Image

ദ ബോയി ഫ്രം ട്രോയി (ക്രൈം ഇന്‍ 1619 അഥവാ അടിമക്കണ്ണിന്റെ നാള്‍വഴികള്‍ : നോവല്‍ ഭാഗം 40- സാംസി കൊടുമണ്‍)

Published on 05 November, 2024
ദ ബോയി ഫ്രം ട്രോയി (ക്രൈം ഇന്‍ 1619 അഥവാ അടിമക്കണ്ണിന്റെ നാള്‍വഴികള്‍ : നോവല്‍ ഭാഗം 40- സാംസി കൊടുമണ്‍)

സമരങ്ങളുടെ ശരിയായ മുഖം തുറന്നുകിട്ടിയത് അമേരിയ്ക്കന്‍ ബാപ്റ്റിസ്റ്റ് തിയോളജിക്കല്‍ സെമിനാരിയില്‍  ഒരു മിനിസ്റ്ററാകാനുള്ള പഠനം തുടങ്ങിയതിനു ശേഷമാണ്. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിനെപ്പോലെ സുവിശേഷവും,സമത്വ അവകാശ സമരങ്ങളും ഒന്നിച്ചു ചേര്‍ന്നുപോകേണ്ടതാണന്ന തിരിച്ചറിവ് ഉള്ളില്‍ ഉറച്ചിരുന്നു. കോളേജ്, ടെന്നസിയിലെ നാഷ്‌വില്ലിലായി എന്നത് യാതൃശ്ചികമോ...? വര്‍ഗ്ഗീയതക്ക് പേരുകേട്ട ക്ലാനുകളുടെ സിരാകേന്ദ്രം.ഒരു പക്ഷേ ഇവിടെത്തന്നെ തന്റെ ജീവിത സമരങ്ങളുടെ വേദിയായി മാറിയത് നിയോഗമായിരിക്കാം. ഉള്ളിന്റെ ഉള്ളില്‍ ഒരു വിമോചകന്റെ പ്രാണന്‍ തുടിക്കുന്നു. ഒപ്പം സുവിശേഷകന്റെ ശാന്തിമന്ത്രവും. രണ്ടും ഒപ്പം ചേര്‍ന്നുപോകുമോ...? മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് അതു കണിച്ചുതന്നില്ലെ... മാര്‍ഗ്ഗം അതുതന്നെ.... സ്വര്‍ണ്ണം പൂശിയ വിശാലരാജവീഥികള്‍ നയിക്കുന്ന സ്വര്‍ഗ്ഗത്തില്‍ എത്തുന്നതിനു മുമ്പ് നിന്റെ സഹോദരങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നവന്റെ ഇരുണ്ട മനസ്സിന്റെ തിന്മക്കെതിരെ നീ നാവനക്കിയില്ലെങ്കില്‍ നിന്റെ സുവുശേഷത്തിനെന്തുവില...? മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ ജനകീയ സുവിശേഷം മിഷനറിയിലെ അടുത്ത സ്‌നേഹിതര്‍പ്പോലും വേണ്ടത്ര കാര്യമായി ഗ്രഹിക്കുന്നില്ല എന്ന നിരാശമനസ്സിനെ നൊമ്പരപ്പെടുത്തി. അവര്‍ പറഞ്ഞു; 'ലൂയിസെ നീ മാര്‍ട്ടിന്റെ സുവുശേഷകനാകാതെ ക്രിസ്തുവിന്റെ സുവിശേഷം അറീയിക്കുന്നവനാകണം.' അവരോടു വിരോധമൊന്നും തോന്നിയില്ല. ചുറ്റും കാണുന്ന അനീതിയെ കാണാതെ സ്വര്‍ഗ്ഗരാജ്യത്തിലെ നീതിക്കെന്തു മഹാത്മ്യം എന്ന് അവര്‍ അറിയുന്നില്ല.മാര്‍ട്ടിന്റേയും ക്രിസ്തുവിന്റേയും സുവുശേഷം ഒന്നുതന്നെ എന്നു തിരിച്ചറിയുന്ന ഒരു നാള്‍ വരുമെന്ന് ലൂയിസ് വിശ്വസിച്ചു. അതു ശരിയായിരുന്നു. പിന്നിടു നടന്ന പല സിവില്‍ റൈയിറ്റ് സമരങ്ങളുടേയും മുന്നണിപ്പോരാളികളായി അവരില്‍ പലരും ഒപ്പം ഉണ്ടായിരുന്നു. എന്ന് ജോണ്‍ ഓര്‍ക്കുന്നു.

'ദ ബോയി ഫ്രം ട്രോയി' മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ആദ്യമായി കണ്ടപ്പോള്‍ അങ്ങനെയാണു സ്വീകരിച്ചത്. ആ ശബ്ദത്തില്‍ അനുകമ്പയും, സ്‌നേഹവും, അഭിമാനവും, സന്തോഷവും, അതിശയവും എല്ലാം ഉണ്ടായിരുന്നു. ഒരു കണ്ടെത്തല്‍ നടത്തിയവനെപ്പോലെ കിംഗ് ജോണിന്റെ കണ്ണുകളിലേക്ക് നോക്കി അഭിമാനം കൊള്ളുന്നപോലെ തോന്നി. ഒരുനാട്ടിന്‍ പുറത്തുകാരന്‍ കുട്ടിയെ എന്നപോലെയല്ല കിംഗ് ജോണിനോടു സംസാരിച്ചത്... നമുക്ക് വലിയവയെ ചെയ്യാനുണ്ടെന്നു പറയുമ്പോലെ തോന്നി.

“നീ ശരിക്കും ആലോചിച്ചാണോ പറയുന്നത്..” .കിംഗ് ഒരു നിമിക്ഷത്തെ മൗനം പൂണ്ട് തന്നെ നോക്കുന്നത് ജോണ്‍ കണ്ടു. ട്രോയി സ്റ്റേറ്റ് കോളെജിനെ‘സൂ’ ചെയ്യാനുള്ള അഭിപ്രായം ആരായാനാണ് ജോണ്‍, കിംഗിനെ കാണാന്‍ വന്നത്. തീയോളജി സെമിനാരി കോളേജില്‍ തനിക്ക് കര്യമായി ഒന്നും ചെയ്യാനില്ലെന്നും, സിവില്‍ റൈറ്റ് മൂവ്‌മെന്റില്‍ പങ്കെടുക്കണമെങ്കില്‍ കൂറെക്കൂടി സജീവമായ ഒരിടം വേണമെന്നുമുള്ള ആശയത്തിന്റെ പുറത്താണ്, രണ്ടുവര്‍ഷത്തിനു ശേഷം ട്രോയി കോളേജിലേക്ക് അപേക്ഷിച്ചത്. ഇന്നുവരെ ഒരു കറുത്തവന് അഡ്മിഷ്യന്‍ കൊടുത്തിട്ടില്ലാത്തവര്‍ മറുപടി തരാതിരുന്നപ്പോഴാണ് വെളുത്തവന്റ് മേല്‍ക്കോയ്മ അവസാനിപ്പിക്കാന്‍ അവര്‍ക്കെതിരെ കേസുകൊടുക്കാന്‍ ആഗ്രഹിച്ചത്. അതിന് അഭിപ്രായവും, പിന്തുണയും ചോദിക്കാനായിരുന്നു ഈ കൂടിക്കാഴ്ച. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ്; ഇതാ ഒരു കൊച്ചു പോരാളി എന്ന് ഉള്ളില്‍ സന്തോഷിച്ച് മൗനത്തില്‍ നിന്നും ഉണര്‍ന്നു പറഞ്ഞു;“ജോണ്‍ നീ അങ്ങനെ ചെയ്താല്‍ ചിലപ്പോള്‍ അവര്‍ നിന്നെ ഇല്ലാതാക്കും... ചിലപ്പോള്‍ നിന്റെ കുടുംബത്തുള്ളവരെ ഉപദ്രവിക്കുയും, നിന്റെ മാതാപിതാക്കളെ ആക്ഷേപിക്കുകയും, അവരുടേ ജോലി നഷ്ടപ്പെടുത്തി സന്തോഷിക്കുകയും, നിന്റെ വീടും പുരയിടവും തീയ്യിട്ടു നശിപ്പിക്കുകയും ചെയ്‌തേക്കാം. ഇതൊക്കയാണവരുടെ പ്രതികാര നടപടികളെന്നു നീ അറിയണം. നിന്നെ അവര്‍ വെറുതെ വിടുമെന്നും വിചാരിക്കരുത്...എന്തുവന്നാലും സഹിക്കാമെന്നുണ്ടെങ്കില്‍ ഞങ്ങള്‍ സഹായിക്കാം. അതിനു മുമ്പ് നിന്റെ മാതാപിതാക്കളുടെ സമ്മതപത്രം വേണം.” എല്ലാം പറഞ്ഞു കഴിഞ്ഞവനെപ്പോലെ കിംഗ് ജോണിനെ നോക്കി. ഒരു വലിയ സമരം തുടങ്ങുന്ന പോരാളിയെപ്പോലെ അന്നവിടെനിനും പോന്ന് വീട്ടില്‍ അനുവാദം ചോദിച്ചു. ആദ്യം അവര്‍ സമ്മതിച്ചെങ്കിലുംദിവസങ്ങള്‍ കഴിയവെ അമ്മ കരയാന്‍ തുടങ്ങി. ഭയം അവരെ വിഴുങ്ങാന്‍ തുടങ്ങി.അമ്മ അത്രമാത്രം സ്‌നേഹിക്കുന്ന ഫാം അവര്‍ തീയ്യിട്ടാല്‍, ഭര്‍ത്താവിനേയും മക്കളേയും ഉപദ്രവിച്ചാല്‍, വീടിനു തീയ്യിട്ടാല്‍, ഇപ്പോള്‍ വിത്തും വളവും കടമായി തരുന്നവര്‍ അതുനിക്ഷേധിച്ചാല്‍, അച്ഛന്‍ ചെയ്യുന്ന സ്‌കൂള്‍ ബസ്സിലെ ഡ്രൈവര്‍ പണി പോയാല്‍...ഇങ്ങനെ അനേകം നഷ്ടങ്ങളേക്കുറിച്ച് അമ്മ ഓര്‍ത്തോര്‍ത്തു കരഞ്ഞു. ഇതൊക്കെ സംഭവിച്ചേക്കാം എന്ന് കിംഗ് നേരത്തെ പറഞ്ഞതിന്റെ ഭാരം ഇപ്പൊഴെ ജോണിന്റെ ഉള്ളിലേക്കു കടന്നുള്ളു. താന്‍ മുഖേന തന്റെ കുടുംബം ഇല്ലാതാകരുതെന്ന് മനസ്സില്‍ ഉറച്ച് ട്രൊയി സ്റ്റേറ്റ് കോളേജിനെ മറന്നതായി മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന് കത്തെഴുതുമ്പോള്‍ ഒരു ഭിരുവിന്റെ കീഴടങ്ങള്‍ എന്നുള്ളില്‍ കരഞ്ഞു. കിംഗ് എല്ലാം അറിയുന്നവനെപ്പോലെ ചിരിച്ചിട്ടുണ്ടാകും.

ദിവസവും മരണഭീക്ഷണി നേരിടുന്ന കിംഗ് അന്നു പറഞ്ഞ വാക്കിന്റെ പൊരുള്‍ ഇപ്പോള്‍ തിരിച്ചറിയുന്നു. 'ഒരിക്കല്‍ ഇറങ്ങിയാല്‍ പിന്നെ തിരിച്ചുകയറാന്‍ വഴിയില്ല. നന്നായി ആലോചിച്ചെ തീരുമാനിക്കാവു' അനുഭവങ്ങളില്‍ നിന്നുള്ള ഉപദേശമായിരുന്നത്.

ജോണ്‍ ലൂയിസ് പേടിച്ചോടാന്‍ തയ്യാറില്ലാത്തവനായിരുന്നു. ഇനിയുള്ള സമരങ്ങളൊക്കെ തന്നെ മാത്രമെ ബാധിക്കാവു എന്ന തീരുമാനത്തില്‍ വീണ്ടും തിയോളജി സ്‌കൂളില്‍ ചേര്‍ന്നത് ഭീരുവായിട്ടല്ല. 1958 കാലം പൊതുവായ ഒരു തിരിച്ചറിവിന്റെ കാലമായിരുന്നു. കറുത്തവരുടെ ഇടയില്‍ അവരുടെ അവകാശങ്ങളെക്കുറിച്ചുള്ള ഒരു പൊതുബോധം വളരുന്നതായി തോന്നി. പ്രത്യേകിച്ചും വിദ്യാര്‍ദ്ധികളുടെ ഇടയില്‍. ഈ പൊതു ഉണര്‍വ്വ് ഇവിടെ മാത്രം ഉണ്ടായതല്ല. ആഫ്രിക്കയിലെ പലരാജ്യങ്ങളും സ്വാതന്ത്ര്യപോരാട്ടങ്ങളിലൂടെ അവരുടെ രാജ്യത്ത് സ്വന്തം പതാകകള്‍ നാട്ടാന്‍ തുടങ്ങിയിരുന്നു. പക്ഷേ നൂറ്റാണ്ടിനു മുമ്പേ സ്വാതന്ത്ര്യം പ്രാപിച്ച അമേരിക്കയിലെ കറുത്തവന് ഇന്നും കടകളില്‍ നിന്നും ഒരു ഹാംബര്‍ഗ്ഗറും സോഡയും വാങ്ങാനുള്ള സ്വാതന്ത്ര്യം നിക്ഷേധിക്കപ്പെടുമ്പോള്‍ സ്വയം ലജ്ജിതനാകയല്ലാതെന്തു ചെയ്യാന്‍. ടെന്നസിലെ ആകെയുള്ള ഒരു സിനിമ ടാക്കീസില്‍ കറുത്തവന് അനുവദിച്ചിരുന്നത് ബാല്‍ക്കണി... വെളുത്തവനില്‍ നിന്നും അകലം പാലിച്ചുള്ള ഇടം നല്‍കിയത് അവന്റെ കയ്യിലെ പണം വെളുത്തവന് അയിത്തമില്ലാത്തതുകൊണ്ടായിരുന്നു. കറുത്തവന്റെ അദ്ധ്വാനം കൊണ്ട് ചീര്‍ത്ത വെള്ളക്കാരന്റെ ഇരട്ടമുഖം തിരിച്ചറിയാന്‍ തുടങ്ങിയ ജോണ്‍ തുല്ല്യ അവകാശത്തിനുവേണ്ടി കരഞ്ഞാല്‍ പോരാ സമരം ചെയ്യണമെന്നുറച്ചു.

എപ്പോഴൊക്കെ വിവേചനം അവസാനിപ്പിക്കാനുള്ള ചെറുനീക്കങ്ങള്‍ ആരംഭിക്കുന്നുവോ അപ്പോള്‍ തന്നെ അതിനെതിരായി എന്തെങ്കിലുമൊക്കെ കലാപങ്ങള്‍ ഉണ്ടാകും. ഇതാ ഇപ്പോള്‍ പട്ടണത്തിന്റെകിഴക്കെ അതിരിലെ ഹേയ്തികോട്ടണ്‍ എലിമെന്ററി സ്‌കൂളില്‍ ബോംബ് അക്രമണം. അധികം താമസിക്കാതെ മറ്റൊന്ന് സിറ്റിയില്‍ തന്നെയുള്ള ജൂവിഷ് സെന്ററില്‍.ഇതിന്റെയൊക്കെ പിന്നില്‍ ആരാണെന്നാര്‍ക്കാണറിഞ്ഞുകൂടാത്തത്. പക്ഷേ...ആരും പിടിക്കപ്പെടുന്നില്ല. 'ദ മൂവ്‌മെന്റ്' - സിവില്‍ റൈറ്റ് മൂവ്‌മെന്റിനെ അങ്ങനെയാണു വിളിച്ചിരുന്നത് - അണിയറയില്‍ ശക്തിപ്പെടുന്നുണ്ടായിരുന്നു. 1963 ല്‍ മോചനം എന്ന മുദ്രാവാക്യം രഹസ്യമായി എല്ലായിടവും പ്രചരിക്കാന്‍ തുടങ്ങി. അതു പ്രതീക്ഷകളുടെ വര്‍ഷമായി മുന്നില്‍ കണ്ടു. സതേണ്‍ ക്രിസ്റ്റന്‍ ലീഡര്‍ഷിപ് കോണ്‍ഫ്രസിന്റെ, നാഷ്‌വില്‍ ബ്രാഞ്ചിന്റെ വകയായി ഒരു വലിയ റാലി നടത്താന്‍ തീരുമാനമായി.മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് മുഖ്യ പ്രഭാഷകനായി തീരുമാനിച്ചിരിക്കെയാണ്, ന്യൂയോര്‍ക്കിലെ ഹാര്‍ലത്തില്‍, തന്റെ ഒരു പുസ്തക പ്രാകാശനച്ചടങ്ങില്‍ വെച്ച് ഒരു സ്ത്രി കയ്യില്‍ കരുതിയിരുന്ന ലെറ്റര്‍ ഓപ്പണര്‍കൊണ്ട് കിംഗിനെ കുത്തിയത്. വാരിയെല്ലുകളെ മുറിച്ച് ഹൃദത്തിലേക്ക് ആ മുറിവ് ഇറങ്ങി ജീവന്‍ പോകും എന്ന അവസ്ഥയോളം എത്തി 'നിന്നെ കുത്തിയതില്‍ എനിക്കു സന്തോഷമേയുള്ളു. കഴിഞ്ഞ ആറുദിവസമായി ഞാന്‍ നിന്റെ പിറകെആയിരുന്നു.' ആ വെള്ളക്കാരി അങ്ങനെയത്രെ പ്രതികരിച്ചത്.

ഇവരുടെ ഒക്കെ ഉള്ളില്‍ അടിഞ്ഞികൂടിയിരിക്കുന്ന വെറുപ്പിന്റെ ആഴം കണ്ടവര്‍ ആര്‍.എല്ലാ ആഴ്ചയിലും ആരാധനയില്‍ സംബന്ധിക്കുമ്പോഴും മനസ്സിലെ ചോദ്യം ഇതുതന്നെയായിരുന്നു... സിറ്റിയിലെ ഏറ്റവും പുരാതിനമായ ബാപ്ടിസ്റ്റ് ചര്‍ച്ചിലെ ആരാധനയില്‍ പങ്കെടുക്കുമ്പോള്‍ അതിന്റെ ചരിത്രം ഓര്‍ക്കാതിരിക്കുന്നതെങ്ങനെ.1830കളില്‍ തുടങ്ങിയ ചര്‍ച്ചില്‍ കറുത്തവന്റെ ഇരിപ്പടം മുകളിലെ ബാല്‍ക്കണിയില്‍ ആയിരുന്നു. ഇന്നത്തെ തീയേറ്റര്‍ പോലെ...1873ല്‍ ആ ബാല്‍ക്കണിയിലെ ഇടത്തില്‍ നിന്നുമവര്‍ അഭിമാനത്തോട് തലയുയര്‍ത്തി തെരുവില്‍ക്കൂടി നടന്ന് കറുത്തവര്‍ക്ക് മാത്രമായി പണിത പുതിയ ചര്‍ച്ചല്‍ കയറി ആരാധന നടത്തി, ഇനി ഞാന്‍ ഫറവോനടമയല്ല എന്ന പാട്ട് പാടിക്കാണും. ഫെഡറിക് ഡഗ്ലസും മറ്റും അന്നവിടെ വന്ന് അടിമകളുടെ സ്വാതന്ത്യം പ്രഖ്യാപിച്ചിട്ടുണ്ടാകും. പിന്നീട് അടിമകളുടെ വിമോചകമുന്നേറ്റത്തിന്റെ മുന്‍നിരനേതാക്കളൊക്കെ ആ ചര്‍ച്ചില്‍ തങ്ങളുടെ ബലിയര്‍പ്പിച്ചിട്ടുണ്ട് എന്നതു ചരിത്രം. ആ ചര്‍ച്ചില്‍ ആരാധനയില്‍ പങ്കുകൊള്ളുമ്പോള്‍ താനും ചരിത്രത്തിന്റെ ഭാഗമായല്ലോ എന്ന ചിന്തയിലായിരുന്നു ജോണ്‍ ലൂയിസ്. തന്റെ ജീവിതത്തിന്റെ വഴിത്തിരുവുകളും നാഴികക്കല്ലുകളും ഈ ചര്‍ച്ചിലെ ചില ബന്ധങ്ങളിലും, കൂടിക്കാഴചകളിലും പറ്റിച്ചേര്‍ന്നു കിടക്കുന്നത് ലൂയിസ് കാണാതിരുന്നില്ല.

അക്രമരഹിത സമരമാര്‍ഗ്ഗം ജീവിത വ്രതമായിമാറിയത് ഒരു പക്ഷേ ഈ ചര്‍ച്ചുമായുള്ള ബന്ധത്തില്‍ വളര്‍ന്ന ചില സൗഹൃദങ്ങളില്‍ ഉറച്ചതാകാം. ചെറുപ്പം മുതലെ ഉള്ളില്‍ വേരുപിടിച്ച സഹ ജീവികളൊടുള്ള അനുകമ്പ മാര്‍ട്ടിലൂഥര്‍ കിംഗില്‍ക്കൂടി വളരുകയും ജെയിംസ് ലോസണിലൂടെ അതുറയ്ക്കുകയും ചെയ്തു എന്നു പറയാമോ... അതെ ആ കണ്ടുമുട്ടല്‍ വലിയ സ്വാധിനം ചെലുത്തുകതന്നെ ചെയ്തു. നോണ്‍വയലന്‍സ് സമരരീതി കറുത്തവരുടെ ഇടയില്‍ വലിയ തോതില്‍ സ്വാധീനം ചെലുത്താന്‍ തുടങ്ങുകയും, സഹനസമരത്തിനുമാത്രമേ തോക്കുകളെ നേരിടാന്‍ കഴിയു എന്നുമുള്ള തിരിച്ചറിവായിരുന്നു അതിന്റെ പിന്നില്‍. ഇന്ത്യയില്‍ ഗാന്ധി പരീക്ഷിച്ചു വിജയിച്ച ആ സമരമാര്‍ഗ്ഗം പഠിക്കാന്‍ പലരും ഇന്ത്യയില്‍ പോകാന്‍ തുടങ്ങിയിരുന്നു. 'ഫെലോഷിപ്പ് ഓഫ് റീകണ്‍സിലിയേഷന്‍' എന്ന കറുത്തവന്റെ സംഘടന നോണ്‍വയലന്‍സില്‍ അടിയുറച്ചു വിശ്വസിച്ചിരുന്നു. അമേരിയ്ക്ക തുടങ്ങിയ ന്യൂക്കിളിയര്‍ ടെസ്റ്റിനും, കൊറിയന്‍ യുദ്ധത്തിനും ഒക്കെ എതിരെ അവര്‍ ശബ്ദിച്ചു. യുദ്ധത്തിനു പോകാന്‍ കൂട്ടാക്കത്ത കുറ്റത്തിന് 14 മാസം ജയിലില്‍ കിടന്നിട്ടുണ്ട് ജെയിംസ് ലോസണ്‍ എന്നത് രാജ്യസ്‌നേഹത്തിന്റെ കുറവല്ല, പിന്നയോ ക്രിസ്തീയ വിശ്വാസത്തോടും, അര്‍ഹിംസയിലും ഉള്ള തന്റെ ഉറച്ച നിലപാടിന്റെ ഉറപ്പായിരുന്നു. തന്നെ ഒരു മനുഷ്യസ്‌നേഹിയും, നല്ല ക്രിസ്ത്യാനിയും ആക്കിയത് തന്റെ അമ്മയാണെന്ന ്പതിനൊന്നാം വയസ്സില്‍ നടന്ന ഒരു സംഭവം വിവരിച്ച് അദ്ദേഹം പറയുന്നു.

ഒഹായോ തെരുവില്‍ വര്‍ഗ്ഗിയതുടെ നടുവില്‍ നില്‍ക്കുന്ന ഒരു പതിനൊന്നുകാരനെ ഒരു വെളുത്തകുട്ടി നീഗ്രോ എന്നു വിളിച്ചത് അന്നത്തെ നാട്ടുനടപ്പായി കണക്കാക്കി, അധികം പേരും മറുത്തൊന്നും പറയാതെ തിരിഞ്ഞു നടക്കുമായിരുന്നെങ്കിലും, ലോസണ്‍ തന്നെ അപമാനിച്ചവന്റെ കരണത്തടിച്ചു നടന്നു. വീട്ടില്‍ ചെന്ന് അമ്മയോട് നടന്നതൊക്കെ വിവരിക്കവേ, അമ്മ അവനെ സുവിശേഷത്തിന്റെ വഴികളിലേക്കു നടത്തി. അതു ക്രിസ്തുവിന്റെ സഹനത്തിന്റേയും, സ്‌നേഹത്തിന്റേയും, ത്യാഗത്തിന്റേയും പുതിയ സുവിശേഷം ആയിരുന്നു. പിന്നിടുള്ള യാത്ര ആ വഴിക്കായിരുന്നു. ജയിലില്‍ നിന്നും ഇറങ്ങിയതിനു ശേഷം ഇന്ത്യയില്‍ മെതോടിസ്റ്റ് സുവിശേഷകനായി പോയി അവിടെനിന്നും മഹാത്മ ഗാന്ധിയുടെ അഹിംസാ പ്രസ്ഥാനത്തെ അറിഞ്ഞു. പിന്നെ തിയോളജി സ്‌കൂളില്‍ ചേര്‍ന്നു, മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ പ്രവര്‍ത്തനത്തില്‍ പങ്കാളിയായി. എല്ലാ ചെവ്വാഴ്ച വൈകിട്ടും ലോസണ്‍ ക്ലാസില്‍ പഠിപ്പിക്കാത്തതായി ഒന്നും ഇല്ലാ എന്നു വേണമെങ്കില്‍ പറയാം. എല്ലാ മതങ്ങളെക്കുറിച്ചും അറിയേണ്ടതൊക്കെ അവിടെ ചര്‍ച്ച ചെയ്തു. ഹിന്ദുമതവും, ബുദ്ധമതവും, ഇസ്ലാം മതവും, ജൂതമതവും, ക്രിസ്തീയ മതത്തിനു പുറമേ പഠിപ്പിച്ചു. ഗാന്ധിയുടെ അഹിംസ വാദവും, സമാധാനപരമായ സിവില്‍ ഡിസൊബീഡിയന്‍സും, സത്യഗ്രഹവും ഒക്കെ വിശദമായി ചര്‍ച്ചചെയ്യുമ്പോള്‍ഏറെക്കാലമായി താന്‍ അന്വേഷിച്ചുകൊണ്ടിരുന്ന ഒരാള്‍ അല്ലെങ്കില്‍ ഒന്ന് ഇറങ്ങിവന്ന് തന്നെ തോളില്‍ കയ്യിട്ട് ഒപ്പം കൂട്ടുന്നപോലെ തോന്നി എന്ന് ജോണ്‍ ലൂയിസ് കുറിക്കുന്നു. ക്രിസ്തു മറ്റുള്ളവരുടെ പാപങ്ങള്‍ക്കായി ക്രൂശുമരണം വരിച്ചപോലെ ഈ സമരത്തില്‍ ഏറ്റുവാങ്ങുന്ന ഒരോ പീഡനങ്ങളും ആയിരങ്ങളായ എന്റെ സഹോദരങ്ങളുടെ മോചനത്തിനുവേണ്ടി എന്ന ചിന്തയില്‍ ബലപ്പെടുമ്പോള്‍ ഈ ത്യാഗങ്ങളൊക്കെ ആയിരങ്ങളെ ഉണര്‍ത്തും എന്നും ജോണ്‍ പ്രത്യാശിക്കുന്നു.

ജോണ്‍ ലൂയിസ്, കിംഗിനെ അടയാളപ്പെടുത്തുന്നത് സ്‌നേഹം എന്ന ലേപനംമനുഷ്യനെ മാറ്റിപ്പണിയുന്ന രീതികളെക്കുറിച്ചു കിംഗിന്റെ വചനങ്ങളെ ഓര്‍മ്മപ്പെടുത്തിയാണ്. എത്ര വെറുക്കപ്പെടേണ്ടവനേയും സ്‌നേഹിക്കണം. അവനിലെ നരകത്തെ പുറംതള്ളുവോളം സ്‌നേഹിക്കണം. സ്‌നേഹത്തെ തള്ളിക്കളയാന്‍ വയ്യാതവണ്ണം അവനെ സ്‌നേഹിക്കണം. ഗാന്ധി അതു കാണിച്ചു തന്നു. ആ ചെറിയ മനുഷ്യന്‍ ആയുധമില്ലാതെ, സത്യത്തെ മുറുകെപ്പിടിച്ച്, മാനവികതയെ കൈവിടാതെ, ചുറ്റുമുള്ള മനുഷ്യനെ ചേര്‍ത്തുപിടിച്ച് തനിക്കൊപ്പം നിര്‍ത്തി, ഒരു രാജ്യത്തെ സ്വാതന്ത്ര്യത്തിന്റെ വഴിയിലേക്കു നയിച്ചു. അതു തന്റെ സ്വന്തം ശക്തിയിലും ബലത്തിലും എന്ന് ഊറ്റം കൊള്ളതെ, രാജ്യത്തെ മൊത്തം ജങ്ങളുടെയും കൂട്ടായ പോരാട്ടം എന്ന് ഗാന്ധി സ്വയം താഴ്ത്തി. അതായിരുന്നു അദ്ദേഹത്തിന്റെ മഹത്വവും, വിജയവും. നീതിക്കായി ദാഹിക്കുന്നവന്‍ സ്വര്‍ഗ്ഗരാജ്യത്തെ അവകാശമാക്കും...കിംഗിനെന്നും ഗാന്ധിയോടു ബഹുമാനവും ആദരവുമായിരുന്നു. ജോണ്‍ ലൂയിസും കൂടുതല്‍ കൂടുതല്‍ ഗാന്ധിയെ മനസ്സിലാക്കാന്‍ ശ്രമിച്ചത് തന്റെ സഹനസമരത്തില്‍ ബലപ്പെടാന്‍ ആയിരുന്നു. ജിം ലോസണ്‍ (ജെയിംസ് ചുരുക്കപ്പേര് ജിം ) ഗാന്ധിയേയും, മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിനേയും ബന്ധിപ്പിച്ച് നടത്തിയ സെമിനാറില്‍ പങ്കെടുത്തതോട്, ജോണ്‍ ലൂയിസ് തന്റെ വഴികള്‍ ഒന്നുകൂടി ഉറപ്പിച്ചു.

ജിം ലോസണ്‍ന്റെ സ്റ്റഡിക്ലാസുകളില്‍ പഠിച്ചതൊക്കെ ഇനി പ്രാവര്‍ത്തികമാക്കാനുള്ള കാലം ആയി എന്നൊരു തോന്നല്‍. വലിയ കൂടിയാലോചനകള്‍ക്കു ശേഷം അങ്ങനെ ഒരു ദിവസം തിരഞ്ഞെടുത്തതായി ജോണ്‍ ലൂസിസ് എഴുതിയതു വായിച്ചപ്പോള്‍ കമ്മ്യുണിസ്റ്റ് പ്രസ്ഥാനങ്ങള്‍ കേരളത്തില്‍ നടത്തിയ സമരങ്ങള്‍ ആന്‍ഡ്രു ഓര്‍ത്തു. ജോണ്‍ എഴുതുന്നത് 1959 നംവമ്പര്‍ 28 ശനി ട്രയല്‍ ദിനമായി തിരഞ്ഞെടുത്തു എന്നാണ്.(അപ്പോള്‍ കേരളത്തില്‍ കമ്യുണിസ്റ്റ് മന്ത്രിസഭ നിലവില്‍ വന്നിരുന്നു.) ഡയാന്‍ എന്ന സുന്ദരിയായിരുന്നു അന്നത്തെ പരിപാടികളുടെ നേതാവ്. ഒരൊ ദിവസം ഒരോ ചുമതലക്കാരെ തിരഞ്ഞെടുക്കാനും, ഒരോ വര്‍ഷവും പുതിയ ചെയര്‍മാനെ എടുക്കുന്നതിലൂടെ എല്ലാവര്‍ക്കും ചുമതല ലഭിക്കുന്നതോടൊപ്പം അധികാരം ഒരാളില്‍ കേന്ദ്രീകരിക്കാതിരിക്കാനുമുള്ള മുന്‍കരുതല്‍ ആയിരുന്നു അത്..ആണുങ്ങള്‍ സൂട്ടും കോട്ടും ധരിച്ചപ്പോള്‍ സ്ത്രികള്‍ സ്‌കര്‍ട്ടും ബ്ലൗസും ധരിച്ച് വൃത്തിയിലും വെടുപ്പിലും പോകാന്‍ തീരുമാനിച്ചു. ഈ ആക്ഷന്‍ ഗ്രൂപ്പ് നാഷ്‌വില്ല് മാത്രം കേന്ദ്രികരിച്ചുള്ളതായതിനാല്‍ മറ്റുള്ളവര്‍ അതില്‍ പങ്കെടുക്കണ്ട എന്നു തീരുമാനമായി. വളരെ നാളത്തെ ചര്‍ച്ചകള്‍ക്കൊടുവിലാണ് കറുത്തവരെ മനുഷ്യരായി കണക്കാക്കാതെ, അവരുടെ അവകാശങ്ങങ്ങളെ അംഗികരിക്കാത്ത ജിംക്രോ അധാരമാക്കിയ കുറെ സ്ഥപനങ്ങളുടെ പേരുകള്‍ എഴുതിയത്. ജിം ലോസണ്‍ നേരിട്ട് ബോദ്ധ്യപ്പെട്ട സ്ഥാപനങ്ങള്‍ ആയിരുന്നു ഒക്കേയും. ഡിപ്പാര്‍ട്ടുമെന്റു സ്റ്റോറുകളില്‍ തുണിയും സാധങ്ങളും വാങ്ങാന്‍ കറുത്തവര്‍ക്ക് പ്രത്യേകം ഇടവും, കൗണ്ടറുകളും ഉണ്ടായിരുന്നു. അവരുടെ പണത്തിന് അയിത്തം ഇല്ലായിരുന്നുവെങ്കിലും അവര്‍ക്ക് അവിടെയുള്ള റസ്റ്റോറന്റുകളും, റസ്റ്റു റൂമുകളും അനുവദിച്ചിരുന്നില്ല. ആദ്യത്തെ ഇടമായി 'ഹാര്‍വീസ്' എന്ന വലിയ സ്റ്റോര്‍ തിരഞ്ഞെടുത്തു. അവിടെയുള്ള റസ്റ്ററന്റിലെ സീറ്റില്‍ തികച്ചും അപരിചിതരെപ്പോലെ പല ടേബിളുകളിലായി അവര്‍ പത്തുപേരും ഇരുന്നു.

റസ്റ്ററന്റു പരിചാരികയുടെ ആദ്യത്തെ അങ്കലാപ്പൊന്നടങ്ങിയപ്പോള്‍ അവര്‍ വളരെവിനയത്തൊട് സാധാരണക്കരിയായി പറഞ്ഞു; 'നിങ്ങള്‍ക്ക് ഇവിടെ ഇരുന്നു കഴിക്കാനും, നിങ്ങള്‍ക്കു വിളമ്പാനും ബുദ്ധിമുട്ടുണ്ട്'

'ഞങ്ങള്‍ക്ക് നിങ്ങളുടെ മാനേജരെ ഒന്നു കാണാമോ..?' അന്നത്തെ ചുമതലക്കാരി ഡയാന്‍ ചോദിച്ചു. മറ്റാരും സംസാരിക്കാന്‍ പാടില്ല. വാക്കു തര്‍ക്കങ്ങള്‍ ഒഴിവാക്കാനുള്ള ഒരു മുന്‍കരുതല്‍ ആയിരുന്നു അത്. പരിചാരിക ഒട്ടും പ്രതീക്ഷിക്കാത്ത പ്രതികരണത്തില്‍ എന്തു ചെയ്യണമെന്നറിയാതെ ഒന്നു പരുങ്ങി മാനേജരെ തിരക്കിപോയി. മാനേജര്‍, അവരുടെ കടയുടെ നിയമാവലിയില്‍ കറുത്തവര്‍ക്ക് സര്‍വ് ചെയ്യാന്‍ പാടില്ലായെന്ന് എഴുതിയിരിക്കുന്നത് ലംഘിക്കാന്‍ കഴിയില്ല എന്നറിയിച്ചു. എന്നാല്‍ ഞങ്ങള്‍ക്കൊപ്പമുള്ള വെളുത്തവര്‍ക്ക് കൊടുത്തുകൂടെ എന്ന ഡയാനിന്റെ ചോദ്യത്തില്‍ കല്ലുകടിച്ചയാള്‍ പറഞ്ഞു; അവരും നിങ്ങള്‍ക്കൊപ്പമായതിനാല്‍ അങ്ങനെ ചെയ്യാന്‍ പറ്റില്ല. അയാളോട് നന്ദിപറഞ്ഞിറങ്ങുമ്പോള്‍ ആദ്യത്തെ പരീക്ഷണം പ്രതീക്ഷിച്ചപോലെ എന്ന് പരസ്പരം പറഞ്ഞു. ഒപ്പം സമരത്തിനിറങ്ങിയ വെളുത്തവരോട് ഹൃദയത്തില്‍ നന്ദിപറഞ്ഞു.ആ ഭാഗം ആന്‍ഡ്രുവിന്റെ ഓര്‍മ്മകളിലെ ചിതല്‍പുറ്റിനെ തൊട്ടിളക്കി. അപ്പോള്‍ അവിടെ ചങ്കരന്‍ എന്ന കീഴാളന്‍ മണ്‍ച്ചട്ടിയുമായി, കേശവന്‍ എന്ന വിളക്കിത്തല നായരുടെ ചായക്കടയുടെ പിന്നാപ്പുറത്ത് ഒരു ചായക്കായി കൈ കൂപ്പി നില്‍ക്കുന്നതായി കണ്ടു.

അടുത്ത ശനിയാഴ്ചയും മറ്റൊരു കടയില്‍ പരീക്ഷിച്ച് അതേ അനുഭവങ്ങളുമായി തിരിച്ചുപോയി. അന്നത്തെ ഗ്രൂപ്പ് ലീഡര്‍ എന്ന നിലയില്‍ ജോണ്‍ തന്റെ അനുഭവങ്ങള്‍ വിവരിക്കുമ്പോള്‍ ഹൃദയം വിങ്ങുന്നുണ്ടായിരുന്നു. തൊലിപ്പുറത്തെ നിറത്തിന്റെ പേരില്‍ അനുഭവിക്കുന്ന വിവേചനം അവസാനിച്ചേ മതിയാകു. പക്ഷേ ആ സെമസ്റ്റര്‍ തീര്‍ന്നപ്പോള്‍ വീട്ടിലേക്കുള്ള യാത്രയില്‍‘ഗ്രേഹോണ്ട്’ ബസിലെ അനുഭവം... ഫ്‌ളോറഡക്കു പോക്കാനുള്ള ബെര്‍നാഡിനൊപ്പമായിരുന്നു ബസ്സുയാത്ര. ഡ്രൈവറുടെ തൊട്ടുപുറകിലെ സീറ്റില്‍ തന്നെ ഇരുപ്പുറപ്പിച്ചു. അതൊട്ടും ഇഷ്ടപ്പെടാത്ത ഡ്രൈവര്‍ അവിടെ നിന്നും മാറണമെന്ന വാശിയില്‍ കയര്‍ത്തെങ്കിലും സീറ്റുമാറാന്‍ തയ്യാറാവാത്തവരെ നോക്കി ഡ്രൈവര്‍ പറഞ്ഞു;' ഞാന്‍ പുറത്തിറങ്ങി വരുമ്പോഴേക്കും നിങ്ങള്‍ മാറിയിരിക്കണം'. പ്രതികരിക്കാത്ത യാത്രക്കാരെനോക്കി അയാള്‍ ഡ്രൈവര്‍ക്കുള്ള സീറ്റ് തുറന്ന് പുറത്തേക്കിറങ്ങി. അതിനുമുമ്പായി ഡ്രൈവര്‍ തന്റെ സീറ്റ് ഏറ്റവും പുറകിളെക്ക് മാറ്റാവുന്നത്ര മാറ്റി തങ്ങള്‍ ഇരിയ്ക്കുന്ന സീറ്റുമായികാലുകളെ വിലങ്ങുവെച്ചപോലെ ഞെരുക്കി. കാല്‍ മുട്ടുകള്‍ കീഴ്ത്താടിയില്‍ അമര്‍ന്നിരുന്നു.ആഫ്രിക്കയില്‍ നിന്നും കപ്പലില്‍ കൊണ്ടുവെന്ന അടിമകളെയും ഇതിൂപോലെയായിരിക്കുംകൂച്ചുവിലങ്ങിട്ടത്എന്നിട്ടും ഒരക്ഷരം മറുത്തു പറയാതെ സഹനസമരത്തിന്റെ സ്വയം പീഡനങ്ങള്‍ ഏറ്റുവാങ്ങി.വലിയ സമരങ്ങളുടെ പരിശീലനക്കളരികള്‍ എന്ന് ആ ദിവസങ്ങളെ ജോണ്‍ലൂയിസ് ഓര്‍ത്തിട്ടുണ്ടാകും.

ജോണ്‍ ലൂയിസ് 1960 പ്രതീക്ഷകളുടെ കാലഘട്ടം എന്നു രേഖപ്പെടുത്തുന്നു. 1860 സിവില്‍ വാറിന്റെ കാലം. അടിമക്കച്ചവടം നിരോധിക്കുക എന്ന പുരോഗമനചിന്തയുടെ ബലിത്തറ കെട്ടും എന്നു പറഞ്ഞു തുടങ്ങിയ കലാപം എങ്ങനെ അവസാനിച്ചു. അടിമകള്‍ക്ക് സ്വാതന്ത്ര്യം കിട്ടിയോ... പൂര്‍ണ്ണമായി എന്നു പറയാന്‍ പറ്റില്ലെങ്കിലും തുടക്കം ആയി. എല്ലാം മാറ്റങ്ങളും പടിപടിയായിട്ടാണ് വരുന്നത്. അതില്‍ രക്ത സാക്ഷികളാകുന്നവരുടെ എണ്ണം..? അവരെല്ലാം ഓര്‍മ്മിക്കപ്പെടുമോ... ഒരു യുദ്ധത്തിലും ബലിയാവര്‍ ആഘോഷിക്കപ്പെടുന്നില്ല. പകരം വിജയികളുടെ പേരെ ചരിത്രത്തില്‍ ഉണ്ടാകു. എബ്രഹാം ലിങ്കന്റെ പേര് ബലിത്തറയില്‍ എഴുതിച്ചേര്‍ക്കാതെ ഈ ചരിത്രത്തിനു മുന്നോട്ടു പോകാന്‍ പറ്റില്ല. ഇന്ന് 1960 മറ്റൊരു ചരിത്ര കാലത്തിലേക്ക് നയിക്കുന്നു. അതിലെ പ്രധാന നടന്മാര്‍ ആരൊക്കെ... ആരുടെയൊക്കെ പേരുകള്‍ ചരിത്രം രേഖയില്‍ ആക്കും... ഇതു ജോണ്‍ ലൂയിസിന്റെ ചിന്തകളേക്കാള്‍ ആന്‍ഡ്രുവിന്റെ മനോവിചാരങ്ങള്‍ എന്നു പറയുന്നതാകും ശരി. ആന്‍ഡ്രു എന്തുകൊണ്ടോ ജോണ്‍ ലൂയിസ് നടന്ന അതേ കാറ്റിനൊപ്പം ആയിരുന്നു.ആ ചരിത്ര കാലത്ത് മറ്റൊരു ഭുരേഖയില്‍ ആയിരുന്നുവെങ്കിലുംജോണ്‍ ലൂയിസിനു പിന്നാലെ... ആ തലമുറ കടന്നുപോയ ചരിത്ര മുഹൂര്‍ത്തങ്ങളെ ഉള്‍ക്കൊള്ളന്‍ കഴിയുന്നവനായി, ചരിത്രത്തെ വായിക്കാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നു.

1960 കള്‍ ഒരു പുതിയ ഉണര്‍വിന്റേയും ഉയര്‍ത്തെഴുനേല്‍പിന്റേയും കാലം ആയിരുന്നു. കറുത്തവന്റെ അവകാശങ്ങളെക്കുറിച്ചുള്ള അവബോധത്തില്‍ ഉണര്‍ന്ന ഒരു ജനതയുടെ അവകാശസമരങ്ങളുടെ ഉയര്‍ത്തെഴുനേല്പായിരുന്നു. അതിനു മുഖ്യധാരയില്‍ രണ്ടുപേരായിരുന്നു. അക്രമരാഹിത്യത്തില്‍ അടിയുറച്ച മാര്‍ട്ടിന്‍ ലൂഥര്‍ കിംഗും, പല്ലിനു പകരം പല്ലൂം, കണ്ണിനു പകരം കണ്ണും എന്ന പ്രത്യയ ശാസ്ത്രം അവകാശങ്ങള്‍ നേടിത്തരുമെങ്കില്‍ അതില്‍ കുഴപ്പമില്ലെന്നു വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന മാല്‍ക്കം എക്‌സും. ഒരു വെളുത്തവന്റേയും മുന്നില്‍ അവകാശങ്ങള്‍ക്കായി യാജിക്കേണ്ടതില്ല എന്ന് വാദിക്കുന്ന മാല്‍ക്കം എക്‌സ്. തോക്കെടുക്കുന്നതിന് എതിരായിരുന്നില്ല എന്നു മാത്രമല്ല വേണ്ടിടുത്ത് തോക്കെടുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്യുന്നുണ്ട്.

ജോണ്‍ ലൂയിസ് അഹിംസക്കൊപ്പം നിന്നു. അതിനു ധാരാളം ക്ഷമയും, പരിശീലനവും സഹനവും വേണം. എല്ലാവര്‍ക്കും അഹിംസാവാദിയും സത്യാഗ്രഹിയും ആകാന്‍ പറ്റില്ല. അതിന് ഉറച്ച മനസ്സുവേണം അര്‍പ്പണം വേണം, മരണത്തെ ഭയമില്ലാതെ ആയുധം ഏന്തിയവനുമുന്നില്‍ നിവര്‍ന്നു നില്‍ക്കാനുള്ള ആത്മബലം വേണം. ഇതാണ് ഗാന്ധി പഠിപ്പിച്ചത്; മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് അഹ്വാനം ചെയ്ത നോണ്‍ വയലന്‍സ് സമരരീതി. അതാണു ശരിയെന്നു ഉറച്ചു വിശ്വസിച്ച ജോണ്‍ ലൂയിസ് സമരങ്ങളുടെ മുന്നണിപ്പോരാളിയായി ഒരു ചാലകശക്തിയായി സതേണ്‍ സ്റ്റേറ്റുകളില്‍ മാറ്റത്തിന്റെ കൊടുംകാറ്റായി. 1960 കളിലെ തുല്ല്യ നീതിക്കുവേണ്ടിയുള്ള സമരങ്ങളുടെ ചരിത്രം എഴുതുന്നവര്‍ ജോണ്‍ ലൂയിസിനെ വിട്ടുകളയുമോ...ചരിത്രങ്ങളെ തിരുത്തി എഴുതുന്ന ഒരു കാലത്തില്‍ ജീവിക്കുന്നവര്‍ ഭയപ്പെടേണ്ടിയിരിക്കുന്നു. ജോണ്‍ ലൂസിന്റെ ആത്മകഥയിലെ വരികള്‍ക്കിടയില്‍ കുരുങ്ങിയ ആന്‍ഡ്രു എന്തോക്കയോ നൊമ്പരങ്ങളിളേക്കിറങ്ങി ലൂയിസിനെ അടയാളപ്പെടുത്താന്‍ ശ്രമിച്ചു.

ജോണ്‍ വീണ്ടും നാഷ്‌വില്ലിലേക്ക് മടങ്ങിയത് കലുഷിതമായ രാഷ്ട്രിയ അന്തരീക്ഷത്തില്‍ ആയിരുന്നു. സിവില്‍ റൈയിറ്റ് മൂവ്‌മെന്റ് തുടങ്ങിവെച്ച സമരങ്ങള്‍ പൊതുജനങ്ങള്‍ ചര്‍ച്ചചെയ്യാന്‍ തുടങ്ങി എന്നു മാത്രമല്ല നിയമ നിര്‍മ്മാണങ്ങളെക്കുറിച്ചുള്ള കിംവദന്തികളും പ്രചരിക്കുന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ആ വര്‍ഷത്തെ പ്രസിഡന്‍ഷ്യല്‍ സ്ഥനാര്‍ത്ഥി ആരായാലും ആ വിഷയത്തെ പരാമര്‍ശിക്കാതിരിക്കാന്‍ കഴിയില്ല. റിപബ്ലിക്കനോ, ഡെമോക്രാറ്റോ... ലൂയിസ് ഡെമോക്രാറ്റിനൊപ്പം എന്നു പറയുന്നതായിരിക്കും ശരി. കറുത്തവനോട് അനുഭാവം കാണിക്കുന്ന പാര്‍ട്ടി അതുതന്നെയായിരുന്നു.‘ജോണ്‍ എഫ് കെന്നഡിയോ, ലിന്‍ഡന്‍ ജോണ്‍സണോ. റിപബ്‌ളിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് ഐസ്‌നോവറോ, റിച്ചാഡ് നിക്‌സണൊ എന്നു തീരുമാനമായിട്ടില്ല. അവര്‍ പ്രൈമറില്‍ ജയിക്കുന്നവര്‍ തമ്മില്‍ മത്സരിക്കട്ടെ...ആരു വരും എന്നു നോക്കി സമയം കളയാന്‍ ഇല്ല. ചൊവ്വാദിനത്തിലെ സ്റ്റഡിക്ലാസുകളില്‍ കൂടുതല്‍ ആളുകള്‍ വരാന്‍ തുടങ്ങിയത് പുതിയ ഉണര്‍വ്വ് തരുന്നു. അതില്‍ വെളുത്തവരും കറുത്തവരും സമരത്തില്‍ ഒപ്പം കൈകോര്‍ക്കാന്‍ ഉണ്ട് എന്നത് വലിയ ഉത്തേജനമായി.

ഫെബ്രുവരി ഒന്നിന് ഓര്‍ക്കാപ്പുറത്താണ്ഗ്രീന്‍ബോറോയിലെ നാലു കുട്ടികള്‍ സമരം തുടങ്ങിയത്. നാഷ്‌വില്ലില്‍ ഞങ്ങള്‍ അപ്പോള്‍ അടുത്ത സമരത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങുന്നതെയുള്ളായിരുന്നു. സമരത്തിന്റെ ആവേശത്താലോ അവരുടെ നിയോഗത്താലോ ഞങ്ങളുടെ സമരത്തെ അവര്‍ ഏറ്റെടുത്തപോലെ...’ ജോണ്‍ അങ്ങനെയാണതിനെക്കുറിച്ച് പറയുന്നത്. എ അന്റ് ടി (അ മിറ ഠ) കോളേജിലെ നാലുപേര്‍ ഡൗണ്‍ ടൗണിലെ വൂള്‍വര്‍ത്ത് സ്റ്റോറിന്റെ ഫുഡ് കൗണ്ടറില്‍ തുടങ്ങിയ സമരം മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ മോന്റ്‌ഗോമറി ബസ്സ് സമരത്തെക്കുറിച്ചുള്ള വായിച്ചറിവു കൈമുതലാക്കിയാണ് എന്നു പറയുമ്പോള്‍ അവരുടെ ആവേശത്തെ കുറച്ചു കാണാന്‍ കഴിയില്ല.മൂന്നാം ദിവസം മാത്രമേ ആ സമര വാര്‍ത്ത പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുകയും, ലൂയിസും കൂട്ടരും അറിയുകയും ചെയ്തുള്ളു. പക്ഷേ ആ സമരം വലിയ ആവേശമായി. നാലുപേരായി തുടങ്ങിയെങ്കിലും അത് ദിവസം തോറും സഹവിദ്യാര്‍ത്ഥികളുടെ സഹകരണത്താല്‍ ആള്‍ക്കൂട്ടമായി മാറി. അടുത്ത പ്രദേശങ്ങള്‍ സമരത്തില്‍ പങ്കെടുക്കാന്‍ തുടങ്ങി. നോര്‍ത്ത് കരോലീനയിലെ ദുര്‍ഹാമിലെക്കും മറ്റനേകം സിറ്റികളിലേക്കും വ്യാപിച്ച സമരം നാഷ്‌വില്ലില്‍ ജോണ്‍ ലൂയിസും കൂട്ടരും ഏറ്റെടുത്തു. അതു വളരെ നാളുകളായി നടത്തിയ മുന്നൊരുക്കങ്ങളുടെ അനുഭവസമ്പത്തുമായിട്ടായിരുന്നു. അതിനാല്‍ അച്ചടക്കം വളരെ നിര്‍ബന്ധമായിരുന്നു. ഗ്രീന്‍ബര്‍ഗ്ഗിലും മറ്റും ക്ലാനുകള്‍ ബോംബിട്ടു എന്ന വാര്‍ത്ത എല്ലാവരേയും അലോസരപ്പെടുത്തിയെങ്കിലും സമരവുമായി മുന്നേറാന്‍ തന്നെയായിരുന്നു തീരുമാനം. ജോണ്‍ ലൂയിസ് അതെല്ലം വളരെ വിശദമായി തന്റെ ആത്മകഥയില്‍ വിവരിക്കുന്നുണ്ട്.

'ഞാന്‍ എന്റെ ആത്മമാവിന്റെ പ്രേരണയ്ക്കു വിധേയനാണ്,

ആത്മാവ് എന്നോട് കുത്തിയിരുപ്പു സമരം ചെയ്യാന്‍ പറഞ്ഞാല്‍ ഞാനതു ചെയ്യും'

അതല്ല ബഹിഷ്‌കരിക്കാന്‍ പറഞ്ഞാല്‍ ഞാന്‍ അങ്ങനെ ചെയ്യും,

അതുമൂലം ജയിലില്‍ പോകാന്‍ പറഞ്ഞാല്‍ ഞാന്‍ സന്തോഷത്തോട് ജയിലില്‍ പോകും,

ഞാന്‍ എന്റെ ആത്മാവ് പറയുമ്പോലെ ചെയ്യു....'

ആ പാട്ട് അങ്ങനെതന്നെയോ എന്ന് റീനയോട് ചോദിക്കണം. തര്‍ജ്ജിമയില്‍ ആ പാട്ടിന്റെ ആത്മാവ് നഷ്ടമാകാതിരുന്നാല്‍ മതിയായിരുന്നു. ആന്‍ഡ്രു ഓര്‍ത്തു. എല്ലാ സമരങ്ങള്‍ക്കും മുദ്രാവാക്യങ്ങള്‍ വേണം. അതുണര്‍ത്തു പാട്ടുകളാണ്. പടുകൂറ്റന്‍ ജാഥകളില്‍ ആളുകളെ ആവേശിപ്പിക്കുന്നത് ഇത്തരം വായ്പ്പാട്ടുകളാണ്. അതവരുടെ ആത്മാവിനെ ഉണര്‍ത്തും. ജോണും കൂട്ടരും ആ മുദ്രാവാക്യം പള്ളിയിലെ ആരാധനയില്‍ എന്നപോലെയായിരിക്കും ആലപിച്ചിട്ടുണ്ടാകുക. ആന്‍ഡ്രു, ജോണ്‍ ലൂയിസും കൂട്ടാളികളും നടത്തിയ കുത്തിയിരിപ്പു സത്യാഗ്രഹത്തിന്റെ വിശദാംശങ്ങള്‍ മനോമുകരത്തില്‍ കാണുകയായിരുന്നു. അല്ല ജോണ്‍ ലൂയിസിനൊപ്പം ആ യാത്രയില്‍ ആന്‍ഡ്രുവും ചേരുകയായിരുന്നു.‘രാവിലെ ആകാംഷയും, ആശങ്കയും ചേര്‍ന്ന ഒരു മനോവികാരത്തില്‍ കിടക്കയില്‍ നിന്നും എഴുനേറ്റ് ജനാലയില്‍ കൂടി പുറത്തേക്കു നോക്കി. പ്രകൃതിയെ ഒരിക്കല്‍ക്കൂടി കണ്ട് എന്തൊക്കയോ ഉറപ്പുവരുത്താനെന്നവണ്ണം. അതോ മനസിലെ അനേകം ആശങ്കകളെ പ്രകൃതിയുമായി പങ്കിവെയ്ക്കാനോ... വെളിയിലെ കാഴ്ച മനോഹരമായിരുന്നു. വെള്ളപ്പരവതാനിമാതിരി അരയടിയിലേറെ മഞ്ഞ് നിറഞ്ഞുകിടക്കുന്നു.’ ജോണിനു പകരം താനായിരുന്നെങ്കില്‍ ആ നിറഞ്ഞു കിടക്കുന്ന മഞ്ഞിന് മറ്റൊരുപമ കണ്ടെത്തുമായിരുന്നു. ആന്‍ഡ്രു ഓര്‍ത്തു. അലബാമയിലെ പഞ്ഞിത്തോട്ടങ്ങളിലെ മുഴുവന്‍ പരത്തിക്കായ്കളും പറിച്ചു കൂട്ടി, കടഞ്ഞെടുത്ത്, ആരോ പ്രകൃതിയാകെ നിരത്തിയിരിക്കുന്നു...ജോണിനും കൂട്ടര്‍ക്കും തങ്ങളുടെ ആത്മാവിന്റെ വഴികളിലൂടെ നടന്ന് സെഗ്രിഗേഷന്റെ ചങ്ങലകളെ പൊട്ടിക്കാന്‍... അലബാമയില്‍ ഇത്രയും മഞ്ഞ് പതിവില്ല... ഏറിയാല്‍ ഉപ്പ് വിതറിയപോലെ ഒരു വെള്ള പൂശല്‍ അത്രേയുണ്ടാകാറൂള്ളു... ഇന്ന് പ്രകൃതി എല്ലാം തനിക്കുവെണ്ടി ഒരുക്കിയതുപോലെ, വെളൂത്ത് പരിശുദ്ധമായ മഞ്ഞിനാല്‍ സ്വര്‍ഗ്ഗം വഴിയൊരുക്കിയിരിക്കുന്നപോലെ. ജോണ്‍ ലൂയിസ് അങ്ങനെയാണതിനെക്കുറിച്ച് ചിന്തിച്ചത്.

നൂറ്റീരുപത്തഞ്ചുപേര്‍ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ കൂടി വീണ്ടും ഒരുക്കങ്ങളെക്കുറിച്ച് വിലയിരുത്തി, ഒരു ജാഥയായി ഡൗണ്‍ ടൗണിലേക്ക് നടന്നു. ആരും ഒന്നും പരസ്പരം പറഞ്ഞില്ല. കാണുന്നവര്‍ ചിലപ്പോള്‍ ഒരു ശവം അടക്കിനു പോകുന്നവര്‍ എന്നു ചിന്തിച്ചിട്ടുണ്ടാകും. ഇരുപത്തഞ്ചു പേര്‍ വീതം ഗ്രൂപ്പുകളായി തിരിഞ്ഞ് പതിനൊന്നു മണിയോട് അവരവര്‍ക്ക് മുന്‍ക്കൂര്‍ നിശ്ചയിച്ച കടകളില്‍ കടന്ന് സംശയം തോന്നാത്തവിധം അധികം വിലയില്ലാത്ത ഒരോ സാധനങ്ങള്‍ വാങ്ങി അവരുടെ കസ്റ്റമറായി, ഇനി ആ കടകളുടെ റെസ്റ്റോറന്റ് മേശകളില്‍ ഇടം പിടിക്കണം. ലൂയിസിന്റെ ഊഴം വൂള്‍വര്‍ത്ത് കടയുടെ ലഞ്ച് കൗണ്ടറില്‍ നിന്നും ഭക്ഷണം വാങ്ങി അവിടെയിരുന്നു കഴിക്കുക എന്നതായിരുന്നു. അന്നത്തെ ഗ്രുപ് ലീഡറും ലൂയിസ് തന്നെയായിരുന്നു. കൂടെയുള്ള ഇരുപത്തഞ്ചുപേരും പരസ്പരം അറിയാത്തവരെപ്പോലെ പല മേശയില്‍ ഇടക്ക് കശേരകള്‍ ഒഴിച്ചിട്ട് ഇരുന്നു. അതൊരു പരീക്ഷണം കൂടിയായിരുന്നു. ഇടയ്ക്ക് ഒഴിവുള്ള കസേരകളില്‍ വെളുത്തവര്‍ ആരെങ്കിലും ഇരിക്കാന്‍ തയ്യാറാകുമോ എന്നുള്ള പരീക്ഷണം. ഒപ്പം കടമൊത്തമായി ഉപരോധിക്കുക. അപ്പോള്‍ അവിടെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന വെളൂത്തവര്‍ എഴുനേറ്റു പോകുകയോ എന്തെങ്കിലും പറയുകയോ ചെയ്യാതെ അവരവരിലേക്ക് ഇറങ്ങി. ആദ്യത്തെ പരിചാരിക അടുക്കളയില്‍ നിന്നും ഇറങ്ങി വന്ന്, എന്തോ കണ്ട് ഭയന്നവളെപ്പോലെ ഒന്നു നിന്ന് സ്വയം വീണ്ടെടുത്ത്, ഒന്നും ഉരിയാടാതെഒരു തുണിയുമായി മേശകള്‍ തുടയ്ക്കാന്‍ ആരംഭിച്ചു. എന്നാല്‍ രണ്ടാമത്തവള്‍ എന്തോ ഭയാനകമായതു കണ്ടവളെപ്പോലെ, എന്റെ ദൈവമേ എന്ന് സ്വയം നിലവിളിച്ച് സ്തംഭിച്ചു നിന്ന് ആരോടെന്നില്ലാതെ പറഞ്ഞു; 'ഈ നീഗ്രോകള്‍...’അവള്‍ക്ക് ഭയമുള്ളതുപോലെ തോാന്നി.

'ഞങ്ങള്‍ക്ക് ഭക്ഷിപ്പാന്‍ എന്തെങ്കിലും വേണം' അന്നത്തെ ഗ്രൂപ്പ് നേതാവെന്ന നിലയില്‍ ജോണ്‍ ചോദിച്ചു.

'ഇവിടെ നീഗോകള്‍ക്ക് ഞങ്ങള്‍ വിളമ്പാറില്ല.' ആ സ്ത്രി ഒട്ടും മയമില്ലാതെ പറഞ്ഞു.അപ്പോഴേക്കും മറ്റൊരു സ്ത്രി കയ്യില്‍ ഒരു ബോര്‍ഡുമായി വന്നു. 'കൗണ്ടര്‍ ക്ലോസിഡ്'അല്ലെങ്കില്‍ ഇന്നത്തെ കച്ചോടം കഴിഞ്ഞു ഞങ്ങള്‍ കട അടയ്ക്കുന്നു. നിങ്ങള്‍ക്ക് പോകം. ആ ബോര്‍ഡിന്റെ അര്‍ത്ഥം അതായിരുന്നു. അപ്പോഴേക്കും അവിടെയുണ്ടായിരുന്ന വെളുത്തവര്‍ ഒരോരുത്തരായി എഴുനേറ്റു പോകാന്‍ തുടങ്ങി. അവര്‍ പോയി എന്നുറപ്പായപ്പോള്‍ ലഞ്ച് ഏറിയായിലെ ലൈറ്റുകള്‍ അണഞ്ഞു. പരിചാരകരും എങ്ങോട്ടൊ പോയി. എന്നാലും കടയുടെ മറ്റുഭാഗങ്ങളില്‍ നിന്നുള്ളവെളിച്ചവും, പകലിന്റെ കരുണയും കൊണ്ട് വായിക്കാനും ഹോംവര്‍ക്കുകള്‍ ചെയ്യനുമുള്ള വെളിച്ചം ഉണ്ടായിരുന്നു. മുന്‍ധരണപ്രകാരം എല്ലാരും അവരവരുടെ സ്ഥലങ്ങളില്‍ ശാന്തരായി ഇരുന്ന് അവരവരുടെ ജോലികളില്‍ മുഴുകി.എവിടെയും ഇനി എന്ത് എന്നആകാംഷയുടെ ചോദ്യചിഹ്നവുമായി ആളുകള്‍ പരസ്പരം നോക്കുന്നു. ഒന്നും സംഭവിക്കാത്തവരെപ്പോലെ ഞങ്ങള്‍ ഞങ്ങളുടെ വായനയിലും ഹോംവര്‍ക്കുകളിലും മുഴുകി. കടയുടെ താഴെ നിലയില്‍ വെളുത്തവര്‍ ഒത്തുകൂടി എന്തൊക്കയോ പറയുന്നു. നാലു ചെറുപ്പക്കാര്‍ മുകളിലെ നിലയിലേക്ക് വന്ന് ഞങ്ങള്‍ക്ക് പിറകിലായി നിലയുറപ്പിച്ച് വിളിച്ചു പറയുന്നു 'നിഗേഴ്‌സ് ഗോ ഹോം... നിങ്ങള്‍ക്ക് ഇവിടെന്തു കാര്യം.'ആരും പ്രതികരിക്കുന്നില്ലന്നു കണ്ടവര്‍ സ്വയം ഒഴിഞ്ഞു.ആറുമണികഴിഞ്ഞപ്പോള്‍ അന്നത്തെ സമരം അവസാനിപ്പിക്കാനുള്ള അറീപ്പുമായി ദൂതന്‍ വന്നു. അനിഷ്ടസംഭവങ്ങളൊന്നും ഇല്ലാതെ ആ ദിവസം അവസാനിച്ച് ചര്‍ച്ചില്‍ സമരക്കാരെല്ലാം ഒത്തുകൂടി അന്നത്തെ അനുഭവങ്ങള്‍ പങ്കുവെച്ചു. ഡൗണ്‍ ടൗണ്‍ മൊത്തമായി എല്ലാ കടകളിലേയുംലഞ്ച് കൗണ്ടറുകള്‍ അടഞ്ഞുകിടന്നു. പലസ്ഥലങ്ങളിലും വെള്ളുത്ത സ്ത്രീകള്‍ പരസ്പരം പറഞ്ഞത്രേ 'എവിടെയും നീഗ്രോകള്‍...നീഗ്രോകള്‍...' . ജോണ്‍ ലൂയിസ് ആ ദിവസത്തെ സമരത്തെ വിലയിരുത്തുകയായിരുന്നു. ഒരോ സമരങ്ങളും ഗാന്ധിമാര്‍ഗ്ഗ പരീക്ഷണം കൂടിയായിരുന്നു. ഒരോ ദിവസം കഴിയും തോറും ലൂയിസ് അതില്‍ ഉറച്ച.

ഒന്നു രണ്ടു ദിവസങ്ങളിലെ സമരങ്ങളും അനിഷ്ട സംഭവങ്ങളില്ലാതെ കഴിഞ്ഞുവെങ്കിലും, വെളുത്തവരുടെ ഇടയില്‍ എന്തൊക്കയോ അസ്വസ്ഥതകള്‍ പുകയാന്‍ തുടങ്ങിയത് ചില ചീറ്റലും, തുമ്മലും, പിറുപിറുക്കലുകളുമായി പുറത്തുവരാന്‍ തുടങ്ങി. ' നമ്മള്‍ എവിടെ ലഞ്ചുകഴിക്കും. ഇതു മനഃപൂര്‍വ്വമായ തടസപ്പെടുത്തലല്ലേ, നീഗ്രോകളുടെ അഹന്ത. അതവസാനിപ്പിക്കണം. ഒരോ ദിവസവം കൂടിക്കുടി വരുന്ന സത്യഗ്രഹികളുടെ എണ്ണം അവരെ അലോസരപ്പെടുത്താന്‍ തുടങ്ങിയിരുന്നു. പോലിസ്സ് പ്രതികരിക്കാന്‍ തുടങ്ങി. സമരക്കാരെ അറസ്റ്റുചെയ്യുമെന്നവര്‍ മുന്നറീപ്പുമായി ഭീക്ഷണിയുടെ സന്ദേശം പ്രചരിപ്പിക്കാന്‍ തുടങ്ങി. ഒന്നിലും പതറാത്ത സമരക്കാരെ പിന്തിരിപ്പിക്കാന്‍ അതു പോരായിരുന്നു. എങ്കിലും സമരത്തില്‍ പങ്കെടുക്കാന്‍ വരുന്നവരത്രയും വേണ്ടരീതിയില്‍ പരിശീലനം കിട്ടിയവരല്ല എന്ന തിരിച്ചറിവില്‍ചെയ്യാവുന്നതും, ചെയ്യെരുതാത്തതുമായ ചിലകാര്യങ്ങളെ ഓര്‍മ്മിപ്പിക്കാന്‍ ഒരു മുന്നറീപ്പ് ചാര്‍ട്ട് രാത്രിമുഴുവന്‍ ഇരുന്ന് എഴുതിയുണ്ടാക്കി പിറ്റെദിവസത്തെ സമരക്കാര്‍ക്ക് വിതരണം ചെയ്യുമ്പോള്‍ എല്ലാ സമരക്കാരും നന്നായി കാര്യങ്ങള്‍ ഗ്രഹിച്ചവര്‍ ആയിരിക്കണമെന്ന നിര്‍ബന്ധമായിരുന്നു.

Read More: https://emalayalee.com/writer/119

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക