കൊച്ചി: ചലച്ചിത്ര നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്ന് തന്നെ പുറത്താക്കിയതില്‍ പ്രതികരണവുമായി സാന്ദ്ര തോമസ്, തന്നെ പുറത്താക്കിയത് ഗൂഢാലോചനയുടെ ഭാഗമാമെന്നും സംഘടനയിലെ അംഗങ്ങള്‍ക്കെതിരെ നല്‍കിയ കേസുമായി മുന്നോട്ടുപോകുമെന്നും സാന്ദ്ര പറഞ്ഞു.സിനിമാവിതരണവുമായി ബന്ധപ്പെട്ട ഒരു യോഗത്തില്‍ വിളിച്ചുവരുത്തി അസോസിയേഷനിലെ ഭാരവാഹികള്‍ അപമാനിച്ചുവെന്ന് സാന്ദ്ര പരാതി നല്‍കുകയും എറണാകുളം സെൻട്രല്‍ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് പുറത്താക്കല്‍, അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് സാന്ദ്രയെ പുറത്താക്കിയത്.
നേരത്തെ, ഹേമ കമ്മിറ്റി റിപ്പോർട്ടിന് പുറത്തുവന്ന സാഹചര്യത്തില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ ഗുരുതര ആരോപണങ്ങളുമായി സാന്ദ്രതോമസ് രംഗത്തെത്തിയിരുന്നു. സിനിമ മേഖലയിലെ സ്ത്രീകളെ കളിയാക്കുന്ന സമീപനമാണ് അസോസിയേഷനുള്ളതെന്നും ഇത്തരം പ്രഹസനങ്ങളില്‍ നിന്ന് സംഘടന മാറിനില്‍ക്കണമെന്നും ആവശ്യപ്പെട്ട് സംഘടനക്ക് സാന്ദ്ര തോമസും ഷീല കുര്യനും കത്തുനല്‍കിയിരുന്നു.
താൻ ആർക്കെതിരെയാണോ കേസ് കൊടുത്തത് അവരും സിനിമയിലെ പവർ ഗ്രൂപ്പും ചേർന്നാണ് തന്നെ പുറത്താക്കിയത്. ജോലിസ്ഥലത്ത് ഒരു ജീവനക്കാരിക്ക് ലൈംഗികാതിക്രമം നേരിട്ടാല്‍ അത് പോയി പറയാൻ ഒരിടമുണ്ട്. പക്ഷേ, തൊഴിലുടമയായ തന്നെപ്പോലെ ഒരാള്‍ക്ക് അത് പറയാൻ ഇടമില്ല. ഇതുപോലൊരു പ്രശ്നം ഇനിയുണ്ടാകരുത് എന്ന് കരുതിയാണ്, മറ്റ് സ്ത്രീകളുടെ കൂടെ നിന്ന് പോരാടാൻ തീരുമാനിച്ചത്.ഒരു സ്ഥാനത്തിരിക്കുന്ന നിർമാതാവായ തനിക്ക് ഇത്രയും ബുദ്ധിമുട്ടുകള്‍ നേരിടുന്നെങ്കില്‍ ആർട്ടിസ്റ്റുകള്‍ ഒറ്റക്കാണ് ഇതെല്ലാം നേരിടേണ്ടിവരുക. അന്നത്തെ ഒരു ദിവസത്തെക്കുറിച്ച് ആലോചിക്കുമ്ബോള്‍ ഇപ്പോഴും വിഷമമാണ് തോന്നുന്നത്. ഇപ്പോഴും അതില്‍നിന്ന് പുറത്തുകടക്കാൻ കഴിഞ്ഞിട്ടില്ലെന്നും സാന്ദ്ര പറഞ്ഞു.