ഞ ഉടൻ അതിശയത്തോടെ അയാൾ ഫോൺ കൈമാറി .
മായയുടെ സുഹൃത്താണെന്നു പറഞ്ഞു സ്വയം  പരിചയപ്പെടുത്തി. മായയുടെ വീട്ടിൽ പെയിന്റിംഗ് പണിയ്ക്കുപോയപ്പോൾ വിനയൻ കൊണ്ട് കൊടുത്ത ചുവന്ന ചീരയുടെ രുചി ഇപ്പോളും നാവിലുണ്ടെന്നു രാവിലെ മായയുടെ അമ്മ പറഞ്ഞിരുന്നു .
അവിടത്തെ വിശേഷം ചോദിച്ചപ്പോൾ അമ്മ എന്റെ അടുത്തില്ല എന്ന്  ഉറപ്പുവരുത്തി ,ഇടറിയ സ്വരത്തോടെ അവൻ പറഞ്ഞു ,
"ചേച്ചി ഇരുപതുനിലയൊക്കെ ഉള്ള ,കെട്ടിടത്തിനു മുകളിൽ ,കയറിൽ തൂങ്ങിയാണ് പൊരിവെയിലിൽ പണിചെയേണ്ടത്.അമ്മയോടെങ്ങനെ പറയും ഞാൻ.മാവിന്റെ മുകളിൽ പോലും കയറാൻവിടാതെ വളർത്തിയതാ എന്നെ.
സ്വരം നേർത്തു കരച്ചിൽ ആയി. 
ഏതു നിമിഷവും ഷട്ടർ തുറന്നാൽ കുത്തിയൊലിച്ചു പോകാവുന്ന കൂരയിൽ എന്റെ അമ്മ ഒറ്റയ്ക്ക് .
ഇവിടെ ചുട്ടു പൊള്ളുന്ന വെയിലിലും അവിടെ മഴയാണെന്നു കേൾക്കുമ്പോൾ നെഞ്ചിൽ തീയാണ് ചേച്ചി .

സ്വന്തമായി ഒരു അടച്ചുറപ്പുള്ള സുരക്ഷിതമായ ഒരു ഇടത്തിൽ   പേടിയ്ക്കാതെ എന്റെ അമ്മ  ഉറങ്ങാൻ ആഗ്രഹിച്ചാണ് ഞാൻ വന്നത് .
അമ്മ സ്നേഹത്തോടെ അടുത്തിരുന്നു വിളമ്പി തരുമ്പോൾ, ഉപ്പില്ല ,എരിവില്ല ,എന്നൊക്കെ പറഞ്ഞു കുററപ്പെടുത്തുമായിരുന്നുഞാൻ.
വീണ്ടും കഴിക്കാൻ നിർബന്ധിക്കുമ്പോൾ ദേഷ്യപ്പെടുമായിരുന്നു .
ഇപ്പോൾ ..ഇവിടെ വന്നപ്പോൾ.. പൊള്ളുന്ന ചൂടിൽ ,ഒരുപാട് നേരം വരിയിൽ കാത്തുനിന്നിട്ടു, ദേഷ്യവും വെറുപ്പും ഒക്കെ ചേർന്ന മുഖഭാവത്തോടെ വലിച്ചെറിഞ്ഞ പോലെ തരുന്ന കുബൂസ് ,ആർത്തിയോടെ കഴിക്കേണ്ടി വരുമ്പോൾ..അമ്മയെ ഓർത്തിട്ടു സഹിയ്ക്കാൻ പറ്റുന്നില്ല ചേച്ചി ..നോവിന്റെ എല്ലിൻ കഷ്ണം ചങ്കിൽ കുരുങ്ങിയപോലെ അവന്റെ വാക്കുകൾ മുറിഞ്ഞു പോകുന്നു...
അവിടെ ഇടുങ്ങിയ ലേബർ ക്യാമ്പിൽ നരകതുല്യമായി ജീവിയ്ക്കുമ്പോൾ താൻ പോയത് സ്വർഗ്ഗത്തിലേക്കല്ല,
മറിച്ചു ഒരു സ്വർഗ്ഗം ഉപേക്ഷിച്ചിട്ടായിരുന്നു യാത്രയായത് എന്ന് തിരിച്ചറിഞ്ഞ സങ്കടം നിറഞ്ഞു തുളുമ്പുന്ന വാക്കുകൾ .
ആ കൊച്ചുകൂരയും, പൊന്നുപോലെ നോക്കി വളർത്തുന്ന തന്റെ ചെടികളെയും വിട്ടു അവസാനശ്വാസം വരെ അവർ എങ്ങോട്ടും പോകില്ല എന്നെനിയ്ക്കു തോന്നി .എങ്കിലും 
ഷട്ടർ തുറക്കുന്ന സാഹചര്യം വന്നാൽ എത്രയും പെട്ടന്ന് മായയുടെ അച്ഛന്റെ ഡ്രൈവറെ അയച്ചു അമ്മയെ സുരക്ഷിതമായി മായയുടെ വീട്ടിൽ എത്തിയ്ക്കാം എന്നൊരു വാക്കുകൊടുത്തപ്പോൾ അങ്ങേത്തലയ്ക്കൽ നിശബ്ദത.

ആ മനസ്സിൽ ആശ്വാസത്തിന്റെ കുളിർമഴ പെയ്യുന്നതു ആ മൗനത്തിലും എനിയ്ക്കു കേൾക്കാമായിരുന്നു .

"ഇങ്ങനെ ഒരു അമ്മ കൂടെയുണ്ടല്ലോ.
നാട്ടിൽ വരേണ്ടി വന്നാലും ഭൂമി പാട്ടത്തിനു എടുത്തിട്ടായാലും അവിടെ പൂക്കളും പച്ചക്കറികളും പഴങ്ങളും നിറഞ്ഞൊരു സ്വർഗ്ഗം തീർക്കാം എന്നൊരു ചിന്തയിൽ ധൈര്യമായി ഇരിയ്ക്കു .
ഒട്ടും വയ്യെങ്കിൽ തിരിച്ചു വരാൻ വേണ്ട സഹായം ചെയ്യാം ."വലിയ ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ സഹായിയ്ക്കാൻ അവിടെ നല്ല മനസ്സുള്ളവരുടെ സംഘടനയൊക്കെ ഉണ്ടെന്നും, അവരുടെ നമ്പർ അയച്ചുതരാമെന്നുപറഞ്ഞു,ആശ്വസിപ്പിച്ചു .
നല്ല ജോലിയില്ല,ഉള്ള ജോലി പോകും എന്നൊക്കെ ഓർത്തു വേദനിയ്ക്കാതെ,അധ്വാനിച്ചു വലിയ 
നിലയിൽ എത്തും ,ഒത്തിരി പേർക്ക് ജോലി കൊടുക്കാൻ പറ്റുന്ന നിലയിൽ എത്തിച്ചേരും എന്ന് മനസ്സിൽ ഉറപ്പിച്ചാൽ മനസ്സിന് ഇതൊക്കെ നേരിടാൻ ശക്തി കിട്ടും എന്ന് പറഞ്ഞപ്പോൾ, വലിയ ധൈര്യത്തോടെ വിനയൻ പറഞ്ഞു "ഞാൻ വലിയ നിലയിൽ എത്തും ചേച്ചി ..എന്റെ അമ്മയെ പൊന്നുപോലെ നോക്കാൻ. ഇതുപോലെ കഷ്ടപ്പെടുന്ന ഒരുപാട് പേരെ രക്ഷിയ്ക്കാനും ."

ഒരിക്കലും കണ്ടിട്ടില്ലാത്ത ആ ചെറുപ്പക്കാരന്റെ മനസ്സു
നോവിന്റെ പെരുമഴയിൽ, ആശങ്കകളുടെ ചളിപുരണ്ടു കിടക്കുകയായിരുന്ന കൊച്ചു പക്ഷിയായിരുന്നു എന്നും, എന്റെ ആശ്വാസവാക്കുകൾ സൂര്യപ്രകാശം പോലെ അതിന്റെ നനഞ്ഞ ചിറകുകൾ ഉണക്കി എന്നും ,അതിപ്പോൾ ചിറകു കുടഞ്ഞു പുതിയൊരു ശക്തിയോടെ ഉയർന്നു പറക്കുകയാണെന്നും തോന്നി.

അമ്മയ്ക്കു ഫോൺ കൊടുക്കാമെന്നു പറഞ്ഞപ്പോൾ ,സ്വർഗ്ഗം കിട്ടിയ സന്തോഷത്തോടെ അവൻ അമ്മയുടെ സ്വരത്തിനു കാതോർത്തു . ഞങ്ങൾ ഓടിപോയി, അടുപ്പിൽ തീ ഊതുകയായിരുന്ന ലക്ഷിയമ്മയ്ക്കു     ഫോൺ കൊടുത്തു .മകനാണെന്ന് പറഞ്ഞപ്പോൾ അവർ അടക്കാനാവാത്ത സന്തോഷത്തോടെ എന്തു പറയണമെന്നു അറിയാതെ ഫോൺ കാതോട് ചേർത്ത് മൂളിക്കൊണ്ടിരുന്നു.ദൂരേയ്ക്ക് വിളിച്ചു എന്റെ പണം നഷ്ടമാകേണ്ട എന്നൊരു ആധിയോടെ , ശരിമോനെ എന്ന് പറഞ്ഞു,  ഫോൺ കൈയിൽ തന്നിട്ടു പറഞ്ഞു ."ഇപ്പോൾ നെഞ്ചിൽ നിന്നും ഒരു ഭാരം ഇറങ്ങിയപോലെ തോന്നുന്നു  മക്കളെ..
അവനു അവിടെ സുഖമാണെന്ന്. കപ്പയും മീനും ഒക്കെ ഇഷ്ടം പോലെ കിട്ടുന്നുണ്ടെന്ന്.ഇത്ര നേരം ഇതൊക്കെ ഉണ്ടാക്കുമ്പോളും അവനു ഇതൊക്കെ അവിടെ കിട്ടുമോ എന്നോർത്തിട്ട്, നെഞ്ചിൽ തീയായിരുന്നു മക്കളെ..
നല്ല ജോലിയാ വലിയ നിലയിലാ..
അടുത്ത ആഴ്ച ഫോൺ വാങ്ങിയിട്ട് എന്നും വിളിക്കാമെന്ന് പറഞ്ഞു..
കൂട്ടുകാരന്റെ ഫോണിലും പണമില്ലാത്തതുകൊണ്ടു വിളിയ്ക്കാൻ പറ്റാതെ വിഷമിച്ചു ഇരുപ്പായിരുന്നു പാവം ."
നിഷ്കളങ്കമായി അവർ അത്രയും പറഞ്ഞപ്പോൾ, ഇരുപതാം നിലയിൽ കയറിൽ തൂങ്ങിയാടി ഭിത്തിക്ക് നിറംപകരുന്ന ചെറുപ്പക്കാരന്റെ മുഖമോർത്തു എന്റെ മനസ്സിൽ വേദനയുടെ കൊള്ളിയാൻ മിന്നി ...

വീട്ടുകാർക്ക് വേണ്ടി സ്വർഗ്ഗം പണിയാൻ, നരകത്തീയിൽ ഉരുകുമ്പോളും സ്വർഗ്ഗത്തിലാണെന്നു 
ഭാവിയ്ക്കുന്നവരാണ് ഓരോ പ്രവാസിയും എന്ന് തോന്നിപോയി .

മുല്ലപൂക്കളുടെ ഇടയിൽ സമയം ചിലവഴിയ്ക്കാൻ ഞങ്ങളെ വിട്ടിട്ടു അവർ വീണ്ടും വാക്കത്തിയുമായി ഇറങ്ങി ,അൽപ്പം അകലെയുള്ളൊരു തേൻവരിക്ക പ്ലാവ് ലക്ഷ്യമാക്കി നടന്നു.മൂത്തുപഴുത്ത ഒരു ചക്കയുമായി അകത്തു,കയറിപ്പോയി. ആ മുല്ലപൂക്കളുടെ സുഗന്ധത്തിൽ,..
അവ പൂത്തുലഞ്ഞു നിൽക്കുന്ന ആ കാഴ്ചയിൽ ,..സന്തോഷിയ്ക്കാൻ കഴിയാതെ മനസ്സ് കരഞ്ഞുകൊണ്ടിരുന്നു

ഉണക്ക കുബൂസ് മാത്രമേ കിട്ടാറുള്ളു..
അമ്മയുടെ ഭക്ഷണത്തിന്റെ വില ഇപ്പോളാണ് അറിഞ്ഞത് ചേച്ചി, എന്ന തളർന്ന സ്വരം ചെവിയിൽ അലയടിയ്ക്കുന്നു . 
എത്രനേരം കടന്നുപോയി എന്നറിഞ്ഞത് അവർ ചോറുണ്ണാൻ വിളിച്ചപ്പോൾ മാത്രമാണ്.
വീണ്ടും അരത്തിണ്ണയിൽ നാക്കില.കുത്തരിചോറ് ചുവന്ന ചീരതോരൻ,കുടിലിനു പുറകിൽ പടർന്നു പന്തലിച്ചു നിൽക്കുന്ന നാട്ടുമാവിൽ നിന്നും പറിച്ചു മുൻപേ ഉണ്ടാക്കി ഭരണിയിൽ നിറച്ചു വെച്ച ,നാവിൽ വെള്ളമൂറുന്ന കണ്ണിമാങ്ങാ അച്ചാർ,നട്ടുനനച്ചു ഉണ്ടാക്കിയ വലിയ വഴുതന ,വട്ടത്തിൽ അരിഞ്ഞു ഉപ്പും മുളകും മഞ്ഞളും പുരട്ടി വറുത്തത് .
രാവിലെ തന്ന മീൻമുളകിട്ടത് ,കൂടാതെ ഒരിക്കലും ജീവിതത്തിൽ കഴിച്ചിട്ടില്ലാത്ത മീൻപൊരിച്ചതുപോലെ ഉള്ള എന്തോ ഒന്ന് ഇലത്തലയ്ക്കൽ .
"അത് കഴിച്ചുനോക്കു മക്കളെ".അവർ സ്നേഹത്തോടെ പറഞ്ഞു .
ചക്കയുടെ കൂഞ്ഞ ഒരു ചെറുമീനിന്റെ വലുപ്പത്തിൽ അരിഞ്ഞു,ഉപ്പും ,മുളകും മഞ്ഞളും പുരട്ടി  വെളിച്ചെണ്ണയിൽ വറുത്തുകോരിയതായിരുന്നു അത് ..

അത്രയും രുചികരമായി ജീവിതത്തിൽ ഒരിക്കലും ഊണ് കഴിച്ചിട്ടില്ലായിരുന്നു എന്ന് തോന്നി . ഗ്യാസ് അടുപ്പും  മിക്സി യും ഒന്നും ഇല്ലാതെയും വിഭവ 
സമൃദ്ധമായ ഭക്ഷണം ,ഒരുക്കി നൽകാൻ കഴിയും എന്നും, അതിനു മനസ്സിൽ സ്നേഹത്തിന്റെ ഇന്ധനം മാത്രം മതി എന്നും അവർ ഞങ്ങൾക്ക് തെളിയിച്ചു തന്നു .
അവരുടെ സ്‌നേഹപൂർണമായ നിർബന്ധത്തിനു വഴങ്ങി ,ഓരോ ഉരുള വായിൽ വെയ്ക്കുമ്പോളും, ദൂരെ ഒരു ലേബർ ക്യാമ്പിൽ, അമ്മയുണ്ടാക്കിയ 
ചോറിന്റെ ഓർമ്മയിൽ  കണ്ണീർ വാർക്കുന്ന ആ മകന്റെ  ഓർമ്മ ,മീൻമുള്ളു പോലെ എന്റെ ചങ്കിൽ തറയ്ക്കുന്നുണ്ടായിരുന്നു .

ഊണ് കഴിഞ്ഞു കഴിയ്ക്കാൻ ,സ്വർണ്ണവർണ്ണമാർന്ന തേൻവരിയ്ക്ക ചുളകൾ ഒരു നാക്കിലയിൽ നിരത്തി വെച്ചിരിയ്ക്കുന്നു .
രണ്ടു ഇലപൊതിയിൽ ഞങ്ങൾക്ക്  കൊണ്ടുപോകാൻ കുറെ ചുളകൾ  പൊതിഞ്ഞു  വാഴനാരുകൊണ്ടു കെട്ടി വെച്ചിരിയ്കുന്നു .കൂടാതെ വലിയ രണ്ടു കെട്ടു ചുവപ്പു ചീര ,കുറെ വാഴകുടപ്പൻ,രണ്ടു ഇലപൊതിയിൽ കുറെ കാന്താരിമുളക്, പച്ചമുളക് വഴുതന,വെണ്ടയ്ക്ക, കപ്പ 
രണ്ടു ചില്ലു കുപ്പിയിൽ കണ്ണിമാങ്ങ അച്ചാർ, എല്ലാം ഒരു കൂടയിലാക്കി ഒരുക്കി വെച്ചിരിയ്കുന്നു .
ചക്കചുളയിൽ നിന്നും കുരുകളഞ്ഞു മാറി മാറി ഞങ്ങളുടെ കൈയിൽ വെച്ചു തരുമ്പോൾ , സ്നേഹിയ്ക്കാൻ ആരെയെങ്കിലും കിട്ടാൻ കാത്തിരിയ്ക്കുകയായിരുന്നു ആ പാവം എന്ന് തോന്നി.
അവരുടെ മനസ്സ് സ്നേഹം നിറഞ്ഞൊരു അണക്കെട്ടാണെന്നും അതിപ്പോൾ കരകവിഞ്ഞു ഒഴുകുകയാണെന്നും, ഞങ്ങൾ അതിൽ നീന്തിതുടിയ്ക്കുന്ന മീൻ കുഞ്ഞുങ്ങൾ ആണെന്നും എനിയ്ക്കു തോന്നി .

ലോകത്തു എത്രയോ പേർ ഒത്തിരി പണമുണ്ടായിട്ടും, ഇത്തിരി സ്നേഹത്തിനു കൊതിച്ചു ,കിട്ടാതെ വേദനിയ്ക്കുമ്പോൾ ,വേറെ ചിലർ മനസ്സ് നിറച്ചു സ്നേഹവുമായി അത് പകർന്നു  നല്കാൻ ആളില്ലാതെ കാത്തിരിയ്ക്കുന്നു.!!!

ഇറങ്ങാറായപ്പോൾ കുറെ റോസാക്കമ്പുകളും ,പച്ചക്കറിവിത്തും എല്ലാം ഓടി നടന്നുശേഖരിച്ചു പച്ചക്കറി കൂടയുമായി  കാറിന്റെ അടുത്തുവരെ വന്നു .
ആ മുല്ലപ്പന്തലിൽ നിന്ന് പുറത്തു കടന്നപ്പോൾ സ്വർഗ്ഗത്തിൽ  നിന്നും മരുഭൂമിയിലേയ്ക്കു എറിയപെട്ടപോല മനസ്സ് വേദനിച്ചു..

മോന്റെ പണം എത്തുംവരെ ഇത് കൈയിലിരിക്കട്ടെ ഒരു ആശ്വാസത്തിന്,എന്ന് പറഞ്ഞു ഞാനും മായയും കൈയിൽ വെച്ചു കൊടുത്ത രണ്ടായിരം രൂപ അവർ വാങ്ങിയില്ല..
ഞങ്ങൾ വന്നതിൽ കൂടുതൽ മറ്റൊരു സന്തോഷം അവർക്കില്ല എന്ന് ,അപ്പോൾ പൊഴിഞ്ഞ രണ്ടു നീർമുത്തുകൾ വെളിപ്പെടുത്തി .

കണ്ണീർ പൊഴിച്ചു യാത്ര പറയവെയാണ്  ഉള്ളിലൊതുക്കിയ ആ ചോദ്യം അവർ ചോദിച്ചത്....

"ഇനിയും മഴപെയ്താൽ അണക്കെട്ടുപൊട്ടുമോ മോളെ "?? 
കുതിച്ചു വരുന്ന വെള്ളത്തിൽ പെട്ടു മരിച്ചുപോകുമോ എന്ന ഭീതിയേക്കാൾ, ഞങ്ങളെയും മോനെയും ഇനി കാണാൻ പറ്റുമോ എന്ന ആധിയാണ് ആ ചോദ്യം അവരെ കൊണ്ട് ചോദിപ്പിച്ചതെന്നു ഉള്ളുപൊള്ളിപ്പോയി എനിയ്‌ക്ക്‌ .

ഇന്നലെ തിരിച്ചെത്തിയ മുതൽ  ആ ചോദ്യം തന്നെയായിരുന്നു മനസ്സിൽ  .

നന്മ നിറഞ്ഞ അപൂർവ്വ ദിനത്തിന്റെ സന്തോഷവും വേദനയും എല്ലാം ഉള്ളിൽ കിടന്നുവീർപ്പുമുട്ടുന്നു..

എല്ലാം ചേട്ടനോട് പറയാൻ ആഗ്രഹിച്ചു,പലവട്ടം പറയാൻ ശ്രമിച്ചെങ്കിലും പറയാൻ ധൈര്യം കിട്ടാതെ ,ചേട്ടന്റെ ഡൽഹി യാത്ര ക്ഷീണം മാറിയിട്ട് പറയാം എന്ന് ഉറപ്പിച്ചിരുന്നു ഞാൻ.

ആ യാത്രയുടെ ഓർമ്മകൾ സന്തോഷം നിറഞ്ഞ ഒരു ചില്ല്  കൊട്ടാരമാണെന്നും ,ആ യാത്രയെക്കുറിച്ചു, മുഴുവൻ കേൾക്കാൻ പോലും നിൽക്കാതെ ,ഒരു ഉഗ്രശാസന കൊണ്ട് ,എന്നെ നിശ്ശബ്ദയാക്കിയാൽ 
ആ സന്തോഷ കൊട്ടാരം തകർന്നു പോകുമെന്ന് ഭയന്ന മനസ്സ് ,ഉടനെ എല്ലാം പറയാൻ ധൈര്യം തന്നില്ല എന്നതാണ് സത്യം .

ചേട്ടനെയും കൂട്ടി ഒരിയ്ക്കൽ കൂടെ അവിടെപോകണം..എന്നേക്കാൾ കൂടുതൽ സഹായങ്ങൾ ചെയ്യാൻ ഉള്ള അറിവും സ്വാധീനവും ചേട്ടന് ഉണ്ട്.ചെയ്യുകയും ചെയ്യും .
പെട്ടന്നൊന്നും ആരെയും വിശ്വസിയ്ക്കില്ല എന്നേയുള്ളു...
എത്ര അപേക്ഷിച്ചിട്ടാണെങ്കിലും ,എന്നെങ്കിലും ഒരിക്കൽ ചേട്ടനെയും കുട്ടികളെയും കൂട്ടി അവരെ കാണാൻ പോകും എന്നും ,അപ്പോൾ അവർക്കു  ഏതു നിറത്തിലുള്ള സാരിയാണ് സമ്മാനം നൽകേണ്ടതെന്നും ,ഞങ്ങളെ കാണുമ്പോൾ അവരുടെ മുഖം നിലവിളക്കുപോലെ തെളിയുമെന്നും ഓർത്തു മനസ്സിൽ മോഹങ്ങളുടെ പട്ടുനൂല്നെയ്തുകൊണ്ടു ,
വിനയനെ സഹായിയ്ക്കാൻ കുവൈറ്റിൽ ഉള്ള  സുഹൃത്തുക്കളുടെ നമ്പർ  മൊബൈലിൽ തിരയുകയായിരുന്നു ഞാൻ .

മുന്നിൽ ടിവിയിൽ വാർത്ത.
അതിശക്തമായ മഴയെ തുടർന്ന് മുല്ലപ്പെരിയാറിൽ ജലനിരപ്പുയരുന്നു. ഏതു നിമിഷവും ജലസംഭരണിയുടെ ഷട്ടർ തുറന്നു വിടാൻ സാധ്യത ഉള്ളതിനാൽ തീരത്തുള്ളവർ കരുതിയിരിയ്ക്കുക .

മരച്ചീനിയോടൊപ്പം ലക്ഷിയമ്മ വിളമ്പി ഊട്ടിയ, നാവിൽ രുചിമഴപെയ്യിച്ച അതേ കാന്താരി ചമ്മന്തി, ഹൃദയത്തിൽ പുരണ്ടപോലെ ,ഹൃദയം
നീറി .

ഞെട്ടിപിടഞ്ഞു കൊണ്ട്  മായയുടെ അച്ഛന്റെ നമ്പർ തിരയവേ , ചേട്ടന്റെ ഉഗ്ര ശാസനം .കുറെ നേരമായി മൊബൈലിൽ കുത്തികൊണ്ടിരിക്കുന്നു .
പോയി ചോറു വിളമ്പ് .

ആ യാത്രയെ കുറിച്ച് ചേട്ടനോട് ആദ്യമേ പറയാൻ സമ്മതിക്കാതിരുന്ന മായയോട്  എനിക്ക് ദേഷ്യം തോന്നി .ഇത്രയും ധർമ്മസങ്കടം  അനുഭവിക്കേണ്ടി വരില്ലായിരുന്നു .
ഉടനെ ഓർത്തു, പറഞ്ഞിരുന്നു എങ്കിൽ ഇങ്ങനൊരു യാത്രയെ ഉണ്ടാകുമായിരുന്നില്ല ..

അവർക്ക് നല്ലൊരു ദിവസം സമ്മാനിക്കാനും മോനോട് സംസാരിക്കാനും സാധിച്ചുവല്ലോ എന്നോർത്ത് ,എല്ലാം ചേട്ടനോട്  ഒറ്റ ശ്വാസത്തിൽ പറയാൻ ശ്രമിക്കുമ്പോൾ, കടുത്ത ശാസന കേൾക്കാൻ തനിക്കു വയ്യ എന്ന് തീരുമാനിച്ച കാതുകൾ രഹസ്യമായി നാവിനോട് പറഞ്ഞിട്ടെന്നപോലെ സംസാരിക്കാൻ കൂട്ടാക്കാതെ അത് തളർന്നുപോയിരിക്കുന്നു .
തളർന്നുപോകുന്ന നാവുകൊണ്ട് എങ്ങനെ ഞാൻ അവരുടെ നന്മ വിവരിക്കും എന്നറിയാതെ 
തിളച്ച വെള്ളത്തിൽ കിടന്നു പിടയുന്ന പട്ടുനൂൽപുഴുവിനെ പോലെ മനസ്സ് കിടന്നു പിടയുന്നു .

വിവരമറിയാൻ ടിവിയോ റേഡിയോ പോലുമില്ലാതെ ആ പ്രളയതീരത്തു മകന്റെ  ഓർമയിൽ ഉറങ്ങാതിരിയ്ക്കുന്ന അവരെ ഓർത്തു എന്റെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞൊഴുകി .

വേദന നിറഞ്ഞു കവിഞ്ഞു ഏതു നിമിഷവും പൊട്ടിത്തകരാൻ പോകുന്ന ഒരു അണക്കെട്ടാണ് എന്റെ ഹൃദയം എന്നു തോന്നി . 
പ്രളയത്തിൽ പെട്ട് അവരാണോ ,ഹൃദയം പൊട്ടി ഞാനാണോ ആദ്യം പിടഞ്ഞു മരിക്കുക  എന്ന് ഓർത്തുപോകവേ നെഞ്ചിന്റെ ഇടതു വശത്തു കൊത്തിവലിക്കുന്ന വേദന .കണ്ണിൽ ഇരുട്ട് കയറുന്നു ശരീരം തളരുന്നു ..
നാവുകൾ വരളുന്നു..

മായയുടെ വാക്കുകൾ കാതിൽ മുഴങ്ങുന്നു .മരിക്കും മുൻപു ഒരു ദിവസം എങ്കിലും ആരെയും പേടിക്കാതെ സ്വന്തം ഇഷ്ടത്തിന് ജീവിക്ക് .

ചുറ്റും മുല്ലപ്പൂ ഗന്ധം പരക്കുന്നു ..
ആ വാക്കുകൾ കാതിൽ മുഴങ്ങുന്നു .
" ഇനിയും മഴപെയ്താൽ അണക്കെട്ട് പൊട്ടുമോ മോളെ ...."

 

Join WhatsApp News
Sudhir Panikkaveetil 2024-11-06 01:52:09
കഥക്ക് കെട്ടുറപ്പ് നൽകുന്നത് ഇതിവൃത്തം അഥവാ പ്ലോട്ട് (plot) ആണ്. ഇതിവൃത്തം ഉൾകൊള്ളുന്ന ആശയമാണ് പ്രമേയം. പ്രമേയത്തിൽ നിന്നാണ് കഥ വികസിക്കുന്നത്. കഥാകാരിയുടെ മനസ്സിൽ വീണ ഒരു ആശയത്തിൽ നിന്ന് കഥ വികസിക്കുന്നു. അവർ കണ്ടുമുട്ടുന്ന ഒരു വൃദ്ധയിലൂടെ വളരെ കാര്യങ്ങൾ കഥയിൽ ഉണ്ട്. ഒരു നല്ല ഭാവനയെ മനോഹരമായി വികസിപ്പിച്ച കഥ. അഭിനന്ദനങ്ങൾ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക