ഇക്കഴിഞ്ഞതു തുലാപ്പത്ത്. ഇനി ഇടവപ്പാതി വരെയുള്ള കാലയളവിൽ വടക്കൻ കേരളത്തിൽ തെയ്യക്കാലം. കോഴിക്കോടു മുതൽ കാസർഗോഡു വരെയുള്ള പ്രദേശം ചെണ്ടയുടെയും ചിലമ്പിൻ്റെയും മേളപ്പെരുക്കത്തിൽ പ്രകമ്പനം കൊള്ളും. മൺമറഞ്ഞുപോയ പടനായകന്മാരുടെയും, ഗ്രാമദേവതകളുടെയും, നായാട്ടു വീരന്മാരുടെയും ആത്മാവ് ഉൾക്കൊണ്ടുകൊണ്ടു തെയ്യക്കോലങ്ങൾ ഉറഞ്ഞുതുള്ളും!
കണ്ണൂർ മാടായി സ്വദേശി രജിൻലാൽ പണിക്കർ ഉപജീവനാർത്ഥം ചെയ്തുകൊണ്ടിരിക്കുന്ന പ്രവർത്തിയ്ക്ക് തെയ്യക്കാലമെത്തിയാൽ പിന്നെ രണ്ടാം സ്ഥാനമേയുള്ളൂ. മുതിർന്ന തെയ്യം കലാകാരനായിരുന്ന പിതാവ് മനോഹരൻ പണിക്കർ മാടായി 2008-ൽ മരണമടഞ്ഞു. അതുവരെ രണ്ടോ മൂന്നോ തെയ്യങ്ങൾ കെട്ടിയുള്ള പരിചയം മാത്രമുണ്ടായിരുന്ന പുത്രനെ തൻ്റെ സ്ഥാനം ഏൽപിച്ചതിനു ശേഷമാണ് അദ്ദേഹം കണ്ണടച്ചത്.
"കാവുകളിൽ തിരി തെളിഞ്ഞാൽ പിന്നെ, തെയ്യം കഴിഞ്ഞേ എനിയ്ക്കു മറ്റെന്തുമുള്ളൂ," തീച്ചാമുണ്ഡിക്കോലം ഉൾപ്പെടെ 160-ലേറെ തവണ കനലാട്ടം നടത്തിയ യുവ കോലധാരി രജിൻലാൽ പറഞ്ഞു തുടങ്ങി...
🟥 തീച്ചാമുണ്ഡി കെട്ടി, പദവി ലഭിച്ചു
കണ്ണൂർ മാടായി ഇട്ടമ്മൽ പുതിയഭഗവതിക്കാവിൽ തീച്ചാമുണ്ഡി കെട്ടിയതിനു ശേഷമാണ് എനിയ്ക്കു പണിക്കർ പദവി ലഭിച്ചത്. തുടർന്നു നിരവധി കോലങ്ങൾ ഞാൻ ധരിച്ചു. പൊട്ടൻ, ഗുളികൻ, വിഷ്ണുമൂർത്തി, ഉച്ചിട്ട, നാരദൻ, ഭൈരവൻ, തീച്ചാമുണ്ഡി, മടയിൽ ചാമുണ്ഡി, രക്ത ചാമുണ്ഡി... ഇനിയുമുണ്ട് ഞാൻ ധരിച്ച കോലങ്ങൾ! മൊത്തത്തിൽ അഞ്ഞൂറോളം തെയ്യങ്ങളുണ്ട്. എല്ലാ തെയ്യക്കോലങ്ങളും ധരിച്ച ഒരു കലാകാരൻ പോലും ഉണ്ടാവില്ല! ഹൃദ്യവും ആകർഷകവുമാണ് തെയ്യത്തിൻ്റെ മുഖത്തെഴുത്ത്. പളപളപ്പുള്ള കുരുത്തോലയും നിറപകിട്ടുള്ള പൂക്കളും മറ്റും ഉപയോഗിച്ചു നിർമിക്കുന്നതാണു മനോഹരമായ ആടയാഭരണങ്ങൾ. ചെണ്ട, ചേങ്ങില, തകിൽ, ഇലത്താളം, കുറുംകുഴൽ മുതലായ വാദ്യോപകരങ്ങളാണ് അകമ്പടിയ്ക്ക്. തെയ്യം അവതരണത്തിൻ്റെ ഏകദേശം എല്ലാ ഘട്ടങ്ങളിലും വാദ്യമേളം അനിവാര്യമാണ്. അങ്ങനെ കലാസ്വാദനവും വിശ്വാസവും സമ്മേളിക്കുകയാണു തെയ്യത്തിൽ. തുടർച്ചയായ പരിശീലനത്തിലൂടെ മാത്രമെ പുതിയൊരാൾക്ക് മെയ് വഴക്കമുള്ളൊരു തെയ്യം കലാകാരനാകാൻ കഴിയൂ.
🟥 പട്ടും വളയും
ചിറക്കൽ കോവിലകത്തു 45 വർഷങ്ങൾക്കു ശേഷം നടന്ന പെരുംകളിയാട്ടത്തിൽ തീച്ചാമുണ്ഡി കെട്ടി കനലാട്ടം നടത്തിയതിലെ അവതരണ മികവ് വിലയിരുത്തി മികച്ച കോലധാരിയ്ക്കുള്ള പട്ടും വളയും സ്വീകരിക്കാൻ എന്നെ തിരഞ്ഞെടുത്തിട്ടുണ്ടെന്ന വിവരം എളിമയോടെ പറയുന്നു. അപ്പൻ ഏൽപിച്ചുപോയ ആ നിയോഗം ഞാൻ ശരിയായ രീതിയിൽ നിർവഹിക്കുന്നുണ്ടല്ലൊ; എനിയ്ക്ക് അത്രയും മതി!
🟥 ദൈവമാണു തെയ്യമായത്
സംസ്ഥാന സാംസ്കാരിക വകുപ്പിൻ്റെ അംഗീകാരമുള്ള 27 അനുഷ്ഠാന കലകളിൽ ഏറ്റവും പ്രശസ്തമായ അവതരണമാണ് ഉത്തര കേരള സംസ്കൃതിയായ തെയ്യാട്ടം, അല്ലെങ്കിൽ കളിയാട്ടം. ദൈവമെന്ന പദത്തിൻ്റെ ചെന്തമിഴ് വായ്മൊഴിയാണ് 'തെയ്യ'മെന്നതെങ്കിലും, ദേവതകൾക്കൊപ്പം മൺമറഞ്ഞ വീരപുരുഷന്മാരുടെയും ആദരണീയരായ പൂർവികരുടെയും സങ്കല്പങ്ങൾ കോലങ്ങളായി ആവിഷ്കരിക്കപ്പെടുന്നു. അവയിൽ ഏറ്റവും പ്രചാരത്തിലുള്ള കുറച്ചു തെയ്യങ്ങളാണ് ഞാൻ ഇതുവരെ ധരിച്ചത്. ഇന്നത്തെ കണ്ണൂർ-കാസറഗോഡ് ജില്ലകൾ ചേർന്ന പഴയ കോലത്തുനാടാണ് തെയ്യ സംസ്കൃതിയുടെ സിരാകേന്ദ്രം. എന്നാൽ, പ്രാചീനമായ ദ്രാവിഡപ്പഴമയാണ് തെയ്യങ്ങളുടെ രൂപഭാവങ്ങൾ! ഇന്നു കാണുന്ന കേരളം നൂറ്റാണ്ടുകളിൽ പ്രാചീന തമിഴ് സാമ്രാജ്യങ്ങളുടെ ഭാഗവുമായിരുന്നല്ലൊ.
🟥 കഥയുള്ള കഥാപാത്രങ്ങൾ
ഓരോ കഥാപാത്രത്തിനു പുറകിലും ഒരു കഥയുണ്ട്. ആ കഥകൾ ഉൾക്കൊണ്ടാൽ മാത്രമേ അവയുടെ തനതായ സ്വരൂപം കോലത്തിൽ കൊണ്ടുവരാൻ കഴിയൂ. തോറ്റം (സ്തോത്രം) പാട്ടുകളുടെ ലയത്തിൽ തെയ്യം ചെയ്യുന്ന നൃത്തമാണ് തെയ്യാട്ടം; വേഷം തെയ്യക്കോലവും. ചില തെയ്യങ്ങളുടെ ചമയങ്ങൾ തമ്മിൽ സാദൃശ്യമുണ്ടാകാം, പക്ഷേ, മുഖത്തെഴുത്ത് വളരെ വിഭിന്നമായിരിയ്ക്കും. ഏറെ മനോഹരമാണെങ്കിലും, പെട്ടെന്ന് പിടികിട്ടാത്തതാണ് തെയ്യങ്ങളുടെ മുഖഭാവങ്ങൾ. വേഷം ഏതായാലും കോലധാരി കാവുനടയിലെത്തി ആ ക്ഷേത്രത്തിലെ ഉപാസനാമൂർത്തിയായി സ്വയം മാറുന്നതോടെയാണ് അനുഷ്ഠാനത്തിൻ്റെ പ്രധാനഘട്ടം തുടങ്ങുന്നത്. വ്രതശുദ്ധി എടുക്കേണ്ട കാലദൈർഘ്യവും അണിയുന്ന തെയ്യക്കോലത്തിനനുസരിച്ചു വ്യത്യാസപ്പെടുന്നു.
🟥 ചുവപ്പും മഞ്ഞയും തെയ്യവർണ്ണങ്ങൾ
തെയ്യത്തിൻ്റെ പ്രാഥമിക നിറങ്ങൾ ചുവപ്പും മഞ്ഞയുമാണ്. ജ്വലിക്കുന്ന ചുവപ്പും, ദൈവികഭാവം നൽകുന്ന കാവിമഞ്ഞയും ചേരുമ്പോൾ തെയ്യങ്ങൾ ഭാവസമ്പൂർണ്ണമാകുന്നു. കറുപ്പും വെളുപ്പും വേണ്ട വിധം കലർത്തിയാണ് കണ്ണുകളിലെ തീക്ഷ്ണഭാവം വെളിപ്പെടുത്തേണ്ടത്. കുരുത്തോലച്ചാർത്തണിഞ്ഞ മാരിത്തെയ്യം പോലെയുള്ളവ മഞ്ഞ-പച്ച നിറങ്ങളുടെ സംയോജനമെങ്കിൽ, കുട്ടിച്ചാത്തൻ പോലെയുള്ളവയിൽ കറുപ്പാണ് മുന്തിനിൽക്കുന്ന നിറം.
🟥 അനുഷ്ഠാനം
കോലധാരിയുടെ അനുഷ്ഠാനം തുടങ്ങുന്നത് നിശ്ചിത കാലയളവിലെ വ്രതശുദ്ധി എടുക്കുന്നതോടെയാണ്. തെയ്യം നടത്താൻ ഉത്തമമായ തീയതി കണ്ടു ജന്മാധികാരിയ്ക്കു (കാരണവർ സ്ഥാനത്തുള്ള മുൻ കോലധാരി) ദക്ഷിണ വച്ചു അടയാളം നൽകുന്നു. പൊട്ടൻ (പൊലപ്പൊട്ടൻ) തെയ്യമാണ് കെട്ടുന്നതെങ്കിൽ അഞ്ചു ദിവസത്തെ വ്രതം നോറ്റു കളിയാട്ട രാവിനായി കാത്തിരിക്കും. കളിയാട്ട ദിവസം അതിരാവിലെ തറവാട്ടു ക്ഷേത്രത്തിൽ പോയി ശിവനു പ്രിയമുള്ള ജലധാര കഴിച്ചു, കലശം കുളിച്ചു, നേരെ കളിയാട്ടം അരങ്ങേറുന്ന കാവുനടയിലേയ്ക്കു പുറപ്പെടുന്നു. ദീർഘമായ തോറ്റം പട്ട് ഉൾപ്പെടെയുള്ള നിരവധി ചടങ്ങുകൾക്കൊടുവിൽ പുലർച്ച മൂന്നു മണിയോടെ അണിയറയിലെത്തി ആടയാഭരണങ്ങളും, തലയിൽ കുരുത്തോല മുടിയും, അരയിൽ വെള്ളക്കുരുത്തോലയും, ദേഹത്തു അരിച്ചാന്തും പൂശി, പൊട്ടൻ ദൈവത്തെ വരവിളിയ്ക്കും. തുടർന്നു പൂജിച്ച മുഖമെടുത്തു കോലധാരി അണിയും. ഉറഞ്ഞു തുള്ളി മാടിക്കോലും കൊക്കര കത്തിയും കയ്യിൽ പിടിച്ചു,
കത്തിച്ചുപിടിച്ച ചൂട്ടുകൾ തട്ടിത്തെറിപ്പിച്ചു തീപ്പൊരിയിൽ ഉറഞ്ഞാടി, മന്ത്രോച്ചാരണംകൊണ്ടു പൊട്ടൻ ദൈവത്തെ (പരമശിവനെ) തന്നിലേയ്ക്ക് ആവാഹിക്കുന്നു. ഇനി കനലാട്ടം! ഉറഞ്ഞ് എണീറ്റു നേരെ തീപാറുന്ന കനലുകൾ കൂട്ടിവെച്ച മേലേരിയിൽ പോയി കിടന്നും ഇരുന്നും കളിച്ചും... ശക്തിപൂജ കഴിച്ചു വരുന്നവരുടെ സങ്കടങ്ങളെ കേട്ടു പരിഹാരവും ഭസ്മവും കൊടുത്തു കണ്ണുനീരൊപ്പുന്നു. കത്തിച്ച ചൂട്ടു വാങ്ങി പൂർവാധികം ശക്തിയിൽ ഉറഞ്ഞു തുള്ളി ബാക്കിയുള്ളവർക്കും അനുഗ്രഹം കൊടുക്കുന്നു. നേരം വെളുക്കാറായി! മെല്ലെമെല്ലെ ചെണ്ടയും തകിലും കൊട്ടി കലാശിക്കുന്നു. ഒടുവിൽ മുഖാവരണം എടുത്തുമാറ്റുന്നതോടെ കോലധാരി വീണ്ടും പച്ചയായ മനുഷ്യനായിത്തീരുന്നു!
🟥 തെയ്യങ്ങളുടെ മതേതര സ്വഭാവം
ഹിന്ദുമത വിശ്വാസം നിലവിൽ വരുന്നതിനു എത്രയോ മുമ്പു തന്നെ തെയ്യം എന്ന നാട്ടുസംസ്കൃതി നിലനിന്നിരുന്നുവെന്നാണ് ചരിത്രം. എന്നാൽ, തെയ്യങ്ങളുടെ വികസന വഴികളിൽ പല ഘട്ടങ്ങളിലായി ഹൈന്ദവ ആചാരങ്ങൾ തെയ്യത്തിൽ വേർതിരിക്കാനാവാത്ത വിധം ലയിച്ചു പോയെന്നു രേഖകളിൽ കാണുന്നു. തെയ്യമെന്ന പേരു പോലും 'ദൈവ'മെന്ന സംസ്കൃത പദത്തിൻ്റെ വാമൊഴി രൂപമാണെന്ന യാഥാർത്ഥ്യം ഇതിനു ഏറ്റവും വലിയ തെളിവുമാണ്. വിഖ്യാതമായ തെയ്യങ്ങളിൽ മാപ്പിളത്തെയ്യങ്ങളുടെ സ്ഥാനവും ഒട്ടും പുറകിലല്ല. മുക്രി പോക്കർ തെയ്യവും, ആലിത്തെയ്യവും, ഉമ്മച്ചിത്തെയ്യവും, ബീവിത്തെയ്യവും, ബപ്പൂരിയൻ രൂപങ്ങളും ഉൾപ്പെടെ മാപ്പിളത്തെയ്യങ്ങൾ നിരവധിയാണ്. എല്ലാം സർക്കാർ അംഗീകാരമുള്ള അനുഷ്ഠാന കലകൾ തന്നെ.
🟥 ഹൃദ്യമായ തെയ്യക്കോലങ്ങൾ
മുച്ചിലോട്ടമ്മയാണ് തെയ്യക്കോലങ്ങളിലെ സൗന്ദര്യത്തികവ്. ഭഗവതിയുടെ ഗാംഭീര്യം അവതരിപ്പിയ്ക്കുമ്പോൾ മനോഹാരിത ചോർന്നു പോകാതിരിയ്ക്കാൻ മുഖമെഴുത്തുകാർ അങ്ങേയറ്റം ശ്രദ്ധിക്കണം. ചന്തത്തിലും ആകാരസൗഷ്ഠവത്തിലും കേളൻകുളങ്ങര ഭഗവതിയും, ചോന്നമ്മ ഭഗവതിയും ഒട്ടും പുറകിലല്ല. ആദരണീയനായ മുത്തപ്പനും, കതിവനൂർ വീരനും, പുലിമറഞ്ഞ തൊണ്ടച്ചനും, തച്ചോളി ഒതേനനും, പയ്യമ്പള്ളി ചന്തുവും, ചേരമാൻ കെട്ടിൽ പടനായരും ഏറെ മുന്തിയ തെയ്യങ്ങളാണ്. വടക്കൻപാട്ടുകൾ പലതും ചലച്ചിത്രമാക്കിയതിനാൽ, മൺമറഞ്ഞുപോയ സാഹസികരിൽ ഒതേനനും ചന്തുവും അരെന്നു എല്ലാവരുമറിഞ്ഞു.
അതുപോലെ ഇന്നലെകളിലെ വീരസ്വഭാവമുള്ളവരാണ് ഇന്നു തെയ്യരൂപം ലഭിയ്ക്കുന്ന ബാക്കിയുള്ളവരുമെന്നു അനായാസേന കരുതാവുന്നതേയുള്ളൂ. മുമ്പു സൂചിപ്പിച്ചതുപോലെ ഓരോ കഥാപാത്രത്തിനും പറയാനുണ്ടൊരു കഥ, പക്ഷേ ചലച്ചിത്രങ്ങളിലൊന്നും പ്രതിപാദിക്കപ്പെടാത്തവരാണെങ്കിൽ, ചരിത്ര പുസ്തകങ്ങളിൽ നിന്നേ അവരെ അറിയാനുള്ള അവസരമുള്ളൂ. തെയ്യം കലാകാരനായ കണ്ണൻ്റെ കഥ പറയുന്ന 'കളിയാട്ടം' സുരേഷ് ഗോപിയ്ക്ക് 1997-ലെ മികച്ച നടനുള്ള ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നേടിക്കൊടുക്കുക മാത്രമല്ല ചെയ്തത്, തെയ്യമെന്തെന്നു എല്ലാവർക്കും പരിചയപ്പെടുത്തുകയുമായിരുന്നു!
🟥 കുടുംബ പശ്ചാത്തലം
കണ്ണൂർ ജില്ലയിലെ മാടായി ഗ്രാമപഞ്ചായത്തിൽ ജനിച്ചു വളർന്നു. അമ്മ, ജയകുമാരി; പത്നി, ശ്രുതി. മകൾ റിതിക LKG-യിൽ പഠിക്കുന്നു.