Image

ചിത്രം - സർഗ്ഗം (എന്റെ പാട്ടോർമകൾ 13: അമ്പിളി കൃഷ്ണകുമാര്‍)

Published on 07 November, 2024
ചിത്രം  -  സർഗ്ഗം (എന്റെ പാട്ടോർമകൾ 13: അമ്പിളി കൃഷ്ണകുമാര്‍)

" സംഗീതമേ അമര സല്ലാപമേ .."

കാല , ദേശ , ഭാഷ , ഭേദമില്ലാത്ത ഒന്നേയുള്ളൂ . അതു സംഗീതമാണ് . ഇനിയെത്ര തലമുറകൾ കഴിഞ്ഞാലും ഇതിവിടെയുണ്ടാകും . അമര സല്ലാപമായി -  എന്നാൽ ഒരിക്കലും മരിക്കാത്ത ഒരു പാട്ടായി .

" മണ്ണിനു വിണ്ണിന്റെ വരദാനമേ ..
വേദനയെപ്പോലും വേദാന്തമാക്കുന്ന നാദാനുസന്ധാന കൈവല്യമേ ..."

മനുഷ്യനെ വരികളിലൂടെയും സംഗീതത്തിലൂടെയും ലയിപ്പിച്ച് ഏതോ ലോകത്തിലേയ്ക്കു കൂട്ടിക്കൊണ്ടുപോകുവാൻ കഴിവുള്ളവർ സംഗീതജ്ഞർ .

ജാതിക്കും മതങ്ങൾക്കും അതീതമായി എന്നും നിലനിൽക്കുന്നത് സംഗീതമാണ് . വിണ്ണിന്റെ വരദാനമായി സംഗീതത്തെ അടയാളപ്പെടുത്തുന്ന ആ വരികളിൽ എല്ലാമടങ്ങിയിട്ടുണ്ട് . ശബ്ദം , താളം ലയം ,  ഒന്നിനൊന്നു മെച്ചം . കാലാതിവർത്തിയായി നിലനിൽക്കുന്ന സംഗീതം അനശ്വരമാണ് . അത്ഭുതമാണ് . സംഗീതത്തിന്റെ മാഹാത്മ്യത്തെ ഇനി  ഇതിൽക്കൂടുതൽ വർണ്ണിക്കാനാകുമോ ?

ഇതിഹാസ സാഹിത്യകാരൻ ശ്രീ യൂസഫലി കേച്ചേരി . ദേവഭാഷയായ സംസ്കൃതം പഠിച്ചു വളർന്ന അദ്ദേഹം തീർത്ത മനോഹര വരികൾ . ബോംബെ രവിയുടെ മാന്ത്രിക സംഗീതം  !

" ആദിമ ചൈതന്യ നാഭിയിൽ വിരിയും ആയിരം ഇതളുള്ള താമരയിൽ ..
രചനാ ചതുരൻ ചതുർമുഖനുണർന്നു ... സർഗ്ഗം വിടർന്നു ......."

ഇതാണു മലയാളിയുടെ മഹത്വവും കേമത്തവും . വേദനയെപ്പോലും വേദാന്തമാക്കുന്ന മലയാളത്തിന്റെ നന്മയും പുണ്യവും . ഇവിടെയിനി ഇതുപോലൊരു സ്വർഗ്ഗം വിടരുമോ ? അറിയില്ല . കാവ്യാത്മക വരികളെ സംഗീതാത്മകമാക്കി മാറ്റിയ ചാതുര്യത്തെ നമിക്കാതിരിക്കുവതെങ്ങനെ ? സംഗീതത്തിന്റെ ഏതോ മായിക പ്രപഞ്ചത്തിൽ എത്തിച്ചേർന്ന ഒരനുഭൂതി  !

എല്ലാ പാട്ടുകളും ഹിറ്റായ ഒരു സിനിമ സർഗ്ഗം . കൊടുങ്കാറ്റു പോലെ പടർന്നു പടർന്നതു മലയാളക്കരയും വിട്ട് അകലേയ്ക്കകലേക്കു സംഗീതത്തിന്റെ അനന്ത വിഹായസ്സു പോലെ പോയതു കൊണ്ടു മാത്രം സിനിമയും ശ്രദ്ധിക്കപ്പെട്ടു . ഒപ്പം മനോജ് . കെ . ജയന്റെ കുട്ടൻ തമ്പുരാൻ എന്ന വേഷപ്പകർച്ചയും  .

ശ്രീ ഹരിഹരന്റെ സംവിധാനത്തിൽ പിറവിയെടുത്ത സർഗ്ഗം സിനിമയിൽ സംഗീതം , പ്രണയം , സൗഹൃദം , മാതാപിതൃ സ്നേഹം , എല്ലാം ആവോളം നമുക്കു കിട്ടും . വിനീതിന്റെ ദുഃഖം , സന്തോഷം , റൊമാൻസ് , ഫ്രണ്ട്ഷിപ്പ് , വിധേയത്വം , പിണക്കം , എല്ലാം അതാതു സമയങ്ങളിൽ തന്മയത്വത്തോടെ പുറത്തു വരുന്നുണ്ടെങ്കിലും കുട്ടൻ തമ്പുരാന്റെ ഓരോ നോട്ടത്തിലും സിനിമ അയാൾക്കൊപ്പം കൂട്ടുകൂടുന്നതു കണ്ടു നമ്മൾ കോരിത്തരിക്കും . ഹരിയും കുട്ടൻ തമ്പുരാനും പോലുള്ള ചങ്ങാതിമാരെ നമുക്കു സങ്കൽപ്പിക്കാൻ കഴിയുമോ ?

സംഗീതം കൊണ്ടും ചിത്രീകരണം കൊണ്ടും ഹൃദയം അലിഞ്ഞലിഞ്ഞില്ലാതാവും . സിനിമ ചിലപ്പോൾ ചിലർക്കെങ്കിലും അല്പ സമയത്തേയ്ക്ക് ചില നഷ്ടങ്ങളിൽ നിന്നുള്ള ആശ്വാസമാണ് . പ്രത്യേകിച്ചും എന്നെപ്പോലുള്ളവർക്ക് . കാലം നികത്താത്ത നഷ്ടങ്ങളില്ലെന്നും വേർപാടുകളെല്ലാം തന്നെ താല്ക്കാലികമാണെന്നുമൊക്കെയുള്ള തോന്നലുകൾ ഉണ്ടാക്കിയേക്കാം . മനസ്സ് തികച്ചും പോസിറ്റീവാകും . ശരപഞ്ചരത്തിലെ ജയൻ , വടക്കൻ വീരഗാഥയിലെ മമ്മൂട്ടി , സർഗ്ഗത്തിലെ കുട്ടൻ തമ്പുരാൻ . ഇങ്ങനെ കാലാതിവർത്തിയാകാൻ ചിലർക്കേ കഴിയൂ . സിനിമ നൽകിയ പോസിറ്റീവിറ്റിയ്ക്കൊപ്പം  ഏഭ്യൻ , വഷളൻ , ശുംഭൻ , മർക്കടൻ തുടങ്ങിയ ചില നമ്പൂതിരിപ്പദങ്ങൾ മുഴച്ചു നിന്നു . 
             
അംഗീകാരവും  സ്നേഹവും ലാളനയും ആവശ്യത്തിനു സമയവും കുട്ടികൾക്ക് ആവശ്യമാണ് . നമ്മൾ അതവർക്ക് ആവോളം  കൊടുക്കണം . എങ്കിൽ മാത്രമേ   ഒരു നല്ല ഫല വൃക്ഷമായി അവർ മാറുകയുള്ളൂ . മറിച്ച് , അവരെ തല്ലിയും ശകാരിച്ചുമൊക്കെ അവരുടെ മനസ്സിൽ മുറിപ്പാടുകൾ തീർക്കുന്നവർക്കുള്ള ഒരു നല്ല ഓർമപ്പെടുത്തലായി  സിനിമ . സ്വന്തം മക്കളുടെ കഴിവുകൾ ചിലപ്പോൾ മാതാപിതാക്കൾ മനസ്സിലാക്കാൻ വളരെ വൈകും . ആ സമയം കൊണ്ടു ചിലർ തെറ്റിലേയ്ക്കു പോയി ഒരു മനുഷ്യ മൃഗമാകും . പക്ഷേ , ചിലർ അതിനെയൊക്കെ അതിജീവിക്കും . 

സ്വാർത്ഥതയ്ക്കും അന്ധവിശ്വാസങ്ങൾക്കും പകരം സ്നേഹം എന്ന വികാരം മനസ്സിലുണ്ടായാൽ എത്ര നന്നായിരുന്നു . എല്ലാവരുടെയും ജീവിതം എത്ര സന്തോഷകരമായേനെ !

ജ്യോത്സ്യൻമാർ മനുഷ്യ മനസ്സിനെ എത്ര ഭംഗിയായി സ്വാധീനിച്ചു വച്ചിരിക്കുന്നുവെന്നത് കുട്ടൻ തമ്പുരാനിലൂടെ നമുക്കു മനസ്സിലാകുന്നുണ്ട് . ജ്യോത്സ്യൻമാരുടെ പ്രോഗ്രാമിങ്ങിന്റെ ഫലമാണ് കുട്ടൻ തമ്പുരാനെപ്പോലുള്ള വ്യക്തികൾ സമൂഹത്തിൽ ഉണ്ടാകുന്നത് . ചിക്കൻപോക്സ് , അപസ്മാരം , ചില മാനസിക രോഗങ്ങൾ , എന്നിവയെ എത്ര വിദഗ്ധമായാണ് സമൂഹം  , ദൈവവും അന്ധവിശ്വാസങ്ങളുമായി കൂട്ടി യോജിപ്പിച്ചു വച്ചിരിക്കുന്നത് . അതിനെ ഊട്ടി ഉറപ്പിക്കുന്ന കഥകളുമായി പണം കൊയ്യാൻ ജ്യോത്സ്യൻമാരും .

" അറിഞ്ഞില്ല ഉണ്ണീ ആരും ഒന്നും പറഞ്ഞില്ല . "

എന്ന അച്ഛൻ തമ്പുരാന്റെ  (നെടുമുടി വേണു) ഡയലോഗ് പില്ക്കാലത്ത് 'ട്രോൾ ' ആയി മാറിയെങ്കിലും ഇന്ന് മാതാപിതാക്കൾ ഭൂരിഭാഗവും തങ്ങളുടെ മക്കളുടെ കഴിവുകൾ തിരിച്ചറിയുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നവരാണന്ന ആഹ്ളാദത്തോടെ ഞാനും .
    
  ഓംകാര നാദത്തിൻ നിർവൃതി പുൽകിയ സംഗീതം തീർത്ത സ്വർഗ്ഗമായൊരു സർഗ്ഗം . കാസ്സിക് സിനിമ . മലയാളത്തിന്റെ ഒരേയൊരു ഗാനഗന്ധർവന്  , ആ സ്വരരാഗ ഗംഗാ പ്രവാഹത്തിന്റെ 82-ാം ജന്മദിനത്തിൽ  (ജനുവരി 10 ) അദ്ദേഹത്തിനുള്ള എന്റെ എളിയ ഉപഹാരമാവട്ടെ ഈ പാട്ടോർമ . 🙏 മലയാള സിനിമയുടെ ശ്രീകോവിലിൽ ഒരിക്കലും അണയാത്ത ദീപമായി കുട്ടൻ തമ്പുരാനും  സർഗ്ഗവും എന്നുമുണ്ടാകുമെന്ന സന്തോഷത്തോടെ .
____________________

സംഗീതമേ അമരസല്ലാപമേ
സംഗീതമേ അമരസല്ലാപമേ
മണ്ണിനു വിണ്ണിന്റെ വരദാനമേ
വേദനയെപ്പോലും വേദാന്തമാക്കുന്ന
നാദാനുസന്ധാന കൈവല്യമേ
[സംഗീതമേ]

ആദിമചൈതന്യ നാഭിയില്‍ വിരിയും
ആയിരമിതളുള്ള താമരയില്‍ (2)
രചനാ ചതുരന്‍ ചതുര്‍മുഖനുണര്‍ന്നു
അ അ അ.....അ.....അ....
അ അ അ.....അ അ അ അ.....
രചനാ ചതുരന്‍ ചതുര്‍മുഖനുണര്‍ന്നു
സര്‍ഗ്ഗം തുടര്‍ന്നു കലയിലൊരു
സ്വര്‍ഗ്ഗം വിടര്‍ന്നു മധുരമധു
രുചിരസുമ നളിനദള കദനഹര
മൃദുലതര ഹൃദയസദന ലതികയണിഞ്ഞു
സംഗീതമേ... അമര സല്ലാപമേ ...

ഓംകാരനാദത്തിന്‍ നിര്‍വൃതി പുല്‍കിയ
മാനവ മാനസ മഞ്ജരിയില്‍ (2)
മുരളീലോലന്‍ മുരഹരനുണര്‍ന്നു
മുരളീലോലന്‍ മുരഹരനുണര്‍ന്നു
സര്‍ഗ്ഗം തുടര്‍ന്നു കലയിലൊരു സ്വര്‍ഗ്ഗം വിടര്‍ന്നു
മധുരമധു രുചിരസുമ നളിനദള കദനഹര
മൃദുലതര ഹൃദയസദന ലതികയണിഞ്ഞു
സംഗീതമേ അമര സല്ലാപമേ
സംഗീതമേ...സനിധ പധനി സംഗീതമേ
അമരസല്ലാപമേ സംഗീതമേ...
സനിധ പധനി സംഗീതമേ ..
ധപമഗ നിധപമ സനിധപ ഗരിമഗരി, സനി, പധനി സംഗീതമേ ..
ഗരിമഗരി സരിധ ഗമപധനി സംഗീതമേ... അമരസല്ലാപമേ...
രിരി,ഗ സരിഗ സരിനിഗരിഗരിസരിസനിരിസനിധപ ഗമപധനിസാ
പധ മപ സനി, ഗരിഗസനിസാ
ധപനിധ സനി,രിസ
ഗരിസസനിസാ..
മഗരിസരിഗാ..
രിഗമഗരിനി, ധനിഗരിസനി, ധസനിധപമാ പനിധപമഗാ ഗമ മപ പധ ധനി നിസ സരി രിഗ ഗമ രിഗ ഗരിരിസസനിസരിസാസസസനി സഗരിരിസനിധ ധനിസനിധപമമാ പനിധധപമഗാഗഗാ മനി,ധപമ പധനിസരി,ഗസാരിസനി ഗരിസനിസ രിസനിധനി സനിധപധ ഗരിസ ഗരിസനിധ രിസനി രിസനിധപ സനിധ സനിധപമ ഗമപധപ മപധനിധ പധനിസനി ഗമപധ ഗമാപധപ മപധനി മപാധനിസ പധനിസ പധാനിസരി ഗരിസനിസ രിസനിധനി സനിധപധ പധനിസ പധനിസരിനിസരിഗാ ഗരിസനിധ രിസനിധപ ഗമപധനി സംഗീതമേ അമര സല്ലാപമേ
സംഗീതമേ അമര സല്ലാപമേ .
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക