മരണമെന്നത് കാലത്തിൻ്റെ മായത്തിരശ്ശീലയ്ക്കപ്പുറത്തേയ്ക്ക് അവിചാരിതമായി മറയേണ്ടി വരുന്ന അവസ്ഥയാണ്. നന്നായി കളിച്ചു കൊണ്ടിരിക്കുമ്പോൾ ജീവിതത്തിൻ്റെ മൈതാനത്തു നിന്ന് തിരിച്ചുവിളിക്കപ്പെടുന്ന കളിക്കാരനെപ്പോലെ ഒരാൾ നമ്മിൽനിന്നകലുന്നു. ഒന്നു വിടപറയാൻ പോലും നില്ക്കാതെ.
ആയിരം കഥകളും കാവ്യങ്ങളും മനസ്സിലുണ്ടായിട്ടും ഒരു യാത്രാമൊഴി പോലും എഴുതി വയ്ക്കാതെ. തുലാക്കാറ്റിൽ പെട്ടന്നണഞ്ഞുപോയ നിലവിളക്കന്നോണം ഇല്ലാതായ ഒരാളെ ഞാനെന്നും ഓർമ്മിക്കാറുണ്ട്..
പക്ഷേ, അദ്ദേഹം ഇല്ലാതായി എന്ന് എങ്ങനെ പറയും..?
താനുരുവാക്കിയ കഥാപാത്രങ്ങളിലൂടെ... അവരുടെ വാക്കുകളിലൂടെ .. ചിന്തകളിലൂടെ.. അയാൾ അനാദിമദ്ധ്യാന്തമായ കാലത്തിൻ്റെ നടവഴിയിൽ തൻ്റെ കാലടിപ്പാടുകൾ പതിച്ചിട്ടുണ്ടല്ലോ.. മലയാളഭാഷയും സാഹിത്യവുമുള്ള കാലത്തോളം ആ മനുഷ്യൻ ഓർമ്മിക്കപ്പെടാൻ അതു മാത്രം മതിയല്ലോ.
കണ്ണടച്ചില്ലുകൾക്കിടയിലൂടെ എന്നിലേക്കിറങ്ങിവരുന്ന അക്ഷര നോട്ടങ്ങൾ. ഗൗരവതരമായ വാക്കുകളിൽ തിളയ്ക്കുന്ന കാലത്തിൻ്റെ അടയാളച്ചിഹ്നങ്ങൾ. ടി സി വി സതീശൻ എന്ന പ്രിയപ്പെട്ട കഥാകാരനില്ലാത്ത നാലു വർഷങ്ങൾ ..
ലോകമാകെ ഭയന്നു വിറച്ച കൊറോണയുടെ ഒന്നാം തരംഗകാലത്ത് ഒരു നവംബർ അഞ്ചിന് അദ്ദേഹം പോയി.
വരാനിരുന്ന വലിയൊരു കഥായുഗത്തിൻ്റെ അന്ത്യമായിരുന്നു അദ്ദേഹത്തിലൂടെ അവസാനിച്ചത്.
ബന്ധപ്പെട്ടവരിലേക്കെല്ലാം തൻ്റെ നിരുപാധികസ്നേഹത്തിൻ്റെ നീരുറവകളൊഴുക്കിയ ഈ സഹൃദയൻ്റെ
ഉള്ളംനിറയെ എഴുതാനിരിക്കുന്ന നോവലുകളും അതിൻ്റെ നോവുകളും മാത്രമായിരുന്നു. അവസാന നാളുകളിൽ പൂർണ്ണമായും എഴുത്തെന്ന ചിന്ത മാത്രമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ.
അങ്ങിനെയൊരാൾ പെട്ടെന്ന് ഇല്ലാതായപ്പോൾ നമുക്കു നഷ്ടമായത് അദ്ദേഹം മനസ്സിൽ കൃത്യമായി തിട്ടപ്പെടുത്തിയ മൂന്നു നോവലുകളാണ്. കമലാ ലൈറ്റ് & സൗണ്ട്, ഒച്ച, പ്രാണലിംഗം
എന്നിവ, ജീവിച്ചു കൊതിതീരാത്ത ആത്മാക്കളെപ്പോലെ ഇന്നും നമ്മെ പിന്തുടരുന്നുണ്ട്. അവ ജനിപ്പിക്കുന്ന അസ്വാസ്ഥ്യം എഴുത്തുകാരനെക്കാൾ അദ്ദേഹെത്ത സ്നേഹിക്കുന്നവർ ഇപ്പോഴും അനുഭവിക്കുന്നുമുണ്ട്. ആ ഉൾപ്പിടച്ചിലുകൾ എങ്ങിനെ പറഞ്ഞറിയിക്കാൻ കഴിയും!.
വലിയൊരു വിഭാഗം വായനക്കാർ നെഞ്ചേറ്റിയ നല്ല അഭിപ്രായം നേടിയ കൃതിയായിരുന്നു "പെരുമാൾപുരം" എന്ന നോവൽ. അത് ഒന്നാം പതിപ്പോടെ നിന്നുപോയത് ദു:ഖകരം തന്നെ. അതിനേക്കാൾ ഭാഷാചാരുതയും ക്രാഫ്റ്റും ഭാവനയുമെല്ലാം ഒത്തുചേർന്ന രചനയായിരുന്ന "തൊരക്കാരത്തി" അതു പുസ്തകമാക്കാനുള്ള ഏർപ്പാടുകൾ നടക്കുമ്പോഴാണ് വിധി അദ്ദേഹത്തെ തിരിച്ചു വിളിച്ചത്. അതു കൊണ്ടു തന്നെ ആ നോവൽ അധികം ചർച്ച ചെയ്യപ്പെടാതെ പോയി. നമ്മുടെ ദേശത്തിൻ്റെ കഴിഞ്ഞ നൂറ്റാണ്ടിലെ അറുപത് കൊല്ലങ്ങളുടെ കുതിപ്പും കിതപ്പും പറയുന്ന അതുല്യചരിതങ്ങളായിരുന്നു ഇവ രണ്ടും. അതിൽ പ്രകൃതിയും രാഷ്ട്രീയവും സ്ത്രീസ്വത്വവും വളരെ ശക്തമായ അടരുകളായി അദ്ദേഹം രൂപപ്പെടുത്തിയിരുന്നു.
ആരും പിന്തുണയ്ക്കാനില്ലാത്ത, ഒരു സംഘടിതഗ്രൂപ്പിലും പെടാത്ത എഴുത്തുകാരോടൊപ്പമായിരുന്നു അദ്ദേഹം നിന്നത്. അവരുടെ ഒരു വലിയ ശബ്ദമായിട്ടായിരുന്നു സതീശേട്ടൻ്റെ സാഹിത്യജീവിതം. വളരെ ആഴത്തിൽ അവരെയദ്ദേഹം നിരന്തരം വായിച്ചു. നല്ലതോ മോശമോ എന്നു നോക്കാതെ FB / വാട്ട്സാപ്പ് കുറിപ്പുകളിലൂടെയും എല്ലാവരോടുമുള്ള നിത്യസംഭാഷണങ്ങളിലൂടെയും അത്തരക്കാരെ പ്രോൽസാഹിപ്പിച്ചു കൊണ്ടിരുന്നു. പാർശ്വവൽകൃതരുടെയും പുതുതലമുറയുടെയും മുതിർന്നവരുടെയും എല്ലാം പുസ്തകങ്ങൾ തൻ്റെ സാമ്പത്തിക പരാധീനതകൾക്കിടയിലും അദ്ദേഹം കൃത്യമായി വാങ്ങി വായിച്ചു. അദ്ദേഹത്തിനിഷ്ടപ്പെട്ടതും വായിക്കപ്പെടേണ്ടതുമായ പുസ്തകങ്ങൾ തൻ്റെ അടുപ്പക്കാരെക്കൊണ്ട് നിർബന്ധിച്ചു വാങ്ങിപ്പിക്കുക എന്നത് സതീശേട്ടൻ്റെ വലിയൊരു ഗുണമായിരുന്നു. എൻ്റെ നേരനുഭവങ്ങളിൽ നിന്നാണ് ഞാനിത് പകർത്തുന്നത്.
അങ്ങനെയുള്ള നിസ്വാർത്ഥനായ ഒരു മനുഷ്യസ്നേഹിയുടെ പുസ്തകങ്ങളോടുള്ള ചിലരുടെ പുറംതിരിവും അവഗണനകളും വല്ലാതെ മനസ്സിനെ വിഷമിപ്പിക്കുന്നു. അദ്ദേഹത്തിൻ്റെ ആത്മാവ് അവർക്കു മാപ്പു നൽകട്ടെ.
നുണകളിലാണ് ഭാവനകളുള്ളതെന്നും ഭാവനകളില്ലാത്ത ലോകം അത്യന്തം വിരസമായിരിക്കുമെന്നും
മടുപ്പിന്റെ ആകാശത്ത് എപ്പോഴും നക്ഷത്രങ്ങൾ നട്ടുകൊണ്ടേയിരിക്കണമെന്നും തുടർച്ചയായി പറഞ്ഞിരുന്ന കഥാകാരനായിരുന്നു സതീശേട്ടൻ. അസാമാന്യമായ നിരീക്ഷണ പാടവവും വളരെ വേഗത്തിലുള്ള എഴുത്തും കണ്ടുനിൽക്കുന്നവരെ അത്ഭുതപ്പെടുത്തും. പെട്ടെന്ന് പെട്ടെന്നു മാറുന്ന പുതുകാലത്തോട് സതീശേട്ടൻ അതിവേഗത്തിലായിരുന്നു സമരസപ്പെട്ടിരുന്നത്. ആ ചിന്തകൾ എന്നും ജനപക്ഷത്തോട് ചേർന്നുള്ളവയായിരുന്നു. നീണ്ട കാലത്തെ ശാരീരിക അസ്വാസ്ഥ്യങ്ങളൊന്നും നാടിൻ്റെ നന്മകളെയും ഗതികേടുകളെയും എഴുത്തുവഴിയിൽ പ്രസരിപ്പിക്കാൻ അദ്ദേഹത്തിനൊരു തടസ്സമേ ആയിരുന്നില്ല.
അന്യായമായി ഒരു വിഭാഗത്തിൻ്റെയും
തണലും തലോടലും തേടിയിരുന്നില്ല ഈ മനുഷ്യൻ. സാമൂഹ്യ ഇടപെടലുകളിലും എഴുത്തിലും അദ്ദേഹത്തിന് കൃത്യവും പക്വവുമായ ഒരു പക്ഷമുണ്ടായിരുന്നു. ഇസങ്ങൾക്കും ചിന്താധാരകൾക്കും നിർഭയനായ അദ്ദേഹത്തെ അടിമപ്പെടുത്താൻ സാധിച്ചിരുന്നില്ല. തൻ്റെ പക്ഷങ്ങളോടു പോലും അദ്ദേഹം കൃത്യമായും ചർച്ചകളും കലഹവും നടത്തിക്കൊണ്ടിരുന്നു.
ഉത്തരങ്ങൾക്ക് കാത്തുനിൽക്കാതെ സമൂഹത്തോട് നിരന്തരം ചോദ്യങ്ങൾ ചോദിക്കുന്നവരായിരിക്കണം എഴുത്തുകാർ. സതീശേട്ടൻ അങ്ങിനെയൊരാളായിരുന്നു.
"എല്ലാം മൂടിക്കെട്ടിയ നാട്ടിൽ കവികൾ മാത്രം സത്യസന്ധരാവേണ്ട കാര്യമുണ്ടോ?"
ഇവിടം വിട്ടു പോവുന്നതിന് ഏതാനും നിമിഷങ്ങൾക്കു മുമ്പ് അദ്ദേഹം ഫേസ് ബുക്കിൽ കുറിച്ച ഈ ചെറു ചാട്ടുളിവാക്യങ്ങൾ തന്നെ അതിൻ്റെ ഏറ്റവും വലിയ സാക്ഷ്യം.
ഒരിക്കലും വിട പറയാൻ തോന്നാത്ത ചിലർ ജീവിതവഴികളിലേക്ക് കടന്നു വരുമല്ലോ. അത്തൊരമൊരാളാണ് സതീശേട്ടൻ്റെ പോക്കിലൂടെ നഷ്ടപ്പെട്ടത്.
പ്രിയപ്പെട്ട ജ്യേഷ്ഠസഹോദരൻ്റെ, സുഹൃത്തിൻ്റെ നല്ല ഓർമ്മകൾ എന്നും വിരിഞ്ഞുതന്നെ നിൽക്കും.
നോവലുകൾ
"പെരുമാൾപുര"വും "തൊരക്കാരത്തി"യും
ചെറുകഥാ സമാഹാരങ്ങൾ "ശിവകാശിപ്പടക്കങ്ങൾ" "രാത്രിമഴ പെയ്തിറങ്ങുകയാണ് " തുടങ്ങിയ പുസ്കങ്ങളുടെ പുനർവായനകളിലൂടെ, നല്ല വായനകളിലൂടെ അദ്ദേഹം പുനർജ്ജനിക്കട്ടെ.
ഒരെഴുത്തുകാരൻ ജീവിക്കുന്നത് പ്രചരണങ്ങളിലൂടെയോ അതിൽനിന്നു നേടുന്ന പ്രശസ്തിയിലൂടെയേ അല്ല. ഹൃദയരക്തം തൊട്ട് അയാളെഴുതിയ അക്ഷരങ്ങളിലൂടെയാണ്.
അങ്ങനെ നോക്കിയിയാൽ ശ്രീ. ടി. സി.വി സതീശൻ എന്ന കഥാകാരൻ എന്നും നമുക്കൊപ്പമുണ്ടായിരിക്കും. ആരൊക്കെ അവഗണിച്ചാലും എത്ര തന്നെ തമസ്കരിച്ചാലും ആ അക്ഷരചൈതന്യം ആചന്ദ്രതാരം ജ്വലിക്കുക തന്നെ ചെയ്യും.
പ്രണാമം കഥാകാരാ ...