നമ്മുടെ വീടുകൾക്കിടയിൽ എന്തിനാണ് ഒരു വേലി?
റോസി അവളുടെ പളുങ്കു മണികൾ പോലുള്ള കണ്ണുകൾ വിടർത്തി എന്നോട് ചോദിച്ചു. റോസി എൻ്റെ അയൽവാസിയാണ്. ആറ് വയസ്സ് പ്രായം. അമേരിക്കക്കാരനായ അപ്പൻ, ഫ്രാൻസിൽ കുടുംബ വേരുകൾ ഉള്ള അമ്മ, അവരുടെ രണ്ടാമത്തെ മകളാണ് റോസി. കൊച്ചിയിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറി ഇവിടെ സ്ഥിര താമസമാക്കാനുള്ള വിസ ലഭിച്ചതോടെയാണ് ഒരു വീട് വാങ്ങുക എന്ന സ്വപ്നം എനിക്കും ഭർത്താവിനും വന്നു ചേർന്നത്. പല വീടുകളും പോയി കണ്ടതിന് ശേഷമാണ് പിൻവശത്ത് കാടുള്ള ഒരു വീട് കണ്ടത്. കണ്ടമാത്രയിൽ തന്നെ ആ വീട് ഞാൻ മോഹിച്ചു പോയി. വില വിചാരിച്ചതിലും അധികമായിരുന്നു എങ്കിലും മോഹിച്ചത് തന്നെ ഞാൻ സ്വന്തമാക്കി. വീട് വാങ്ങിയതിന് ശേഷം അയൽക്കാരെ പരിചയപ്പെട്ടു . നല്ല അയൽപക്കം. എല്ലാം ശുഭം, സ്വസ്ഥം, സമാധാനം.
റോസിയുടെ വീട് ഞങ്ങളുടെ വീടിൻ്റെ വലത് വശത്താണ് വരുന്നത്.’ Next door neighbor ‘ എന്ന് അമേരിക്കൻ ഭാഷ്യം. ഞങ്ങളുടെ വീടുകൾക്കിടയിൽ അതിരുകൾ ഇല്ല. പുല്ല് വെട്ടുമ്പോൾ മാത്രമാണ് ഞങ്ങൾ അതിരുകൾ തിരയുക. എല്ലാ അയൽപക്കക്കാരും സഹൃദയർ ആണെങ്കിലും അവരെ കാണുന്നത് അപൂർവ്വമായിരുന്നു. അമേരിക്കൻ ജീവതത്തിൽ തിരക്ക്കൾ ഒഴിഞ്ഞ നേരം കുറവായിരുന്നു . കാണുമ്പോൾ ഒരു ‘ ഹായ്’ ‘ പറയൽ അല്ലാതെ വലിച്ച് നീട്ടിയുള്ള സംസാരത്തിന് ആർക്കും നേരമുണ്ടായിരുന്നില്ല .
മറ്റ് അയൽപക്കക്കാരെക്കാൾ കൂടുതൽ എനിക്ക് അടുപ്പം റോസിയുടെ വീടുമായായിരുന്നു. അതിന് കാരണം റോസി തന്നെയായിരുന്നു . റോസി എൻ്റെ തൊടിയിലേക്ക് വരാത്ത ദിവസങ്ങൾ ഉണ്ടായിരുന്നില്ല . മാത്രവുമല്ല മറ്റുള്ളവർക്കുള്ള ‘തിരക്ക് ‘ എനിയ്ക്കും റോസിക്കും ഇല്ല! റോസിയെ ഞാൻ ‘ഫയർ ഫ്ലെ’ എന്ന് വിളിച്ചു. മിന്നാമിനുങ്ങിനെ പോലെ പ്രകാശം പരത്തുന്നവൾ …ഇത്തിരി വെട്ടത്തിൽ ജ്വലിക്കുന്നവൾ ! നിങ്ങൾക്ക് ആകുലതയുള്ള ജീവിത പ്രശ്നങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾ കുറച്ച് സമയം റോസിയോട് സംസാരിച്ച് നോക്കൂ. നിങ്ങൾ ഉരുട്ടിയും പരത്തിയും വലുതാക്കുന്ന ആകുലതകളെ നിമിഷ നേരം കൊണ്ട് റോസി കരിയിച്ച് ഇല്ലാതാക്കും . ചട പടാന്നുള്ള ചോദ്യങ്ങൾ ഉതിർത്ത് നിങ്ങളെ സുല്ലടിപ്പിക്കും.
റോസിയുടെ കുത്തും കോമയും ബെല്ലും ബ്രേക്കുമില്ലാത്ത സംസാരം മനസ്സിലാക്കാൻ ആദ്യത്തിൽ എനിക്ക് കഷ്ടപ്പെടേണ്ടി വന്നു . റോസിയുടെ അമേരിക്കൻ ആക്സൻ്റും എൻ്റെ തനി മലയാളി ഉച്ചാരണ രീതിയും കൂട്ടിയിടിച്ച് വലിയ ആശയ കുഴപ്പങ്ങൾ സൃഷ്ടിച്ചു. ഗതാഗത കുരുക്കിൽ നിന്ന് രക്ഷപ്പെടുന്നത് പോലേ ഇടതും വലതും സ്റ്റിയറിങ്ങ് ഒടിച്ച് ഞങ്ങളുടെ സൗഹൃദ വണ്ടിയെ ഓടിക്കാൻ ഞാൻ പരമാവധി ശ്രമിച്ചു. ‘ഇറ്റീസ് നോട്ടെ ബിഗ് ഡീൽ ‘ എന്നും പറഞ്ഞ് റോസി ഞങ്ങളുടെ ആശയ വൈകല്യത്തെ ചുരുട്ടി എടുത്ത് പരിഹാരം കണ്ടു …ആഗ്യഭാഷ! ഒന്നും മനസ്സിലാകാതെ വരുന്ന അവസരത്തിൽ സൈൻ ലാംഗ്വേജ് ഉപയോഗിക്കണം .. സൈൻ ലാംഗ്വേജ് പഠിക്കുന്നത് ഭാവിയിൽ എനിക്ക് ഗുണം ചെയ്യുമെന്ന് റോസി എന്നെ പറഞ്ഞു മനസ്സിലാക്കി. സ്കൂളുകൾ, ഗവൺമെൻ്റ് ഒക്കെ സൈൻ ലാംഗ്വേജ് പ്രോത്സാഹിപ്പിക്കുന്നു. സംസാരിക്കാൻ പറ്റാത്തവർക്ക് കൂടിയുള്ളതാണ് ഈ ലോകം. അതുകൊണ്ട് അവർക്ക് ഗുണം ചെയ്യുന്ന എന്തിനെയും നമ്മൾ പ്രോത്സാഹിപ്പിക്കണം റോസി അടി വരയിട്ടു.
ഉള്ളത് പറയണമല്ലോ റോസിക്ക് എന്നെക്കാൾ കൂടുതൽ അറിവുണ്ട്. പക്ഷികളെ കുറിച്ച്, ദിനോസറുകളെ കുറിച്ച്, വംശനാശം നേരിടുന്ന ജീവികളെ കുറിച്ച് ഒക്കെ റോസി സംസാരിക്കുന്നത് കേട്ടാൽ നമ്മുടെ ചങ്കിടിക്കും. പക്ഷി തൂവലുകൾ ശേഖരിക്കൽ, പൂമ്പാറ്റകളെ കുറിച്ച് പഠിക്കൽ അവയുടെ ചിത്രം വരക്കൽ ഒക്കെ റോസിയുടെ ഹോബികളാണ്. കുറച്ച് പൂച്ചെടികൾ വെക്കൽ അവക്ക് വെളള മൊഴിക്കൽ എന്നിവ മാത്രം ഹോബിയായി കൊണ്ട് നടക്കുന്ന ഞാൻ റോസിയുടെ മുന്നിൽ വട്ട പൂജ്യമാണ്!
ഭാവിയെ കുറിച്ച് റോസിക്ക് വ്യക്തമായ ധാരണയുണ്ട്. എത്രയും പെട്ടന്ന് വലുതായി ലോകത്തെ വിറപ്പിക്കുന്ന രീതിയിലുള്ള ഒരു ആർക്കിയോളജിസ്റ്റ് ആകണം. മണ്ണ് മാന്തി പുതിയ എന്തെങ്കിലും സ്പീഷിസിൻ്റെ എല്ലുകൾ കണ്ടെടുക്കണം . ദിനോസറുകൾ മേഞ്ഞ് നടന്ന സ്ഥലത്ത് പോയിയിരിക്കണം. ജന്തു ശാസ്ത്ര ലാബിൽ പോയി ശാസ്ത്രജ്ഞൻമ്മാരുടെ കണ്ണ് വെട്ടിച്ച് അവർ ഗവേഷണം നടത്തുന്ന തീസിസ്സ്കൾ വായിക്കണം. അവർ കുത്തി നോവിച്ച് പരീക്ഷണം ചെയ്യുന്ന എലികളെയും മറ്റ് ജീവികളെയും രക്ഷിക്കണം. മൊത്തത്തിൽ ജിവിതം രഹസ്യ സ്വഭാവമുള്ളതാകണം . റോസി അതിന് ഒരു ഉദാഹരണം പറഞ്ഞു അതായത് പുറത്ത് നിന്ന് നോക്കിയാൽ നീയൊരു സ്കൂൾ ടീച്ചർ ആണെന്ന് തോന്നണം പക്ഷെ വീടിനുള്ളിൽ ഒരു രഹസ്യ ലാബ് തന്നെ ഉണ്ടാകണം. നിൻ്റെ ജിവിതം ലോകത്തേയും പ്രത്യേകിച്ച് പ്രകൃതിയെ സംരക്ഷിക്കാൻ വേണ്ടി ഉഴിഞ്ഞ് വെക്കണം!
ഒരു ‘ സ്പൈ ഗേൾ ‘ ആണ് താനെന്ന മട്ടിൽ റോസി കൈ കൊണ്ട് ഒരു ആഗ്യം കാണിച്ചു.
‘നമ്മുടെ വീടുകൾക്കിടയിൽ എന്തിനാണ് ഈ വേലി ‘? റോസിയുടെ ശബ്ദം എന്നെ ഓർമ്മകളിൽ നിന്ന് ഉണർത്തി.
റോസിയുടെ ചോദ്യം ന്യായമാണ്. വേലി വരുന്നത് വരെ അവൾക്ക് എന്തൊരു സ്വാതന്ത്ര്യ മായിരുന്നു. എപ്പോൾ വേണമെങ്കിലും എൻ്റെ വീട്ടുമുറ്റത്ത് വരാം, പൂമ്പാറ്റകളേയും കിളികളേയും അണ്ണാനെയും നോക്കാം. പക്ഷി തൂവലുകളും പലതരം ഇലകളും ശേഖരിക്കാം . പക്ഷേ വേലി എല്ലാത്തിനേയും തകർത്തിരിക്കുന്നു .
എൻ്റെ വിരസതയിൽ നിന്നാണ് വേലി എന്ന ആശയം വന്നത്. ഞങ്ങൾക്ക് കുട്ടികൾ ഇല്ല. ഭർത്താവിന് എപ്പോഴും ജോലിത്തിരക്കാണ്. എൻ്റെ ദിവസങ്ങൾ ചുളുങ്ങിയ കിണ്ണം പോലെയായി തുടങ്ങി. വല്ലപ്പോഴും വരുന്ന കൂട്ടുകാരും ഇടക്ക് പുറത്ത് പോയുള്ള ഷോപ്പിങ്ങു മൊഴിച്ചാൽ ജീവതത്തിൽ പുതുമയുള്ളതൊന്നും സംഭവിക്കുന്നില്ല . അങ്ങനെയാണ് ഒരു നായക്കുട്ടിയെ വാങ്ങിക്കുക എന്ന ആശയം എനിയ്ക്കും ഭർത്താവിനും ഉണ്ടായത്. കുട്ടികൾ ഇല്ലാത്ത ഞങ്ങൾക്ക് അത് ഒരു കൂട്ടാവും. അങ്ങിനെ ഞങ്ങൾ ഒരു നായക്കുട്ടിയെ അവസാനം കണ്ടെത്തി. കാണാൻ സുന്ദരൻ പക്ഷേ ഒരു പ്രശ്‌നമുണ്ട് വീട്ടുകാരെയല്ലാതെ നാട്ടുകാരെ അവന് കണ്ടു കൂട! അന്യരെ കണ്ടാൽ കുരച്ച് ബഹളം വെക്കും. അവസരം കിട്ടിയാൽ ഒരു കടിയും കൊടുക്കും. അവൻ വന്നതിന് ശേഷം വീടിന് പിന്നിലെ വിശാലമായ കാട് ഒരു പ്രശ്നമായി. മാറി. വീടിനും കാടിനും ഇടയിൽ വേലിയോ മതിലോ ഇല്ല. നായക്കുട്ടി തരം കിട്ടിയാൽ കാട്ടിനുള്ളിലേക്ക് ഓടി പോകും. അങ്ങിനെയാണ് വേലി എന്ന ആശയം വന്നത്. അമേരിക്കയിൽ ഞങ്ങൾ താമസിക്കുന്നയിടത്ത് കോൺക്രീറ്റ് മതിലുകൾ ഇല്ല. മരത്തടികൾ ചേർത്ത് വെച്ച് കെട്ടുന്ന വേലികളാണുള്ളത് . കാണാൻ ഭംഗിയുമുണ്ട് കാര്യം നടക്കുകയും ചെയ്യും . അങ്ങിനെ തണുപ്പ് കാലത്ത് വേലി കെട്ടാൻ ആളുകൾ വന്നു. ഞാൻ വിചാരിച്ചതിനേക്കാൻ പൊക്കം വേലിയ്ക്ക് വന്നു. വീതിയുള്ള മര പലകകൾ വെച്ച് കെട്ടിയതിനാൽ പുറത്തേക്കുള്ള കാഴ്ചകൾക്ക് തടസ്സം വന്നു. എങ്കിലും നായക്കുട്ടി പുറത്തേക്ക് ഓടി പോകുക എന്ന പ്രശ്നം ഭംഗിയായി പരിഹരിക്കപ്പെട്ടു.
തണുപ്പ് കാലം പോയി, വസന്തം വന്നു. എൻ്റെ പൂന്തോട്ടത്തിൽ പൂക്കൾ വിടർന്നു. പൂമ്പാറ്റകൾ, പലതരം വണ്ടുകൾ, പക്ഷികൾ എല്ലാം വിരുന്നു വന്നു. റോസി ഇടക്കിടെ വരും പൂമ്പാറ്റകളെയും പക്ഷികളെയും നോക്കും അവയുടെ ചിത്രം വരക്കും. എൻ്റെ നായക്കുട്ടിക്ക് പൂന്തോട്ടത്തിൽ ആരും വരുന്നത് ഇഷ്ടമല്ല. റോസിയെ കാണുമ്പോൾ മുരളും. റോസി നായക്കുട്ടിയുമായി സൗഹൃദത്തിന് ശ്രമിച്ചു. നിരാശയായിരുന്നു ഫലം. എൻ്റെ പൂന്തോട്ടത്തിൻ്റെ അധിപതി എന്ന മട്ടിൽ നായക്കുട്ടി റോസിക്ക് നേരെ ചാടി. റോസി ഭയന്നില്ല പക്ഷെ ഞാൻ ഭയന്നു. ഞാൻ റോസി വരുമ്പോഴൊക്കെ നായക്കുട്ടിയെ വീട്ടിനുള്ളിലാക്കും എങ്കിലും ജനലിലൂടെയും വാതിൽ പഴുതിലൂടെയും അവൻ മുരണ്ട് കുരക്കും . എൻ്റെ വീട്ടിൽ വരുമ്പോൾ ഒറ്റക്ക് വേലിയുടെ ഗേറ്റ് തുറക്കരുതെന്ന് ഞാൻ റോസിക്ക് കർശന നിർദ്ദേശം നൽകി.
‘ നമ്മുടെ വീടുകൾക്കിടയിൽ എന്തിനാണ് നിങ്ങൾ വേലി കെട്ടിയത്’ എന്ന ചോദ്യം റോസി എന്നോട് അപ്പോഴാണ് ചോദിക്കുന്നത് . ചോദ്യം കേട്ട് ഞാൻ ചെറുതായി ഒന്ന് ഞെട്ടി. ഈ ചോദ്യം എനിക്ക് ഏകദേശം പതിനൊന്ന് വയസ്സുള്ളപ്പോൾ ഞാൻ എൻ്റെ അമ്മയോട് ചോദിച്ചിട്ടുണ്ട്.
എൻ്റെ വീടിനും മേരിയുടെ വീടിനും ഇടയിൽ മതില് കെട്ടണം എന്ന ആശയം ആദ്യം വന്നത് അമ്മക്കാണ്. നമ്മുടെ വീടിന് ഒരു തലയെടുപ്പ് വേണമെങ്കിൽ ഒരു മതിലുവേണം നല്ല കമ്പി വെച്ച ഒരു ഗേറ്റ്കൂടി ഉണ്ടെങ്കിൽ സംഗതി കൂടുതൽ ഉഷാറാകും അമ്മ അപ്പക്ക് കത്തെഴുതി. ദുബായിലുള്ള അപ്പ അതിൽ വീഴില്ല എന്നായപ്പോ ഭാവിയിൽ നല്ല അയൽക്കാർ തമ്മിൽ ഒരു അതിർത്തി തർക്കം വരരുത് എന്ന് ത്വാതികമായി വിഷയത്തെ ഒടിച്ചു. പാവം അപ്പ അമ്മയുടെ രണ്ടാമത് പറഞ്ഞ അവലോകനത്തിൽ മൂക്കും കുത്തി വീണു!
ദുബായിൽ നിന്ന് മതിലിനായുള്ള പണം വന്നു. ഞാനും മേരിയും എൻ്റെ അനിയൻ ദീപുവും മേരിയുടെ അനിയൻ ഫ്രാങ്കോയും അതിരുകളില്ലാത്ത പറമ്പിൽ സ്കൂൾ കഴിഞ്ഞ് ഒത്ത് കൂടുമായിരുന്നു. കുറച്ച് സമയം ബാറ്റ്മിൻ്റൻ കളിക്കും പിന്നെ സ്കൂളിലെ ഓരോ വിഷയങ്ങൾ ചർച്ച ചെയ്യും. തമാശകൾ പറയും പൊട്ടി ച്ചിരിക്കും. പ്രണയ ബന്ധങ്ങളെ കുറിച്ച് സംസാരിക്കും. ഞാനും മേരിയും ആർത്തവത്തെ കുറിച്ചും ലൈംഗികതയുടെ ആദ്യ പാഠങ്ങളെ കുറിച്ചും കുശുകുശുക്കും. അമ്മയുടെ മതിൽ എന്ന ആശ ഞങ്ങളുടെ സൗഹൃദത്തെ തകർത്തു. ഞങ്ങളുടെ മാത്രമല്ല അമ്മയുടെയും മേരിയുടെ മമ്മി ലൗലി ആൻ്റിയുടെയും സൗഹൃദത്തെയും അത് ഉലച്ച് കളഞ്ഞു. ഞങ്ങളുടെ കളിക്കളം നഷ്ടപ്പെട്ടു എന്ന് മാത്രമല്ല ഈസ്റ്ററിന് അവർ വെക്കുന്ന ഗോട്ട് വിന്താലുവും ഓണത്തിന് ഞങ്ങൾ ഉണ്ടാക്കുന്ന പായസവും വളഞ്ഞ വഴികളിലൂടെ കൊണ്ട് പോയി കൊടുക്കുന്ന പരിപാടി ഞങ്ങൾക്ക് മടുത്തു. ഗേറ്റും കോളിംഗ് ബെല്ലും കാത്ത് നിൽപ്പും അരോചകമായി .
“അമ്മ എന്തിനാണ് നമുക്കും ലൗലി ആൻ്റിക്കും ഇടയിൽ മതിൽ കെട്ടിയത് എന്ന ചോദ്യം ഞാൻ പൊട്ടിത്തെറിച്ചു ചോദിച്ചത് അപ്പോഴാണ്.
എൻ്റെ പതിമൂന്നാം ജന്മദിനത്തിന ആഘോഷത്തിന് വന്ന ഫ്രാങ്കോ എവിടെയോ കിടന്നിരുന്ന മൊട്ട് സൂചി കൊണ്ട് ബലൂണുകൾ കുത്തി പൊട്ടിക്കുന്നത് കണ്ട ദീപു അത് അമ്മയോട് പറഞ്ഞു. അമ്മ അത് ലൗലി ആൻ്റിയോടും. അത് കഴിഞ്ഞ് എന്ത് സംഭവിച്ചു എന്ന് എനിക്കറിയില്ല. പിന്നീട് ഞങ്ങളുടെ ഗേറ്റ് കടന്നു മേരിയും ഫ്രാങ്കോയും വന്നിട്ടില്ല. വഴിയിൽ കണ്ടാൽ ഒരു പുഞ്ചിരി. സുഖമല്യോ മോളെ എന്ന ലൗലിയാൻ്റിയുടെ ഔപചാരികയോടെയുള്ള ലോഹ്യം പറച്ചിൽ.. ഇതിലൊക്കെ ഞങ്ങളുടെ സ്വപ്നസുന്ദര അയൽപക്കം ഒതുങ്ങി പോയി.
‘ എന്തിനാണ് നമുക്കിടയിൽ നിങ്ങൾ വേലി കെട്ടിയത് എന്ന റോസിയുടെ ചോദ്യം എൻ്റെ ഭൂതകാലത്തിൽ നിന്ന് ആരോ വന്ന് തപ്പിയെടുത്ത് എനിക്ക് നേരെ എറിഞ്ഞതായി എനിക്ക് തോന്നി. റോസിയുടെ ചോദ്യം ന്യായമാണ്. ഞങ്ങളുടെ വേലിക്ക് ഇത്രയും പൊക്കം ഉണ്ടാകുമെന്ന് ഞാൻ കരുതിയില്ല. ഇത്രയും നാൾ തൊട്ടടുത്ത് എന്ന പോലെ തോന്നിയിരുന്ന റോസിയുടെ വീടിൻ്റെയും എൻ്റെ വീടിൻ്റെയും അകലം കൂടിയിരിക്കുന്നു. എൻ്റെ പൂന്തോട്ടത്തിൻ്റെ അധിപതിയായി വിലസി നടക്കുന്നവനാകട്ടെ ഇഷ്ടമില്ലാത്ത ഒരു ജീവിയെ പോലും ഉള്ളിലേക്ക് കടത്തി വിടുകയുമില്ല. റോസി ഇടക്ക് വന്ന് വാതിൽ മുട്ടും ഏഴാം ജന്മദിനത്തിന് റോസിക്ക് ഒരു സ്മാർട്ട് ഫോൺ സമ്മാനമായി കിട്ടിയിട്ടുണ്ട്. അത് ഉപയോഗിച്ച് പൂമ്പാറ്റകളുടെ വീഡിയോ നിർമ്മിക്കുന്നുണ്ട് . ദിവസം ചെല്ലുന്തോറും റോസിയുടെ മുഖത്ത് മ്ലാനത വന്നു. പൂന്തോട്ടത്തിലേക്ക് വരാനുള്ള ആവേശം കുറഞ്ഞു.
‘എന്തു പറ്റി റോസി ‘?
എനിക്ക് നിങ്ങളുടെ ഫെൻസ് (വേലി) ഇഷ്ടമല്ല. വലിയൊരു മലമ്പാമ്പ് പോലെ നിങ്ങളുടെ പൂന്തോട്ടത്തിന് ചുറ്റും അത് പതുങ്ങി കിടക്കുന്നു.
ഞാൻ ചിരിച്ചു.
‘ എനിക്ക് ഇവിടെ ആരുടെയും അനുവാദം ചോദിക്കാതെ കയറി വരാമായിരുന്നു . ഇപ്പോൾ നിങ്ങൾ വന്ന് ഗേറ്റ് തുറക്കണം. നിങ്ങളെ ഞാൻ ബുദ്ധിമുട്ടിപ്പിക്കുന്നു .
‘നിനക്ക് ഇവിടേക്ക് എപ്പോഴും കടന്ന് വരാം. ഇത് നിൻ്റെ പൂന്തോട്ടം കൂടിയല്ലേ?
‘മറ്റൊരാളുടെ പ്രോപ്പർട്ടിയിലേക്ക് കടക്കുന്നത് നിയമവിരുദ്ധമാണ്’. റോസി പറഞ്ഞു.
റോസി വളർന്നിരിക്കുന്നു . പണ്ട് അവൾ നിയമങ്ങളെ പേടിച്ചിരുന്നില്ല . കുറച്ച് വണ്ടുകളുടെ ചിത്രമെടുത്ത് റോസി പോയി. പീന്നീട് റോസിയുടെ വരവ് തീരെ കുറഞ്ഞു. ഇടക്ക് ഞാൻ വേലിയുടെ അടുത്ത് നിന്ന് അവളുടെ വീട്ടിലേക്ക് നോക്കും. കണ്ടാൽ പരസ്പരം കൈ വീശും.
ശൈത്യം വീണ്ടും വന്നു. മഞ്ഞു പാളികൾ കനത്തു . രണ്ട് മാസം പനിയും ചുമയുമായി എനിക്ക് പുറത്തിറങ്ങാൻ പറ്റിയില്ല. റോസിയെ കണ്ടിട്ട് കാലം കുറച്ചായി. എനിയ്ക്കും റോസിയ്ക്കും ഇടയിലുള്ള ‘ദൂരം’ കൂടി കൊണ്ടിരുന്നു. തണുപ്പ് കഴിഞ്ഞ് ചൂട് വരുന്നതും കാത്ത് ഞാനിരുന്നു. ഇലകൾ തളിർക്കുന്നതും പൂന്തോട്ടത്തിൽ പൂക്കൾ വിരിയുന്നതും കാണണം . സൂര്യൻ്റെ ചൂടേറ്റ് റോസിയുമായി സംസാരിക്കണം.
തണുപ്പ് കുറഞ്ഞ ഒരു ദിവസം അടുത്തുള്ള സൂപ്പർ മാർക്കറ്റിൽ വെച്ച് റോസിയുടെ അമ്മയെ കണ്ടു. അടുത്ത വർഷം റോസി എലിമെൻ്ററി സ്കൂളിലാകും . നല്ലൊരു സ്കൂളിലേക്ക് റോസിയെ മാറ്റണം. അത് മാത്രമല്ല റോസിക്ക് ഒരു അനിയൻ ജനിക്കാൻ പോകുന്നു. ഈ വീട് വിറ്റ് കുറച്ച് കൂടി നല്ല സ്ഥലത്തേക്ക് മാറണം . പ്രതീക്ഷിക്കാത്ത ഈ വാർത്ത എന്നിൽ തളർച്ച വരുത്തി. അന്നത്തെ ദിവസം ഒരു ശോക ഗാനം പോലെ നനഞ്ഞു നീങ്ങി. വസന്തം വന്നു. റോസിയുടെ വീട് വിൽപ്പയ്ക്ക് വെച്ചു. ഒരു ദിവസം റോസി എന്നെ കാണാൻ വന്നു . ഞങ്ങൾ ഈ സ്ഥലം വിട്ട് പോകുകയാണ് . വീട് വിറ്റു. രണ്ടാഴ്ചക്കുള്ളിൽ പുതിയ താമസക്കാർ വരും. ഞാൻ നിങ്ങളെ ഒരുപാട് മിസ്സ് ചെയ്യും…
ഞാനും…എൻ്റെ വാക്കുകൾ ശോഷിച്ചു. റോസി ഒരു പുസ്തകം എനിക്കായ് നീട്ടി. എൻ്റെ പൂന്തോട്ടത്തിൽ വന്ന് പലപ്പോഴായി വരച്ച ചിത്രങ്ങൾ.. എടുത്ത ഫോട്ടോകൾ അതിൽ ചിത്ര ശലഭങ്ങളും, വണ്ടുകളും , പൂക്കളും ഞാനും എന്തിന് എൻ്റെ നായക്കുട്ടി പോലുമുണ്ട്. അവൾ അതിന് താഴെ ഇംഗ്ലീഷിൽ മനോഹരമായ കുറിപ്പ് എഴുതിയിരിക്കുന്നു. പുസ്തകത്തിൻ്റെ അവസാന പേജിൽ ഞാനും റോസിയും നിൽക്കുന്ന ഒരു ചിത്രമുണ്ട് ഞങ്ങൾക്ക് നടുവിലായി റോസി കറുത്ത നിറത്തിൽ വേലിയെ വരച്ചിരിക്കുന്നു വേലിക്ക് ഒരു പെരുമ്പാമ്പിനെ മുഖമാണ്, വായ പിളർത്തി മൂർച്ചയുള്ള പല്ലുകൾ കാണിച്ച് ഇര വിഴുങ്ങാൻ ഇരിക്കുന്ന പെരുമ്പാമ്പ്…എന്നിട്ട് അതിനടിയിലായി
“people may change but memories last for ever” എന്ന് മനോഹരമായ കൈപ്പടയിൽ എഴുതി റോസി എന്ന് പേരെഴുതി ഒപ്പിട്ടിരിക്കുന്നു.
റോസി എന്നോട് യാത്ര പറഞ്ഞു. കാറ്റിൽ പറക്കുന്ന ചുരുണ്ട ചെമ്പൻ മുടി, വെള്ളാരം കല്ല് പോലുള്ള കണ്ണുകൾ, നേർത്ത വിരലുകൾ…
ഞാൻ പോയി അവളെ കെട്ടിപ്പിടിച്ചു. നെറ്റിയിൽ ചുംബിച്ചു. അവളുടെ കണ്ണുകൾ നനഞ്ഞു. എൻ്റെയും.
ഇതിനിടയിൽ ഒരു ഊക്കൻ കാറ്റ് ഞങ്ങളുടെ ഇടയിലേക്ക് കടന്നു വന്നു. ടപ്പെ എന്ന ശബ്ദത്തോടെ എൻ്റെ പൂന്തോട്ടത്തിൻ്റെ ഗേറ്റ് തുറന്നു. റോസിയും ഞാനും ഞെട്ടിതിരിഞ്ഞ് ഗേറ്റിനെ നോക്കി. റോസി പുഞ്ചിരിച്ചു. ഞങ്ങൾ യാത്ര പറഞ്ഞു. ഞാൻ നേരെ പൂന്തോട്ടത്തിലേക്ക് പോയി . വ്യസനമുണർത്തുന്ന മൂളലോടെ ഒരു തേനീച്ച ഒരു പൂവിൽ നിന്ന് മറ്റൊരു പൂവിലേക്ക് പറക്കുന്നതും നോക്കി ഞാൻ നിന്നു. അകലെയായി മൂടുപടം പോലെ റോസിയുടെ വീട്.. റോസി വന്ന് കൈ വീശുന്ന വരാന്ത, ഇരിക്കുന്ന ചെറിയ കസേര. ഞാൻ പിന്തിരിഞ്ഞ് നോക്കാതെ വീട്ടിലേക്ക് നടന്നു. എൻ്റെ നായക്കുട്ടി പിന്നിലൂടെ വന്ന് എൻ്റെ കയ്യിൽ നക്കി. ഞാൻ അവനെ തട്ടി മാറ്റി നടന്നു .പൂന്തോട്ടത്തേയും ചിത്രശലഭങ്ങളെയും പക്ഷികളെയും ഞാൻ ഒരു നിമിഷം വെറുത്തു. വീട്ടിലേക്ക് കയറുന്നതിന് മുമ്പ് ഞാൻ വീണ്ടും റോസിയുടെ വരാന്തയിലേക്ക് നോക്കി. ആരുമില്ല. എൻ്റെ പൂന്തോട്ടത്തിൽ നിറയെ പൂക്കൾ ഉണ്ട് പക്ഷെ ഒരു വ്യസനിക്കുന്ന തേനീച്ചയല്ലാതെ പൂമ്പാറ്റകളോ കിളികളോ ഇല്ല. ശൂന്യത മാത്രം . ഇതിനിടയിൽ വേലിയുടെ ഗേറ്റ് ശക്തമായ കാറ്റിൽ വീണ്ടും ഇളകിയാടി. ആരോ വിഴുങ്ങുവാൻ വരുന്നു എന്ന മട്ടിൽ എൻ്റെ നായക്കുട്ടി വീട്ടിലേക്ക് ഓടി കയറി അവൻ്റെ പരാക്രമണം കണ്ട് ഞാനും വീട്ടിലേക്ക് ഓടി കയറി വാതിലടച്ചു.
വീടിനുള്ളിൽ കയറി ഞാൻ റോസി സമ്മാനമായി തന്ന പുസ്തകമെടുത്തു. അതിനെ തലോടി, ചുണ്ടോട് ചേർത്തു. എൻ്റെ കണ്ണ് നീരിനെ അടക്കാനെനിക്കായില്ല. ഞാൻ കരയുന്നത് കണ്ട് എൻ്റെ നായക്കുട്ടി വന്ന് എൻ്റെ കാലിൽ മുഖം ചേർത്ത് കിടന്ന് മൂക്കുരസി.
ഞങ്ങൾക്ക് പിന്നിൽ, അതിർത്തി കാക്കാൻ ഞാൻ പണിതിട്ട രണ്ടാൾ പൊക്കമുളള വേലി കറുത്ത മലമ്പാമ്പിനെ പോലെ, വായ് പിളർത്തി ,മൂർച്ചയുള്ള പല്ലുകൾ കാട്ടി അലസമായി എൻ്റെ തൊടിയിലൂടേ ഇഴഞ്ഞു നടന്നു !