വാശിയേറിയ ഒരു തെരഞ്ഞെടുപ്പിൽ അമേരിക്കൻ ജനത വിധിയെഴുതി. ഡെമോക്രാറ്റ് പാർട്ടിയുടെ സ്ഥാനാർഥി ആയിരുന്ന കമല ഹാരിസിനെ ബഹുദൂരം പിന്നിലാക്കി ഡൊണാൾഡ് ട്രംപ് തേരോട്ടം നടത്തി. പൊതുവെ ലിബറൽ സ്വഭാവമുള്ള കാലിഫോർണിയ, ന്യൂയോർക് തുടങ്ങിയ പത്തൊൻപതു സംസ്ഥാനങ്ങളിൽ മാത്രമായി കമല ഹാരിസിന്റെ വിജയം ഒതുങ്ങി. ആകെയുള്ള അമ്പതു സംസ്ഥാനങ്ങളിൽ മുപ്പത്തിയൊന്നിലും ട്രംപ് വമ്പൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. 2025 ജനുവരി 20-നു അമേരിക്കയുടെ 47-) മത് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് സ്ഥാനമേല്ക്കും.
അമേരിക്കൻ തെരഞ്ഞെടുപ്പു ഫലത്തെ സംബന്ധിച്ചുള്ള വിവിധങ്ങളായ നിരീക്ഷണങ്ങൾ നമ്മുടെ മാധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്നു. അവയോടു ചേർത്തുവായിക്കേണ്ട ചില അടിസ്ഥാന വിഷയങ്ങൾ സൂചിപ്പിക്കുവാനാണ് ഇവിടെ ഉദ്ദേശിക്കുന്നത്. ലോകസംഭവങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന പൊതുസ്വഭാവം കാത്തുസൂക്ഷിക്കുന്ന മലയാളികളെ ഏറ്റവും സ്വാധീനിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഒന്നാണ് അമേരിക്കൻ തെരഞ്ഞെടുപ്പും. അതുകൊണ്ടുതന്നെ അവിടുത്തെ രാഷ്ട്രീയ മാറ്റങ്ങൾ ഗൗരവത്തോടെയും ഉദ്വേഗത്തോടെയും നാം കാണുന്നു. കമലയുടെ ഇന്ത്യൻ പശ്ചാത്തലം സ്വാഭാവികമായും നമ്മിൽ കൗതുകം ഉണർത്തുകയും ചെയ്തു.
ഏതാണ്ട് നാലു പതിറ്റാണ്ടോളം അമേരിക്കയിൽ ജീവിക്കുകയും രാഷ്ട്രീയ-സാമൂഹിക വിഷയങ്ങൾ സൂക്ഷ്‌മമായി നിരീക്ഷിക്കുകയും ചെയ്തിട്ടുള്ള ഓരാളെന്ന നിലയിൽ അമേരിക്കൻ വോട്ടർമാരുടെ പൊതുമനസ്സിനെ സംബന്ധിച്ച ഒരു ഏകദേശ ധാരണ രൂപപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ കമലക്കു ജയസാധ്യതയെന്നും, ഇരുസ്ഥാനാർത്ഥികളും ഒപ്പത്തിനൊപ്പം തുടങ്ങിയ പ്രവചങ്ങളുടെ പൊള്ളത്തരം നേരത്തെ തന്നെ ബോധ്യപ്പെടുകയും ചെയ്തിരുന്നു. അടിസ്ഥാനമില്ലാത്ത ഹൈപ്പ് എന്നതിനപ്പുറം അതിനൊരു പ്രസക്തിയും ഉണ്ടായിരുന്നില്ല.
ഇപ്പോഴത്തെ പ്രസിഡന്റായ ജോ ബൈഡൻ ആയിരുന്നു മൂന്നു മാസം മുമ്പുവരെയും ഡെമോക്രാറ്റ് പാർട്ടിയുടെ പ്രസിഡന്റു സ്ഥാനാർഥി. പ്രായാധിക്യവും ഓർമ്മക്കുറവും നിയമക്കുരുക്കിൽ പെട്ട മകൻ വരുത്തിവച്ച വിവാദങ്ങളും തെരഞ്ഞെടുപ്പിൽ പ്രതികൂലമായി ബാധിക്കും എന്ന തിരിച്ചറിവും പാർട്ടിനേതാക്കളുടെ നിർബന്ധവും മൂലമാണ് അവസാന നിമിഷം തെളിഞ്ഞെടുപ്പു ഗോദയിൽ നിന്നും ബൈഡൻ പിൻവാങ്ങിയത്. ട്രമ്പുമായി നടന്ന ഒന്നാം സംവാദത്തിൽ അദ്ദേഹം ദയനീയമായി പരാജയപ്പെടുകയും ചെയ്തിരുന്നു. ട്രമ്പുതന്നെ അടുത്ത പ്രസിഡൻ്റ് എന്ന് മാധ്യമങ്ങൾ ഉറപ്പിക്കുകയും ചെയ്തു. അങ്ങനെയൊരു സാഹചര്യത്തിലായിരുന്നു സ്ഥാനാർത്ഥിത്വം വെള്ളിത്തളികയിൽ വച്ച് നിലവിലുള്ള വൈസ്പ്രസിഡന്റ് എന്നനിലയിൽ കമലക്കു നൽകുവാൻ ഡമോക്രാറ്റുകൾ തീരുമാനിച്ചത്. അതിനുമുമ്പ് അങ്ങനെ ഒരുസാധ്യത അവർക്കുമുമ്പിൽ ഉണ്ടായിരുന്നില്ല. പൊതുവെ കഴിവുകെട്ട ഒരു വൈസ്പ്രസിഡന്റ് എന്നനിലയിലായിരുന്നു മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും അതുവരെയും അവരെ വിലയിരുത്തിയിരുന്നതും. എന്നാൽ സർവരെയും ഞെട്ടിച്ചുകൊണ്ട് പ്രചാരണത്തിൽ മുന്നേറാവാനും ഒന്നാം സംവാദത്തിൽത്തന്നെ ട്രമ്പിനെ വീഴ്ത്തുവാനും കമലക്കു കഴിഞ്ഞു. വിജയിക്കുവാൻ കഴിയും എന്ന ഒരു പ്രതീതി ചുരുങ്ങിയ സമയത്തിനുള്ളിൽ സൃഷ്ടിക്കുവാനും അവർക്കുകഴിഞ്ഞു.
ഈ മാറിയ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു കമലയുടെ വിജയസാധ്യത പലരും പ്രവചിച്ചത്. എന്നാൽ ഉപരിതലത്തിലെ ഓളങ്ങൾക്കടിയിൽ അറിയാതെപോയ ചുഴികളും അടിയൊഴുക്കുകളും അവഗണിക്കപ്പെട്ടു. ഇവിടെ നിരീക്ഷിക്കുന്നത് അമേരിക്കയുടെ അത്തരം അന്തർലീന സ്വഭാവങ്ങളെയാണ്. വനിതാ മുന്നേറ്റങ്ങളുടെ ഈറ്റില്ലം, സ്ത്രീ സമത്വത്തിന്റെ സിരാകേന്ദ്രം, തുല്യ അവസരങ്ങളുടെ നാട്, ലോകത്തെ ഏറ്റവും ശക്തവും സമ്പന്നവുമായ ജനാധിപത്യരാജ്യം എന്നൊക്ക വിശേഷിക്കപ്പെടുമ്പോഴും കാലാകാലങ്ങളായി ഒരു ജനത എന്ന നിലയിൽ അവർ പുലർത്തിവരുന്ന ശീലങ്ങളെ അറിയുമ്പോൾ കമലയുടെ തോൽവി ഒരു അത്ഭുതവും ജനിപ്പിക്കുകയില്ല.
കഴിഞ്ഞ രണ്ടര നൂറ്റാണ്ടു കാലത്തെ ജനാധിപത്യ ചരിത്രത്തിനിടയിൽ വിജയിച്ചിട്ടുള്ള ഏതാണ്ട് എല്ലാ പ്രസിഡന്റുമാരും വടക്കൻ യൂറോപ്പിൽ നിന്നും അമേരിക്കയിൽ കുടിയേറിയിട്ടുള്ള ആഢ്യന്മാരായി കരുതപ്പെടുന്ന വൈറ്റ് ആംഗ്ലോസാക്സൺ പ്രൊട്ടസ്റ്റന്റ് എന്ന വിഭാഗത്തിൽ പെട്ടിട്ടുള്ളവരാണെന്നു കാണാൻകഴിയും. അപവാദങ്ങൾ വിരലിലെണ്ണാൻ മാത്രമില്ല. 1960-ൽ വിജയിച്ച ജോൺ എഫ് കെന്നഡി ആയിരുന്നു അമേരിക്കയുടെ ചരിത്ര ത്തിലെ ആദ്യത്തെയും അവസാനത്തേതുമായ കത്തോലിക്കൻ വംശജനായ പ്രസിഡണ്ട്. അദ്ദേഹത്തിന്റെ പൂർവികർ അയർലൻഡിൽ നിന്നും കുടിയേറിയവരായിരുന്നു.
ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ട് പിന്നീടങ്ങനെ സംഭവിക്കുന്നത് 2008-ലെ ബറാക് ഒബാമയുടെ വിജയത്തോടെയാണ്. ഒബാമയുടെ പിതാവ് കറുത്ത വര്ഗ്ഗക്കാരനായിരുന്നെങ്കിലും മാതാവ് വെള്ളക്കാരിയായിരുന്നു എന്നോർമ്മിക്കുക. ഈ രണ്ടു വിജയങ്ങളും സംഭവിച്ചതിനു പിന്നിൽ അപൂർവമായ രാഷ്ട്രീയ സാഹചര്യങ്ങൾ ഉണ്ടായിരുന്നുതാനും. അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിൽ രൂക്ഷമായികൊണ്ടിരുന്ന ശീതസമരത്തിന്റയും തൊട്ടടുത്ത ദ്വീപുരാജ്യമായ ക്യൂബയിൽ ഫിദൽ കാസ്ട്രോയുടെ നേതൃത്വത്തിൽ സോവിയറ്റ് യൂണിയനും കമ്മ്യൂണിസവും സ്വാധീനം വര്ധിപ്പിക്കുന്നതും അമേരിക്കൻ ജനതയെ വല്ലാതെ ഭയപ്പെടുത്തിയപ്പോഴായിരുന്നു ഒരു മഹാപ്രതീക്ഷ പോലെ 1960 -ൽ ചെറുപ്പക്കാരനും ഊർജ്വസ്വലനുമായ കെന്നഡിയുടെ കടന്നുവരവ്. അപ്പോൾ പോലും നേരിയ മുൻതൂക്കത്തിൽ ജയിക്കുവാൻ മാത്രമേ അദ്ദേഹത്തിനും കഴിഞ്ഞിരുന്നുള്ളൂ.
2003 -ൽ ബുഷ് തുടങ്ങിവച്ച ഇറാക്ക് യുദ്ധത്തിൽനിന്നും തലയൂരാനാവാതെ അമേരിക്ക വിഷമിച്ചുനിന്ന ഘട്ടത്തിലായിരുന്നു 2008 -ലെ തെരഞ്ഞെടുപ്പു നടന്നത്. ബുഷിന്റെയും റിപ്പബ്ലിക്കൻ പാർട്ടിയുടെയും ഭരണം ജനങ്ങൾ പൊതുവെയും യുവജനത പ്രത്യേകിച്ചും മടുത്തിരുന്നു. യുവാക്കളുടെയും സ്ത്രീകളുടെയും നിഷ്‌പക്ഷചിന്താഗതിക്കാരുടെയും വലിയ പിന്തുണ നേടിയാണ് ആ തെരഞ്ഞെടുപ്പിൽ ഒബാമ ജയിച്ചത്. അദ്ദേഹത്തിന്റെ എതിരാളിയായിരുന്ന റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ജോൺ മക്കൈൻ ഒരു വയോധികനും കാര്യപ്രാപ്തിയോ ചിന്താശേഷിയോ ഉള്ള ആളുമായിരുന്നില്ല.
എന്നാൽ ഇത്തവണ അങ്ങനെയൊരു സാഹചര്യം നിലവിലുണ്ടായിരുന്നില്ല. അതിനാൽത്തന്നെ കമലാഹാരിസ് വിജയിക്കുവാനുള്ള സാധ്യത ഇല്ലായിരുന്നു. അവരുടെ പിതാവ് കറുത്തവര്ഗ്ഗത്തില്പെട്ട ജമൈക്കൻ വംശജനായിരുന്നു. ഭർത്താവാകട്ടെ ജൂതവംശജനും. അമേരിക്കയിലെ കറുത്തവർഗ്ഗക്കാർ പൊതുവെ ആഫ്രിക്കയിൽ നിന്നും അടിമകളായി കൊണ്ടുവന്നവരുടെ പിന്മുറക്കാരും. അതിനാൽത്തന്നെ അമേരിക്കയിലെ ആഫ്രിക്കൻ വംശജരുടെ പിന്തുണ മുൻപുണ്ടായിരുന്ന തോതിൽ ലഭിച്ചില്ല. കമലയുടെ മാതാവ് ഇന്ത്യൻ വംശജയായതിനാൽ (തമിഴ്-ബ്രാഹ്മണ) വൈകാരിക കാരണങ്ങളാൽ അവരിൽ ഭൂരിപക്ഷവും കമലക്കനുകൂലമായി വോട്ടുചെയ്തിട്ടുണ്ട്. പരമ്പരാഗതമായിത്തന്നെ ഇന്ത്യൻ വംശജരിൽ ബഹുഭൂരിപക്ഷവും സാധാരണക്കാരുടെ പാർട്ടിയായി കരുതപ്പെടുന്ന ഡെമോക്രറ്റുകൾക്കാണ് വോട്ടുചെയ്യാറുള്ളത്. എന്നാലും ഇന്ത്യക്കാരിൽത്തന്നെ സാമ്പത്തികമായി മേൽത്തട്ടിൽ നിൽക്കുന്നവരും മറ്റു മത-രാഷ്ട്രീയ താല്പര്യങ്ങൾ ഉള്ളവരും റിപ്പബ്ലിക്കൻ പാർട്ടിക്കാണ് വോട്ടുചെയ്യാറുള്ളത്. അതുപോലെ ബൈബിൾ ബെൽറ്റ് എന്നുവിശേഷിപ്പിക്കപ്പെടുന്ന ടെക്‌സാസും ഫ്ലോറിഡായും അടക്കമുള്ള പ്രമുഖ തെക്കൻ സംസ്ഥാനങ്ങളിലെ വോട്ടർമാരിൽ ഏറിയപങ്കും യാഥാസ്ഥിതിക ക്രിസ്ത്യൻ വിശ്വാസികളാണ്. അവർ പതിവായി വോട്ടുചെയ്യാറുള്ളതും റിപ്പബ്ലിക്കൻപാർട്ടിക്കനുകൂലമായാണ്. ആഫ്രിക്കൻ അമേരിക്കൻസ് എന്നറിയപ്പെടുന്ന കറുത്തവർഗക്കാരിൽ മഹാഭൂരിപക്ഷമാണ് ഡെമോക്രറ്റുപാർട്ടിയുടെ അടിത്തറ. ഇടത്തരക്കാരും വിദ്യാസമ്പന്നരുമായ വെള്ളക്കാർ, യുവജനത, വെള്ളക്കാരിലെതന്നെ ചില ന്യൂനപക്ഷ വിഭാഗക്കാർ എന്നിവരൊക്കെ ഡെമോക്രറ്റുകൾക്കാണ് സാധാരണ വോട്ടുചെയ്യാറുള്ളത്. ഏഷ്യൻ വംശജരും സ്പാനിഷ് ഭാഷ സംസാരിക്കുന്ന തെക്കൻ അമേരിക്കൻ രാജ്യങ്ങളിൽനിന്നും കുടിയേറിയിട്ടുള്ള ഹിസ്പാനിക് എന്ന വിഭാഗത്തില്പെട്ടവരും ഇതര ന്യൂനപക്ഷ വിഭാഗങ്ങളും ജൂതവംശജരിൽ ഏറിയപങ്കും ഡെമോക്രറ്റുകൾക്കനുകൂലമായാണ് വോട്ടുചെയ്യുക പതിവ്. എന്നാൽ ഇത്തവണ ഡെമോക്രറ്റുകളുടെ പരമ്പരാഗത കോട്ടകളിൽ വിള്ളൽ വീഴ്ത്തുവാനും സ്വാധീനം വർദ്ധിപ്പിക്കുവാനും ട്രംപിനു കഴിഞ്ഞു.
മറ്റൊരു സുപ്രധാനകാര്യം അമേരിക്കൻ ചരിത്രത്തിൽ പ്രസിഡണ്ട് പദവിയിൽ ഒരു വനിതപോലും ഇന്നുവരെ തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല എന്നതാണ്. പ്രസിഡന്റ് ഒബാമയുടെ ഗവൺമെന്റിൽ വിദേശകാര്യസെക്രട്ടറിയും അതീവ പ്രഗത്ഭയും മുൻപ്രസിഡന്റ് ക്ലിന്റന്റെ പത്നിയും തനി വെള്ളക്കാരിയും ആയിരുന്ന ഹിലാരി ക്ലിന്റണെ തോൽപ്പിച്ചാണ് അമേരിക്കക്കാർ ട്രംപിനെ ജയിപ്പിച്ചത്. എല്ലാത്തരത്തിലും ട്രംപിനെക്കാൾ എത്രയോ ബുദ്ധിമതിയും പ്രാപ്തയും ആയിരുന്നു അവർ.
ഇവിടെ ഒരുകാര്യം അമേരിക്കക്കാരുടെ പൊതു രാഷ്രീയ അഭിരുചിയെ സംബന്ധിച്ചു സൂചിപ്പിക്കട്ടെ. അത് അതിമിടുക്കാരോടും ബുദ്ധിജീവികളോടും അവർ സ്വതവെ പുലർത്തുന്ന നിസ്സംഗതയോ അകൽച്ചയോ ആണ്. വാസ്തവത്തിൽ ഇന്ത്യൻ വോട്ടർമാരും അമേരിക്കൻ വോട്ടർമാരും തമ്മിലുള്ള ഒരു പ്രകടവ്യത്യാസമായി എനിക്കിതു തോന്നിയിട്ടുണ്ട്. 2000-ൽ ബുഷിനെതിരെ (ബുഷ് രണ്ടാമൻ) മത്സരിച്ചു വിജയത്തിനടുത്തെത്തിയെങ്കിലും പരാജയപ്പെട്ട അൽ ഗോർ അമേരിക്ക കണ്ട ഏറ്റവും വലിയ ധിഷണാശാലിയായ രാഷ്ട്രീയക്കാരനായിരുന്നു. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചു പ്രവാചകശബ്ദത്തോട് എഴുതുകയും ലോകവേദികളിൽ പറയുകയും പ്രവർത്തിക്കുകയും ചെയ്ത അദ്ദേഹത്തെയും അവർ തള്ളി. ചുരുക്കത്തിൽ, സാമൂഹ്യതലത്തിൽ സ്ത്രീമുന്നേറ്റം കൈവരിച്ചിട്ടുണ്ടങ്കിലും രാഷ്രീയത്തിന്റെ പരമോന്നത പദവിയിലേക്കു വനിതകളെയോ പ്രൊട്ടസ്റ്റന്റ്-ഇതര വിഭാഗങ്ങളെയോ ഉൾക്കൊള്ളാനുള്ള പക്വത അമേരിക്കൻ വോട്ടർമാർ കൈവരിച്ചിട്ടില്ല..
നിയമവിരുദ്ധമായ കുടിയേറ്റവും കുടിയേറ്റക്കാർ ഉയർത്തുന്ന സാംസ്കാരികവും സാമ്പത്തികവുമായ ഭീഷണികളും സംബന്ധിച്ചു അമേരിക്കകാരിൽ, പ്രത്യേകിച്ചും വെള്ളക്കാർക്കിടയിൽ ഉയർന്നിട്ടുള്ള ഭീതി നന്നായി മുതലെടുക്കുവാൻ ട്രംപിനു കഴിഞ്ഞു. അതിനെ ഫലപ്രദമായി പ്രതിരോധിക്കുവാൻ കഴിയുന്ന സ്ഥാനാർഥി ആയിരുന്നില്ല ഒരു തരത്തിലും കമല. അങ്ങനെ അമേരിക്കയുടെ പുതിയ രക്ഷകൻ എന്ന നിലയിൽ സ്വയം അവതരിപ്പിച്ച ട്രംപിനെ അമേരിക്കൻ ജനത ഇരുകൈയും നീട്ടി സ്വീകരിച്ചതിൽ ഒരത്ഭുതവും ഇല്ല.
ട്രംപിനു കീഴിൽ നാളത്തെ അമേരിക്ക എങ്ങനെ ആയിരിക്കും എന്നു പ്രവചിക്കാനാവുകയില്ല. Cosmetic Changes എന്നതിനപ്പുറം മിക്കകാര്യങ്ങളിലും കാര്യമായ മാറ്റത്തിനു സാധ്യത വിരളം. താൻ യുദ്ധവിരോധി ആണെന്നുള്ള ട്രംപിന്റെ പ്രഖ്യാപനം പ്രതീക്ഷ നൽകുന്നതാണ്. അമേരിക്കൻ ഗവൺമെന്റുകൾ പാകിസ്ഥാൻ ഉൾപ്പെടെയുള്ള ഇസ്ലാമിക ഭീകര രാജ്യങ്ങളെ അതിരറ്റു പിന്തുണച്ച ഒരു കാലമുണ്ടായിരുന്നു. ട്രംപിന്റെ ഒന്നാം ഭരണകാലത്താണ് അതിനു കാര്യമായ അറുതിയുണ്ടായത്. ആ നയം ശക്തമായി തുടരും. എല്ലാറ്റിനുമുപരിയായി ഇന്ത്യയുമായുള്ള ബന്ധങ്ങൾ പൂർവാധികം ശക്തമായി മുന്നോട്ടുതന്നെ പോവും എന്നതിൽ സംശയമില്ല. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഗുണപരമാണ് ട്രംപിന്റെ വിജയം എന്നുവേണം കരുതാൻ.
(അമേരിക്കയിലെ സാമൂഹിക-രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയുന്ന "അമേരിക്കൻ ഡയറി" എന്ന പുസ്തകം 2004 -ൽ പ്രസിദ്ധീകരിച്ചിരുന്നു)