എവിടെയോ ഒരു ചോരക്കനപ്പ്. നെഞ്ചിലതിന്റെ മർമ്മരം ഉരുണ്ടു കൂടും പോലെ. ജോസഫിനെ ഓർക്കുമ്പോഴൊക്കെ അങ്ങനെ ഒരു തോന്നലാണ്.
കർത്താവിന്റെ മുഖമാണ് അയാൾക്ക് . ഫുട്ബോളർ മെസ്സിക്കും അതേ മുഖമാണല്ലോ. അത് കൊണ്ട് രണ്ടാളോടും ഒരേ പോലൊരു സ്നേഹമാണ്..
കൈയെത്തി പിടിക്കാൻ ആവാത്ത ദൂരത്തിലാണ് ഈ മൂന്നാളുമെന്നതിനാൽ സ്വപ്നങ്ങൾ പോലെ സുന്ദരമായ നേരം പോക്കുകൾ മാത്രമായി മാറിയിരുന്നു അത്.
ജീവിതമങ്ങനെ പകലും രാത്രിയുമായി പാഞ്ഞു പോയി, അങ്ങനെ ഒരു ദിവസം , നടക്കില്ലെന്ന് തോന്നിയ ഒന്ന് സംഭവിച്ചു.
മഴ നിന്ന് പോയ ഒരു പകലിലാണ് വലിയ പാലത്തിന്റെ അറ്റത്ത് കർത്താവിനെ ആദ്യമായി ഒന്ന് കാണുന്നത്.
ചിത്രത്തിൽ കാണുന്നത് പോലല്ല. ഹിന്ദി സിനിമാ നടൻമാരെ പോലെ ക്ലീൻ ഷേവ്. ആദ്യം കണ്ടപ്പോൾ മനസിലായില്ല, ഒട്ടും.
മതിലുമ്മേൽ ഇരുന്ന സുന്ദരൻ കർത്താവ് തന്നെ എന്ന് നടത്തം മുന്നോട്ടാഞ്ഞപ്പോൾ തോന്നി. പിന്നേം നോക്കിയപ്പോ മൂക്കിന്റെ അറ്റത്ത് കറുത്ത മറുക് വരച്ചു ചേർത്തത് പോലും അതേ പോലെ തന്നെ. താടിമീശയില്ലാന്നുള്ള വ്യത്യാസമേ ഉള്ളൂ
ഒന്നും മിണ്ടാൻ തോന്നിയില്ല. മുന്നോട്ട് പിന്നേം പോയപ്പോ കർത്താവ് വിളിച്ചു
" നീയിപ്പോ പോന്ന പോക്ക് വെറുതെയാവു ലോ കമലേ " ന്ന്
"ശ്ശെടാ നീ കർത്താവൊക്കെ തന്നെയാവും. പക്ഷേ എന്റെ മൊബൈലി വിളിച്ച് ഒരു മണിക്കൂർ വില പറഞ്ഞവൻ ജിപെ ചെയ്തിട്ട് വിട്ട് കളഞ്ഞേക്കില്ല" ന്ന് വാക്കിൽ നിന്ന് നാക്കെടുക്കും മുമ്പ്,
'പരിപാടി പിന്നെ ആവാ നമ്മൾക്ക്,ഇന്നിപ്പോ നേരോല്ല ന്ന് ' വിളി വന്നത്.
പറഞ്ഞ കാര്യം അച്ചട്ട് പോലെ നടന്നപ്പോ ഇങ്ങേര് പിന്നെ കർത്താവല്ലാതെ മറ്റാരാവാനാ എന്ന് മനസ്സങ്ങ് ഉറപ്പിച്ചു.
വേണ്ടാത്തൊരു തൊഴില് തോളിലെടുത്ത് വെച്ച കാലത്താണ് കർത്താവിനെ കൂട്ട് വേണം ന്ന് തോന്നിയത് . അറിയാത്ത ഒരാളെ പരിചയപ്പെടുത്തും പോലെ, മഗ്ദലനയിലെ മറിയത്തെ കല്ലേറ് കൊള്ളാതെ കാത്ത കഥ പറഞ്ഞു കേട്ടത് മുതല് കർത്താവിനോട് കടുപ്പത്തിൽ തോന്നിയ ഒരിഷ്ടമാ അതിന് പിന്നിലെ കാര്യം.
കഥ പറഞ്ഞ ചെറുക്കനൊരു കവിയായിരുന്നു ന്നാ തോന്നുന്നത്. ആദ്യം കണ്ടപ്പോ തന്നെ കരഞ്ഞു കൊണ്ട് അവൻ കാൽപാദങ്ങൾ തൊട്ടു. കാലു തൊടുന്നത് ഇഷ്ടമുള്ള കാര്യമല്ല. എന്നിട്ടും വിലക്കാൻ തോന്നിയില്ല.
" ഞാൻ നിങ്ങളുടെ പാപങ്ങളിൽ നിന്ന് നിങ്ങളെ വിശുദ്ധയാക്കട്ടെ? " കള്ള് മണക്കുന്ന അവന്റെയാ വർത്തമാനം കേട്ടപ്പോ പെട്ടന്ന് ദേഷ്യം വന്നു.
' നീയിപ്പ എന്തിനാടാ പിന്നന്റെടുത്ത് വന്നത്, കുർബാനക്കാ ' ന്ന് മനസ്സില് പറഞ്ഞിട്ട്,
" നിനക്കില്ലാത്ത പാപോന്നും എനിക്കൂണ്ടാവാ പോന്നില്ല " ന്ന് അവനെ തള്ളിമാറ്റി.
അപ്പോഴാ അവൻ കർത്താവിന്റെയും മഗ്ദലന മറിയത്തിന്റെയും കഥ പറഞ്ഞത്.
കട്ടിൽത്തലക്കൽ അവന്റ ഒച്ച കടലു പോലെ മുഴങ്ങി. മറിയം തേച്ചു കൊടുത്ത സുഗന്ധം മുറിയിൽ നിറഞ്ഞു. കണ്ണുനീർ ഒരു പുഴ പോലെ ഒഴുകി. ഏറെ നാളുകൾക്കു ശേഷമുള്ള ഒരു കരച്ചിലിൽ ആളുകൾ ഒഴിഞ്ഞു പോയ നഗരം പോലെ, വിശുദ്ധി നേടിയ പോലെ ഒരു തോന്നൽ .
വേറേതെങ്കിലും ദൈവങ്ങൾ എല്ലാ മനുഷ്യരേം ഇങ്ങനെ ചേർത്ത് നിർത്തിയ കഥ അറിവിലില്ല. ഇപ്പണി തുടങ്ങിയെ പിന്നെ ആരും മിണ്ടല് തന്നെ ഇല്ലാത്തതാ.
കഥ കേട്ടു കഴിഞ്ഞപ്പോൾ ചേർത്ത് നിർത്താൻ ആരെങ്കിലുമൊക്കെ ഉണ്ടെന്ന തോന്നലുണ്ടെൽ ഒരു ധൈര്യമാ എല്ലാർക്കും എന്ന് തോന്നി.
ജീവിതം മടുത്ത പോലെ, പയ്യനോട് ' നീ പൊയ്ക്കോടാ ചെർക്കാ ' എന്ന് വാതിലടച്ചു.
നെഞ്ചിലെന്തോ കനം വന്ന് ചങ്ക് പൊട്ടിയ തോന്നൽ. കർത്താവ് ഒരു സംഭവാണ് ന്ന് തോന്നി.
പിറ്റേന്ന്, ഫാൻസി കടേൽ കേറിയപ്പ കർത്താവിന്റെ ഒരു ഫോട്ടോ വാങ്ങി. കടക്കാരൻ നെറ്റി ചുളിച്ചത് കണ്ടില്ലാന്ന് വെച്ച്. അല്ലേലും അവനെന്ത് കാര്യം. ഇതില്.
പൂജാ മുറീല് ഫോട്ടോ കൊണ്ട് വെച്ചപ്പോ ബാക്കി എല്ലാ ദൈവങ്ങളും ചിരിച്ചത് പോലെ . അവരെ നോക്കി നിന്നപ്പോ ചന്ദനത്തിരി കൊണ്ട് കുത്തി പോയ ഒരു കറുപ്പ് കർത്താവിന്റെ മൂക്കിന്റെ തുമ്പത്തു മറുക് പോലെ കിടന്നു.
അത് പോലൊരു കർത്താവ് ഇപ്പ ഉണ്ടേൽ നന്നായിരുന്നു ന്ന് പ്രാർത്ഥിക്കാൻ നോക്കുമ്പോളൊക്കെ തോന്നും.
കാലക്കേടിൽ നിന്ന് ഇല്ലാത്ത കാരണം പറഞ്ഞ് കര കേറാൻ, കൈ പിടിക്കാൻ
ആരേലും വരും ന്നുള്ള തോന്നല് ജീവിക്കാൻ തോന്നിപ്പിക്കുന്ന ഒന്നാ.
ജീവിക്കാൻ കാരണങ്ങളൊന്നും വേണമെന്നില്ല, എല്ലാവർക്കും. ചാവ് കുറിച്ചു വെച്ച വര കടക്കും നേരത്തേക്ക് വരെ ഉള്ള ഒരു നടത്തം.അത് തന്നെയാ പലർക്കും ജീവിതം.
ജനനോം, പഠനോം, കല്യാണോമൊക്കെ ഇടക്കിടക്ക് കുന്നും മലയും കയറ്റം പോലെ ഒക്കെ ഒന്ന്. അത്രേ തോന്നാറുള്ളു.
വീട്ടിലിരുന്നു സകലരേം ശപിച്ചൊണ്ടിരുന്ന കാലത്തായിരുന്നു കല്യാണം. സ്വന്തം കൂടപ്പിറപ്പ് തന്നെയാ ആ ഗതികേട് വരുത്തി വെച്ചത്. അക്കാലത്ത് കടല് കടന്ന് പോകാൻ പണം കൊടുക്കാതെ വിസ ഒപ്പിക്കാൻ നടത്തിയ വിൽപ്പന.
അഛൻ മരിച്ചേൽ പിന്നെ അവനായിരുന്നല്ലോ കുടുംബനാഥൻ. പെണ്ണ് കാണല് പോലും നടന്നില്ല. ചെക്കന്റെ വലിയ വീട്ടിന്റെ വർണന കേട്ടപ്പോ അമ്മേം പിന്നൊന്നും പറഞ്ഞില്ല
ഫോണിലൂടെ ഒരു വർത്തമാനം പോലും വേണ്ടാന്ന്നും, അതൊക്കെ മോശാമാ കേട്ട, ന്നുമാ കൂടപ്പിറപ്പ് പറഞ്ഞത്. അത് കൊണ്ട് കല്യാണത്തിന് മുൻപ് തമ്മില് സംസാരം പോലും ഉണ്ടായില്ല. പുറത്തെവിടോ വല്യ ജോലി എന്നായിരുന്നു പറഞ്ഞതും കേട്ടതും.
കെട്ടിയ അന്ന് രാത്രി മനസിലായി ഒരു ഭ്രാന്തന്റെ കൂടാണ് പോന്നത് ന്ന് . അക്കാലത്ത് ഇറങ്ങിയ ശ്രീനിവാസൻ സിനിമ പോലൊക്കെ ആയി പോകും ജീവിതം എന്നാ തോന്നിയെ.. അതിലും ഗതികേടിലേക്കാ പോയതെന്ന് പിറ്റേ ദിവസം മുതൽ മനസിലായി.
കല്യാണപിറ്റേന്ന് രാവിലെ കെട്യോനെ ഒന്ന് തൊടാൻ പോയതാ. പുതു പെണ്ണിന് അങ്ങനെ ചില കുസൃതി ഉണ്ടാവാലോ.
പെട്ടന്നാ കഴുത്തിന് കുത്തിപ്പിടിച്ചത്. കണ്ണ് തള്ളി വന്നു. കെട്ട്യോന്റെ അമ്മ കേറി വന്നത് കൊണ്ട ജീവൻ പോകാതെ നിന്നത്
രാത്രി എന്തോ ബോധത്തിൽ ടോർച്ചിന്റെ വെളിച്ചം കണ്ണിന് മുന്നിൽ. ' നിന്റെയടുത്തൂന്ന് ആരാടീ ഇപ്പ പോയെ ' ന്നുള്ള അലറിച്ചകൾ.
സഹികെട്ടാ ആസ്പത്രിലേക്ക് കൊണ്ട് പോയെ. ബെൽറ്റിട്ട് മുറുക്കി കെട്ടിയ ബർമൂഡക്കുള്ളിൽ അയാൾക്ക് ഒരു പുരുഷാവയവം ഇല്ലായിരുന്നു എന്ന് ആശുപത്രിയിൽ കൂട്ടിരിക്കുമ്പോ മനസിലായി.
എന്നാലും ആള് സ്നേഹിക്കുന്നോൻ ആണെങ്കി അവിടെ തന്നെ നിക്കണം എന്നുണ്ടായിരുന്നത് കോണിപ്പടിന്ന് ഉരുണ്ട് വീണപ്പോൾ മാറി.
കടല് കടന്ന് കൂടപ്പിറപ്പ് പോയതിന്റെ പിറ്റേന്ന് ആ വീട് വിട്ട് പോന്നതാണ്. പിന്നെ അറിഞ്ഞു, കെട്ടിയവൻ അന്യ നാട്ടിൽ ആണുങ്ങളെ രസിപ്പിക്കുന്നവനായിരുന്ന കഥകൾ.
കാലം കുറെ വേണ്ടി വന്നു ഒന്ന് ശരിയായി വരാൻ. കൂടെ ഉള്ളവർ ഒക്കെ ജോലി നേടിയതും കൂടപ്പിറന്നോൻ നല്ല നിലയിൽ കല്യാണം കഴിഞ്ഞ് വീട് മാറി പോയതുമൊക്കെ ഓർമയിലില്ലാത്ത കാലങ്ങളാ.
പിന്നെ, അമ്മമാത്രമായ കാലത്ത് ആണ് പണത്തിന് വേണ്ടി എന്തേലും ചെയ്യണം ന്ന് തോന്നിയത്. വിശപ്പ് ഒരു വിഷയമാ എപ്പോഴും ഏത് കാലത്തും.
മേലെ മുറി ഒന്ന് വാടകയ്ക്ക് ചോദിച്ച് ആള് വന്നപ്പോ പന്തികേടൊന്നും തോന്നിയില്ല. ഒരു പൂച്ചക്കണ്ണൻ. കൂടെ ഒരു സുന്നരീം.
രണ്ടീസം കഴിഞ്ഞപ്പോ രാത്രി പൂച്ചയെ പോലെ ചാടി മറിഞ്ഞോരാൾ വേണ്ടാത്തിടത്ത് പിടിച്ച പിടീം കടിച്ച കടീടേം വേദന മാറിക്കിട്ടിട്ടും ഓള് പോക്കാ ന്നുള്ള പേര് ദോഷം പോയില്ല.
അമ്മക്ക് കണ്ണ് കാണണ്ടല്ലോ.. ഒന്നും നോക്കുകേം അറികേം വേണ്ട. അങ്ങനായ സുഖമാ. കിട്ടുന്നത് തിന്ന് ഒരുത്തേൽ അടങ്ങി ഇരിക്കാം.
കഥ കേട്ടത് കൊണ്ടോ മറ്റോ ആവാം
കർത്താവ് മതിലുമ്മേൽ ചാരി നിന്ന് ചിരിക്കുന്നു.
" നിനക്കിപ്പോ ന്തിനാ ഒരു വിഷമം .റേഷൻ പീടികൽ അരീം മറ്റ് സാധനോം സർക്കാര് തരുന്നില്ലേ. ഇപ്പണിക്ക് പോകാണ്ട് നീയ് അപ്പൊ അടങ്ങി നിക്കല്ലേ വേണ്ടത് . "
" നിങ്ങള് വേറെ ദേശക്കാരനാ കർത്താവേ. പാർട്ടിക്കാര് ചോയ്ക്കുന്ന ചോദ്യം അല്ലേൽ നിങ്ങള് ചോദിക്കില്ല."
അത് പറഞ്ഞപ്പം കർത്താവ് 'അത്യുന്നതങ്ങളിൽ ദൈവത്തിന് സ്തുതി ' പറഞ്ഞു.
" ഇതിപ്പം പറേന്ന ന്തിനാ നീയ്. കളിയാക്കലല്ലേ അസ്ഥാനത്ത് "
കലി കേറിയാ പിന്നെ വേണ്ടീതും വേണ്ടാത്തേം ഒക്കെ പറഞ്ഞു പോകും. അന്നേരം കർത്താവാണോ വേറാരെങ്കിലുമാണോന്നൊന്നും നോക്കാമ്പറ്റില്ല.
" നീയേ വേറെ ജാതിക്കാരനാ കർത്താവെ. നാട്ടിലെ കാര്യം വല്ലോം അറിയോ നിനക്ക്.
ഇനിപ്പോ ഞാ നന്നായി ന്ന് വിചാരിച്ചാ പോലും നാട്ടാര് സമ്മതിക്കൂല്ല. പിന്നിപ്പോ നന്നായിട്ടെന്താ അല്ലെങ്കി ന്താ . "
ഇക്കാലത്ത് ജനിക്കാണ്ടിരിക്കല് തന്നെയാ നല്ലത്. അത് മനുഷ്യനാണെങ്കിലും ദൈവാണെങ്കിലും.
"പാപം ചെയ്യാത്തോൻ കല്ലെറിയട്ടെ ന്നല്ലേ നിങ്ങള് പറഞ്ഞെ. അപ്പൊ ന്റെ അടുത്ത് വരുന്നോല് എങ്ങനെ എടുക്കും കല്ല് ന്നാ നിങ്ങള് പറയുന്നേ ?"
പിൻ തിരിഞ്ഞു നടന്ന് പാലം കടന്നു പോകുന്നയാളിന്റെ രൂപം വിളർത്തു നേർത്ത രേഖ പോലെ കാണാനായി. അയാളുടെ നീണ്ട മുടി കാറ്റിൽ പറക്കുന്നു.
" നിനക്കുള്ള ഉത്തരങ്ങൾ നീ കണ്ടെത്തുന്ന ഒരു ദിവസമുണ്ടാവും. അത് വരേയ്ക്ക് കാത്തിരിക്കുക "
കാറ്റിന്റെ ഒച്ചയിൽ അത് കേൾക്കുമ്പോൾ,
അയല്പക്കത്തെ മാന്യൻ അയാൾക്ക് കൂടി കൂട്ട് കിടക്കാത്ത ചൊരുക്ക് പിറ്റേന്നത്തെ പോലീസ് കംപ്ലയിന്റ് കൊണ്ട് തീർത്ത കാര്യം കർത്താവിനോട് പറയാൻ കൊള്ളില്ലല്ലോ എന്നാണ് ഓർത്തത്.
" പാപം ചെയ്യുന്നവൻ തന്നെയാ കർത്താവെ കല്ലെറിയുന്നത്.എന്നും എപ്പോഴും അതെങ്ങനെയാ . "
പോകുന്നവർക്കൊക്കെ കേൾക്കാനായി ലേശം ഉച്ചത്തിൽ തന്നെ പറഞ്ഞു.
……………
" മറിയം "
ചുരുണ്ട മുടിക്കാരൻ വിളിച്ചു. അയാൾ നെഞ്ചിലെ രോമങ്ങളിൽ മുളച്ച വിയർപ്പ് വടിച്ചെടുത്ത് നിലത്തേയ്ക്ക് എറിഞ്ഞു. ആളുകളുടെ പേരുകൾ എഴുതിയ അയാളുടെ കൈയിലെ കണക്കു പുസ്തകത്തിൽ വിയർപ്പ് നനഞ്ഞു.
" ഞാൻ മേരിയല്ല. മറിയം ന്നും എന്റെ പേരല്ല.ഞാൻ കമലയും വിമലയും ലതയും സാലോമമിയും കുഞ്ഞാമീം ഒക്കെയാ.ഓരോരുത്തമ്മാർക്ക് ഓരോ പേര്. അക്കാര്യത്തി മാത്രം ജാതീ മതോം ഒന്നുല്ല"
മച്ചിലേക്ക് നോക്കി അത് പറയുമ്പോൾ ചുരുണ്ട മുടിക്കാരൻ കസേരയിലേക്ക് ചാഞ്ഞിരുന്നിരുന്നു.
"ഞാൻ അവന്റെ പിതാവാണ്. ജോസഫ്. നീ മറിയമാകുന്നുവെന്ന് ഞാൻ പറയുന്നതു നേരാണ്. നിനക്ക് മെസ്സിയെ ഇഷ്ടമാണ് എന്നത് പോലെ നേര്. "
കൈയിലെ പുസ്തകത്തിൽ മറിയം എന്ന പേര് കാണിച്ച്, അയാൾ സൗമ്യനായി പറഞ്ഞു.
കളിക്കാരിൽ ആകെ അറിയാവുന്ന ഒരാൾ മെസ്സിയാ . സൗമ്യനായ ഒരാള്. വിജയങ്ങൾ മത്ത് പിടിപ്പിക്കാത്ത, ഭൂമിയോട് തൊട്ട് നിൽക്കുന്നയാൾ.
ഓരോ തവണയും സ്ക്രീനിലേക്കുള്ള അയാളുടെ നോട്ടങ്ങളിൽ കൊരുത്ത് ഗോൾ വളയങ്ങളിലേക്ക് എറിയപ്പെട്ടത് പോലെ ആഹ്ലാദിക്കുമ്പോൾ ഭൂമിയിലേക്കിറങ്ങി വന്ന കർത്താവിന്റെ മുഖമോർമ്മ വരും.
" നിങ്ങളൊക്കെ ന്നെ എന്തിനാ ഇങ്ങനെ കണ്ട് പോകുന്നത് ന്ന് മനസിലാവിണില്ലാലോ. ആരോടും ഒരു പരാതീം ഇല്ലാണ്ട് ഇങ്ങനൊക്കെ അങ്ങ് പോട്ടെ ന്ന് കരുതി ജീവിക്കുമ്പം കേറി വന്നിട്ട്…"
"നിനക്കുള്ള ഉത്തരങ്ങൾ നീ കണ്ടെത്തുന്ന ഒരു ദിവസമുണ്ടാവും. അത് വരേയ്ക്ക് കാത്തിരിക്കുക "
ജോസഫ് ചിരിച്ചു. അയാൾക്ക് കർത്താവിന്റെ ഛായയാണ്. മെസ്സിയുടെയും.
തിരിച്ചു പോകാൻ ഇറങ്ങുമ്പോൾ വാതിൽ പടിയിൽ മുട്ടി അയാളുടെ തല മുറിഞ്ഞു . ഇത്തിരി മഞ്ഞൾ പൊടി തൂകി. ചോരേം മഞ്ഞ നെറോം കൂടി വല്ലാത്തൊരു കനപ്പ് വന്നത് കണ്ടില്ലാന്ന് നടിച്ചു.
അയാളുടെ മുഖം ഒരു കുഞ്ഞിനെ പോലെ നിഷ്കളങ്കമായിരുന്നു.
" ജോസഫ്. നീയ് വിചാരിക്കുന്നുണ്ടോ ഞാനീ പണിക്ക് വന്നതി വേദനിക്കുന്നു ന്ന്. ഒരിക്കലൂല്ല. ന്റെ വീടിന്റ പടിക്കൽ എത്തും പറേംമ്പ പറേമ്പം ഓരോ സാധനോം. ന്തിനാ ഞാൻ വെഷമിക്കുന്നെ. കുട്ട്യോളും കെട്ട്യോനും ഇല്ലേൽ അത്രേം നന്ന് ന്നാ പെണ്ണുങ്ങള് ഇപ്പൊ പറയുന്നേ.
നായ് നയിക്കും പോലെ നയിച്ചു വന്നിട്ട്, പിന്നേം കെട്ട്യോന്റെ അടി കിട്ടി കെടക്കുന്നേലും നല്ലതാ ഇങ്ങനെ ക്കെ. "
ജോസഫ് മുറിവ് വേദനിക്കും പോലെ ഞരങ്ങി. എന്നിട്ടും ഒരു ഫ്രീ കിക്കിന് കാത്തു നിൽക്കാതെ അയാൾ കളത്തിൽ ഇറങ്ങി. വിയർത്തു നനഞ്ഞു കൊണ്ട് എതിർ ടീമിനെ വെട്ടിച്ച് ഒന്നാമത്തെ ഗോൾ പോസ്റ്റിലേക്ക് പായിച്ചു.
" മെസ്സി.. മെസ്സി…"
ആളുകളുടെ ഇരമ്പം..
മൈതാനത്തേക്ക് എറിയുന്ന പൂക്കൾ. അ അവ ദേഹത്തേക്ക് തെറിച്ചു വീഴുമ്പോൾ വേദനിക്കുന്ന പോലെ. പൂക്കളല്ല, വലുതും ചെറുതുമായ് കല്ലുകൾ. കൂട്ടത്തിൽ മൂർച്ചയുള്ള എന്തൊക്കെയോ മുള്ളുകൾ. വടികൾ.
ആണി തറിഞ്ഞു കേറിയ കാൽ പാദങ്ങൾ. നെറ്റിയിൽ മുള്ളു കൊണ്ടുള്ള കിരീടം. ചോരയുടെ മണം.
………….
മെസ്സി അപ്പോഴേക്ക് ജോസഫിന്റെ മുഖം എടുത്തണിഞ്ഞു. ഒട്ടകങ്ങളുടെ പുറത്ത് ഗർഭിണിയായ മേരിയെ ഇരുത്തി കൊണ്ട് യാത്ര പുറപ്പെട്ടപ്പോൾ കണ്ട അതെ മുഖഭാവമായിരുന്നു അയാൾക്കപ്പോൾ.
" മേരി, നിങ്ങൾക്ക് വല്ലാതെ തണുക്കുന്നുണ്ടോ. "
വരണ്ട കാറ്റിൽ ലോകരക്ഷകനായ കുഞ്ഞിന് തണുക്കാതിരിക്കാൻ അയാൾ തനിക്കുള്ള മേൽക്കുപ്പായം കൂടി മേരിയെ പുതപ്പിച്ചു.
കാലുറയ്ക്കുള്ളിൽ അയാളുടെ പാദങ്ങൾ ചോരിച്ചു. വേദന അറിയാതെ വരണ്ട ഭൂമിയിലൂടെ അയാൾ പിന്നെയും മുന്നോട്ട് നടന്നു.
മേരിയുടെ വിളറിയ മുഖം പ്രകാശിച്ചു. പിറക്കാൻ പോകുന്ന കുഞ്ഞിനെ ഓർത്ത് അവൾ പുഞ്ചിരിച്ചു.
നക്ഷത്രങ്ങളുടെ കാവലിൽ അവർ പുതിയ കാലത്തിലേക്ക് സഞ്ചരിച്ചു കൊണ്ടിരുന്നു.