അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിലെ വിജയത്തെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ നിരവധി ലോക നേതാക്കൾ ഡൊണാൾഡ് ട്രംപിനെ അഭിനന്ദിക്കുകയും അമേരിക്കയുടെ 47ആം പ്രസിഡന്റ് എന്ന "ചരിത്രപരമായ" നേട്ടത്തെ പ്രശംസിക്കുകയും ചെയ്തു. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നിവരും ട്രംപിനെ ആദ്യം അഭിനന്ദിച്ച നേതാക്കളിൽ ഉൾപ്പെടുന്നു.
ഭാവി സഹകരണത്തിന് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു കൊണ്ട്, ചരിത്രപരമായ തിരഞ്ഞെടുപ്പ് വിജയത്തിന് നിയുക്ത പ്രസിഡന്റിനു അഭിനന്ദനങ്ങൾ നല്കിയതിനൊപ്പം വരും വർഷങ്ങളിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു എന്ന സൂചനയാണ് സ്റ്റാർമറിൻ്റെ ഓഫീസിൽ നിന്നെത്തിയത്. യുകെ-യുഎസ് ബന്ധത്തിന് അടിവരയിട്ടുകൊണ്ട് സ്വാതന്ത്ര്യം, ജനാധിപത്യം, സംരംഭം എന്നീ മൂല്യങ്ങൾക്ക് ഊന്നൽ നൽകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ട്രംപിന്റെയും മെലാനിയയുടെയും തിരിച്ചുവരവിനെ അഭിനന്ദിച്ച നെതന്യാഹു, ഇസ്രയേൽ-അമേരിക്ക ബന്ധം ശക്തിപ്പെടുത്തണമെന്നും ആശംസാക്കുറിപ്പിലൂടെ അറിയിച്ചു. ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ ഉന്നമനത്തിനും ആഗോള സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കാനും ഒരുമിച്ച് പ്രവർത്തിക്കാമെന്നും മോദി പറയുന്നു.
യുക്രേനിയൻ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്‌കിയും ട്രംപിനെ അഭിനന്ദനങ്ങൾ അറിയിക്കുകയും റഷ്യയുമായുള്ള സംഘർഷത്തിനിടയിൽ ട്രംപ് യുക്രെയ്നിൽ സമാധാനം എത്തിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിക്കയും ചെയ്തു.
നാലു വർഷമായി ചെയ്തതുപോലെ ഒരുമിച്ച് പ്രവർത്തിക്കാൻ തയ്യാറാണ് എന്ന് ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ അറിയിച്ചു.
ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും തൻ്റെ ഊഷ്മളമായ ആശംസകൾ അറിയിച്ചു. ഇറ്റലിയും അമേരിക്കയും 'സഹോദര' രാഷ്ട്രങ്ങളാണെന്നും പൊതു മൂല്യങ്ങളിൽ ഊന്നിക്കൊണ്ട് ചരിത്രപരമായ ഒരു സൗഹൃദവും അചഞ്ചലമായ ഒരു കൂട്ടുകെട്ടും പടുത്തുയർത്തുമെന്നും അവർ അഭിപ്രായപ്പെട്ടു.
യൂറോപ്യൻ കമ്മീഷൻ പ്രസിഡൻ്റ് ഉർസുല വോൺ ഡെർ ലെയനും ട്രംപിനെ അഭിനന്ദിച്ചത് ശക്തമായ യൂറോപ്യൻ യൂണിയൻ-യുഎസ് ബന്ധം ഉയർത്തിക്കാട്ടിക്കൊണ്ടാണ്.
ഓസ്‌ട്രേലിയക്കാരും അമേരിക്കക്കാരും മികച്ച സുഹൃത്തുക്കളും സഖ്യകക്ഷികളുമാണെന്നും ഒരുമിച്ച് പ്രവർത്തിക്കുന്നതിലൂടെ ഇരു രാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള പങ്കാളിത്തം ഭാവിയിലും ശക്തമായി തുടരുമെന്നും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി അൽബനീസ് പറഞ്ഞു.
നാറ്റോ സഖ്യത്തിൻ്റെ ശക്തി ഊന്നിപ്പറഞ്ഞുകൊണ്ട് സെക്രട്ടറി ജനറൽ മാർക്ക് റൂട്ടും അഭിനന്ദനങ്ങൾ അറിയിച്ചു. ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസും ട്രംപിനെ അഭിനന്ദിച്ചു. ജർമ്മനിയും യുഎസും ഒരുമിച്ച് വിജയകരമായി പ്രവർത്തിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
World leaders cheer Trump