ന്യൂഡല്‍ഹി: തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയ മരടില്‍ പൊളിച്ച ഫ്ലാറ്റുകള്‍ നിന്ന സ്ഥലത്ത് ഇനി എത്രത്തോളം നിർമാണം അനുവദിക്കാനാകുമെന്നത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ അമിക്കസ് ക്യൂറിക്ക് സുപ്രീംകോടതി നിർദേശം.
ക്രിസ്മസ് അവധിയില്‍ മരട് സന്ദർശിച്ച് ഇതു സംബന്ധിച്ച് റിപ്പോർട്ട് തയാറാക്കാൻ അമിക്കസ് ക്യൂറി ഗൗരവ് അഗർവാളിനോട് ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു
2019ലെ തീരദേശ പരിപാലന പ്ലാൻ പ്രകാരം മരട് മുനിസിപ്പാലിറ്റി കാറ്റഗറി രണ്ടില്‍പെടുന്ന മേഖലയാണെന്നും നിയന്ത്രണങ്ങളോടെ നിർമാണം അനുവദിക്കാമെന്നും വ്യക്തമാക്കി ബുധനാഴ്ച കേസ് പരിഗണിക്കവെ സംസ്ഥാന സർക്കാർ സുപ്രീംകോടതിക്ക് കത്ത് കൈമാറി. അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട് ലഭിച്ചശേഷം നിർമാണം അനുവദിക്കുന്നതില്‍ കോടതി തീരുമാനമെടുക്കും.
തീരദേശ പരിപാലന നിയമം ലംഘിച്ചതിന് സുപ്രീംകോടതി ഉത്തരവിനെതുടർന്ന് 2020ല്‍ നാല് വൻകിട ഫ്ലാറ്റ് സമുച്ചയങ്ങളാണ് പൊളിച്ചത്.
ഫ്ലാറ്റുകള്‍ പൊളിക്കേണ്ടിയിരുന്നില്ലെന്നും കനത്ത പിഴ ഈടാക്കി കേസ് തീർപ്പാക്കേണ്ടതായിരുന്നുവെന്നും ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ച് നേരത്തേ നിരീക്ഷണം നടത്തിയിരുന്നു.
ജസ്റ്റിസ് അരുണ്‍ മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഫ്ലാറ്റുകള്‍ പൊളിച്ചുമാറ്റാൻ ഉത്തരവിട്ടിരുന്നത്.