മലബാർ വില്ലേജ് ഹോട്ടലിൽ നിന്നും ഡിന്നർ കഴിച്ചതിനുശേഷം ഒരു പാഴ്‌സൽ വാങ്ങി അരുൺ വീട്ടിലേക്ക് യാത്ര തിരിക്കാനൊരുങ്ങി. വീട്ടിൽ അമ്മ തനിച്ചാണ്. രാത്രി ഏറെ വൈകിയിരിക്കുന്നു. വീട്ടിലേക്കെത്താൻ നാല്പത്തിയഞ്ചു മിനിറ്റോളമെടുക്കും. യാത്രക്ക് മറ്റെളുപ്പവഴികളുണ്ടോ എന്നറിയാൻ അരുൺ ഗൂഗിൾ മാപ്‌സിട്ടു.അരുൺ പതിയെ വണ്ടി മുൻപോട്ടെടുത്തു. മാപ്‌സ് ഇരുപതു മിനിറ്റുകൾ കൊണ്ട് വീട്ടിലെത്തുന്ന വഴി കാണിച്ചു കൊടുത്തു. സുപരിചിതമായ വഴി ഉപേക്ഷിച്ചു ഗൂഗിൾ മാപ്‌സ് കാണിച്ച വഴിയേ പോകാൻ അരുൺ തീരുമാനിച്ച് വണ്ടി ഇടവഴിയിലേക്ക് തിരിച്ചു വിട്ടു.
വണ്ടി ഉള്ളിലോട്ടു പോകും തോറും വഴി ഇടുങ്ങിയതായി. ഒരു വണ്ടിക്ക് കഷ്ടിച്ചു പോകാം.റോഡിലേക്ക് കയറി വന്നു നിൽക്കുന്ന മരങ്ങൾ.കുറ്റിക്കാടുകൾ റോഡിന്റെ ഇരുവശത്തും വളർന്നു നിൽക്കുകയാണ്. റോഡിന് വളവുകളും തിരിവുകളും അധികമുണ്ട്.പോരാത്തതിന് ഇളകിക്കിടക്കുന്ന കല്ലുകളും കണ്ണിൽപ്പെടാത്ത കുഴികളും. ഭൂമിയുടെ മുകളിൽ എത്തും പോലുള്ള കയറ്റങ്ങളും കുത്തനെയുള്ള ഇറക്കങ്ങളും.അങ്ങനെയുള്ള വഴിയേ സഞ്ചരിച്ചു വണ്ടി അതിഭയങ്കരൻ ഒരിറക്കം ഇറങ്ങി ഭൂമിയുടെ ഏറ്റവും താഴ്ന്ന പ്രദേശമെന്ന് തോന്നിക്കുന്ന സ്ഥലത്ത്, നെടുനീളൻ പാതയിൽ വന്നെത്തി. അവിടെ സ്ട്രീറ്റ് ലൈറ്റ്സില്ല.. മറ്റുവാഹനങ്ങൾ ഒന്നും അതുവഴി പോകുന്നുമില്ല. വഴിയുടെ ഇരുവശങ്ങളിലും പരന്നു കിടക്കുന്ന ഭൂമിയാണ്. ചതുപ്പുനിലം പോലെ.അവിടെ ആകെയുള്ള വെളിച്ചം അരുണിന്റെ കാറിൽനിന്നും വരുന്ന ഹെഡ് ലൈറ്റിന്റെ പ്രകാശം മാത്രമാണ്. അതൊഴിച്ചാൽ ഇരുട്ടിനെ കെട്ടിപിടിച്ചു നിൽക്കുന്ന പാതാളം പോലെ പേടിപ്പെടുത്തുന്ന ഒരു സ്ഥലം.അതുവഴി അരുൺ കാറോടിച്ചു പോകുകയാണ്.
കൂരിരുട്ടിൽ കണ്ണിൽപ്പെടാതെ റോഡിന്റെ ഒരു ഭാഗത്തു കിടന്നിരുന്ന കാറിന്റെ ഹസാർഡ് ലൈറ്റ് കത്തി.അരുൺ പെട്ടെന്ന് ആ കാർ കണ്ട് അമ്പരന്നു. നിർത്തിയിട്ടിരുന്ന കാറിന്റെ അടുത്തേക്ക് വേഗത കുറച്ചുചെന്ന് ബ്രേക്കിട്ടു. കാറിന്റെ വിന്ഡോ താഴ്ത്തി ഒരു സ്ത്രീ പെട്രോൾ തീർന്നു പോയി എന്നറിയിച്ചു.അരുൺ അവളുടെ നീണ്ട മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.താൻ പതിനാറു വർഷങ്ങൾക്കു മുൻപ് പ്രണയിച്ച ശബ്ദം.എന്തിനും മേൽ പൂജിച്ച മുഖം അതാ കൺമുന്നിൽ വീണ്ടും!അയാളുടെ ഹൃദയം ഉച്ചത്തിൽ ഇടിച്ചു ബഹളമുണ്ടാക്കിത്തുടങ്ങിയിരുന്നു.
‘ചാന്ദിനി നീ എങ്ങനെ ഇവിടെ!’,അയാൾ ചോദിച്ചു.
ക്ഷമിക്കണം എനിക്ക് നിങ്ങളെ മനസ്സിലായില്ല.ചാന്ദിനി അയാളുടെ മുഖത്തേക്ക് നോക്കി നിഷ്കളങ്കമായി കണ്ണുചിമ്മി.
ഞാൻ അരുൺ.തെളിച്ചു പറഞ്ഞാൽ പതിനാറു വർഷങ്ങളായി നമ്മൾ തമ്മിൽ കണ്ടിട്ട്.
അരുൺ മേനോൻ! ചാന്ദിനി ആ പേര് ശാന്തമായി ഉരുവിട്ടു. അവൾ ജടതീർക്കാത്ത ഓർമ്മകൾ മെല്ലെ തലോടുകയായിരുന്നോ? ‘നീ ഒരുപാട് മാറിപ്പോയിരിക്കുന്നു’, അവൾ പറഞ്ഞു:’എനിക്ക് മനസിലാകാത്തപോലെ മാറിയിരിക്കുന്നു.‘
അയാളുടെ ഹൃദയമുരുകിയ വേദനയിൽ വാക്കുകൾക്കു ക്ഷാമമുണ്ടായി.
‘ഈ കാറൊന്ന് ഒതുക്കിയിട്ട് വരാം’,അയാൾ പറഞ്ഞു.അരുൺ കാർ സൈഡിലേക്ക് ഒതുക്കി.ഹെഡ്ലൈറ്റ് തെളിച്ചിട്ടു..
ചാന്ദിനി കാറിൽനിന്ന് പുറത്തിറങ്ങി. ഡോറും ചാരി അവളുടെ അടുത്തേക്ക് നടന്നു വരുന്ന അരുണിനെ നോക്കി നിന്നു.
‘നിന്നെ വീണ്ടും കാണുമെന്നു ഞാൻ കരുതിയില്ല! എന്തൊരത്ഭുതമായിരിക്കുന്നു! ഈ വഴി നീ എങ്ങോട്ട് പോവാണ്‘?അരുണിന് ചാന്ദിനിയുടെ കാര്യങ്ങളിൽ പഴയപോലെയുള്ള ജിഗ്ജ്ഞാസ ഒട്ടും കുറവുകളില്ലാതെ പൊട്ടിവിടർന്നു.
‘നിന്നെയൊന്ന് നേരിൽ കാണാൻ വന്നതാ..’ ചാന്ദിനി അതു പറഞ്ഞ് നിർത്താതെ അട്ടഹസിച്ചു.
ആഹ്, നീ കാര്യം പറയൂ..
‘ഇല്ല.പറയുന്നില്ല. ഈ പതിനാറു വർഷങ്ങൾ ഞാൻ എവിടെ എന്ന് നീ അന്വേഷിച്ചില്ലല്ലോ. എന്നെ കണ്ടപ്പോൾ എന്തിനാണ് അനാവശ്യ ചോദ്യങ്ങൾ?‘
ചാന്ദിനിയുടെ കണ്ണുകളിൽ പെട്ടെന്നു നിറഞ്ഞു വന്ന കോപം ആ ഭൂപ്രദേശമാകെ വ്യാപിച്ചപോലെ.
അരുണിന് അതുകേട്ട് പെട്ടെന്ന് ദേഷ്യം വന്നു.നിന്റെ ഭർത്താവ് നിന്നെ എന്റെയടുത്തുനിന്നും വിളിച്ചിറക്കിക്കൊണ്ട് പോയപ്പോൾ , നീ അയാളുമായി സംസാരിച്ചു ഡിവോഴ്സ് വാങ്ങി വരാം എന്നുംപറഞ്ഞല്ലേ പോയത്? പിന്നെ നീ എന്തേ വന്നില്ല? എന്തുകൊണ്ട് നിന്റെ ഫോൺ പിന്നെ ഒരിക്കലും ഓൺ ആയില്ല? എന്നെ ഒരിക്കൽപ്പോലും വിളിച്ചില്ല? അങ്ങനെയുള്ളവളെ ഞാൻ എന്തിന് അന്വേഷിക്കണം? നീ ഭർത്താവിന്റെകൂടെ സുഖമായി കഴിയുന്നു! ഞാൻ ശല്യമാകാതെയിരിക്കാനായിരുന്നില്ലേ നീ നിന്റെ ഫോൺ ഒരിക്കലും ഓൺ ആക്കാഞ്ഞത്? ‘നീ സുഖമായി ജീവിച്ചുകൊള്ളൂ ‘, എന്ന് മനസ്സുകൊണ്ട് അനുഗ്രഹിച്ചു എന്റെ ജീവിതം തേടിപ്പോയതാണോ ഞാൻ ചെയ്ത തെറ്റ്?
നിമിനേരം കൊണ്ട് ചാന്ദിനിയുടെ കോപമടങ്ങി. മരച്ചില്ലകളിലെവിടെയോയിരുന്നു മൂങ്ങ ശബ്‌ദിക്കാൻ തുടങ്ങി.
അരുണിൽ അവളെ കണ്ടതിന്റെ ആഹ്ലാദം പ്രകടമായിരുന്നു. ‘ഇത്രെ വർഷങ്ങൾ കഴിഞ്ഞിട്ടും ചാന്ദിനി.. നിനക്ക് ഒരു മാറ്റവുമില്ലല്ലോ! എന്തിനു വന്നതാ നീ ഈ വഴിക്ക്?‘,അവൻ പിന്നെയും തിരക്കി.
ഞാൻ ഒരു സുഹൃത്തിനെ കണ്ടു മടങ്ങുകയായിരുന്നു.വഴികളൊന്നും ഒട്ടും നിശ്ചയമില്ലായിരുന്നു. ഗൂഗിൾ മാപ്‌സിട്ടു ഏതൊക്കെയോ വഴി പോകുമ്പോൾ പെട്രോൾ കുറവു കാണിച്ചു.അടുത്തൊന്നും പമ്പ് ഉണ്ടായിരുന്നില്ല.പെട്ടെന്ന് മെയിൻ റോഡ് എത്തുമെന്നു കരുതി.അങ്ങനെ പോയിപ്പോയി പെട്രോൾ തീർന്നു.പിന്നെ എന്തുചെയ്യാനാ! ഇതുവഴി ആരെങ്കിലും വരുമെന്ന് പ്രതീക്ഷിച്ചങ്ങനെ കാത്തുകെട്ടിയിരുന്നപ്പോഴാ നീ വന്നത്.
അതേതായാലും നന്നായി.ഗൂഗിൾ മാപ്‌സ് കൊണ്ട് വട്ടത്തിൽ കറങ്ങുകയും ചെയ്യാം,പെട്രോൾ തീർന്നുപോയി വഴിയില്ക്കിടന്നാൽ പഴയ പരിചയക്കാരെ കാണുകയും ചെയ്യാം!എന്തായാലും ഇനി എന്റെ വീട്ടിൽ കയറിയിട്ടു പോകാം.പമ്പിൽക്കയറി പെട്രോൾ വാങ്ങിക്കുകയും ചെയ്യാം.
ഓ.. വേണ്ട വേണ്ട.നിന്റെ അമ്മക്ക് എന്നെ പണ്ടേ ഇഷ്ട്ടമല്ലല്ലോ.ഞാൻ എങ്ങോട്ടും വരുന്നില്ല.
ആണോ..എന്നാൽ ഇപ്പോൾ എനിക്ക് അമ്മ മാത്രമല്ല, ഭാര്യയും പിള്ളാരുമുണ്ട്.
അയ്യാ..എന്തിനാ വെറുതേ ഇങ്ങനെ വീമ്പടിക്കുന്നത് മാഷേ! മാഷൊട്ട് കെട്ടീട്ടുമില്ല , കുട്ടികളുമില്ല!
ആഹാ..ആരു പറഞ്ഞു ഈ പുളു?എനിക്ക് ഒരു ഭാര്യയും അഞ്ചു കുട്ടികളുണ്ട്!
ഉണ്ട്...ഉണ്ട്.രണ്ടു പൂച്ചക്കുട്ടികളും. രണ്ടു പട്ടിക്കുട്ടികളും. വീട്ടിൽ വലിഞ്ഞു കേറി വന്ന ഒരു കാക്കക്കുഞ്ഞുമുണ്ട്!
എടീ.. നിന്നോട് ആരാ ഇതൊക്കെപ്പറഞ്ഞത്!
പിന്നെ.. എനിക്ക് ഇവിടെ ഫ്രണ്ട് ഉള്ളത് വെറുതെയാ!
എന്താണ് കല്യാണം കഴിക്കാതിരുന്നത്? ചാന്ദിനി ആകാംഷയോടെ ചോദിച്ചു.
‘നീ തിരിച്ചു വരുമെന്ന് പറഞ്ഞല്ലേ പോയത്’, അരുണിന്റെ ശബ്ദമിടറിപ്പോയിരുന്നു.എങ്ങോ മറഞ്ഞ നിമിഷങ്ങൾ ദ്രുതവേഗം നെഞ്ചിൽ തറച്ച് അവളുടെ കണ്ണുകൾ നിറച്ചിരുന്നു.
‘ഞാൻ സുഖമായി കഴിയുകയാണെന്ന് കരുതി,എന്നെ അനുഗ്രഹിച്ച്,സ്വന്തം ജീവിതം തേടിപ്പോയി എന്നു പറഞ്ഞിട്ട്! പിന്നെ എന്തിനു ഞാൻ വരും എന്ന് പ്രതീക്ഷിച്ചിരുന്നു?‘ അവളുടെ കണ്ണുകളിൽനിന്നും നീർച്ചാൽ അതിരുകൾ ഭേദിച്ചു താഴേക്കു പതിച്ചു.അപ്പോൾ പാതാളംപോലെയുള്ള ആ പ്രദേശമാകെ ഹും..എന്ന ശബ്ദത്തോടെ കാറ്റുവീശി. ആ കാറ്റിൽ അവളുടെ സാരിത്തുമ്പ് ഉയരത്തിലേക്ക് പറന്നുകൊണ്ടിരുന്നു. അവളുടെ മുടിയഴിഞ്ഞു ഒഴുകിനടന്നു.അവൾ ഒരപ്സ്സരസ്സുപോലെ നിന്നു പ്രകാശിച്ചു.
അയാൾ പറഞ്ഞു:‘ഒരിക്കൽ നീ വന്നാൽ,എനിക്ക് നിസ്സഹായനായി നോക്കി നിൽക്കാനോ നിന്നെ മടക്കി അയക്കാനോ കഴിയാത്തതുകൊണ്ട് ഞാൻ വിവാഹിതനായില്ല’. അരുണിന്റെ മുഖത്തുനിന്നും അടർന്നു വീണ ആ വാക്കുകൾക്കു ഒരായുസ്സിന്റെ നിർവൃതി ഉണ്ടായിരുന്നു. ‘പക്ഷേ നീ എന്നെക്കുറിച്ച് അന്വേഷിച്ചതുപോലെ ഞാൻ നിന്നെക്കുറിച്ചു അന്വേഷിച്ചിട്ടില്ല. ഇപ്പോഴും താമസം എറണാകുളത്താണോ?‘ :അയാൾ തിരക്കി.
ഏയ് അല്ല, അവിടുന്നൊക്കെ താമസം മാറിയിട്ട് പതിനാറു വർഷങ്ങളായി.
ഓഹ്..അന്നു നിന്നെ വിളിച്ചുകൊണ്ടുപോയതിനു ശേഷം നിങ്ങൾ അവിടെനിന്നും താമസം മാറി എല്ലേ? ഇപ്പോൾ നിങ്ങൾ എവിടെയാണ് താമസം?
ഇപ്പോഴോ? ചാന്ദിനി തല ചരിച്ച് തന്നോട് ചേർന്നു നിന്നിരുന്ന അരുണിനെ കൺകോണുകൾക്കൊണ്ട് നോക്കി. എന്നിട്ട് കാതിൽ പതിയെ പറഞ്ഞു, ‘നിന്റെ കൂടെ.’
ചാന്ദിനി ആർത്തട്ടഹസിച്ചു..
ആകാശത്തുനിന്നും ഒരു മിന്നൽ ശരവേഗത്തിൽ ഭൂമിയിലേക്ക് പതിച്ചു. അടുത്തനിമിഷം എങ്ങും കൂരിരുട്ട്. അരുൺ അപ്പോൾ കാറോടിക്കുകയായിരുന്നു. കഴിഞ്ഞ കുറേ നിമിഷങ്ങളെക്കുറിച്ച് ആലോചിക്കുമ്പോൾ അയാൾക്ക് ഒന്നും പിടികിട്ടുന്നില്ല. ചാന്ദിനി തന്റെ അടുത്തില്ല! എങ്ങനെയാണ് ചന്ദിനിയോട് സംസാരിച്ചു നിന്ന താൻ പൊടുന്നനെ കാർ ഓടിച്ചു പോകുന്നത്?താൻ അവളെ ശരിക്കും കണ്ടിരുന്നോ? അതോ എല്ലാം തോന്നലോ?താൻ അത്രെയും നേരം മറ്റേതോ ലോകത്തായിരുന്നു എന്നയാൾക്ക് തോന്നിച്ചു.അയാൾക്കു മുന്നിലുള്ള കുറ്റാകൂരിരുട്ട് കാറിനുനേരേ ഓടിയടുക്കുംമ്പോലെ അനുഭവപ്പെട്ടു. അയാൾ വിഭ്രാന്തനായി.
എങ്ങോട്ടാണ് പോകുന്നതെന്നോ എപ്പോൾ വീട്ടിൽ ചെല്ലുമെന്നോ അരുണിന് മനസിലാകുന്നുണ്ടായിരുന്നില്ല. അയാൾ കാർ നേരെ അങ്ങനെ ഓടിച്ചുപോകുകയാണ്. ഗൂഗിൾ മാപ്‌സ് റീറൂട്ടിങ് കാണിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ അയാൾക്ക് നേരേ കാണുന്ന വഴിയല്ലാതെ മറ്റൊരുവഴിയും അവിടെ ഉണ്ടായിരുന്നില്ല.കല്ലും മണ്ണും ഇളകിക്കിടക്കുന്ന ഏക വഴിയിൽ, പേടിപ്പെടുത്തുന്ന അന്ധകാരത്തിൽ അയാൾ വണ്ടിയോടിച്ചു.പൊടുന്നനെ കാറിൽ ലോ ഫ്യൂൽ കാണിച്ചു.പെട്രോൾ പമ്പ് അടുത്തെങ്ങാണമുണ്ടോ എന്നയാൽ പിന്നെയും ഗൂഗിൾ മാപ്‌സിൽ നോക്കി. അരുണിന്റെ കൈക്ക് ഷോക്കേറ്റതുപോലെ വേദനയുണ്ടായി. അയാളുടെ ഫോൺ ലോ ബാറ്ററി കാണിക്കുകയും ഓഫ് ആകുകയും ചെയ്തു. അയാളുടെ തല മരവിച്ചു.
അരുൺ വിൻഡോസ് താഴ്ത്തി ഇടംവലം നോക്കി.ഏതാണ് സ്ഥലം എന്നറിയാൽ അയാൾ ബോർഡുകൾ പരതി.അവിടെയൊന്നും ഒരു ബോർഡും കണ്ടില്ല. ഈ ഭൂമിയിൽ ഇത്ര വിചിത്രമായ സ്ഥലമുണ്ടോ! മൂങ്ങകൾ വഴിയിലേക്ക് ഇറങ്ങിനിൽക്കുന്ന ചില്ലകളിൽ നിരന്നിരുന്നു ശബ്ദിക്കുന്നു. വഴിയിലുടനീളം കാണുന്ന മഹിഷം അയാളെ തുറിച്ചു നോക്കുന്നു. അയാളുടെ കാർ സഞ്ചരിക്കുന്ന ഭാഗത്തു മാത്രം കാക്കകളുടെ ദയനീയമായ കൂട്ടക്കരച്ചിൽ കേൾക്കാം. ഇങ്ങനെയും വിചിത്രമായ ഭൂപ്രദേശമോ! അരുണിന് ധൈര്യമെല്ലാം ചോർന്നുപോകുമ്പോലെ തോന്നി. അപ്പോഴാണ് ഒരു വീടിന്റെ ഉമ്മറത്തിരുന്നു പത്രം വായിക്കുന്ന വൃദ്ധനെ അയാൾ കണ്ടത്. അരുൺ അവിടെ വണ്ടി നിർത്തി ആ വൃദ്ധനോട് കുറ്റപ്പുഴയിലേക്ക് പോകുന്ന വഴിയേതാണെന്ന് ചോദിച്ചു. വൃദ്ധൻ അയാളെ രൂക്ഷമായി നോക്കി.
കുറ്റപ്പുഴയോ..ഏത് കുറ്റപ്പുഴ! ആ വൃദ്ധൻ അട്ടഹസിച്ചു. പെട്ടെന്ന് അയാളുടെ ഭാവം മാറി. ‘പോ ഇവിടെനിന്നും‘, വൃദ്ധൻ അയാളുടെ കൈയിലുണ്ടായിരുന്ന പത്രം രണ്ടായിക്കീറി ഒരു സിംഹംകണക്കേ അലറി.
അരുൺ കാർ വേഗം മുന്നോട്ടെടുത്തു. അയാളുടെ കാറിലേക്ക് കാക്കകൾ പറന്നുവന്ന് ഇടിച്ചു വീണു.കാറിന്റെ ഹെഡ് ലൈറ്റ് മിന്നി നിന്നു. പിന്നെ എന്നന്നേക്കുമായി അണഞ്ഞു. എന്തു ചെയ്യണമെന്നറിയാതെ അരുൺ ഒരു സൈഡിലേക്ക് വണ്ടിയൊതുക്കാൻ തുടങ്ങിയപ്പോൾ ഒരു സ്കൂട്ടർ പാഞ്ഞു വരുന്നതുകണ്ടു.അയാൾ മരവിച്ച കൈകൊണ്ട് ഹോൺ മുഴക്കി.ആ സ്കൂട്ടറിൽ ഉണ്ടായിരുന്ന സ്ത്രീ അയാളോട് കാര്യം തിരക്കി.
അവർ അയാളോട് അവരുടെ പുറകേ വരാൻ നിർദ്ദേശിച്ചു. അയാൾ അവരുടെ പുറകേ വണ്ടിയോടിച്ചു പോയി.അവർ ഒരു വളവു തിരിഞ്ഞു. അതൊരു ഭീമൻ തിരിവായിരുന്നു. അയാൾ വട്ടത്തിൽ കറങ്ങി.മുകളിലേക്ക് കറങ്ങിപ്പോകും ഒരു ഭീമൻ തിരിവ്. അരുൺ ഒരാലസ്യത്തിലെന്നപോലെ വണ്ടിതിരിച്ചു. ഒടുക്കം അയാളുടെ വീടെത്തി! ആ സ്കൂട്ടറുകാരി തിരിഞ്ഞു നോക്കാതെ പാഞ്ഞു പോയി.
അരുൺ വണ്ടി വീട്ടിലേക്ക് കയറ്റിയിട്ടു.അയാൾ കാളിങ്ബെൽ അടിച്ചു. തന്റെ തൊട്ടു പുറകിലായി ആരോ വന്നു നിൽക്കുന്നതുപോലെ അയാൾക്ക് അനുഭവപ്പെട്ടു.ആ സ്കൂട്ടറുകാരിയാകും! അയാൾ പറഞ്ഞു:‘എന്റെ വീട് ഇതാണ്, നിങ്ങളോട് നന്ദി പറയണമെന്ന് വെച്ച് നിങ്ങളെ ഞാൻ ഉറക്കെ വിളിച്ചിരുന്നു. എവിടെ കേൾക്കാൻ!‘ അയാൾ സംസാരിച്ചുകൊണ്ട് തിരിഞ്ഞു നോക്കി. അവിടെ ആരും ഉണ്ടായിരുന്നില്ല. അയാളുടെ അടുത്തുനിന്നും ഇരുട്ടിന്റെ രൂപമുള്ള എന്തോഒന്ന് അകന്ന് പുറകോട്ട് പോയതായി അയാൾ കണ്ടു.അയാളുടെ ആത്മാവ് പേടിച്ച് നിശബ്ദനായി.
അമ്മ പതിയെ വന്ന് വാതിൽ തുറന്നു.
‘എവിടായിരുന്നു നീ ഇതുവരെ?സമയം എത്രന്നാ നിന്റെ വിചാരം?‘
‘അറിയില്ല അമ്മ‘:അയാൾ പറഞ്ഞു.
അമ്മക്ക് നീരസമുണ്ടായി.അവർ ആകെ അസ്വസ്ഥയായിരുന്നു.
നീ അറിഞ്ഞോ,ഇന്ന് വൈകിട്ട് ടിവിയിൽ ഒരു വാർത്ത കാണിച്ചു. നിന്റെ പഴയ ആ പെണ്ണില്ലേ ചാന്ദിനി, അവളെ ഭർത്താവ് കൊന്ന് എങ്ങോ കുഴിച്ചുമൂടിയെന്ന് ആരോ രഹസ്യമായി പോലീസിനെ അറിയിച്ചിരിക്കുന്നു. അയാൾ എവിടെയാണ് അവളെ കുഴിച്ചുമൂടിയതെന്നു ആർക്കുമറിയില്ല. എന്നാൽ അയാൾ പറയുന്നത് അവളെ കണ്ടിട്ടേയില്ലെന്നാ!എന്തൊരു കലികാലമാ!ഇനി പോലീസ് അവളെ അന്വേഷിച്ചു ഈ വീട്ടുമുറ്റത്തും വരുമല്ലോ! നിനക്ക് വേറെ ആരേയും കിട്ടിയില്ലാരുന്നോടാ! കെട്ടിയ പെണ്ണിനെ പ്രേമിക്കാൻ!
അതുകേട്ട് അയാളുടെ കണ്ണുകളിൽ ഇരുട്ടുകയറി.കുറച്ചു മുൻപ് താൻ കണ്ട ചാന്ദിനി! ‘നിന്റെ അമ്മക്ക് എന്നെ പണ്ടേ ഇഷ്ടമല്ലല്ലോ‘: ചാന്ദിനിയുടെ ആ ശബ്ദം അയാളുടെ കാതുകളിൽ മുഴങ്ങിക്കേട്ടു.
അയാൾ അവൾക്കുവേണ്ടി അമ്മയോട് വാദിച്ചു: അമ്മ ഒന്നുമറിയാത്തപോലെ വർത്തമാനം പറയരുത്.അവളൊരു താഴ്ന്ന ജാതിയിലുള്ള പെണ്ണാണ് എന്നും പറഞ്ഞു അവളുടെ അമ്മായിയമ്മ അവളെ ആട്ടുകയും തുപ്പുകയും ചെയ്തപ്പോഴും അവൾക്ക് ഉപയോഗിക്കാൻ പ്രത്യേകം പ്ലേറ്റും ഗ്ലാസ്സും മാറ്റിവെച്ചപ്പോഴും അവളുടെ മകനെപ്പോലും അവർ അവളിൽനിന്നും അകറ്റിയപ്പോഴും അവളെ വീട്ടിൽ എല്ലാവരും ഒറ്റപ്പെടുത്തിയപ്പോഴും അതൊക്കെക്കണ്ട് അസ്വദിക്കുകയായിരുന്ന അവളുടെ ഭർത്താവിനെ അവൾ വെറുത്തു. ഞാൻ അവളെ എന്റെ ജീവിതത്തിലേക്ക് ക്ഷണിച്ചു. അവൾ എന്നെ സ്നേഹിച്ചു. എന്റെ കൂടെ വന്നു. അത് ഏത് പോലീസ് വന്നുചോദിച്ചാലും ഞാൻ പറയും.പിന്നെ അവളെ അയാൾ വിളിച്ചുകൊണ്ടുപോയി. അവൾ എന്റെയടുത്തു തിരിച്ചുവരുമെന്ന് ഞാൻ വിശ്വസിച്ചു. അവൾ ഈ ഭൂമുഖത്തുണ്ടായിരുന്നു എങ്കിൽ എന്നെ ഒരിക്കലെങ്കിലും വിളിച്ചേനെയെന്നു ഇപ്പോൾ ഞാൻ മനസിലാക്കുന്നു.അമ്മ വിഷമിക്കേണ്ട. നടന്ന സംഭവം പറയാൻ എനിക്ക് മടിയില്ല അമ്മേ.ഒരു തെറ്റും ചെയ്യാത്ത ഞാൻ ഭയക്കേണ്ട കാര്യമില്ല.
മോനെ, അമ്മ ആധികൊണ്ട് പറഞ്ഞുപോയതാണ്. സാരമില്ല. മോൻ അത് വിട്ടുകള. ആ പെണ്ണിന്റെ ആത്മാവിനു ശാന്തി കൊടുക്കണേ ഭാഗവാനേ..
പിന്നെ മോനേ, നിന്നോട് എത്രെനാളായി അമ്മ പറയുന്നു പറമ്പിലുള്ള യക്ഷിപ്പന മുറിച്ചു കളയാൻ.ഇന്ന് അതെന്തൊരു ആട്ടമായിരുന്നെന്നോ കാറ്റത്ത്! മുടിയഴിച്ചിട്ടു നൃത്തം ചെയ്യുന്ന സ്ത്രീയെപ്പോലെ!
ഹൃദയം പൊട്ടി കണ്ണിൽനിന്നും ചുടുരക്തം വാർന്ന് അയാൾ ഗദ്ഗദം മന്ത്രിച്ചു : ‘അത് വെട്ടണ്ട അമ്മേ. ആർക്കും ഒരു ഉപദ്രവവും ചെയ്യാത്ത ആ പന അവിടെ അങ്ങനെതന്നെ നിൽക്കട്ടെ.’