"അമേരിക്കയുടെ സുവർണ കാലം ആരംഭിക്കയാണ്," തിരഞ്ഞെടുപ്പ് വിജയം ആഘോഷിച്ച ഡൊണാൾഡ് ട്രംപ് ബുധനാഴ്ച്ച ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിലുള്ള കാമ്പയ്ൻ ആസ്ഥാനത്തു പ്രവർത്തകരോടു പറഞ്ഞു. "അമേരിക്കയെ വീണ്ടും മഹത്തരമാക്കാൻ അമേരിക്കൻ ജനത നമുക്കു തന്ന അത്യുജ്വലമായ വിജയമാണിത്."
രാജ്യത്തിൻറെ മുറിവുണക്കാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും ട്രംപ് ഉറപ്പു നൽകി. പ്രചാരണത്തിൽ ഉടനീളം പ്രസിഡന്റ് ബൈഡനെയും കമലാ ഹാരിസിനെയും ആക്രമിച്ചു കൊണ്ടിരുന്ന ട്രംപ് പക്ഷെ ബുധനാഴ്ച്ച ഒരു ഡെമോക്രറ്റിനെയും പരാമർശിച്ചില്ല.
ഫോക്സ് ന്യൂസ് ട്രംപിനു 279 ഇലക്ട്‌റൽ വോട്ടുകൾ നൽകി വിജയം പ്രഖ്യാപിച്ച ശേഷമാണു ട്രംപ് സംസാരിച്ചത്. പിന്നീട് സി എൻ എൻ ഉൾപ്പെടെയുള്ള മാധ്യമങ്ങളും അദ്ദേഹത്തെ വിജയിയായി പ്രഖ്യാപിച്ചു. കമല ഹാരിസിന് 223 ഇലക്ട്‌റൽ വോട്ടുകളാണ് നൽകിയത്.
താൻ 315 ഇലക്ട്‌റൽ വോട്ടുകളെങ്കിലും നേടുമെന്ന് ട്രംപ് പറഞ്ഞു. നാലു യുദ്ധഭൂമികൾ ജയിച്ച അദ്ദേഹം മറ്റു മൂന്നിടത്തു ലീഡ് ചെയ്യുകയാണ്.
ജനകീയ വോട്ടുകളിലും തനിക്കാണ് വിജയമെന്നു ട്രംപ് പറഞ്ഞു.
സെനറ്റും റിപ്പബ്ലിക്കൻ പാർട്ടി വീണ്ടെടുത്തു. ഹൗസ് നിലനിർത്തുകയും ചെയ്തു.
ആഹ്ളാദ ഭരിതനായി കാണപ്പെട്ട ട്രംപ്, വി പി സ്ഥാനാർഥി ജെ ഡി വാൻസ്, അദ്ദേഹത്തിന്റെ ഭാര്യ ഉഷാ വാൻസ് എന്നിവരെ അടുത്തുനിർത്തിയാണ് സംസാരിച്ചത്. "യുഎസ്എ! യുഎസ്എ!" എന്നു ജനം ആർത്തു വിളിച്ചു.
വാഷിംഗ്‌ടണിലെ ഹൊവാർഡ് യൂണിവേഴ്സ്റ്റിയിൽ നടത്താനിരുന്ന ഹാരിസിന്റെ ചടങ്ങു രാത്രി ഒന്നരയ്ക്ക് പിരിച്ചു വിട്ടു. ഹാരിസ് പിന്നീട് സംസാരിക്കുമെന്നു കാമ്പയ്ൻ അറിയിച്ചു.
ഒട്ടേറെ സഹായവും പരിഹാരങ്ങളും ആവശ്യപ്പെടുന്ന അവസ്ഥയിലാണ് രാജ്യമെന്നു ട്രംപ് ചൂണ്ടിക്കാട്ടി. "നമ്മുടെ അതിർത്തികൾ ഭദ്രമാക്കും. ഒരാളെയും കയറി വരാൻ അനുവദിക്കില്ല. നിയമാനുസൃതം അനുവദിക്കും.
"രാജ്യത്തിൻറെ എല്ലാ പ്രശ്നങ്ങളും നമ്മൾ പരിഹരിക്കും."
ജെ ഡി വാൻസിനെ ട്രംപ് പ്രശംസിച്ചു. "എന്റെ നല്ലൊരു തീരുമാനം ആയിരുന്നു അത്. തുടക്കത്തിൽ ഞാൻ കുറെ വിമർശനം നേരിട്ടു. പക്ഷെ അദ്ദേഹം നല്ല ബുദ്ധിമാനാണെന്നു എനിക്കറിയാമായിരുന്നു.
"അദ്ദേഹത്തിന്റെ കുടുംബത്തെയും ഞങ്ങൾക്ക് ഇഷ്ടമാണ്. ഞങ്ങൾക്ക് ഒന്നിച്ചു മഹത്തായ നാലു വർഷങ്ങൾ ഉണ്ടാവും."
വാൻസ് പറഞ്ഞു: "യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ തിരിച്ചു വരവാണിത്. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക തിരിച്ചു വരവ് ഡൊണാൾഡ് ട്രംപിന്റെ ഭരണത്തിൽ നമ്മൾ സാധ്യമാക്കും."
Trump pledges healing, golden era