തൃശൂർ: ഹണിട്രാപ്പിലൂടെ വ്യാപാരിയില്‍നിന്ന് രണ്ടരക്കോടി രൂപ കവർന്ന കേസില്‍ ദമ്ബതികള്‍ അറസ്റ്റില്‍. ഇവരില്‍നിന്ന് കണ്ടെടുത്തത് ആഡംബര വാഹനങ്ങളും 82 പവനോളം സ്വർണാഭരണങ്ങളും.
കൊല്ലം കരുനാഗപ്പള്ളി ഒറ്റയില്‍പടിത്തറ്റില്‍ വീട്ടില്‍ ഷെമി (36), കൊല്ലം പെരിനാട് മുണ്ടക്കല്‍, തട്ടുവിള പുത്തൻ വീട്ടില്‍ എസ്. സോജൻ (32) എന്നിവരെയാണ് തൃശൂർ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
2020ലാണ് കേസിനാസ്പദമായ സംഭവം. വ്യാപാരി വാട്സ്‌ആപ് വഴിയാണ് യുവതിയെ പരിചയപ്പെടുന്നത്. ഈ ബന്ധം പിന്നീട് സൗഹൃദത്തിലേക്കും വ്യക്തിപരമായ അടുപ്പത്തിലേക്കും വളർന്നു. ഹോസ്റ്റലിലാണ് നില്‍ക്കുന്നതെന്നു പറഞ്ഞ് ആദ്യം ഹോസ്റ്റല്‍ ഫീസും മറ്റ് ആവശ്യങ്ങള്‍ക്കും പണം കടം വാങ്ങി. വ്യാപാരിയെ വിഡിയോ കാള്‍ ചെയ്യാനും തുടങ്ങി.
ഇതിനുശേഷം ചാറ്റും വിഡിയോയും പരസ്യപ്പെടുത്തും എന്ന് ഭീഷണിപ്പെടുത്തി പണം തട്ടി. കൈയിലുള്ള പണം തീർന്ന വ്യാപാരി ഭാര്യയുടെയും ഭാര്യാമാതാവിന്റെയും പേരിലുള്ള സ്ഥിരനിക്ഷേപങ്ങള്‍ പിൻവലിച്ചു നല്‍കി. ഭാര്യയുടെ സ്വർണാഭരണങ്ങള്‍ പണയപ്പെടുത്തി 2.5 കോടി രൂപയും അക്കൗണ്ടിലേക്ക് അയച്ചുനല്‍കി. യുവതി പണം ആവശ്യപ്പെടല്‍ നിർത്താതെ വന്നതോടെ മകനെ വിവരം ധരിപ്പിച്ചു. മകനും വ്യാപാരിയും വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു.
പൊലീസ് അന്വേഷണത്തില്‍ പ്രതികള്‍ കൊല്ലം പനയത്തുള്ള അഷ്ടമുടിയില്‍ ആഡംബര ജീവിതം നയിച്ചുവരുകയാണെന്ന് മനസ്സിലാക്കി. അന്വേഷണം നടക്കുന്നതറിഞ്ഞ ഇരുവരും ഒളിവില്‍ പോയി. പ്രതികള്‍ വയനാട്ടില്‍ ഉള്ളതായി അറിഞ്ഞ പൊലീസ് ഇവിടെ എത്തുംമുമ്ബ് ദമ്ബതികള്‍ രക്ഷപ്പെട്ടു. തുടർന്ന് അങ്കമാലിയില്‍വെച്ചാണ് അറസ്റ്റ് ചെയ്തത്. വ്യാപാരിയില്‍നിന്നു തട്ടിയ പണംകൊണ്ട് വാങ്ങിയ 82 പവൻ സ്വർണാഭരണം, ഇന്നോവ കാർ, ടയോട്ട ഗ്ലാൻസ കാർ, മഹീന്ദ്ര ഥാർ ജീപ്പ്, മേജർ ജീപ്പ്, എൻഫീല്‍ഡ് ബുള്ളറ്റ് എന്നിവയും പൊലീസ് കണ്ടെടുത്തു. പ്രതികളെ റിമാൻഡില്‍ വിട്ടു.