ഒടുവില്‍ ലൂക്കാസ് സര്‍ തന്റെ നിത്യവീട്ടിലേക്ക് ചേര്‍ക്കപ്പെട്ടു.
അദ്ദേഹം യാത്രയായി എന്നു പറയുന്നതിനേക്കാള്‍ ചേര്‍ക്കപ്പെട്ടു അല്ലെങ്കില്‍ സ്വീകരിക്കപ്പെട്ടു എന്നു പറയാനാണ് എനിക്കിഷ്ടം. കാരണം അദ്ദഹം ബൈബിളില്‍ പറയുന്നതുപോലെ ' നല്ലവനും വിശ്വസ്തനുമായ ദാസനാ' യിരുന്നു. ഈ ലൂക്കാസ് സര്‍ എന്ന ഡോ.എം.കെ.ലൂക്കാ എനിക്കാരുമല്ല. ഞാനദ്ദേഹത്തിന്റെ ശിഷ്യയല്ല. അവരുടെ ക്‌നാനായ സഭയിലെ അംഗമല്ല. പത്തുപൈസയുടെ ഗുണവും എനിക്കദ്ദേഹത്തെക്കൊണ്ട് ഉണ്ടായിട്ടില്ല.. ഞാനതിന് അദ്ദേഹത്തെ സമീപിച്ചിട്ടുമില്ല. പിന്നെങ്ങനെ ആ മനുഷ്യനെ ഞാന്‍ അടുത്തറിഞ്ഞു എന്നല്ലേ ?.
ലൂക്കാസ് സാറിനെപ്പറ്റി ഓര്‍മിക്കുമ്പോള്‍ മനസ്സില്‍ ഓടിയെത്തുന്നത് വിശുദ്ധബൈബിളിലെ ഒരു വാക്യമാണ്. ശാരീരികമായ അതിവേദനകളുടെയും ജീവിതയാതനകളുടെയും പരിഹാസത്തിന്റെയും സര്‍വ്വം നഷ്ടപ്പെലിന്റെയും നടുവില്‍ നട്ടം തിരിഞ്ഞ ഭക്തനായ ജോബ് തന്റെ സുഹൃത്തുക്കളുടെ സാന്നിദ്ധ്യത്തില്‍ ആത്മധൈര്യത്തോടെ പറയുന്ന ചില വാചകങ്ങളാണത്.
''കഷ്ടകാലം വന്നവനു വേണ്ടി ഞാന്‍ കരഞ്ഞിട്ടില്ലയോ, എളിയവനു വേണ്ടി എന്റെ മനസ്സ് വ്യസനിച്ചിട്ടില്ലയോ? ദരിദ്രന്‍മാര്‍ക്ക് ഞാന്‍ അപ്പനായിരുന്നു. നശിക്കുമാറായവന്റെ അനുഗ്രഹം എന്റെ മേല്‍ വന്നു... '' ഈ വാക്യങ്ങള്‍ ലൂക്കാസ് സാറിന്റെ കാര്യത്തില്‍ നൂറു ശതമാനം സത്യമാണ്. 68 വര്‍ഷത്തെ ജീവിതം കൊണ്ട് ഒരാള്‍ക്ക് ചെയ്യാവുന്നതിന്റെ എത്രയധികം അദ്ദേഹം ചെയ്തു കഴിഞ്ഞിരിക്കുന്നു. എത്രയോ എളിയവരുടെ കുട്ടികളെ അദ്ദേഹം ഉന്നത വിദ്യാഭ്യാസം ചെയ്യിച്ചു. അവര്‍ക്ക് പിതൃതുല്യനായി കരുണയോടെ പരിപാലിച്ചു. തകര്‍ന്നുപോയ ഭവനങ്ങളിലെ മക്കളെ കണ്ട് അദ്ദേഹത്തിന്റെ മനസ്സ് വ്യസനിച്ചു. അവരെ താന്‍ പഠിപ്പിച്ചോളാമെന്ന് വാക്കുനല്‍കി. കഷ്ടകാലംവന്ന് അശരണരായിത്തീര്‍ന്ന ഒട്ടേറെ കുടുംബങ്ങളിലെ കുട്ടികളെ പഠിപ്പിച്ച് സ്വന്തം കാലില്‍ നിര്‍ത്തി. അവരൊക്കെ ഇന്ന് കുടുംബത്തെ നയിക്കാന്‍ സജ്ജരായിക്കഴിഞ്ഞിരിക്കുന്നു. ഇതില്‍പ്പരം എന്താണ് ഒരു മനുഷ്യ ജീവിതത്തില്‍ ചെയ്യാനുള്ളത്.
മൂന്നു വര്‍ഷം മുമ്പ് ഒരു രാത്രിയിലാണ് ഞാനദ്ദേഹത്തെ ആദ്യം കാണുന്നത്. ഞാന്‍ കമ്മിറ്റിയംഗമായ , സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും വേണ്ടിയുള്ള സ്ഥാപനമായ കോട്ടയത്തെ സാന്ത്വനത്തിന്റെ വാര്‍ഷികമീറ്റിംഗില്‍ പങ്കെടുക്കുമ്പോള്‍. അതിന്റെ മാനേജിംഗ് ഡയറക്ടര്‍ ആനി ബാബു എന്നെ പരിചയപ്പെടുത്തുകയായിരുന്നു ലൂക്കാസ് സാറിനെ. അവിടുത്തെ നിരാലംബരായ നിരവധി കുട്ടികളെ നഴ്‌സിംഗിനും മറ്റു പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനും സാമ്പത്തികമായി സഹായിച്ചത് ലൂക്കാസ് സാറാണെന്നു പറഞ്ഞായിരുന്നു പരിചയപ്പെടുത്തല്‍. ഞാനദ്ദേഹത്തെ നോക്കി കരങ്ങള്‍ കൂപ്പി. ആറടിയിലധികം ഉയരമുള്ള സുമുഖനായ ഒരു മനുഷ്യന്‍. അദ്ദേഹത്തിന്റെ പുഞ്ചിരിയില്‍ കരുണയുണ്ടായിരുന്നു എന്നെനിക്ക് ആദ്യ നോട്ടത്തില്‍ത്തന്നെ എനിക്കു തോന്നി.. അമേരിക്കന്‍ പൗരനായിട്ടും ആ സുഖസൗകര്യങ്ങളില്‍ അഭിരമിച്ച് ജീവിച്ചു മരിക്കാന്‍ ഇഷ്ടപ്പെടാത്ത ഒരു ഗ്രാമീണന്‍. മനസ്സു നിറയെ കൃഷിയും പച്ചപ്പും ലാളിത്യവും ഗ്രാമവിശുദ്ധിയും ചേര്‍ത്തു പിടിച്ച ഒരു സാധു. പിന്നെ ഞാന്‍ കണ്ടത് ചില മാസങ്ങള്‍ക്കു മുമ്പ് രോഗക്കിടക്കയില്‍ വച്ചായിരുന്നു. പിന്നെ പലവട്ടം ഞാനും ഭര്‍ത്താവും ആനി ബാബുവിനൊപ്പം അവിടെപ്പോയി അദ്ദേഹത്തെ സന്ദര്‍ശിച്ചു. ആദ്യം എഴുനേറ്റിരുന്ന് സംസാരിക്കയും ചിരിക്കയും രോഗം ഭേദമായാല്‍ ചെയ്യാന്‍ പോകുന്ന സാമൂഹികപ്രവര്‍ത്തനങ്ങളെപ്പറ്റി വായതോരാതെ പറയുകയുംചെയ്തു.
ആസ്പത്രി മുറിയുടെ വെളിയിലെ വരാന്തയിലൂടെ നടക്കണമെന്ന് കുട്ടികളെപ്പോലെ വാശിപിടിച്ച് സഹായിയുടെ താങ്ങില്‍ നടന്നു. ജീവിതത്തിലേക്കു തിരിച്ചു നടക്കാനുള്ള കൊതിയായിരുന്നു അതില്‍ പ്രകടമായത്. ഇനിയും തനിക്ക് ഒരുപാട് ചെയ്യാനുണ്ടെന്ന് പറഞ്ഞും അത് സ്വപ്‌നം കണ്ടുമായിരുന്നു ദിവസങ്ങളെ തള്ളി നീക്കിയത്. അടുത്ത തവണ കണ്ടപ്പോഴേക്ക് സ്ഥിതി പിന്നെയും വഷളായി. ലൂക്കാസ് സര്‍ പിന്നെപ്പിന്നെ കിടക്കയില്‍ മൗനയായി കണ്ണുകളടച്ച് കിടന്ന് ഞങ്ങള്‍ പറയുന്നത് ചെവിയോര്‍ത്ത് കേട്ടുകൊണ്ടിരുന്നു. പിന്നെപ്പോഴോ ബോധം മറഞ്ഞു. ചില നിമിഷങ്ങളില്‍ ബോധം വീണ്ടുകിട്ടുമ്പോള്‍ അടുപ്പമുള്ളവരുടെ കൈകളില്‍ മുറുകെപ്പിടിച്ചു. രോഗക്കിടക്കയിലും എപ്പോള്‍ കണ്ടാലും സുമുഖനായിത്തന്നെ കിടന്നു.. സഹായിയായ ചെറുപ്പക്കാരന്‍ എന്നും ഷേവു ചെയ്യിപ്പിച്ച് കുളിപ്പിച്ചൊരുക്കി കുട്ടപ്പനാക്കി.
ഇന്നലെ ശവസംസ്‌കാരച്ചടങ്ങില്‍ ഫാദര്‍ ജോസ് പൂതൃക്ക, ലൂക്കാസ് സാറിന്റെ ജീവിതത്തെപ്പറ്റി പറഞ്ഞത് കേട്ടിരുന്നവരുടെ കണ്ണുകളെ ഈറനാക്കി. ജീവിതത്തിലെ വട്ടപ്പൂജ്യത്തില്‍നിന്ന് കഠിനാദ്ധ്വാനത്താല്‍ വളര്‍ന്ന വന്‍മരമായിരുന്നു താന്‍. ബാല്യത്തില്‍ സാമ്പത്തികബുദ്ധിമുട്ടുകള്‍ നന്നായി അനുഭവിച്ചു. തനിയെ പോരാടി പഠിച്ചു. കോളജില്‍ വിദ്യാര്‍ത്ഥിരാഷ്ട്രീയത്തിലും നേതൃസ്ഥാനത്തേക്കു വളര്‍ന്നു. സുമുഖനും സല്‍സ്വഭാവിയുമായ ചെറുപ്പക്കാരന് ആരാധകരുടെ വന്‍ പടതന്നെയുണ്ടായിരുന്നു. സുന്ദരിമാരുടെ പ്രണയാഭ്യര്‍ഥനകള്‍ക്കൊന്നും സ്ഥാനമില്ലായിരുന്നു ആ ജീവിതത്തില്‍. കാരണം പഠനത്തിനുള്ള സാമ്പത്തിക ആവശ്യങ്ങള്‍പ്പോലും സ്വയം അധ്വാനിച്ചു കണ്ടെത്തേണ്ടിയിരുന്നു. ആ നെട്ടോട്ടത്തിനിടയില്‍ ഒട്ടേറെ കയ്പു നിറഞ്ഞ അനുഭവങ്ങളും അദ്ദേഹം നേരിട്ടു. ജീവിതവിജയത്തിന് അദ്ദേഹം വഴിവിട്ട മാര്‍ഗ്ഗങ്ങളൊന്നും തേടിയില്ല. റാങ്കും ജോലിയും ഉള്‍പ്പടെ തന്റെ മുന്നില്‍ വന്നു പ്രലോഭിപ്പിച്ച കുറുക്കുവഴികള്‍ക്കു മുമ്പില്‍ മനസ്സിന്റെ വാതില്‍ കൊട്ടിയടച്ചു. നേരായ വഴികളിലൂടെ ദൈവം നല്‍കുന്നതു മാത്രം മതിയെന്ന വിശ്വാസക്കാരനായിരുന്നു. കോട്ടയത്തെ പ്രശസ്തമായ ബിസിഎം കോളേജില്‍ ഹിന്ദി അധ്യാപകനായി വര്‍ഷങ്ങള്‍ ജോലി ചെയ്ത ശേഷമാണ് അമേരിക്കയിലേക്കു കുടിയേറിയത്.
ഒരിക്കല്‍ രോഗക്കിടക്കയില്‍ കണ്ടപ്പോള്‍ അദ്ദേഹം എന്നോടു പറഞ്ഞു ,'' യൂണിവേഴ്‌സിറ്റികളില്‍ ഫോറിന്‍ ലാംഗ്വേജ് എന്ന നിലയിലാണ് ഹിന്ദി പഠിപ്പിച്ചത്. മണിക്കൂറിനനുസരിച്ച് ശമ്പളം കിട്ടുമെന്നത് എന്നെ ആകര്‍ഷിച്ചു. പല കോളേജുകളില്‍ അധ്യാപനം ചെയ്താണ് ഞാന്‍ പണം കണ്ടെത്തിയത്. പഠിക്കാന്‍ സമര്‍ത്ഥരായാലും സാമ്പത്തികബുദ്ധിമുട്ടുകാരണം പഠനം വേണ്ടെന്നുവയ്ക്കുന്ന കുട്ടികളുടെ വേദന അനുഭവിച്ചവനാണ് ഞാന്‍. അങ്ങനുള്ള കുട്ടികള്‍ക്കായാണ് ഞാന്‍ അമേരിക്കയില്‍ ജോലി ചെയ്തത് .ശമ്പളത്തിന്റെ സംഹഭാഗവും അവര്‍ക്കുവേണ്ടി നല്‍കി. പല ട്രസ്റ്റുകള്ിലും ബന്ധപ്പെട്ട് അങ്ങനുള്ള കുട്ടികളെ കണ്ടെത്തി പഠിപ്പിച്ചു. എന്റെ മക്കളോടുള്ള കടമകളേക്കാള്‍ നിരാലംബരായ കുട്ടികളോടുള്ള കരുണയ്ക്കാണ് ഞാന്‍ മുന്‍തൂക്കം നല്‍കിയത്. കഷ്ടപ്പാടും ബുദ്ധിമുട്ടും നന്നായി അറിഞ്ഞവനാണ് ഞാന്‍. അങ്ങനുള്ളവരെ കാണുമ്പോള്‍ എനിക്കു വലിയ വിഷമമാണ്. ഒരു കുട്ടിയെ രക്ഷപ്പെടുത്തിയാല്‍ ആ വീട് കരകയറും '' .
ഞാനാ വലിയ മനസ്സിനുമുന്നില്‍ ഒന്നും മിണ്ടാനാവാതെയിരുന്നു. അതെ അദ്ദേഹം സമ്പാദിച്ചതെല്ലാം സ്വര്‍ഗ്ഗത്തില്‍ നിക്ഷേപിച്ചിട്ടാണ് കടന്നുപോയത്. പുഴുവും തുരുമ്പും കേടുവരുത്താത്ത സ്വര്‍ഗ്ഗത്തില്‍ നിങ്ങളുടെ നിക്ഷേപം സ്വരൂപിച്ചുകൊള്ളണം എന്ന ബൈബിള്‍ വചനം ലൂക്കാസ് സാറിന് പാരായണം ചെയ്തു പേജുമറിക്കാനുള്ളതായിരുന്നില്ല. അത് സ്വന്ത ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി. അതിനു മുന്നില്‍ ബന്ധങ്ങളും ന്യായവാദങ്ങളും തടസ്സമായില്ല.. അടിപതറിയുമില്ല.
ഇതുവരെ അദ്ദേഹം 45 ലധികം കുട്ടികള്‍ക്ക് പ്രൊഫഷണല്‍ വിദ്യാഭ്യസം നല്‍കിക്കഴിഞ്ഞു. ബി എസ് സി നഴ്‌സിംഗ് , ബയോടെക്‌നോളജി, മൈക്രോബയോളജി കോഴ്‌സുകളില്‍ ചില കുട്ടികള്‍ പഠിച്ചുകൊണ്ടിരിക്കുന്നു. തന്റെ ഭൂസ്വത്ത് വിറ്റു കിട്ടിയ രണ്ടുകോടിയിലധികം രൂപ നല്‍കിയത് മജിഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകളായ കുഞ്ഞുങ്ങള്‍ക്കുവേണ്ടിയുള്ള പുതിയ പദ്ധതിക്കായിരുന്നു. അതിനടുത്ത് ഒരു ചെറിയ വീടുവച്ച് രോഗബാധിതരായ ആ കുട്ടികളെ ശുശ്രൂഷിച്ച് ജീവിതകാലം കഴിക്കണമെന്നായിരുന്നു ആഗ്രഹം. അതിനിടെയാണ് കാന്‍സര്‍രോഗം തന്നെ പിടി മുറുക്കിയത്.
''എന്‍ഡോസള്‍ഫാന്‍ ഇരയായ ഒരു കുട്ടിക്ക് ഭക്ഷണം സ്വയം ചവച്ച് കഴിക്കാനാവാത്തതിനാല്‍ അമ്മ വായിലിട്ട് ചവച്ച് അതെടുത്ത് കുഞ്ഞിന്റെ വായില്‍വച്ചുകൊടുക്കുന്ന അനുഭവം കേട്ടപ്പോള്‍ തകര്‍ന്നുപോയി . അതിനെത്തുടര്‍ന്നാണ് അവര്‍ക്കൊരു സ്ഥാപനം എന്ന ആശയത്തിലേക്ക് എത്തിയതും മജഷ്യന്‍ ഗോപിനാഥ് മുതുകാടിനോട് സംസാരിച്ച് സാമ്പത്തികമായി സഹായിച്ചതും'', അദ്ദേഹം ഒരിക്കല്‍ പറഞ്ഞു.
മൂന്നാറിലെ ഭൂസ്വത്ത് മൂന്നരക്കോടിക്കു വിറ്റ് അശരണര്‍ക്കുവേണ്ടി കൊടുക്കാന്‍ ഏതാണ്ട് തീരുമാനമായപ്പോഴാണ് രോഗം കണ്ടെത്തിയത്. ഭാര്യ ലാലി അലക്‌സാണ്ടറും മൂന്നു മക്കളും ന്യൂയോര്‍ക്കിലാണ്. ഒരുമാസമായി ഭാര്യ ഒപ്പംനിന്ന് അദ്ദേഹത്തെ ശുശ്രൂഷിക്കുകയായിരുന്നു.
അദ്ദേഹത്തെ രോഗക്കിടക്കയില്‍ ശുശ്രൂഷിക്കാന്‍ താന്‍ നഴ്‌സിംഗിനു പഠിപ്പിച്ച ,സാന്ത്വനത്തിലെ ഒരു കുട്ടി മുംബൈയിയില്‍ നിന്നു വന്നത് അദ്ദേഹത്തിന് ആഹ്‌ളാദം പകര്‍ന്നു.
വെട്ടിപ്പിടിച്ചതും തട്ടിയെടുത്തതും മക്കള്‍ക്കു ശേഷിപ്പിച്ചിട്ടു പോകുന്ന അച്ഛന്‍മാരുടെ ലോകത്തില്‍ ലൂക്കാസ് സര്‍ വേറിട്ടു നില്‍ക്കുന്നു. മക്കള്‍ക്കു ന്യായമായി അവകാശമായ ധനംപോലും നിരാലംബര്‍ക്കു പങ്കിട്ടു നല്‍കിയ ഒരപ്പന്റെ മക്കളാകാന്‍ അപൂര്‍വ്വ ഭാഗ്യം വേണം. ഒരുപാട് സാധുക്കളുടെ നിറഞ്ഞ മനസ്സില്‍ നിന്നുയരുന്ന അനുഗൃഹം ഈ അപ്പനിലൂടെ ആ മക്കളുടെമേല്‍ വര്‍ഷിക്കപ്പെടുകയാണ്. അവരറിയാതെ...
see also:
സ്നേഹം ബാക്കിയാക്കി യാത്രയായി ബി.സി.എം. കോളേജിന്റെ ലൂക്കാസാർ