Image

മലയാള നാടകാചാര്യനായ എൻ. എൻ. പിള്ള‍യുടെ ഓർമ്മക്കുമുമ്പിൽ പ്രണാമം...!: പ്രസാദ് എണ്ണയ്ക്കാട്

Published on 16 November, 2024
 മലയാള നാടകാചാര്യനായ എൻ. എൻ. പിള്ള‍യുടെ ഓർമ്മക്കുമുമ്പിൽ പ്രണാമം...!: പ്രസാദ് എണ്ണയ്ക്കാട്

മലയാള നാടക വേദിയുടെ ആചാര്യൻമാരിൽ ഒരാളായിരുന്ന എൻ. എൻ. പിള്ള‍യുടെ 30-ാം ചരമദിനമാണ് ഇന്ന്.

1918 ൽ വൈക്കത്ത് ജനിച്ചു. കോട്ടയം സി.എം.എസ്. കോളേജിൽ പഠിച്ചു. ഇന്റർമീഡിയറ്റ് പരീക്ഷയിൽ തോറ്റതോടെ നാടുവിട്ട് മലയയിൽ എത്തി. രണ്ടാം ലോകയുദ്ധകാലത്ത് ഐ.എൻ.എ യുടെ പ്രചാരണവിഭാഗത്തിൽ പ്രവർത്തിച്ചു. 1945-ൽ നാട്ടിൽ തിരിച്ചെത്തി. ഒരു വർഷം കഴിഞ്ഞ് കുടുംബസമേതം മലയയിലേക്കു പോയി. മൂന്നരവർഷം കഴിഞ്ഞ് തിരിച്ചുവന്ന് കോട്ടയത്ത് ഒളശ്ശയിൽ താമസമാക്കി. ഒട്ടേറെ നാടകങ്ങൾ രചിക്കുകയും 1952-ൽ വിശ്വകേരള കലാസമിതി സ്ഥാപിച്ച് അവ അവതരിപ്പിക്കുകയും ചെയ്തു..ഭാര്യ ചിന്നമ്മയും സഹോദരി ഓമനയും മകൾ സുലോചന മകൻ വിജയരാഘവൻ എന്നിവരും നാടകസമിതിയിൽ പ്രവർത്തിച്ചിരുന്നു.. മകൻ വിജയരാഘവൻ ചലച്ചിത്രനടനാണ്.1995 നവംബർ 14-ന് അന്തരിച്ചു.
ജനപ്രീതി നേടിയ പല നാടകങ്ങളും എഴുതി അരങ്ങേറി. ഇരുപത്തെട്ടു നാടകങ്ങളും 40 ഏകാങ്കനാടകങ്ങളും; കാപാലിക, ക്രോസ്ബെൽറ്റ് തുടങ്ങിയ പ്രശസ്തനാടകങ്ങൾ ചലച്ചിത്രമായി. നാടകദർപ്പണം, കർട്ടൻ എന്നീ പഠനഗ്രന്ഥങ്ങളും ഞാൻ എന്ന ആത്മകഥയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രേതലോകം എന്ന നാടകത്തിന് 1966-ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു.  1991ൽ സിദ്ദിഖ്-ലാൽ സംവിധാനം ചെയ്ത ഗോഡ്‌ഫാദർ എന്ന സിനിമയിൽ അഞ്ഞൂറാൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചു. തുടർന്ന് നാടോടി എന്ന ചിത്രത്തിലും അഭിനയിച്ചു.

കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെയും കേരള സാഹിത്യ അക്കാദമിയുടെയും സംഗീത നാടക അക്കാദമിയുടെയും സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെയും അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ആത്മകഥയ്ക്ക് അബുദാബി മലയാളി സമാജത്തിന്റെ പുരസ്കാരവും ലഭിച്ചു.
മലയാള നാടകാചാര്യനായ അദ്ദേഹത്തിൻ്റെ ഓർമ്മക്കുമുമ്പിൽ
പ്രണാമം...!
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക