ന്യൂയോര്‍ക്ക് : ട്രമ്പ്-വാന്‍സ് നേതൃത്വത്തില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ട് നവംബര്‍ 5-ന് നടന്ന അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ അമേരിക്കന്‍ ജനത വിധിയെഴുതി.
നവംബര്‍ 6-ന്റെ ഇന്നിന്റെ പ്രഭാതം പൊട്ടി വിടരുന്നത് ഒരു പുതിയ അമേരിക്കന്‍ ഉദയത്തിന്റെ പ്രഭാത രശ്മികള്‍ തഴുകികൊണ്ടാണ്.
അമേരിക്കയിലെ 50 സംസ്ഥാനങ്ങളില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് വിധി പുറത്തു വരുമ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് പദവിക്ക് ആവശ്യമായ 270 ഇലക്ടറല്‍ കോളേജ് വോട്ടുകളോട് ട്രമ്പ്-വാന്‍സ് ടീം അടുത്തിരിക്കുന്നു.
അമേരിക്കയിലെ ചരിത്രപ്രധാനമായ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ട്രമ്പിന്റെ പ്രചാരണത്തിന് ട്രമ്പിന്റെ അക്ഷീണശ്രമത്തിന് അമേരിക്കന്‍ ജനതയുടെ അംഗീകാരമാണ് ഈ തിരഞ്ഞെടുപ്പ് എന്ന് ട്രമ്പ് പ്രതികരിച്ചു.
അമേരിക്കന്‍ ജനത തങ്ങളുടെ രാജ്യത്തിന്റെ നിയന്ത്രണം വീണ്ടെടുത്ത ദിവസമായി ഈ തിരഞ്ഞെടുപ്പ് എക്കാലവും ഓര്‍മ്മിക്കപ്പെടും എന്ന് ട്രമ്പ് അനുസ്മരിച്ചു.
നമ്മുടെ മുന്നിലുള്ള ദൗത്യം അത്ര എളുപ്പമല്ലാ എന്നും എന്റെ ആത്മാവിലുള്ള എല്ലാ ഊര്‍ജ്ജവും, ചൈതന്യവും എടുത്ത് രാജ്യത്തിന്റെ ഉന്നമനത്തിനും, ജനനന്മയ്ക്കുമായി പോരാടുമെന്ന് ട്രമ്പ് പ്രഖ്യാപിച്ചു.
ഈ രാജ്യം തനിക്കു നല്‍കിയ അഭൂതപൂര്‍വ്വവും, ശക്തവുമായ ജനവിധിയാണ് ഈ തിരഞ്ഞെടുപ്പ് എന്നും അമേരിക്കന്‍ സെനറ്റിന്റെ ഭൂരിപക്ഷം നിയന്ത്രണം റിപ്പബ്ലിക്കന്‍ പാര്‍ട്ടി തിരിച്ചു പിടിച്ചു എന്നും ട്രമ്പ് തുടര്‍ന്നു പറഞ്ഞു.
രാജ്യത്തിന്റ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തീക തിരിച്ചു വരവിന് ട്രമ്പ് -വാന്‍സ് നേതൃത്വം തുടക്കം കുറിക്കുമെന്നും ട്രമ്പ് ഉറപ്പു നല്‍കി.
ലാറ്റീനോ, പോര്‍ട്ടറീക്കോ ന്യൂനപക്ഷ വിഭാഗത്തിന്റെ വോട്ടുകള്‍ നിര്‍ണ്ണായകമായിരുന്ന ഈ തിരഞ്ഞെടുപ്പില്‍ ട്രമ്പിനു അനുകൂലമാക്കി മാറ്റുവാന്‍ കഴിഞ്ഞത് ട്രമ്പ്-വാന്‍സ് ടീമിന്റെ ഒരു വലിയ നേട്ടമാണ്.
ആഫ്രോ അമേരിക്കന്‍ വോട്ടുകളും, നിക്ഷ്പക്ഷ വിഭാഗത്തിന്റെ കെട്ടുറപ്പുള്ള വോട്ടുകളും, ക്രിസ്ത്യന്‍ സമൂഹത്തിന്റെ വോട്ടുകളും ട്രമ്പ് - വാന്‍സ് ടീമിനു നല്‍കിയ പിന്തുണ ട്രമ്പ്-വാന്‍സ് ടീം ഇന്നിന്റെ ആവശ്യകതയായി ജനം വിധിയെഴുതി.
ജീവിതചിലവുകളുടെ ഭാരിച്ച ബുദ്ധിമുട്ടുകളും, സാമ്പത്തീക ഞെരുക്കവും, നികുതിഭാരവും കൊണ്ട് പൊറുതി മുട്ടിയ ജനത്തിന്റെ തിരിച്ചറിവാണ് ട്രമ്പ്-വാന്‍സ് ടീമിന്റെ ഈ അപൂര്‍വ്വ വിജയമെന്ന് വ്യക്തമാക്കുന്നു.
ട്രമ്പ്-വാന്‍സ് നേതൃത്വം അമേരിക്കയിലെ ജനങ്ങളുടെ മുന്നില്‍ സമര്‍പ്പിച്ച വാഗ്ദാനങ്ങളില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ട് മാറ്റത്തിന്റെ ശംഖൊലി ഉയര്‍ത്തികൊണ്ട് എല്ലാ പ്രതീക്ഷകളും ട്രമ്പ്-വാന്‍സ് നേതൃത്വത്തില്‍ അമേരിക്കന്‍ ജനത സമര്‍പ്പിച്ചിരിക്കുന്നു.
47-ാമത് അമേരിക്കന്‍ പ്രസിഡന്റായി രണ്ടാമൂഴത്തിലേക്ക് അധികാരത്തിലെത്തുന്ന ട്രമ്പിന് എല്ലാ വിധ വിജയാശംസകളും നേരുന്നു.