ഞാൻ , മഗ്ദലനയിലെ മറിയം-
ശാരോണിലെ ചവിട്ടിയരയ്ക്കപ്പെട്ട
പനിനീർ പുഷ്പം.
പാഞ്ഞടുക്കുന്ന വെടിയുണ്ടകൾക്കു നടുവിൽ
മുഖം നോക്കാതെ വിധി കല്പിച്ചു രക്ഷിക്കാൻ
ഒരു മശിഹയില്ലാത്തവൾ....
നിലവിളികൾക്കും നൊമ്പരങ്ങൾക്കും
ഇനിയും ഉണർത്താനാവാതെ
നീ എവിടെയാണു മറഞ്ഞിരിക്കുന്നതു
കന്യാസുതാ നീ വീണ്ടും വരുമ്പോൾ
നിന്റെ വെൺപാദങ്ങളിൽ തൂവി ത്തുടയ്ക്കാൻ
മിഴിനീരു വറ്റിയവൾ
നിന്റെ നിസംഗതയുടെ കുപ്പായം മാറ്റി
കണ്ണുകളിലെരിയുന്ന
ക്രോധാഗ്നിയുമായ് എന്നാണു
നീ വീണ്ടും ഇവിടേയ്ക്കണയുന്നതു. ?
കാത്തിരിപ്പ് വ്യർത്ഥമോ നസ്രായാ
ചിതറിത്തെറിച്ചു കൊണ്ടിരിക്കുന്ന
ശരീരങ്ങൾക്കുള്ളിലെ
ആത്മാവുകളെ ചേർക്കാൻ
നിൻറെ വീടുപണി പൂർത്തിയായില്ലേ
തച്ചന്റെ മകനേ, മരണവും ചോരയും
കണ്ടുമടുത്തില്ലേ മറിയയുടെ മകനേ...
ഒന്നും അവശേഷിയ്ക്കാത്ത
ഈ രക്ത നിലങ്ങളിൽ നീ വരുമ്പോൾ
ഒരു ചോദ്യം നിന്റെ മുന്നിലവശേഷിക്കും
കൊല്ലുന്നവരോ, കൊല്ലപ്പെട്ടവരോ
നിന്റെ സ്വന്തജനം... ആരാണു നസ്രായാ
പറയൂ
നിന്റെ സ്വന്തജനം ആരാണ്?