വാഷിംഗ്ടൺ, ഡിസി - നവംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ ടിക്കറ്റിൽ മത്സരിച്ച നിരവധി ഇന്ത്യൻ അമേരിക്കക്കാർ മികച്ച പ്രകടനം കാഴ്ചവച്ചു.നേരിയ വോട്ടുകൾക്ക് പരാജയപ്പെട്ടവരെ നാളെയുടെ വാഗ്ദാനങ്ങളായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. വോട്ടെണ്ണൽ പൂർത്തിയായ സ്റ്റേറ്റുകളിൽ ശ്രദ്ധേയമായ മികവ് പുലർത്തിയവരെ പരിചയപ്പെടാം.
രേണുക മായാദേവ്
വിസ്കോൺസിൻ സ്റ്റേറ്റ് അസംബ്ലിയിലേക്ക് ഡിസ്ട്രിക്റ്റ് 77-ൽ നിന്ന് വിജയിച്ച രേണുക മായാദേവിന്റെ മാതാപിതാക്കൾ 1960-കളുടെ അവസാനത്തിൽ ഇന്ത്യയിൽ നിന്ന് അമേരിക്കയിൽ കുടിയേറിയവരാണ്. യൂണിവേഴ്സിറ്റി ഓഫ് വിസ്കോൺസിൻ സ്കൂൾ ഓഫ് മെഡിസിൻ ആൻഡ് പബ്ലിക് ഹെൽത്തിൽ ജോലി ചെയ്യുന്ന ഇവർ മുമ്പ് യുണൈറ്റഡ് വേ സെൻട്രൽ ഒഹയോയിൽ എക്സിക്യൂട്ടീവായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. തോക്ക് അക്രമം, ഗർഭച്ഛിദ്രാവകാശം, ജനാധിപത്യം സംരക്ഷിക്കൽ എന്നിവയെ അഭിസംബോധന ചെയ്ത് മായാദേവ് നടത്തിയ പ്രചാരണം ശ്രദ്ധ നേടിയിരുന്നു. നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദവും ജോർജ്ജ്ടൗൺ യൂണിവേഴ്സിറ്റി ലോ സെൻ്ററിൽ നിന്ന് നിയമ ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.
അരവിന്ദ് വെങ്കട്ട്
അരവിന്ദ് വെങ്കട്ട്(50) പെൻസിൽവാനിയ ഹൗസ് ഓഫ് റെപ്രസൻ്റേറ്റീവിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിലൂടെ ഡിസ്ട്രിക്റ്റ് 30-നെ പ്രതിനിധീകരിക്കാൻ മറ്റൊരു ടേം കൂടി ഉറപ്പിച്ചിരിക്കുകയാണ്. എമർജൻസി റൂം ഫിസിഷ്യനായ വെങ്കട്ട് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത് 2022 നവംബറിലായിരുന്നു. പെൻസിൽവാനിയ ഹൗസിൽ സേവനമനുഷ്ഠിക്കുന്ന ആദ്യത്തെ ഇന്ത്യൻ അമേരിക്കക്കാരനായി ചരിത്രം സൃഷ്ടിക്കുകയും ചെയ്തു. 60 വർഷത്തിനിടെ ജനറൽ അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ഫിസിഷ്യൻ കൂടിയാണ് അദ്ദേഹം. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ്, എമർജൻസി മെഡിസിനിൽ സ്പെഷ്യലൈസ് ചെയ്ത വെങ്കട്ട്, അല്ലെഗനി ജനറൽ ഹോസ്പിറ്റലിൽ അറ്റൻഡിംഗ് ഫിസിഷ്യനായി ജോലി ചെയ്തിട്ടുണ്ട്. തമിഴ്‌നാട്ടിലെ മധുരയിൽ ജനിച്ച് ഡെട്രോയിറ്റിൽ വളർന്ന വെങ്കട്ട്, ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിലും യേൽ സ്‌കൂൾ ഓഫ് മെഡിസിനിലും നിന്നാണ് പഠിച്ചിറങ്ങിയത്.
നബീല സയ്യിദ്
റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ ടോസി ഉഫോഡികെയെ പരാജയപ്പെടുത്തിയാണ് നബീല സയ്യിദ് ഇല്ലിനോയി സ്റ്റേറ്റ് ഹൗസിലെ സീറ്റ് നിലനിർത്തിയത്. ഇപ്പോൾ 25 വയസ്സുള്ള ഇവർ, 2022-ൽ ഇല്ലിനോയി ഹൗസിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ത്രീയും അതിലെ രണ്ട് മുസ്ലീം അംഗങ്ങളിൽ ഒരാളുമായി ചരിത്രം സൃഷ്ടിച്ചു. 2016-ലെ ഡൊണാൾഡ് ട്രംപിൻ്റെ പ്രചാരണവുമായി ബന്ധപ്പെട്ട് വർദ്ധിച്ചുവന്ന കുടിയേറ്റ വിരുദ്ധതയും മുസ്ലീം വിരുദ്ധയുമാണ് സയ്യിദ് തൻ്റെ ഹൈസ്കൂൾ കാലഘട്ടത്തിൽ രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ പ്രചോദനമായത്. ഇല്ലിനോയിയിൽ ജനിച്ച് വളർന്ന സയ്യിദ്, ഹൈദരാബാദിൽ നിന്നുള്ള ഇന്ത്യൻ കുടിയേറ്റക്കാരുടെ മകളാണ്, ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടിയിട്ടുണ്ട്.
ജെറമി ക്യൂനി
ന്യൂയോർക്കിലെ 56-ാമത് സ്റ്റേറ്റ് സെനറ്റ് ഡിസ്ട്രിക്റ്റിലേക്കുള്ള തിരഞ്ഞെടുപ്പിൽ മുൻ ഗേറ്റ്സ് പോലീസ് മേധാവി ജിം വാൻബ്രെഡെറോഡി പരാജയപ്പെടുത്തിയാണ് ഡെമോക്രാറ്റായ ജെറമി ക്യൂനി വീണ്ടും വിജയിച്ചത്. കൊൽക്കത്തയിലെ ഒരു അനാഥാലയത്തിൽ നിന്ന് ദത്തെടുത്ത് റോച്ചസ്റ്ററിലുള്ള ഒരമ്മ ഒറ്റയ്ക്ക് വളർത്തിയെടുത്തതാണ് തന്നെയെന്ന് പല അഭിമുഖങ്ങളിലും ഇവർ അഭിമാനത്തോടെ പറഞ്ഞിട്ടുണ്ട്. ന്യൂയോർക്കിലെ അപ്‌സ്‌റ്റേറ്റ് ഓഫീസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഏഷ്യൻ അമേരിക്കക്കാരനായി 2020-ൽ ചരിത്രം സൃഷ്ടിച്ചു. തൻ്റെ ആദ്യ വർഷത്തിൽ തന്നെ 50-ലധികം നിയമനിർമ്മാണ ബില്ലുകളാണ് ക്യൂനി എഴുതിച്ചേർത്തത്. അൽബാനി ലോ സ്കൂളിൽ നിന്നാണ് പഠനം പൂർത്തിയാക്കിയത്. റോച്ചസ്റ്റർ യൂണിവേഴ്സിറ്റി മെഡിക്കൽ സെൻ്ററിലെ യൂറോളജിക് സർജനായ ഡോ. ഡയാൻ ലുവാണ് ജീവിതപങ്കാളി.
സൊഹ്റാൻ ക്വാമെ മമദാനി
ഡിസ്ട്രിക്റ്റ് 36-നെ പ്രതിനിധീകരിച്ചുകൊണ്ടാണ് സൊഹ്റാൻ ക്വാമെ മമദാനി ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലിയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഒക്ടോബർ 23-ന് ഫെഡറൽ അഴിമതി ആരോപണങ്ങൾ നേരിടുന്ന നിലവിലെ മേയർ എറിക് ആഡംസിനെ വെല്ലുവിളിച്ചുകൊണ്ട് ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് മമദാനി ശ്രദ്ധ നേടിയിരുന്നു.തിരഞ്ഞെടുക്കപ്പെട്ടാൽ, സിറ്റിയിലെ ആദ്യത്തെ മുസ്ലീം മേയറായി മമദാനി ചരിത്രം കുറിക്കും. ചലച്ചിത്ര നിർമ്മാതാവ് മീരാ നായരുടെയും രാഷ്ട്രീയ നിരൂപകൻ മഹ്മൂദ് മമദാനിയുടെയും മകനാണ് അദ്ദേഹം. 33-ാം വയസ്സിൽ ന്യൂയോർക്ക് രാഷ്ട്രീയത്തിലെ ഒരു പ്രമുഖ പുരോഗമന ശബ്ദമായി മാറി. യു.എസ്. സെനറ്റർ ബേണി സാൻഡേഴ്സിൻ്റെ സ്വാധീനത്തിലാണ് രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞത്. 2020-ൽ, ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ദക്ഷിണേഷ്യൻ അമേരിക്കക്കാരനും മൂന്നാമത്തെ മുസ്ലീം അമേരിക്കക്കാരനുമായി.
ജെനിഫർ രാജ്‌കുമാർ
ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലിയിലേക്ക് ക്യൂൻസിലെ ഡിസ്ട്രിക്ട് 38-നെ പ്രതിനിധീകരിച്ചാണ് ജെനിഫർ രാജ്കുമാർ (41) വീണ്ടും തിരഞ്ഞെടുപ്പിൽ വിജയിച്ചിരിക്കുന്നത്. 2021 മുതൽ അൽബാനിയുടെ ലോവർ ചേമ്പറിൽ സേവനമനുഷ്ഠിച്ച ഇവർ, ന്യൂയോർക്കിലെ സ്റ്റേറ്റ് ഓഫീസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ദക്ഷിണേഷ്യൻ വനിതയായി ചരിത്രം സൃഷ്ടിച്ചിരുന്നു. നിരവധി സുപ്രധാന സംരംഭങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്, ദീപാവലിയെ സംസ്ഥാന സ്കൂൾ അവധിയായി അംഗീകരിക്കാനും ന്യൂയോർക്കിൽ എഎപിഐ കമ്മീഷൻ സ്ഥാപിക്കാനും വിജയകരമായി വാദിച്ച് ശ്രദ്ധ നേടിയിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് കുടിയേറി ക്വീൻസിൽ സ്ഥിരതാമസമാക്കിയ ഡോക്ടർ ദമ്പതികളുടെ മകനായി ജനിച്ച രാജ്കുമാർ, പെൻസിൽവാനിയ സർവകലാശാലയിൽ നിന്ന് ആർട്സിൽ ബിരുദം നേടിയ ശേഷം സ്റ്റാൻഫോർഡ് ലോ സ്കൂളിൽ നിന്ന് ജൂറിസ് ഡോക്ടറായ വ്യക്തിയാണ്.
നിമ കുൽക്കർണി
ഡിസ്ട്രിക്റ്റ് 40 പ്രതിനിധീകരിച്ച് കെൻ്റക്കി ഹൗസ് ഓഫ് റെപ്രസൻ്റേറ്റീവിലേക്ക് നിമ കുൽക്കർണി വീണ്ടും വിജയിച്ചു. റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി ആരും നാമനിർദ്ദേശം ചെയ്യാത്തതിനെ തുടർന്ന് എതിരില്ലാതെ മത്സരിച്ച് 10,293 വോട്ടുകൾ നേടി. 2018-ൽ സ്ഥാനമൊഴിഞ്ഞ ഡെന്നിസ് ഹോർലാൻഡറുടെ നിയമപരമായ വെല്ലുവിളി അവഗണിച്ചാണ് കുൽക്കർണി ഈ വിജയം നേടിയത്. കുൽക്കർണി ഫയൽ ചെയ്ത രേഖയിലെ സാക്ഷികളിൽ ഒരാൾ രജിസ്റ്റർ ചെയ്ത റിപ്പബ്ലിക്കൻ ആയതിനാൽ സ്ഥാനാർത്ഥിത്വം അസാധുവാണെന്ന് ഹോർലാൻഡർ വാദിച്ചിരുന്നു. എന്നാൽ, കെൻ്റക്കി കോടതി കുൽക്കർണിയെ ബാലറ്റിൽ തുടരാൻ അനുവദിച്ചു. ഇമിഗ്രേഷൻ അറ്റോർണിയായ കുൽക്കർണി ആദ്യമായി 2018-ൽ കെൻ്റക്കിയുടെ സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇന്ത്യൻ അമേരിക്കക്കാരനായി ചരിത്രം സൃഷ്ടിച്ചു. ഇന്ത്യയിൽ ജനിച്ച ഇവർ, ആറാം വയസ്സിൽ യുഎസിലേക്ക് താമസം മാറിയതാണ്. കെൻ്റക്കി ഹൗസിലെ കുടിയേറ്റ അവകാശങ്ങൾക്കുവേണ്ടിയുള്ള അഭിഭാഷകയായി ശ്രദ്ധ നേടിയിട്ടുണ്ട്.
രഞ്ജീവ് പുരി
മിഷിഗൺ ഹൗസിലേക്കുള്ള തിരഞ്ഞെടുപ്പിൽ വീണ്ടും വിജയിച്ചുകൊണ്ട് മൂന്നാം തവണയും രഞ്ജീവ് പുരി ഡിസ്ട്രിക്റ്റ് 24 ലെ തൻ്റെ സീറ്റ് ഉറപ്പിച്ചു. ഡെമോക്രാറ്റായ പുരി നിലവിൽ ഹൗസ് മെജോറിറ്റി വിപ്പായി പ്രവർത്തിക്കുകയാണ്. . രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ്, പുരി ഒരു കമ്മ്യൂണിറ്റി ഓർഗനൈസർ ആയിരുന്നു. ഫിനാൻസ് കൺസൾട്ടിംഗ് രംഗത്തും ജോലി ചെയ്തു. പിന്നീട് പ്രസിഡൻ്റ് ബരാക് ഒബാമയുടെ കീഴിൽ സേവനമനുഷ്ഠിച്ചു.ഇന്ത്യൻ കുടിയേറ്റക്കാരായ മാതാപിതാക്കൾക്ക് വിസ്കോൺസിനിൽ ജനിച്ച അദ്ദേഹം ഒഹയോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും ചിക്കാഗോ യൂണിവേഴ്സിറ്റി ബൂത്ത് സ്കൂൾ ഓഫ് ബിസിനസിൽ നിന്ന് എംബിഎയും നേടിയിട്ടുണ്ട്.
കേശ റാം ഹിൻസ്‌ഡേൽ
വെർമോണ്ട് സ്റ്റേറ്റ് സെനറ്റർ കേശ റാം ഹിൻസ്‌ഡേൽ(38)21,498 വോട്ടുകൾ നേടി മൂന്നാം തവണയും വീണ്ടും തിരഞ്ഞെടുപ്പിൽ വിജയിച്ചു. റാം ഹിൻസ്‌ഡേൽ 2020-ൽ വെർമോണ്ട് സ്റ്റേറ്റ് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ നോൺ-വൈറ്റ് വനിതയായി ചരിത്രം സൃഷ്ടിച്ചു, 2022-ൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2009 മുതൽ 2016 വരെ വെർമോണ്ട് ഹൗസിലും സേവനമനുഷ്ഠിച്ചു. ജൂത മാതാവിനും ഹിന്ദു പിതാവിനും ജനിച്ച റാം ഹിൻസ്‌ഡേൽ ലോസ് ഏഞ്ചൽസിലാണ് വളർന്നത്. ഹാർവാർഡ് കെന്നഡി സ്‌കൂളിൽ നിന്ന് മാസ്റ്റർ ഓഫ് പബ്ലിക് അഡ്മിനിസ്‌ട്രേഷൻ ബിരുദം നേടിയിട്ടുണ്ട്.
റൂബൻ ഡിസിൽവ
നെവാഡയുടെ സ്റ്റേറ്റ് അസംബ്ലിയിലേക്ക് ഡിസ്ട്രിക്റ്റ് 28 പ്രതിനിധീകരിച്ചുകൊണ്ട് റൂബൻ ഡിസിൽവ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഡെമോക്രറ്റായ ഡിസിൽവ എതിരില്ലാതെയാണ് മത്സരിച്ചത്. 2022-ൽ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട ഈ 38കാരി, മുംബൈയിലാണ് ജനിച്ചത്. കൊച്ചുകുട്ടിയായി അമേരിക്കയിലേക്ക് കുടിയേറിയതാണ്. പെൻസിൽവാനിയ സർവ്വകലാശാലയിൽ നിന്നും യേൽ സർവ്വകലാശാലയിൽ നിന്നും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.
നികിൽ സവൽ
സെൻട്രൽ ഫിലാഡൽഫിയയെ ഉൾക്കൊള്ളുന്ന ഡിസ്ട്രിക്റ്റ് 1 ൽ നിന്ന് സംസ്ഥാന സെനറ്റർ നികിൽ സവൽ(41) വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. പെൻസിൽവാനിയ സ്റ്റേറ്റ് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ദക്ഷിണേഷ്യൻ അമേരിക്കക്കാരനായ സാവൽ, എതിരില്ലാതെയാണ് മത്സരിച്ചത്.രാഷ്ട്രീയ ജീവിതത്തിന് മുമ്പ്, ബ്രൂക്ക്ലിൻ ആസ്ഥാനമായുള്ള സാഹിത്യ മാസികയുടെ സഹ-എഡിറ്റർ-ഇൻ-ചീഫായിരുന്നു. ന്യൂയോർക്ക് ടൈംസിനും ദി ന്യൂയോർക്കറിനുംവേണ്ടി എഴുതിയിരുന്നു. ബാംഗ്ലൂരിൽ നിന്നുള്ള മാതാപിതാക്കൾക്ക് ലോസ് ഏഞ്ചൽസിൽ ജനിച്ച സാവൽ, വെസ്റ്റ് ലോസ് ഏഞ്ചൽസിലാണ് വളർന്നത്. കൊളംബിയ കോളേജിൽ നിന്ന് ബി.എ -യും സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷിൽ പിഎച്ച്ഡിയും കരസ്ഥമാക്കിയിട്ടുണ്ട്.
അന്ന തോമസ്
പെൻസിൽവാനിയ സ്റ്റേറ്റ് ഹൗസിലെ 137-ാമത്തെ ഡിസ്ട്രിക്റ്റ് സീറ്റിലേക്ക് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ജോ എംറിക്കിനെതിരെ മത്സരിച്ച ഡെമോക്രാറ്റ് അന്ന തോമസ്,703 വോട്ടിൻ്റെ നേരിയ വ്യത്യാസത്തിനാണ് പരാജയപ്പെട്ടത്. തോമസ് 18,796 വോട്ടുകൾ (45.0%) നേടിയപ്പോൾ എംറിക്ക് 20,203 വോട്ടുകൾ (55.0%) നേടി മുന്നേറി.ബെത്‌ലഹേം ടൗൺഷിപ്പ് പ്ലാനിംഗ് കമ്മീഷൻ അംഗമാണ് തോമസ്.
ആനന്ദ് പട്ടേൽ
പെൻസിൽവാനിയയിലെ 18-ാം ലെജിസ്ലേറ്റീവ് ഡിസ്ട്രിക്റ്റിലേക്കുള്ള മത്സരത്തിൽ, ഡെമോക്രാറ്റിക് ചലഞ്ചർ ആനന്ദ് പട്ടേലിനെ നിലവിലെ റിപ്പബ്ലിക്കൻ സ്റ്റേറ്റ് പ്രതിനിധി കെ.സി. ടോംലിൻസൺ പരാജയപ്പെടുത്തി. ടോംലിൻസൺ 17,835 വോട്ടുകൾ(55.7%) നേടിയപ്പോൾ പട്ടേലിന് 14,190 വോട്ടുകളാണ്(44.3%) ലഭിച്ചത്.
മിനിതാ സാങ്വി
ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റിലെ 44-ാം ഡിസ്ട്രിക്റ്റിലേക്ക് മത്സരിച്ച ഡെമോക്രാറ്റ് മിനിതാ സാങ്വി റിപ്പബ്ലിക്കൻ ജിം ടെഡിസ്കോയോട് ഏകദേശം 2500 വോട്ടുകൾക്ക് പരാജയപ്പെട്ടു.