അനധികൃത കുടിയേറ്റക്കാർക്ക് അഭയവും സംരക്ഷണവും നൽകുന്ന ന്യൂ യോർക്ക് സിറ്റി ഉൾപ്പെടെയുള്ള സാങ്ച്വറി സിറ്റികളിൽ നിന്നു അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുക തന്നെ ചെയ്യുമെന്ന് നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 'അതിർത്തി അധികാരി' ആയി വരുന്ന ടോം ഹോമാൻ താക്കീതു നൽകി.
"കുടിയേറ്റ ക്രിമിനലുകളെ നാട് കടത്തുന്നതിൽ ഞങ്ങളെ പിന്തിരിപ്പിക്കാൻ ആർക്കും കഴിയില്ല," ഹോമാൻ ഫോക്സ് ആൻഡ് ഫ്രണ്ട്സിൽ തിങ്കളാഴ്ച്ച പറഞ്ഞു. "ന്യൂ യോർക്ക് സിറ്റിയിൽ നിന്നു സഹായം കിട്ടിയില്ലെങ്കിൽ ഞങ്ങൾ അവിടേക്കു ഇരട്ടി ഏജന്റുമാരെ അയക്കും. കാരണം, നിങ്ങൾ സഹകരിച്ചാലും ഇല്ലെങ്കിലും ഞങ്ങൾ ഞങ്ങളുടെ ജോലി ചെയ്യും."
കൂട്ട നാടുകടത്തൽ എന്നതു കൊണ്ട് അർഥമാക്കുന്നത് ക്രിമിനലുകളെ നാട് കടത്തുക എന്നതാണെന്നു ഹോമാൻ പറഞ്ഞു. ഭീകരർ, നിയമലംഘകർ എന്നിവരെയും സമൂഹത്തിനു ഭീഷണി ഉയർത്തുന്ന ഏതു കുടിയേറ്റക്കാരനെയും കണ്ടെത്തി നാട് കടത്തും.
സഹകരിക്കാത്ത ന്യൂ യോർക്ക് പോലുളള നഗരങ്ങളുടെ നേതാക്കളുടെ മേൽ പരമാവധി സമ്മർദം ചെലുത്തണമെന്നു ഹോമാൻ ട്രംപിനോട് ആവശ്യപ്പെട്ടു. യുഎസിൽ കുറ്റകൃത്യങ്ങൾ നടത്തുന്നവരെ പിടികൂടാനും നാട് കടത്താനുമുള്ള ശ്രമമാണ് ഞങ്ങൾ നടത്തുന്നത്.
"പ്രസിഡന്റ് ഇവർക്കെതിരെ കേസ് കൊടുക്കുകയും ഫെഡറൽ ധനസഹായം നിർത്തലാക്കുകയും ചെയ്യുമെന്ന് ഞാൻ പ്രത്യാശിക്കുന്നു."
ക്രിമിനലുകളെ അറസ്റ്റ് ചെയ്യാൻ പോലീസ് മടിച്ചാൽ ഞങ്ങൾ വരുന്നുണ്ട് -- ഹോമാൻ പറഞ്ഞു.
"പരാജയത്തിനു പിന്നാലെയാണ് ഞാൻ വരുന്നത്," ഹോമാൻ പറഞ്ഞു. "അതു കൊണ്ടു ഞാൻ വലിയ തോതിൽ വിജയം കാണാൻ പോവുകയാണ്."
ന്യൂ യോർക്കിലെ വെസ്റ്റ് കാർത്തേജിൽ നിന്നുള്ള ഹോമാൻ മുൻ പോലീസ് ഓഫിസറും മുൻ അതിർത്തി സുരക്ഷാ ഏജൻസി ഓഫിസറുമാണ്. ഐ സി ഇ ആക്റ്റിംഗ് ഡയറക്റ്റർ ആയിരുന്നു.
ട്രംപ് ജയിച്ചാൽ ചരിത്രത്തിലെ ഏറ്റവും വലിയ നാട് കടത്തൽ നടപ്പാക്കുമെന്ന് റിപ്പബ്ലിക്കൻ നാഷനൽ കൺവെൻഷനിൽ ഹോമാൻ പ്രഖ്യാപിച്ചിരുന്നു.
അധികാരമേറ്റാലുടൻ ഏജൻസികളെ ഉടച്ചു വാർക്കാനൊന്നും ഉദ്ദേശമില്ലെന്നു ഹോമാൻ പറഞ്ഞു. എന്നാൽ അവരുടെ മുൻഗണനകളിൽ മാറ്റങ്ങൾ ഉണ്ടാവും.
"അതിർത്തിയിൽ നിന്നു പരമാവധി ബോർഡർ ഏജന്റുമാരെ പിൻവലിക്കുമ്പോൾ ഫെന്റാണിൽ അകത്തു വരുന്നു. അത് കൊന്നൊടുക്കിയത് രണ്ടര ലക്ഷം അമേരിക്കക്കാരെയാണ്.
"ലൈംഗിക കടത്തു 600% ആണ് വർധിച്ചത്. നിരവധി ഭീകരർ അതിർത്തി കടന്നു വന്നു."
അതിർത്തി നിരീക്ഷിക്കാൻ സാങ്കേതിക വിദ്യ മെച്ചപ്പെടുത്തണെമെന്നും ഹോമാൻ പറഞ്ഞു.
Homan warns sanctuary cities