"ന്റെ ... പൊന്നുമോക്ക് പിറന്നാളാ...ന്ന് ....ഉം ...,പതിനേഴ് തികഞ്ഞ ദിവസം- മധുര പതിനേഴ്! "
മരിയാക്ക മകളെ നെഞ്ചോടു ചേർത്തുപിടിച്ചു
" ന്റെ .. മോളൂ ..., കിലുക്കാംപെട്ടി വേണോ; പളുങ്കുമാലയോ..?"
സങ്കടത്തിന്റെ നീർത്തടങ്ങളായി അവളുടെ കണ്ണുകൾ.
മങ്ങിയിരുണ്ട കാഴ്ചകൾക്കിടയിൽ രാവുണ്ണി ചിരിച്ചിരുന്നു
" ടിയേ ...മ്മട കുഞ്ഞിക്ക് ഈ ഒന്നാം പെറന്നാളിന് , എന്താ കൊണ്ടുവന്നതെന്ന് കണ്ടാ ...!!"
ആനന്ദാതിരേകത്താൽ മരിയാക്ക അയാളോട് ചേർന്നൊട്ടിയിരുന്നു.
"എന്താ..?!!"
" ദാ... നോക്ക്" :- അയാൾ കടലാസുപൊതി മെല്ലെയഴിച്ചു - പല നിറങ്ങളിലുള്ള ഓറഞ്ച് മിഠായികൾ.
"ഇതാന്നാ ... കുഞ്ഞിക്ക്"
അവളുടെ മുഖം മങ്ങി.
മായാജാലക്കാരനെപ്പോലെ മടിക്കുത്തിൽ നിന്നും ഒരു കിലുക്കാംപെട്ടി അയാൾ പുറത്തെടുത്തു!
" ടീം ...ടിം ... "
പക്ഷേ, കുഞ്ഞ് ചിരിച്ചില്ല !
മോളു കരഞ്ഞതുമില്ല !!
" ഇരുളു ചായും മുമ്പ് തോട്ടപ്പുരയിലെത്തണം"
രാവുണ്ണി വേഗം പുറത്തേയ്ക്കിറങ്ങി
നടന്നു.
തോടിന് കുറുകേയുള്ള തടിപ്പാലം കയറി, പരന്നുകിടക്കുന്ന കശുവണ്ടി തോട്ടത്തിന്റെ തലപ്പുകളിൽ അയാൾ അലിഞ്ഞില്ലാതാവുവോളം അവൾ
കണ്ണിമച്ചില്ല.
"നീ സ്വപ്പനലോകത്താണോടീ ...!? "
വെള്ളച്ചിയുടെ ചോദ്യം കേട്ടവൾ ഞെട്ടിപ്പോയി. അവർക്ക് രണ്ടാമതൊരു ചോദ്യമില്ല, മുറ്റത്ത് പഴുത്തളിഞ്ഞു കിടക്കുന്ന കശുമാങ്ങകൾ പെറുക്കി തുരുതുരായൊരേറാണ് !!
ഫെനിയുടെ രുചിയിൽ ഈ ലോകം മറന്ന വെള്ളച്ചി വേച്ചുവേച്ചു നടന്നകന്നു.
' ഇപ്പോ , നിപ്പിലും നടപ്പിലുമെല്ലാം സ്വപ്നങ്ങൾ പിടികൂടുന്നല്ലോ!' അവളോർത്തു: 'രാത്രിയും പകലുമെന്നില്ലാതെ !! '
-ഉണങ്ങി വരണ്ട കശുവണ്ടിപോലെ
ചുരുണ്ടു കിടക്കുന്നു മോളു-
നേരം വൈകിയോ,
ഇല്ല, വേഗം കാസറോടെത്തണം
മോളൂന് ഉമ്മ കൊടുത്ത് വാതിൽ പൂട്ടിയെന്നുറപ്പിച്ച് പടിയിറങ്ങി , പാലം കടന്ന്, കശുമാവിൻ തോട്ടങ്ങൾക്കിടയിലൂടെ വേഗത്തിൽ നടന്നു.
" പെൻഷന് പോയിയാണോടിയേ...?"
തോട്ടത്തിൽ കള പറിച്ചുകൊണ്ടു നിന്ന ചിരുത വിളിച്ചു ചോദിച്ചു.
"ങാ... പോയി നോക്കട്ടെ ... "
" താമസ്സിച്ചല്ലോടിയേ..."
അവൾ പിന്നെയും ചോദിച്ചുകൊണ്ടേയിരിക്കുമെന്നറിയാവുന്നതിനാൽ
നടന്നുകൊണ്ടാണ് മരിയാക്ക അതിന് മറുപടി കൊടുത്തത്
"മോളു ഒറങ്ങാൻ താമസിച്ചടിയേ...."
ശരീരം പനപോലെയായെങ്കിലും, പതിനേഴാം വയസ്സിലും ഒരു വയസ്സിന്റെ മനസ്സാണ് മോളൂ നെന്ന് അറിയാത്തവരാരുമില്ല - അവൾ ഇപ്പോഴും ഒരു കൈക്കുഞ്ഞ് മാത്രം. കെട്ടിപ്പിടിച്ച് താരാട്ട് പാടാതെ ഉറങ്ങില്ല. അതും തുണി തൊട്ടിലിൽ .
മാറോട് ചേർത്ത് ഉമ്മ കൊടുത്ത് ഉറക്കുമ്പോൾ മോളൂന് അവൾ വാക്കു കൊടുത്തു
"ഇന്ന് മോക്ക് , പെറന്നാൾ കേക്ക് അമ്മ വാങ്ങിക്കൊണ്ടുവരും. "
" എവിടെ പോന്നടിയേ ...."
ജോസപ്പേട്ടനാണ്. മുറുക്കാൻ നീട്ടി തുപ്പി ക്കൊണ്ടാണ് ചോദ്യം.
" കാസറോട്ട്, ആപ്പീസി... " അവൾ പറഞ്ഞു.
" എന്താടിയെ അവിടെ നിന്റെ ഓനൊണ്ടാ...?"
അയാളുടെ പരിഹാസം അവളെ വേദനിപ്പിച്ചു.
" അന്നൊരീസം ദാ വരുന്നെന്നു പറഞ്ഞ് കേറീപ്പോയതാണ് - കശുവണ്ടി വണ്ടിയിൽ - മോളൂന്റച്ചൻ. പിന്നെ വന്നില്ല. "
മരിയാക്ക പലരോടും പല തവണ ഇങ്ങനെ പറഞ്ഞു കഴിഞ്ഞു.
രാവുണ്ണി അക്കാലത്ത് പറഞ്ഞ ആ സംഭവം ഇപ്പോഴും അവൾ ഞെട്ടലോടെയാണ് ഓർക്കുന്നത്.
"ഒരീസം രാത്രി പറങ്കാത്തോട്ടത്തിലൂടെ വരുമ്പം, കൊളത്തിന് ചുറ്റും നിന്ന് ആരൊക്കെയോ പാടുന്നു.
' ആക്കട മോതിരം
മോക്കട മോതിരം
ഇതു മരിയാക്കട
മോക്കട മോതിരം"
ടീ.... ഊവ്വേ,ഈ രാവുണ്ണി ആരാ മോൻ,പതുങ്ങിപ്പതുങ്ങി അവരുടെ അടുത്തെത്തി. ചെകുത്താന്മാരാ... വട്ടംചുറ്റി കളിക്കുവാ.ഞാനുവങ്ങ് കൂടി . മോതിരം കൈയ്യീ കിട്ടിയപ്പം എടുത്തോണ്ടോടി "
'പനി പിടിച്ച് കെടന്ന രാവുണ്ണി രണ്ടുനാൾ
കഴിഞ്ഞ് സൊഖമായപ്പോത്തന്നെ പൊയ്ക്കളഞ്ഞു '
അവളുടെ കണ്ണ് നിറഞ്ഞു വന്നു.
'എനക്കിതായിരിക്കാം വിധി, ഇങ്ങനെ ഒറ്റക്ക്.... എന്റെ മോളൂട്ടിയ്ക്ക് ... എവിടെ വരെ ... ഞാനില്ലാതാകുമ്പോ ... ഒറ്റക്ക് ... '
അവളുടെ മനസ്സ് പിടച്ചു.
ആപ്പീസിന്റെ ഓരത്തുള്ള കാന്റീനിൽ നിന്നും പൊരിപ്പിന്റെ മണം. അതു കഴിഞ്ഞാണ് മൂത്രപ്പുര - ആണുങ്ങളുടെ മൂത്രച്ചൂര് അവിടമാകെ പരക്കുന്നുണ്ട്.
" സമരം ഞങ്ങടെ അവകാശം
അവകാശങ്ങൾസംരക്ഷിക്കാൻ
അതിനാണതിനാണീസമരം "
ഇടനാഴിയിലൂടെ കടന്നുവന്ന പ്രകടനം കഴിയുന്നതുവരെ അവൾ ഒതുങ്ങി നിന്നു.
മധു സാർ ജാഥയുടെ മുന്നിൽ തന്നെയുണ്ട്
'സാറാണ് കാശ് തരേണ്ടത് '
അവൾ ആപ്പീസു പടിക്കൽ കാത്തു നിന്നു .
- ആ കാഴ്ച അപ്പോഴാണ് മരിയാക്കയുടെ കണ്ണിലുടക്കിയത്.
- ഒച്ചുകൾ, അത് ആപ്പിസിലെ മേശകൾക്കുമേൽ നിറഞ്ഞിരിക്കുന്നു.
ചുവന്ന ചരടുകൾ കൊണ്ട് കെട്ടിയ ഒച്ചിൻ കൂട്ടങ്ങൾ!
അവയെല്ലായിടത്തേയ്ക്കും ഇഴഞ്ഞ് നിറയുന്നതും , അവളെ വളഞ്ഞെത്തുന്നതും മരിയക്ക കണ്ടു.
- ഇനിയെപ്പോഴാണോ സാറ് വരിക ?
ഇഴഞ്ഞിഴഞ്ഞ് അവൾ വരാന്തയിലൂടെ മുന്നോട്ടു പോയി.
ഒച്ചുകളുടെ ഇടയിൽ പെട്ടവർക്ക് ഇനി രക്ഷയെന്താണ് ?
മോളു ഒരു ഒച്ചായിത്തീരുന്നതും, ഇഴഞ്ഞു നീങ്ങുന്നതും അവൾ കണ്ടു.
ജോസപ്പേട്ടന്റെ കടയുടെ മുന്നിൽ അവൾ നിന്നു - നാണയത്തുട്ടുകൾ നീട്ടി.
" പിറന്നാൾ കേക്ക് " മരിയാക്ക പിറുവിറുത്തു .
" കിട്ടില്ല മോളേ " പല നിറത്തിലുള്ള ഒറഞ്ചു മിഠായികൾ അവളുടെ നീട്ടിയ കൈക്കുമ്പിളിലേയ്ക്ക് ഇട്ടുകൊണ്ട് ജോസപ്പേട്ടൻ കണ്ണിറുക്കി.
ഓറഞ്ച്, വെള്ള, പച്ച നിറങ്ങിലുള്ള മിഠായികൾ
ഒരു കീറക്കടലാസിൽ അവ പൊതിഞ്ഞെടുത്ത് അവൾ വീട്ടിലേക്ക് ഒച്ചിനെപ്പോലെ ഇഴഞ്ഞു നീങ്ങി.