Image

രക്തമിറ്റുന്ന വൃക്ഷം (രാജു തോമസ്)

Published on 17 November, 2024
രക്തമിറ്റുന്ന വൃക്ഷം (രാജു തോമസ്)

മൃദുമർമ്മരവും കുളിർകാറ്റു-
മുതിർത്തുലസിക്കു-
ന്നിലകൾക്കിടയിൽത്തെളിയും
വിൺനീലം നോക്കിനിറഞ്ഞ്,
മിഴിപൂട്ടി നിശബ്ദം ഞാൻ
സത്യയുഗപ്പകലൊന്നിൽ
പ്രണവം ചൊല്ലിയിരിപ്പായി.

പാതകൾ സന്ധിക്കുന്നീ വൃക്ഷം
മരുവീ സംസ്കൃതിയിന്നക്ഷം.
അമ്പലമില്ല, പ്രതിഷ്ഠയിമി-
ല്ലവിടരയാലുകളാണാകെ.
പണ്ടിവിടീ വടവൃക്ഷംപോൽ
ജടനീണ്ടൊരു വൃദ്ധൻ പതിവായ്
‘സ്വാമീ ശരണ’മുറക്കെ ജപിച്ചും
ഉപ്പൻകണ്ണാലാളെയുഴിഞ്ഞും
ഊക്കൻബീഡികൾ വിറ്റുമിരുന്നു.
ഇവിടുന്നു പുറപ്പെട്ടൂ പല
പ്രസ്ഥാനങ്ങൾ, പലതിവിടം
പൂകിയപാടെ പൊഴിഞ്ഞേപോയ്
എത്രയനേകം ധീര,രധീരർ
പ്രാജ്ഞർ, പ്രമൂഢരുമെല്ലാം
അമ്പേ തോൽക്കെ മരിപ്പാനായി
ശയിച്ചതുമിവിടല്ലോ.
അവരവർതന്നുടെ പോരും-
പോരാതപരന്റേതിലുമാടി
ഒടുവിൽ വീണു പരിക്ഷുണ്ണം,
സ്വാർത്ഥത, വൈര്യവുമെല്ലാം
തൃഷ്ണയതിന്നാലേറിയിറങ്ങി,
മനകായാഗ്നികളൊന്നായാളി
അവശേഷിച്ചതു ചാരം.

ഇവിടീയരയാൽക്കീഴെ
നീണ്ടുനിവർന്നുകിടന്നൂ ഞാൻ.
വിദ്യാവിദ്യവിഭേദം മാഞ്ഞ്,
സുഖദുഃഖങ്ങളൊടുങ്ങി,
അഖിലവുമുള്ളിന്നുള്ളിൽ
ഓംകാരാന്ത നിശ്ശൂന്യതയായ്.
പിന്നെന്തു നടന്നെന്നില്ല,
യുഗമെത്ര കഴിഞ്ഞെന്നോ...
പത്മാസനമഴിഞ്ഞ്, ഞാൻ
പിറകോട്ടു മലർന്നെന്നോ!
കണ്ടേനി,ല്ലെൻചുറ്റും വന്നുനിരന്നൂ
പൊരുതാൻ സൈന്യങ്ങൾ.
പുലരുമ്പോഴൊ പോരായി.
തുരഗം, കരി, കാലാൾ
ഒരുമിച്ചിടയുകയായി,
പൊടി പൊങ്ങുകയായി.
എങ്ങും ഗദ, ശുല, ശരങ്ങൾ.
ഒടിയുകയായ് പ്രൗഢധ്വജം,
തകരുകയായ് വീരരഥം.
വൈരീരഹിതനുചുറ്റും
രക്ഷാവലയമിരിപ്പു-
ണ്ടെന്നു നിന്നച്ചു നിരീക്ഷിക്കെ,
എരിഞ്ഞുപാഞ്ഞുവ-
ന്നെന്റെമേലെന്തു തറച്ചിത്?
വീണു ഞാ,നുടഞ്ഞുപൊടിഞ്ഞിടാൻ.

നോക്കെ, ചില്ലകളൂടർക്കൻ
ചില്ലുകളായി ഉടഞ്ഞു, പി-
ന്നുരുകിയൊലിച്ചുനിറച്ചൂ
തനുവെ, അന്തഃകരണത്തെ--
ഇന്ദ്രിയജാഗ്രതവിട്ടു തുരീയം തേടിയ
ശ്രദ്ധയതിന്നുടെ സിദ്ധികളെല്ലാം
നഷ്ടപ്പെട്ടൂ ഭവദുഃഖാൽ.
ഏതോ സുകൃതിയച്ചൊരു
ദിവ്യാസ്ത്രത്തിൽനിന്നെൻ
പിന്നിലൊളിച്ചൂ സമർത്ഥനൊരാൾ--
അതു വന്നെന്നിൽക്കൊൾകെ
നെടുമൂർച്ഛയിലാണ്ടേപോയേൻ.

മരത്തിൽനിന്നു പൊടുന്നനെ
മാരുതപുത്രനിറങ്ങി
ചേതനയറ്റുകിടന്നോനെന്നെ
ആർദ്രം പേർത്തു വലംവ-
ച്ചലിയും കനിവിൽ നോക്കി,
പിന്നെ ചാടിപ്പൊങ്ങിപ്പോയി,
മൃതസഞ്ജീവനി തേടി.

മങ്ങും ബോധമൊരിക്കൽ
തെളിയവെ കണ്ടൂ:
വിറയുന്നിലകൾക്കിടയിൽക്കൂടെ,
വാനം കലുഷമിരുണ്ടത്,
ഉരുളും കരിമേഘപ്പേശികൾ
മുഴപ്പിച്ചൊരു ചുഴലി-
ക്കാറ്റിനു വേദിയൊരുക്കുവത്;
പിന്നൊരു വേളയിൽ:
ദിവ്യരഥങ്ങളിലേറിപ്പൊരുതവർ
മേഘത്തിട്ടുകൾ മറയാക്കി-
ച്ചിന്തും നിണമിത്തരുവിൻ
നാക്കിലയൂടെയൊലിപ്പത്

ഓർപ്പേൻ, രക്ഷകനൊരുവൻ
ഔഷധദൗത്യം പേറിപ്പോയത്.
ബോധം മറയും നേരത്തും ഞാ-
നവനായാശിപ്പേൻ,
വേണ്ടതു കൃത്യം കാണായ്‌കിൽ
ഋഷഭാദ്രിമുടിമൊത്ത-
മടർത്തിയെടുത്തുവരാൻ.

എങ്കിലുമെന്തോ സന്ദേഹം:
സാക്ഷാലാപൽബാന്ധവനോ,
അതോ മമ ജീവിതാശയത്?■

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക