ശിവരാജ് കുമാറിനെ നായകനാക്കി രാജ്കുമാര്‍ പെരിയസ്വാമി സംവിധാനം ചെയ്ത 'അമരന്‍' തീവ്ര രാജ്യസ്‌നേഹത്തിന്റെയും രാജ്യത്തിനായി വീരമൃത്യു വരിച്ച ജവാന്റെയും കഥ പറയുന്ന ഹൃദയസ്പര്‍ശിയായ ചിത്രമാണ്. കശ്മീരിലെ ഷോപ്പിയാനില്‍ 2024-ലെ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മേജര്‍ മുകുന്ദ് വരദരാജിന്റെ ജീവതകഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ധീരനും രാജ്യസ്‌നേഹിയുമായ, രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച യോദ്ധാവുമായ മേജര്‍ മുകുന്ദ് വരദരാജ് എന്ന യുവാവിന്റെ ജീവിതകഥയാണ് 'അമരന്‍'. ജീവിക്കുന്നവരുടെ മനസ്സില്‍ ധീരസ്മരണകള്‍ കൊണ്ട് ജ്വലിക്കുന്ന സാന്നിധ്യം. മേജര്‍ മുകുന്ദും ഇന്ദു റബേക്ക വര്‍ഗ്ഗീസ് എന്ന മലയാളി ക്രിസ്ത്യന്‍ യുവതിയുടെയും പ്രണയവും വിവാഹത്തിലെത്തുന്നതു വരെയുളള അവര്‍ നേരിട്ട പ്രതിസന്ധികളും വിവാഹശേഷം ജീവിതത്തെ കുറിച്ച് അവര്‍ പങ്കുവയ്ക്കുന്ന പുതിയ സ്വപ്നങ്ങളും സൈനികന്‍ എന്ന നിലയില്‍ രാജ്യത്തോടുള്ള ഉത്തരവാദിത്വം പൂര്‍ണ്ണമായും നിറവേറ്റുന്നതും നിര്‍ബന്ധിതമായ വേര്‍പാടുകളും ഇന്ദുവിന്റെ കാത്തിരിപ്പുകളും യുദ്ധഭൂമിയിലെ ആരവങ്ങളും പിടച്ചിലുകളും അങ്ങനെ ഒട്ടനവധി തലങ്ങളിലൂടെയാണ് ചിത്രം കഥ പറഞ്ഞു പോകുന്നത്.
കേരളത്തില്‍ നിന്നും മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ പഠിക്കാനെത്തുന്ന യുവതിയാണ് ഇന്ദു റബേക്ക വര്‍ഗ്ഗീസ്. ഒരു യാഥാസ്ഥിതിക ക്രിസ്ത്യന്‍കുടുംത്തില്‍ നിന്നുളള യുവതി. പഠനകാലത്ത് അവള്‍ ഹിന്ദുവായ തമിഴന്‍ മുകുന്ദ് വരദരാജനുമായി പ്രണയത്തിലാകുന്നു. ഇത് ഇരുവരുടെയും വീട്ടുകാര്‍ അംഗീകരിക്കുന്നില്ല. പയ്യന്‍ ഹിന്ദുവും തമിഴനുമായതാണ് ഇന്ദുവിന്റെ വീട്ടുകാരുടെ പ്രശ്‌നം. അവിടം കൊണ്ടും തീരുന്നില്ല. പട്ടാളക്കാരനായതു കൊണ്ടുള്ള പേടിയും ഉണ്ട്. എന്തെങ്കിലും സംഭവിച്ചാല്‍ ഇന്ദുവിന്റെ അവസ്ഥയോര്‍ക്കുമ്പോള്‍ അവര്‍ക്ക് വിവാഹത്തിന് സമ്മതം മൂളാന്‍ കഴിയുന്നില്ല.
എന്നാല്‍ ധീരനായ മുകുന്ദ് ചെയ്തത് മറ്റൊന്നാണ്. അയാള്‍ ഇന്ദുവിനെയും കൂട്ടി നേരേ തന്റെ വീട്ടിലേക്ക് ചെന്നു. അച്ഛനെയും അമ്മയേയും പരിചയപ്പെടുത്തി. താന്‍ വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയാണെന്നു പറഞ്ഞു. ഒടുവില്‍ ഇരവരുടെയും വീട്ടുകാര്‍ വിവാഹത്തിന് സമ്മതിച്ചതോടെ കമിതാക്കള്‍ക്ക് സമാധാനമായി. സമര്‍ത്ഥനും ധീരനുമായ മുകുന്ദ് വളരെ വേഗം തന്നെ സീനിയര്‍ ഓഫീസര്‍മാരുടെ പ്രശംസ പിടിച്ചു പറ്റി.
പ്രണയസുരഭിലമായ ജീവിതം ഏറെ സന്തോഷകരമായി മുന്നോട്ടു പോകുമ്പോഴാണ് ഭീകരരെ തുരത്താന്‍ വേണ്ടി 44-ആമത് രാഷ്ട്രീയ റൈഫിള്‍സ് ബെറ്റാലിയന്റെ ഭാഗമായ മുകുന്ദ് കാശ്മീരിലേക്ക് പോകുന്നത്. തുടര്‍ന്ന് ഏറെ നാളുകളായുള്ള വേര്‍പാട്. ഇന്ദുവിനും കുടുംബത്തിനും മുകുന്ദിനെ കാണാനോ സംസാരിക്കാനോ കഴിയാതെയായി. വീട്ടുകാര്‍ക്കും ഇന്ദുവിനും കാത്തിരിപ്പ് മാത്രം. കാശ്മീരില്‍ നിന്നും ഇടയ്ക്കിടെ മുകുന്ദിന്റെ കോള്‍ വരും. ഏറെ ദു:ഖിതയായ ഇന്ദുവിനോട് സംസാരിച്ച ശേഷം മുകുന്ദ് പറയുന്നത് ഒരേ ഒരു കാര്യം മാത്രം. ''നീ ധീരനായ മേജര്‍ മുകുന്ദിന്റെ ഭാര്യയാണ്. എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ മറ്റുളളവരുടെ മുന്നില്‍ നിന്റെ കണ്ണില്‍ നിന്നും ഒരു തുള്ളി കണ്ണീര്‍ താഴെ വീഴരുത്.'' എന്നു മാത്രം. ഇന്ദുവിന് അത് അംഗീകരിക്കാതെ നിവൃത്തിയുണ്ടായിരുന്നില്ല. കാരണം വീട്ടുകാര്‍ ഏറെ എതിര്‍ത്തതാണ്. ഒരു സൈനികന്റെ ഭാര്യ ആകുന്നതോടെ നേരിടേണ്ടി വരുന്ന ഇത്തരം സാഹചര്യങ്ങളെ കുറിച്ച് ബോധ്യമുണ്ടായിരുന്നതിനാല്‍ ആയിരിക്കണം കുടുംബം ഒന്നടങ്കം എതിര്‍ത്തത്. പഴയ കാര്യങ്ങള്‍ ഓര്‍ക്കാന്‍ ഇന്ദുവിന് സമയമുണ്ടായിരുന്നില്ല. അവള്‍ തന്റെ ഭര്‍ത്താവിന്റെ വാക്കുകള്‍ക്കനുസരിച്ച് ഉള്ളില്‍ കരുത്താവാഹിച്ചു കൊണ്ടിരുന്നു. പിന്നീട് യുദ്ധഭൂമിയിലെ ഏറ്റുമുട്ടലും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്.
ഒരു ധീര സൈനികന്റെ ജീവിതകഥ യഥാര്‍ത്ഥമായ രീതിയില്‍ അവതരിപ്പിക്കാന്‍ രാജ്കുമാര്‍ പെരിയസ്വാമിക്ക് കഴിഞ്ഞിട്ടുണ്ട്. മേജര്‍ മുകുന്ദിന്റെയും ഭാര്യ ഇന്ദുവിന്റെയും പ്രണയകഥയും വിവാഹശേഷമുള്ള ജീവിതവും വളരെ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. അതിശയോക്തി തീരെയില്ല എന്നതാണ് ചിത്രത്തിന് മാറ്റു കൂട്ടുന്നത്. മലയാളിയായ ഇന്ദുവും തമിഴനായ മുകുന്ദും തമ്മിലുള്ള പ്രണയ സംഭാഷണങ്ങള്‍ ചിലപ്പോഴൊക്കെ നര്‍മ്മം വിതറുന്നു. കഥയുടെ കാമ്പ് എന്നു പറയുന്നത് തന്നെ ഇരുവരും തമ്മിലുള്ള അതിതീവ്രമായ പ്രണയത്തിന്റെ ഉള്‍ക്കരുത്താണ്. വേര്‍പെടാന്‍ കഴിയാത്ത വിധം ഒന്നായി പോയ മനസ്സുള്ളവര്‍. അതില്‍ നിന്നാണ് മുകുന്ദ് യുദ്ധ ഭൂമിയിലേക്ക് പോകുന്നത്. സൈനികരുടെ മാത്രമല്ല, അവരുടെ കുടുംബാംഗങ്ങളുടെയും ഹൃദയ വ്യഥകള്‍കൂടി ഒപ്പിയെടുത്ത ചിത്രമാണ് അമരന്‍.
മേജര്‍ മുകുന്ദായി ശിവകാര്‍ത്തികേയന്‍ ഉജ്ജ്വലമായ പ്രകടനമാണ് കാഴ്ച വച്ചത്. പ്രണയവും നര്‍മ്മവും മകനെന്ന രീതിയിലും അദ്ദേഹം തന്റെ മുന്‍കാല ചിത്രങ്ങളിലേതു പോലെ മിന്നി. ഒരു ധീര സൈനികന്റെ കഥാപാത്രം ആവശ്യപ്പെടുന്ന ശാരീരിക മാറ്റവും അതിനനുസരിച്ചുള്ള ഭാഷയും നടപ്പിലും എടുപ്പിലും നോട്ടത്തിലുമെല്ലാം തികഞ്ഞ യോദ്ധാവായി തന്നെ അദ്ദേഹം സ്‌ക്രീനില്‍ നിറഞ്ഞു നില്‍ക്കുന്നു. അമരന്‍ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും മേജര്‍ മുകുന്ദ് എന്ന കഥാപാത്രം ശിവകാര്‍ത്തികേയന്‍ എന്ന നടന്റെ കരിയറില്‍ തന്നെ മികച്ചകഥാപാത്രവും , കരിയറിലെ വഴിത്തിരിവും ആകുമെന്ന് നിസ്സംശയം പറയും.
ഇന്ദു റബേക്ക വര്‍ഗീസ് ആയി സ്‌കീരനിലെത്തിയ സായി പല്ലവിയും തന്റെ രിയറിലെ തന്നെ ഉജ്ജ്വല അഭിനയമാണ് കാഴ്ച വച്ചത്. പ്രണയവും സ്‌നേഹവും തീരാവേദന ഉള്ളിലടക്കിയ, നൊമ്പരങ്ങളുടെ കനലെരിയുന്ന കണ്ണുകളും വേര്‍പാടിന്റെ ആഴങ്ങള്‍ പേറിയ ഹൃദയവുമായി നിലകൊള്ളുന്ന ഇന്ദു പ്രേക്ഷക മനസ്സില്‍ ഇടം പിടിക്കുമെന്നുറപ്പ്. ഇരുവരും ചേര്‍ന്നുള്ള രംഗങ്ങള്‍ ഏറെ ഹൃദയഹാരിയാണ്. ഇന്ദുവിന്റെ അച്ഛനായി സംവിധായകന്‍ ശ്യാമപ്രസാദും സഹോദരനായി മലയാളിയായ ശ്യാം മോഹനുമാണ് അഭിനയിച്ചിരിക്കുന്നത്. മുകുന്ദിന്റെ കമാന്‍ഡിങ്ങ് ഓഫീസറായിഎത്തിയ രാഹുല്‍ ബോസും മികച്ച അഭിനയമാണ്കാഴ്ച വച്ചത്. ഇവരെ കൂടാതെ സുരേഷ് ചക്രവര്‍ത്തി, ഭുവന്‍അറോറ, ഗീത കൈലാസം, അന്‍പ് ദാസന്‍ ലല്ലു, ശ്രീകുമാര്‍, ജോണ്‍ കൈപ്പള്ളി എന്നിവരും തങ്ങളുടെ കഥപാത്രങ്ങളോട് നീതി പുലര്‍ത്തി. മേജര്‍ മുകുന്ദും ഇന്ദുവും അവരുടെ പ്രണയവും ഏതൊരു ചിത്രം കാണുന്ന ഏതൊരു പ്രേക്ഷകന്റെയും നെഞ്ചില്‍ ഇടം നേടും. ഒരു നേര്‍ത്ത നൊമ്പരം ഹൃദയത്തില്‍ പേറിക്കൊണ്ടല്ലാതെ ആര്‍ക്കും തിയേറ്റര്‍ വിട്ടിറങ്ങാന്‍ കഴിയില്ല.