പ്രസിദ്ധ കഥകളി സംഗീതജ്ഞനായിരുന്ന ശങ്കരൻ എമ്പ്രാന്തിരിയുടെ ഓർമ്മദിനമാണ് ഇന്ന്. കഥകളി സംഗീത പ്രസ്ഥാനത്തിൽ ഒരു വേറിട്ട രീതി സൃഷ്ടിച്ച ആളായിരുന്നു അദ്ദേഹം. മൃദു ശബ്ദവും രാഗ താള ശ്രുതി നിബദ്ധമായിരുന്ന ആലാപന ശൈലിയും അദ്ദേഹത്തിന്റെ മുഖമുദ്രകളായിരുന്നു.
മലപ്പുറം ജില്ലയിലെ വെള്ളയൂർ ഗ്രാമത്തിൽ ഒരു ദരിദ്ര ബ്രാഹ്മണ കുടുംബത്തിലായിരുന്നു അദ്ദേഹം ജനിച്ചത്. സ്കൂൾ പഠനത്തിനു ശേഷം അദ്ദേഹം ഗോവിന്ദ പിഷാരടിയുടെ കീഴിൽ സംഗീതം അഭ്യസിച്ചു. 1958-ൽകലാമണ്ഡലത്തിൽ ചേർന്ന അദ്ദേഹത്തിന്റെ ഗുരുക്കന്മാർ കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ, കലാമണ്ഡലം ഗംഗാധരൻ, കലാമണ്ഡലം ശിവരാമൻ നായർ, മാധവ പണിക്കർ എന്നിവരായിരുന്നു.
പഠിച്ചുകൊണ്ടിരുന്ന കാലത്ത് ശങ്കരൻ എമ്പ്രാന്തിരി അധികം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. കലാമണ്ഡലത്തിലെ പഠനത്തിനു ശേഷമാണ് അദ്ദേഹത്തിന്റെ സംഗീത പ്രാഗല്ഭ്യം പുറം ലോകമറിഞ്ഞു തുടങ്ങിയത്. 1965ൽ ഇരിങ്ങാലക്കുടയിലെ ഉണ്ണായി വാര്യർ കലാനിലയത്തിൽ അധ്യാപകനായി ജോലി ലഭിച്ച അദ്ദേഹം 1970ൽ കൊച്ചിയിലുള്ള ഫാക്റ്റ് കഥകളി സ്കൂളിൽ അധ്യാപകനായി ചേർന്ന് തന്റെ കലാസപര്യ തുടർന്നു. കഥകളി സംഗീതത്തിൽ പൊന്നാനി എന്നറിയപ്പെടുന്ന, പ്രധാന ഗായകനാകാൻ പിന്നീട് അധിക സമയം വേണ്ടി വന്നില്ല. കോട്ടക്കൽ ശിവരാമൻ, കലാമണ്ഡലം കൃഷ്ണൻ നായർ, കലാമണ്ഡലം ഗോപി, കലാമണ്ഡലം രാമൻകുട്ടി നായർ എന്നിവരുടെ കൂടെ പ്രവർത്തിച്ച അദ്ദേഹത്തിന്റെ സ്വരമാധുരി ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. 1990 ഇൽ അദ്ദേഹം വൃക്കരോഗ ബാധിതനായി. പ്രമേഹരോഗവും അദ്ദേഹത്തെ അലട്ടിയിരുന്നു. രോഗം മൂർധന്യാവസ്ഥയിൽ എത്തിയപ്പോൾ അദ്ദേഹത്തിന്റെ വലതുകാൽ മുറിച്ചു മാറ്റേണ്ടി വന്നു. പക്ഷെ സംഗീതം ജീവിത വ്രതമാക്കി മാറിയ ശങ്കരൻ എമ്പ്രാന്തിരി വീണ്ടും കഥകളി വേദിയിൽ സജീവ സാന്നിധ്യമായി മാറി . നിന്നുകൊണ്ട് പാട്ടു പാടാൻ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. അതിനാൽ വീൽ ചെയറിൽ ഇരുന്നുകൊണ്ടായിരുന്നു അദ്ദേഹം പാടിയിരുന്നത്.
ഗുരുവായൂരപ്പന്റെ ഭക്തനായിരുന്ന അദ്ദേഹം അമ്പലനടയിൽ വച്ച്, തന്നെ പ്രസിദ്ധിയുടെ കൊടുമുടിയിൽ എത്തിച്ച "അജിത ഹരേ ജയ മാധവ വിഷ്ണോ" ,"പരി പാഹിമാം ഹരേ" എന്ന് തുടങ്ങുന്ന ഗാനങ്ങളാലപിച്ചിട്ടുണ്ട് . അദ്ദേഹത്തിന്റെ ഹിന്ദുസ്ഥാനി സംഗീത ഗായകരോടൊന്നിച്ചുള്ള ജുഗൽബന്ദി ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. 2003 -ലെ കേരള സർക്കാരിന്റെ സ്വാതി സംഗീതപുരസ്കാരം ലഭിച്ചത് ശങ്കരൻ എമ്പ്രാന്തിരിക്കായിരുന്നു. അതിനു ശേഷം കേരള സംഗീത നാടക അക്കാദമിയുടെ ഫെല്ലോഷിപ്പ് അദ്ദേഹത്തിന് ലഭിച്ചു. 2007 നവംബർ മാസം 13- ന് ആലുവയിലുള്ള ഒരു ആശുപത്രിയിൽ വച്ച് അദ്ദേഹം മരണമടഞ്ഞു.
ആ സംഗീതജ്ഞൻ്റെ ഓർമ്മക്കുമുമ്പിൽ പ്രണാമം.!