എം.എൽ.എ മാർ
സ്ഥാനം വിട്ടങ്ങ്
എംപി മാരായി
മാറീടുമ്പോൾ
ഒഴിവായി വന്നൊരു
സീറ്റുകളിന്മേൽ
മത്സരമങ്ങു
കടുത്തീടുന്നു….
പാലക്കാട്ടും
ചേലക്കരയിലും
വായനാട്ടിലുമുണ്ട-
ങ്കക്കലികൾ
പാർട്ടികൾ വിട്ടവർ
ഡീലിൽ വീണവർ,
അപരന്മാരത് വേറൊരു കൂട്ടർ
തൊള്ള തുറന്നാൽ
വങ്കത്തരമത് ഏറ്റുപറയും
രാഷ്ട്രീയക്കാർ
പലവകയുണ്ട്
നാടിതു നീളെ
മാൻകൂട്ടത്തിൽ
മേഞ്ഞുനടന്നവർ
സിംഹക്കൂട്ടിൽ
പെട്ടത് പോലായി
സന്ധ്യ മയങ്ങിയാൽ
മാധ്യമചർച്ചകൾ
മണ്ഡല ചർച്ചകൾ
ഒരു പണിയും
ഇല്ലാത്തോർക്കൊരു
പണിയങ്ങനെ …
ഒറ്റത്തന്തയും
മൾട്ടി തന്തയും
സഭ്യതയില്ലാ
ഭാഷകൾ പലതും
കേട്ട് മടുത്തൊരു
മലയാളിക്കിത്
പൂരം പോലൊരു ഉത്സവമേളം …
കുഴലൂത്തില്ലാ
മത്സരക്കളരിയിൽ
കുഴൽപ്പണം കയറി
നിരങ്ങീടുന്നു
കല്യാണത്തിന്
സ്ഥാനാർത്ഥികളുടെ
കയ്യ് കൊടുക്കൽ
ശരിയോ തെറ്റോ
ചർച്ചകൾ വേറെയു-
മങ്കക്കളരിയിൽ .....
പാർട്ടി വിടുന്നവർ
ആരായാലും
വഴിയിൽ നിറയെ
പൂമാലകളും
അഭിവാദ്യങ്ങളും
പദവികൾ നൽകാൻ
മത്സരമോടെ
നേതാക്കളുടെ
ക്ഷണപത്രികകളും
ഇന്ന് പറഞ്ഞത് നാളെ
മാറ്റും, മറ്റന്നാൾ അത്
മാറ്റി പറയും
നാട് ഭരിക്കാൻ
ജനസേവക്കായി
മത്സരമാണിഹ
തമ്മിൽ തമ്മിൽ ..
ഹേമ റിപ്പോർട്ട്
പീഡന കഥകൾ
സിനിമാക്കാരുടെ
ജാമ്യാപേക്ഷകൾ
ടി.വി. സ്ക്രീനിലെ
ചൂടൻ വാർത്തകൾ
ദിവ്യ പ്രഭയിൽ
മുങ്ങിപ്പോയി
വഴിയിൽ കണ്ടാൽ
മിണ്ടാത്തവരും
വിനയം എന്നത്
അറിയാത്തവരും
തൊഴുകൈയാലേ
നറുചിരിയാലേ
വീടുകൾ കയറി
ഇറങ്ങീടുന്നു. ...
വിറകുകൾ കീറും
തെങ്ങിൽ കയറും
കിണറിൽ ഇറങ്ങി
പായൽ മാറ്റും
എന്തിനുമേതിനും
തയ്യാറായിതാ
ഓടിനടപ്പൂ
ആർത്തികളില്ലാ
സ്ഥാനാർത്ഥിപ്പട …
ഇലക്ഷന് മുന്നേ
ജയിച്ചു കഴിഞ്ഞെ -
ന്നാക്രോശിച്ച്
തെരുവിലിറങ്ങും
കൊടികൾ പലവക
പാറി നടക്കും
കോടികൾ ഒഴുകും
വോട്ടിനു വേണ്ടി ...
നാരായണ ജയ
നാരായണ ജയ
നാടിതു നീളെ
പൊയ്മുഖ വേഷം...
*******