ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ സുര്യ നായകനായി തിയേറ്ററിലെത്തിയ ചിത്രമാണ് കങ്കുവ. ശിവയുടെ സംവിധാനത്തിൽ 350 കോടിയിലധികം ബജറ്റിലാണ് ചിത്രം ഒരുക്കിയത്. നവംബര്‍ 14ന് ലോകമെമ്പാടുമായി പ്രദർശനത്തിനെത്തിയ ചിത്രത്തിന് പ്രതീക്ഷിച്ച പ്രതികരണം ലഭിക്കുന്നില്ലെന്നാണ് റിപ്പോർട്ട്.
കങ്കുവ ഒരു മികച്ച ദൃശ്യാനുഭവം ആണെന്നും, സൂര്യയെ കുറിച്ച് ഓർക്കുമ്പോൾ അഭിമാനമുണ്ടെന്നും ജ്യോതിക പറഞ്ഞു. ചിത്രത്തിന്റെ ആദ്യ ഭാഗങ്ങളിലെ ശബ്ദക്രമീകരണം അരോചകമാണ്. പോരായ്മകൾ മിക്ക ഇന്ത്യൻ സിനിമകളുടെയും ഭാഗമാണ്. അതുകൊണ്ടുതന്നെ ന്യായീകരിക്കാവുന്നതാണ്. പ്രത്യേകിച്ച് ഇത്തരത്തിലുള്ള വലിയൊരു പരീക്ഷണ ചിത്രത്തിൽ, ജ്യോതിക പറഞ്ഞു. തമിഴ് സിനിമയിൽ ഇന്നേവരെ കാണാത്ത ക്യാമറ വർക്കാണ് കങ്കുവയിലെന്ന് പറഞ്ഞ ജ്യോതിക ചിത്രത്തെ പ്രശംസിക്കുകയും ചെയ്തു.
അതേസമയം, മാധ്യമങ്ങളിലടക്കമുള്ള മോശം നിരൂപണങ്ങൾ ജ്യോതിക ചൂണ്ടിക്കാട്ടി. 'മാധ്യമങ്ങളിൽ നിന്നും ചില വ്യക്തികളിൽ നിന്നുമുള്ള നിഷേധാത്മക നിരൂപണങ്ങളിൽ ഞാൻ ആശ്ചര്യപ്പെടുന്നു. കാരണം മുൻപ് പുറത്തിറങ്ങിയിട്ടുള്ള വളരെ ദയനിയമായ ബിഗ് ബജറ്റ് ചിത്രങ്ങളെ പോലും ഇവർ ഇങ്ങനെ താഴ്ത്തി കാട്ടിയിട്ടില്ല. ചിത്രത്തിന്റെ ആദ്യ ഷോ പൂർത്തിയാകും മുൻപ് തന്നെ പലരും ചിത്രത്തിനെതിരെ പ്രചരണം നടത്തിയെന്നും, അത് സങ്കടകരമാണെന്നും ജ്യോതിക പറഞ്ഞു.
പിന്നില്‍ സംഘം ചേര്‍ന്നുള്ള ഗൂഢാലോചനയുണ്ടെന്നുള്ള സംശയവും ജ്യോതിക പ്രകടിപ്പിക്കുന്നുണ്ട്. ഇത്രയും ഗംഭീരമായ വിഷ്വലുകളും ത്രീഡിയുമൊക്കെ ഒരുക്കാന്‍ സിനിമയുടെ ടീം കാണിച്ച എഫേര്‍ട്ടിനെ അഭിനന്ദിക്കുകയാണ് വേണ്ടെന്നും താരം പറയുന്നു. കങ്കുവ ടീമിനോട് അഭിമാനിക്കാനാണ് താരം പറയുന്നത്. നെഗറ്റീവ് പറയുന്നവര്‍ക്ക് സിനിമയെ മെച്ചപ്പെടുത്താന്‍ ഒന്നും ചെയ്യാന്‍ ഇല്ലാത്തതിനാലാണെന്നും താരം പറയുന്നു.
ചിരുത്തൈ ശിവ സംവിധാനം ചെയ്ത ചിത്രമാണ് കങ്കുവ. ദിഷ പഠാനിയായിരുന്നു ചിത്രത്തിലെ നായിക. വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷം തീയേറ്ററില്‍ റിലീസ് ചെയ്യുന്ന സൂര്യ ചിത്രമായിരുന്നു കങ്കുവ.