നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ പ്രതിരോധ സെക്രട്ടറിയായി ഫോക്സ് ന്യൂസിലെ പീറ്റ് ഹെഗ്സേത്തിനെ നിയമിച്ചു. അമ്പരപ്പിച്ച നിയമനമെന്നാണ് മാധ്യമങ്ങൾ പറയുന്നത്.
ജീവിതകാലം മുഴുവൻ യോദ്ധാവായിരുന്നു പീറ്റ് എന്നു ട്രംപ് ചൂണ്ടിക്കാട്ടി. "അദ്ദേഹം തലപ്പത്തു വരുമ്പോൾ അമേരിക്കയുടെ ശത്രുക്കൾക്കു താക്കീതാണ്. നമ്മുടെ സൈന്യം വീണ്ടും കരുത്താർജിക്കും."
ഇറാഖിലും അഫ്ഘാനിസ്ഥാനിലും സേവനം അനുഷ്ഠിച്ച പീറ്റ് 2014ലാണ് ഫോക്സിൽ എത്തിയത്.
ഹവായിയിൽ നിന്നു ഡെമോക്രാറ്റിക് പാർട്ടിയുടെ കോൺഗ്രസ് അംഗമായിരുന്ന ഇന്ത്യൻ വംശജ തുൾസി ഗബ്ബാർഡ് പ്രതിരോധ സെക്രട്ടറിയാവാൻ ശ്രമിക്കുന്നുവെന്നു 'ന്യൂ യോർക്ക് പോസ്റ്റ്' നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഡെമോക്രാറ്റിക് പാർട്ടി വിട്ടു അവർ അടുത്ത കാലത്താണ് റിപ്പബ്ലിക്കൻ പാർട്ടിയിൽ എത്തിയത്.
ഇപ്പോൾ ട്രംപിന്റെ ഉപദേഷ്ടാവായ അവർ ഈയാഴ്ച ട്രംപിനോട് ഇക്കാര്യം ആവശ്യപ്പെടും എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
വെറ്ററൻ അഫയേഴ്‌സ് സെക്രട്ടറി റോബർട്ട് വിൽകിയാണ് പ്രതിരോധ സെക്രട്ടറി സ്ഥാനം തേടിയ മറ്റൊരാൾ. ട്രംപിന്റെ ആദ്യ ഭരണകാലത്തു അണ്ടർ സെക്രട്ടറി ആയിരുന്ന വിൽകി ഒരു ലൈംഗികാതിക്രമ റിപ്പോർട്ട് വേണ്ട വിധം കൈകാര്യം ചെയ്തില്ലെന്ന ആരോപണം ഉയർന്നിരുന്നു.
പെന്റഗൺ മേധാവിയാവാൻ സെനറ്റർ ജോണി ഏർണസ്‌റ്റ് (റിപ്പബ്ലിക്കൻ-അയോവ), ഹൗസ് ആംഡ് സർവീസസ് കമ്മിറ്റി ചെയർമാൻ മൈക്ക് റോഗേഴ്‌സ് (റിപ്പബ്ലിക്കൻ-അലാസ്‌ക) എന്നിവരും രംഗത്തുണ്ടായിരുന്നു.
2003 മുതൽ നാഷനൽ ഗാർഡ് അംഗമായ ഗബ്ബാർഡ് ഇറാഖിലും കുവൈറ്റിലും ഹോൺ ഓഫ് ആഫ്രിക്കയിലും സൈനിക സേവനം അനുഷ്‌ടിച്ചിട്ടുണ്ട് എന്നത് നിയമപരമായി അവർക്കു പ്രതിരോധ സെക്രട്ടറി ആവാൻ തടസമായി. ആ വ്യവസ്ഥ തത്കാലം മാറ്റി വയ്ക്കാൻ കോൺഗ്രസ് തീരുമാനിക്കണം.
Trump makes stunning choice for Pentagon