വൈറ്റ് ഹൗസിനും യുഎസ് സെനറ്റിനും പുറമെ യുഎസ് ഹൗസിലും റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷം ഉറപ്പായെന്നു റിപ്പോർട്ട്. ഡിസിഷൻ ഡസ്ക് എച് ക്യൂ പറയുന്നത് ഹൗസിൽ ഭൂരിപക്ഷത്തിനു ആവശ്യമായ 218 സീറ്റിൽ തിങ്കളാഴ്ച പാർട്ടി എത്തും എന്നാണ്.
നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനു തീവ്ര വലതു പക്ഷ അജണ്ട നടപ്പാക്കാൻ യാതൊരു തടസവുമില്ലാത്ത ഈ 'ട്രിഫെക്ട' വിജയം ചരിത്രത്തിൽ തന്നെ അപൂർവമാണ്. ഫെഡറൽ ഗവൺമെന്റിന്റെ വെട്ടി ചെറുതാക്കുക, നികുതികൾ കുറയ്ക്കുക എന്നിങ്ങനെയുള്ള അദ്ദേഹത്തത്തിന്റെ പ്രഖ്യാപിത നയങ്ങൾ ഇനി തടസമില്ലാതെ നടപ്പാക്കാം.
എന്നാൽ ഡെമോക്രറ്റുകളുടെ കോട്ടകൾ ഉൾപ്പെട്ട കലിഫോർണിയയിലെ വോട്ടെണ്ണൽ തുടർന്നു കൊണ്ടിരിക്കെ ഹൗസിലെ കൃത്യമായ ഭൂരിപക്ഷം എത്രയെന്നു ഉറപ്പിക്കാറായിട്ടില്ല. എട്ടു സീറ്റുകൾ പ്രവചിക്കാൻ കഴിയാത്ത വിധം കടുത്തതാണ്. തലനാരിഴയുടെ ഭൂരിപക്ഷം സ്‌പീക്കർ മൈക്ക് ജോൺസണു തലവേദനയാവാം.
സെനറ്റിൽ അത്രയും പ്രശ്നമില്ല. 100 സീറ്റിൽ 52 റിപ്പബ്ലിക്കൻ പാർട്ടി നേടിക്കഴിഞ്ഞു. ഡെമോക്രറ്റുകൾക്കു 46 മാത്രമേ ആയിട്ടുള്ളൂ. രണ്ടു സീറ്റിൽ വോട്ടെണ്ണൽ തുടരുമ്പോൾ അനിശ്ചിതാവസ്ഥ നിലനിൽക്കയാണ്.
കോൺഗ്രസിൽ ഭൂരിപക്ഷം ഇല്ലാത്തതിനാൽ പ്രസിഡന്റ് ബൈഡനു പല നിയമനിർമാണവും അസാധ്യമായിരുന്നു. ഗവൺമെന്റിനെ ആവശ്യത്തിനുള്ള പണം അനുവദിച്ചു കിട്ടാൻ പോലും അദ്ദേഹം പാടുപെട്ടു.
യാഥാസ്ഥിതിക വലതുപക്ഷത്തിനു 6-3 ഭൂരിപക്ഷമുള്ള സുപ്രീം കോടതിയും ട്രംപിനു പിന്തുണയാവും. അതിൽ മൂന്ന് ജസ്റ്റിസുമാരെ നിയമിച്ചു ട്രംപ് ഭൂരിപക്ഷം ഉറപ്പിച്ചിരുന്നു.
Trump looks set for 'trifecta'