വിസ ഇല്ലാതെ അമേരിക്കയ്ക്ക് പോകുവാനായി കാണം വിൽക്കുന്ന ഇന്ത്യക്കാർ. റെക്കോര്‍ഡ് വര്‍ദ്ധനവാണ് ഓരോ വര്‍ഷവും ഉണ്ടാകുന്നതെന്നാണ് വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ ഒരു റിപ്പോര്‍ട്ട് . യു എസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ സമാഹരിച്ച കണക്ക് പ്രകാരം കഴിഞ്ഞ സാമ്പത്തിക വര്‍ഷം (കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഈ സെപ്തംബര്‍ വരെ) 42,000 ഇന്ത്യക്കാര്‍ തെക്കന്‍ അതിര്‍ത്തിവഴി അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയിട്ടുണ്ട്. ഈ കണക്ക് മുന്‍ വര്‍ഷത്തെ അപേക്ഷിച്ചു നോക്കുമ്പോള്‍ ഇരട്ടിയാണ്. രാജ്യത്തിന്റെ വടക്കന്‍ അതിര്‍ത്തി വഴി നിയമവിരുദ്ധമായി ആയിരക്കണക്കിന് ഇന്ത്യക്കാര്‍ കടന്നു കയറിയിട്ടുണ്ടെന്നും കഴിഞ്ഞ മൂന്നുവര്‍ഷത്തെ കണക്ക് താരതമ്യം ചെയ്യുമ്പോള്‍ നാലിരട്ടി വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്നും അമേരിക്ക പറയുന്നു. മരണം പതിയിരിക്കുന്ന വഴികളാണ് അമേരിക്കയിലേക്ക് കുടിയേറാന്‍ ഇന്ത്യക്കാർ തെരഞ്ഞെടുക്കുന്നത്. ഇത് അഴിമുഖം റിപ്പോർട്ട് ചെയ്തിട്ടിട്ടുണ്ട്. റിപ്പോർട്ട് ഇങ്ങനെ
ഇപ്പോള്‍ പഞ്ചാബി സോഷ്യല്‍ മീഡിയയില്‍ നിറയെ നിറയുന്നത് പാനമ കാടുകളുടെ വീഡിയോ ദൃശ്യങ്ങളാണ്. ഇത് പോസ്റ്റ് ചെയ്യുന്നത് ഇന്ത്യയിലും പാക്കിസ്താനിലുമുള്ള പഞ്ചാബികളാണ്. ഈ വീഡിയോകള്‍ അപേക്ഷ രൂപത്തിലുള്ളതാണ്, അതല്ലെങ്കില്‍ മുന്നറിയിപ്പ് പോലെ. എന്താണ് ആ അപേക്ഷയെന്നല്ലെ; ഒരിക്കലും ഈ പാത തെരഞ്ഞെടുക്കരുത്, അതിനു പകരം നിങ്ങളുടെ സ്വന്തം രാജ്യത്ത് തന്നെ എന്തെങ്കിലും ജോലി കണ്ടെത്തൂ.
അമേരിക്കയിലെത്തിയാല്‍ ജീവിതത്തില്‍ വിജയിച്ചിരിക്കുന്നു എന്നു കരുതുന്നുണ്ടാകും, എന്നാല്‍ അതിനായി തെരഞ്ഞെടുക്കുന്ന വഴി കടുത്ത പീഡകളും ഒരുവേള മരണവുമാണ് നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത് എന്നാണ് ‘ ഡങ്കി’ യാത്രയ്‌ക്കൊരുങ്ങുന്നവരോട് അനുഭവസ്ഥര്‍ക്ക് പറയാനുള്ളത്.
മുന്നറിയിപ്പുകളും അപേക്ഷകളും ഫലം ചെയ്യുന്നില്ല, അമേരിക്കന്‍ സ്വപ്‌നം സഫലമാക്കാന്‍ മനുഷ്യന്‍ സാഹസം കാണിക്കുന്നത് തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നുമായിരുന്നു കൂടുതലായും ഇന്ത്യക്കാര്‍ അനധികൃത പലായനത്തിന് ഇറങ്ങിയിരുന്നത്. ഇപ്പോള്‍ ഗുജറാത്തും ഈ കൂട്ടത്തിലുണ്ട്. തൊഴിലില്ലായ്മ മുതല്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ഭീഷണി വരെ, ഡങ്കി യാത്രകള്‍ക്കായി ഇന്ത്യക്കാരെ പ്രേരിപ്പിക്കുന്നുണ്ട്. വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്, നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളാണ് പൗരന്മാരെ രാജ്യം വിടാന്‍ പ്രേരിപ്പിക്കുന്നതെന്നാണ്. രാഷ്ട്രീയ പാർട്ടിയുടെ ഭീഷണി ഭയന്ന് പഞ്ചാബില്‍ നിന്നും പുറപ്പെട്ട അര്‍ഷദീപ് സിംഗിന്റെ കഥ വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ പറയുന്നുണ്ട്. നിയമവിരുദ്ധ കുടിയേറ്റത്തിന് പിടിക്കപ്പെട്ട് തടവില്‍ കഴിയുന്ന ഇന്ത്യക്കാരില്‍ ഒരാളാണ് അര്‍ഷദീപ്
ഇത്തരം ഡങ്കി യാത്രകളില്‍ ഇന്ത്യക്കാര്‍ മാത്രമല്ല, ലോകം മുഴുവന്‍ നടക്കുന്നതാണ് അനധികൃത പലായനങ്ങള്‍. സ്വന്തം നാടുകള്‍ ജീവിക്കാന്‍ കഴിയാത്തയത്ര മോശമായി മാറുമ്പോഴാണ് പൗരന്മാര്‍ അന്യനാട്ടില്‍ അഭയം തേടുന്നത്. അവരുടെയെല്ലാം ഗതിയും വിധിയും ഒരുപോലെയാണ്.
അമേരിക്കയിലേക്കുള്ള യാത്രയ്ക്കിറങ്ങിയാല്‍, ആദ്യത്തെ ഇടത്താവളം ലാറ്റിന്‍ അമേരിക്കന്‍ മണ്ണിലാണ്. ഇന്ത്യന്‍ മണ്ണില്‍ നിന്നുള്ള ഏറ്റവും തിരക്കേറിയ ഡങ്കി റൂട്ട് ഇതാണ്. ഇക്വഡോര്‍, ബൊളീവിയ, ഗയാന തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ആദ്യം എത്തുക. ഇവിടങ്ങളിലേക്ക് വലിയ പ്രയാസമില്ലാതെ വീസ പതിച്ച് കിട്ടും. ബ്രസീല്‍, വെനസ്വേല എന്നീ തെക്കേ അമേരിക്കന്‍ രാജ്യങ്ങളിലേക്കും ഇന്ത്യയില്‍ നിന്നും ടൂറിസ്റ്റ് വീസ കിട്ടാന്‍ എളുപ്പമാണ്. എങ്ങോട്ട് പോകണമെന്നത് പോകുന്നവരുടെ സ്വതന്ത്രമായ തീരുമാനമായിരിക്കില്ല, കൊണ്ടു പോകുന്നവരുടെ നിര്‍ദേശമനുസരിച്ചായിരിക്കും. ആരാണീ കൊണ്ടു പോകുന്നവരെന്നല്ലേ, മനുഷ്യക്കടത്തുകാരും അവരുടെ ഏജന്റുമാരും!
തെക്കേ അമേരിക്കയില്‍ വിമാനം ഇറങ്ങുന്നത് അത്ര വലിയ റിസ്‌ക് ഉള്ള കാര്യമല്ല. അതൊക്കെ ‘ നിയമാനുസൃതം’ തന്നെ നടക്കും. പ്രശ്‌നം സമയമാണ്. ചിലപ്പോള്‍ മാസങ്ങളോളം.
വിമാനം പറന്നെത്താനാണോ ഇത്രയും കാലതാമസം എന്നൊന്നും ചിന്തിക്കേണ്ട, ഏജന്റുമാര്‍ പറയുന്നതിന് അനുസരിച്ചേ കാര്യങ്ങള്‍ നടക്കൂ.
‘ ഒന്നര മാസമാണ് എന്നെ ഏജന്റ് മുംബൈയില്‍ പിടിച്ചു നിര്‍ത്തിയത്. ബ്രസീലില്‍ നിന്നും അദ്ദേഹത്തിന് സിഗ്നല്‍ കിട്ടണം എന്നായിരുന്നു കാരണം പറഞ്ഞത്. ബ്രസീലിലേക്കുള്ള കാത്തിരിപ്പ് വേണ്ടായെന്ന് തീരുമാനിച്ചാല്‍ വീണ്ടും സമയം പോവുകയേയുള്ളൂ’ അമേരിക്കയില്‍ എത്തപ്പെട്ട ഒരു പഞ്ചാബ് സ്വദേശി ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറഞ്ഞതാണിത്. ഇയാള്‍ എട്ടു മാസം കൊണ്ടാണ് അമേരിക്കയിലെത്തിയത്.
ചില ഏജന്റുമാര്‍ ദുബൈയില്‍ നിന്നും നേരിട്ട് മെക്‌സികോയിലേക്ക് വീസ ശരിയാക്കി തരും. എന്നാല്‍ ആ റൂട്ട് അധികമാരും എടുക്കാറില്ല. കാരണം, മെക്‌സിക്കോ ഒരു അപകടമേഖലയാണ്. വിമാനം ഇറങ്ങിയാല്‍ നേരെ ചെന്നു ചാടുക അവിടുത്തെ പൊലീസിന്റെ കൈകളിലേക്കായിരിക്കും.
കൂടുതല്‍ ഏജന്റുമാരും തങ്ങളുടെ ക്ലൈന്റിനെ ലാറ്റിന്‍ അമേരിക്കന്‍ മണ്ണിലിറക്കി അവിടെ നിന്നും കൊളംബിയയിലേക്ക് കൊണ്ടു പോവുകയാണ് പതിവ് എന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അമേരിക്കന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന രാജ്യമാണ് കൊളംബിയ. ഇന്ത്യയില്‍ നിന്നും കൊളംബിയയിലേക്ക് നേരിട്ട് വീസ കിട്ടുന്നത് കുറച്ചേറെ ബുദ്ധിമുട്ടാണ്.
കൊളംബിയയില്‍ എങ്ങനെയെങ്കിലും എത്തിയെന്ന് കരുതുക. അവിടെ നിന്നുള്ള യാത്രയാണ് നേരിട്ടതിനെക്കാള്‍ വലിയ അപകടം. കൊളംബിയയുടെ തെക്ക് കിഴക്ക് ഭാഗത്ത് കിടക്കുന്ന മധ്യ അമേരിക്കന്‍ രാജ്യമായ പാനമയിലേക്കാണ് കുടിയേറ്റക്കാര്‍ എത്തുന്നത്. അവിടെ നിങ്ങളെ കാത്ത് അതിഭയങ്കരമായ തടസങ്ങളുണ്ടാകും. അതില്‍ പ്രധാനി ഡാരിയന്‍ ഗ്യാപ് എന്ന അപകടകാരിയായ വനമാണ്. അമേരിക്കയ്ക്കും പാനമയ്ക്കും ഇടയിലുള്ള ഈ നിബിഢവനം കടക്കുകയെന്നാല്‍ മരണത്തിനു മേലുള്ള നടത്തം പോലെയാണ്. ശുദ്ധജലം കിട്ടാക്കനിയാണ്. വന്യമൃഗങ്ങള്‍ ഏതു നിമിഷവും നിങ്ങളുടെ മേല്‍ ചാടി വീഴാം. അതിനെക്കാളൊക്കെ പേടിക്കേണ്ടത് വനത്തിനുള്ളില്‍ പതിയിരിക്കുന്ന മനുഷ്യരെയാണ്. ആ ക്രിമിനല്‍ സംഘങ്ങളില്‍ നിന്നും മൃഗങ്ങളുടെ ദയപോലും പ്രതീക്ഷിക്കുകയരുത്. കൈയിലുള്ളതെല്ലാം അവര്‍ മോഷ്ടിക്കും, സ്ത്രീകളെ കിട്ടിയാല്‍ അതിക്രൂരമായ ലൈംഗികാക്രമണത്തിന് ഇരകളാക്കും. ഇവിടെ നടക്കുന്ന കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറില്ല, ആരും ശിക്ഷിക്കപ്പെടാറുമില്ല. തടസങ്ങളെല്ലാം അതിജീവിച്ചാല്‍ പോലും എട്ടോ പത്തോ ദിവസം എടുക്കും കാട് കടക്കാന്‍, അതിനിടയില്‍ ആരെങ്കിലും മരണപ്പെട്ടാല്‍, മൃതദേഹം കാട്ടില്‍ ഉപേക്ഷിക്കുകയല്ലാതെ മറ്റൊരു വഴിയുമില്ല.
ഡാരിയന്‍ ഗ്യാപ് വനത്തിലൂടെ അല്ലാതെയും ഒരു പാതയുണ്ട്. കൊളംബിയയില്‍ നിന്നും സാന്‍ ആന്‍ഡേഴ്‌സ് വഴി. പക്ഷേ അതും അത്ര സുരക്ഷിതമല്ലെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സാന്‍ ആന്‍ഡേഴ്‌സില്‍ നിന്നും ബോട്ടില്‍ മധ്യ അമേരിക്കന്‍ രാജ്യമായ നികാരാഗ്വയില്‍ എത്താം. ഏകദേശം 150 കിലോമീറ്റര്‍ ബോട്ടില്‍ സഞ്ചരിക്കണം. കുടിയേറ്റക്കാരെ എത്തിക്കാന്‍ അനധികൃത സര്‍വീസ് നടത്തുന്ന മത്സ്യബന്ധന ബോട്ടുകള്‍ ധാരാളമുണ്ട്. നികാരാഗ്വയില്‍ എത്തിയാല്‍ അവിടെ നിന്നും മറ്റൊരു ബോട്ടില്‍ മെക്‌സികോയിലേക്ക്.
ഇപ്പോള്‍ മറ്റൊരു ഡോങ്കി റൂട്ടിന് ആള്‍തിരക്ക് കൂടുന്നുണ്ട്. ആദ്യം യൂറോപ്പിലേക്ക്, അവിടെ നിന്നും മെക്‌സികോയിലേക്ക്. അതാണ് പുതിയ റൂട്ട്. നിലവില്‍ യൂറോപ്പ്-മെക്‌സികോ റൂട്ടിലേക്ക് അഝധികൃതര്‍ അധികം ശ്രദ്ധ കൊടുത്തിട്ടില്ല. അങ്ങനെ സംഭവിച്ചാല്‍ വീണ്ടും പഴയ പാതകള്‍ തന്നെ തേടേണ്ടി വരുമെന്നാണ് യു എസ്സില്‍ എത്തപ്പെട്ടൊരു കുടിയേറ്റക്കാരന്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞത്. ഒമ്പത് രാജ്യങ്ങള്‍ താണ്ടിയാണ് ഡങ്കി റൂട്ട് വഴി ഇയാള്‍ അമേരിക്കയിലെത്തിയത്.
ഗ്വാട്ടിമാലയാണ് ഈ യാത്രയിലെ സുപ്രധാന ഏകോപന കേന്ദ്രം. ഇവിടെ വച്ച് കുടിയേറ്റക്കാരെ അതുവരെയുള്ള ഏജന്റുമാര്‍ പുതിയ ഏജന്റുമാരുടെ കൈയകളിലേല്‍പ്പിക്കും. അവരാണ് മെക്‌സികോ വഴി അമേരിക്കന്‍ അതിര്‍ത്തിയിലേക്കുള്ള യാത്ര നിയന്ത്രിക്കുന്നത്.
മെക്‌സികോയില്‍ നിന്നും അമേരിക്കന്‍ അതിര്‍ത്തിയിലേക്കുള്ള യാത്ര എലിയും പൂച്ചയും കളി പോലെയാണ്. ഉദ്യോഗസ്ഥരുടെ കണ്ണില്‍പ്പെട്ടാല്‍ ഒന്നുകില്‍ ജയില്‍, അല്ലെങ്കില്‍ മരണം. പഞ്ചാബിലെ ഗുരുദാസ്പൂര്‍ സ്വദേശി ഗുര്‍പാല്‍ സിംഗ് കൊല്ലപ്പെടുന്നത് അങ്ങനെയാണ്.
മെക്‌സികോയില്‍ നിന്നും അമേരിക്കന്‍ അതിര്‍ത്തിയിലേക്കുള്ള ബസില്‍ കയറിപ്പറ്റിയപ്പോള്‍ ആ 26 കാരന്‍ ആശ്വസിച്ചത്, താനിതാ ലക്ഷ്യത്തിലേക്ക് പോകുന്നുവെന്നായിരുന്നു. ആ സന്തോഷത്തിലാണ് ബസില്‍ ഇരുന്നുകൊണ്ട് പഞ്ചാബിലുള്ള സഹോദരിയെ ഫോണ്‍ ചെയ്യുന്നത്. അവരുടെ ഫോണ്‍ സംഭാഷണം തുടരുന്നതിനിടയിലാണ് മെക്‌സിക്കന്‍ പൊലീസ് ബസ് തടയുന്നത്. പൊലീസില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചതായിരുന്നു ആക്‌സിഡന്റില്‍ കലാശിച്ചത്. ഗുര്‍പാല്‍ സിംഗിന്റെ ജീവന്‍ തകര്‍ന്ന ബസിനുള്ളില്‍ ഇല്ലാതാകുമ്പോഴും സഹോദരിയുടെ ഫോണ്‍ കട്ടായിരുന്നില്ല.
3,140 കിലോമീറ്റര്‍ നീളത്തിലുള്ള വേലിയാണ് അമേരിക്കയുടെയും മെക്‌സികോയുടെയും അതിര്‍ത്തികള്‍ വേര്‍തിരിക്കുന്നത്. ഈ വേലി മറി കടക്കാനായാലാണ് അമേരിക്കന്‍ മണ്ണില്‍ കാലുകുത്തിയെന്നെങ്കിലും പറയാന്‍ കഴിയുക. ഭൂരിഭാഗം പേരും വേലി മറി കടക്കാന്‍ ഉപയോഗിക്കുന്നത് റിയോ ഗ്രാന്‍ഡ് നദിയാണ്.
അതിര്‍ത്തി കടക്കുന്നവര്‍ക്ക് യു എസ് അധികൃതര്‍ വലിയ രീതിയിലുള്ള ഭയം ഉണ്ടാക്കുന്നില്ല. പിടികൂടുന്നവരെ ക്യാമ്പുകളിലേക്ക് അയക്കും. അവിടെ വച്ച് സൂക്ഷ്മ പരിശോധനകള്‍ക്ക് വിധേയരാക്കിയാണ് അവര്‍ അഭയം ലഭിക്കുന്നതിന് അനുയോജ്യരാണോ അല്ലയോ എന്ന് തീരുമാനിക്കപ്പെടുന്നത്.
ഡങ്കി റൂട്ടിലൂടെയുള്ള നിങ്ങളുടെ അമേരിക്കന്‍ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ നല്ല പണച്ചെലവ് വരും. 15 മുതല്‍ 40 ലക്ഷം വരെയാണ് സാധാരണ. ചിലപ്പോഴത് 70 ലക്ഷം വരെയാകും. കുഴപ്പം കുറഞ്ഞ പാതകളിലൂടെ കൊണ്ടുപോകാമെന്ന ഉറപ്പിലാണ് കൂടുതല്‍ പണം ഏജന്റുമാര്‍ വാങ്ങിച്ചെടുക്കുന്നത്.
ഇന്ത്യയില്‍ നിന്നും അമേരിക്കന്‍ അതിര്‍ത്തി വരെ പലപലരാജ്യങ്ങളിലായി പരന്നു കിടക്കുന്ന വലിയൊര ശൃംഖലയാണ് മനുഷ്യക്കടത്തു സംഘം. പണത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ച്ചയും അവര്‍ കാണിക്കില്ല. ഏജന്റുമാര്‍ കൃത്യമായി പണം കൊടുക്കാത്ത പക്ഷം അപകടത്തിലാകുന്നത് കുടിയേറ്റക്കാരന്റെ ജീവനായിരിക്കും. കൊല്ലാന്‍ അവര്‍ക്ക് യാതൊരു മടിയും തോന്നാറില്ല.
ഒരു സൗജന്യം അവര്‍ നല്‍കുന്നതെന്തെന്നാല്‍, പണം ഒരുമിച്ച് കൊടുക്കേണ്ടതില്ലെന്നതാണ്. ഗഡുക്കളായി കൊടുത്താലും മതി. അമേരിക്കയിലെത്തി അധികൃതര്‍ അഭയകേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുന്ന ഒരു ഇന്ത്യന്‍ ട്രക്ക് ഡ്രൈവര്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് അതിനെക്കുറിച്ച് പറയുന്നുണ്ട്; ‘ഞാനവര്‍ക്ക് മൂന്നു ഗഡുക്കളായാണ് പണം നല്‍കിയത്. ആദ്യ ഗഡു യാത്രയ്ക്ക് മുമ്പ് കൊടുത്തു, അടുത്തത് കൊളംബിയയില്‍ എത്തിയപ്പോള്‍, മൂന്നാമത്തെ ഗഡു നല്‍കുന്നത് അമേരിക്കന്‍ അതിര്‍ത്തിക്ക് സമീപം എത്തിയപ്പോഴായിരുന്നു. എനിക്കവര്‍ക്ക് മൂന്നു ഗഡുക്കളും കൊടുക്കാന്‍ സാധിക്കാതെ പോയിരുന്നുവെങ്കില്‍, മെക്‌സികോയില്‍ വച്ച് അവര്‍ എന്നെ വെടിവച്ചു കൊല്ലുമായിരുന്നു.
ബിബ്ലിയോഗ്രാഫി: The Wall Street Journal, Times of India , New Indian Express ,Azhimukham Web, Newyork times
see also: https://www.facebook.com/jerryjohnsroy