Image

സ്നേഹം ബാക്കിയാക്കി യാത്രയായി ബി.സി.എം. കോളേജിന്റെ ലൂക്കാസാർ

മാതൃഭൂമി  Published on 16 November, 2024
സ്നേഹം ബാക്കിയാക്കി യാത്രയായി ബി.സി.എം. കോളേജിന്റെ ലൂക്കാസാർ

കോട്ടയം : എന്നും ബുദ്ധിമുട്ടുന്നവർക്കൊപ്പം ആയിരുന്നു ലൂക്കാ സാറിന്റെ മനസ്സ്. പ്രത്യേകിച്ചു പഠിക്കാൻ പ്രയാസപ്പെടുന്നവർക്ക് സാർ എന്ത് സഹായവും എത്തിച്ചുകൊടുക്കും. എൻഡോസൾഫാൻ ദുരിതബാധിതർക്ക് ആശ്വാസം നൽകിയ ലൂക്കാ സാർ ആ മേഖലയിൽ സഹായം എത്തിക്കാൻ മാന്ത്രികൻ ഗോപിനാഥ് മുതുകാടിന്റെ ഒപ്പംചേർന്നു. കാസർകോട്‌ എൻഡോസൾഫാൻ ദുരിതബാധിതർക്കായി ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന പുനരധിവാസകേന്ദ്രത്തിനായി 20ഏക്കർ സ്ഥലം അദ്ദേഹം സൗജന്യമായി വാങ്ങി നൽകി. വെറുതേ പണം നൽകുക എന്നതിന് അപ്പുറം ഭൂമി നേരിൽ കണ്ട്‌ മനസ്സിൽ സ്വപ്നം പോലെ സൂക്ഷിച്ചയിടം ആണ് സാർ വാങ്ങി നൽകിയത്.

കോട്ടയം ബി.സി.എം. കോളേജിലെ മുൻ പ്രൊഫസർ എന്നതിനപ്പുറം സാമൂഹിക ജീവകാരുണ്യപ്രവർത്തകനുമായി എം.കെ.ലൂക്കാ. ഇടുക്കി ജില്ലയിലെ രാജാക്കാടിനടുത്തു മുല്ലാക്കാനത്തു ഒരു വീട് വാങ്ങി താമസിക്കുമ്പോഴും സന്നദ്ധ പ്രവർത്തനം ചെയ്യാനുള്ള തീരുമാനമാണ് മുന്നിൽ നിന്നത്. അവിടെനിന്ന്‌ ആരംഭിച്ച അദ്ദേഹത്തിന്റെ സന്നദ്ധ പ്രവർത്തനം കേരളത്തിലുടനീളം നൂറുകണക്കിന് ആളുകൾക്ക് ആശ്വാസമായി. രാജാക്കാട് പ്രദേശത്ത് വിവിധ സന്നദ്ധ സംഘടനകളിലൂടെയും വിൻസെന്റ് ഡി പോളിലൂടെയും അൻപതിൽപരം ആളുകൾക്ക് വീടുകൾ നിർമിച്ചു നൽകുന്ന പദ്ധതിക്ക് സാമ്പത്തിക സഹായം നൽകി.

കോട്ടയം ജില്ലാപഞ്ചായത്ത് അംഗം ജോസ്‌മോൻ മുണ്ടയ്ക്കൽ നേതൃത്വം നൽകുന്ന സ്‌നേഹദീപം ഭവനപദ്ധതിയിൽ നിർമിച്ച രണ്ടാം സ്‌നേഹവീടിന്റെ തുക പൂർണമായും നൽകി. നൂറുകണക്കിന് വിദ്യാർഥികൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് ആവശ്യമായ പണം സ്വന്തം വരുമാനത്തിൽനിന്നും നൽകുന്ന കാര്യത്തിൽ അദ്ദേഹം ഏറെ മുന്നിലായിരുന്നു. തന്റെ കാലശേഷവും വിദ്യാഭ്യാസ സഹായം തുടരുന്നതിനായി ഹെൽപിങ്‌ ഹാൻഡ്‌സ് എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് എന്ന പേരിൽ ഒരു ട്രസ്റ്റിന്‌ രൂപം നൽകി. തന്റെ സ്വത്തിന്റെ ഒരുഭാഗം അതിന്റെ പേരിൽ എഴുതിവെച്ചു. ഇടക്കാലത്തു ജോലി വിട്ട്‌ ന്യൂയോർക്കിൽ താമസം തുടങ്ങിയപ്പോഴും മുഴുവൻ സമയ സന്നദ്ധപ്രവർത്തനത്തിനായി സമയം കണ്ടെത്തി. നാളുകൾക്കുമുമ്പ് കേരളത്തിൽ വന്ന് ട്രസ്റ്റിന്റെ മാനേജിങ്‌ ട്രസ്റ്റിയായി പ്രവർത്തിച്ചു വരുന്നതിനിടെയാണ് അന്ത്യം. 1982-ൽ പാലാ സെയ്ന്റ് തോമസ് കോളേജിന്റെ യൂണിയൻ ചെയർമാനായിരുന്നു .

തൊടുപുഴ കരിങ്കുന്നത്ത് ഓലിയാനിക്കൽ കുര്യാക്കോസിന്റെയും മറിയാമ്മയുടെയും മകനായാണ് ജനനം. വിദ്യാഭ്യാസത്തിനുശേഷം കോട്ടയം ബി.സി.എം. കോളേജിൽ അധ്യാപകനായി ചേർന്നത്. തുടർന്ന് വൊളന്ററി റിട്ടയർമെന്റ് എടുത്ത് അമേരിക്കയിലെ റോക്‌ലാന്റ് സൈക്യാട്രി സെന്ററിൽ തെറാപ്പി എയ്ഡായി 65 വയസ്സുവരെ സേവനം അനുഷ്ടിച്ചു. അപ്പോഴും നാട്ടിൽ മടങ്ങിവന്ന് സേവനം നൽകാനായിരുന്നു മോഹം. അങ്ങനെ മടങ്ങിയെത്തി ട്രസ്റ്റിന്റെ പ്രവർത്തനം ഊർജിതപ്പെടുത്തി. ശിഷ്ട കാലം കാസർകോട്‌ നിർമിക്കാൻ പോകുന്ന സ്വപ്ന പദ്ധതിക്കൊപ്പം പ്രവർത്തിക്കാനായിരുന്നു ആഗ്രഹം. പക്ഷെ, സ്വപ്നം ബാക്കിയാക്കി സാർ യാത്രയായി.
https://newspaper.mathrubhumi.com/kottayam/news/kottayam-1.10081415

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക