ദുരൂഹമായ സാഹചര്യത്തില്‍ കാണാതാവുന്ന അനേകം പെണ്‍കുട്ടികളുണ്ട്. ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തുന്നവരുണ്ട്. അവര്‍ ഭൂമുഖത്തു നിന്നും ഇല്ലാതാകന്നതിന്റെ പിന്നിലെ കാരണം അന്വേഷിച്ചാല്‍ ഒരു പക്ഷേ അതൊരു കൊലപാതകമായി മാറാനുളളസാധ്യതയും കണ്ടേക്കാം. പ്രശസ്ത സംവിധായകന്‍ വിനയന്റെ മകന്‍ വിഷ്ണു വിനയ് സംവിധാനം ചെയ്ത 'ആനന്ദ് ശ്രീബാല' എന്ന ചിത്രം. 2017ല്‍ കൊച്ചിയെ നടുക്കിയ ഒരു പെണ്‍കുട്ടിയുടെ അത്യന്തം ദുരൂഹത നിറഞ്ഞ തിരോധാനവും ഒടുവില്‍ കായലില്‍ നിന്നും ജീവനറ്റ നിലയില്‍ കണ്ടെത്തിയതുമായ യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിട്ടുള്ളത്.
ഒരുപോലീസുകാരനാകാന്‍ വേണ്ടി അശ്രാന്തം പരിശ്രമിക്കുന്ന ചെറുപ്പക്കാരനാണ് ആനന്ദ് ശ്രീബാല. അയാളുടെ പേരിലെ കൗതുകം കൊണ്ടു തന്നെ എവിടെയും ശ്രദ്ധിക്കപ്പെടുന്ന വ്യക്തിയാണ്. അയാളുടെ അമ്മയുടെ പേരാണ് ശ്രീബാല. ആനന്ദിന് പന്ത്രണ്ട് വയസുള്ളപ്പോള്‍ അയാളുടെ കണ്‍മുന്നിലാണ് അമ്മ ശ്രീബാല കൊല്ലപ്പെട്ടത്. അന്നു മുതല്‍ അയാള്‍ക്ക് അമ്മയുടെ കാര്യം ചോദിക്കുമ്പോള്‍ കഠിനമായ മാനസിക സംഘര്‍ഷത്തിലേക്ക് നീങ്ങും. അമ്മ സദാ കൂടെയുള്ളതു പോലെയാണ് അയാള്‍ ജീവിക്കുന്നതു തന്നെ. എന്തു ചെയ്യണമെന്നറിയാതെ ഉഴലുന്ന അവസ്ഥയില്‍ അയാള്‍ക്ക് മുന്നോട്ടുള്ള വഴികള്‍ പറഞ്ഞു കൊടുക്കുന്നത് അമ്മയാണ്. എന്തു കൊണ്ടാണ് അമ്മയുടെ പേര് സ്വന്തം പേരിനൊപ്പം ചേര്‍ത്തത് എന്നു ചോദിച്ചാല്‍ ഉമിനീര് വറ്റി അയാള്‍ ഒന്നും മിണ്ടാനാകാതെ ഇരുന്നു പോകും. ആനന്ദിന്റെ സ്വഭാവത്തിലെ ഈ പ്രത്യേകതയ്ക്ക് പിന്നിലെ കാരണങ്ങള്‍ പറഞ്ഞു തന്നു കൊണ്ടാണ് സംവിധായകന്‍ പ്രേക്ഷകനെ കഥയിലേക്ക് അടുപ്പിക്കുന്നത്.
പ്രശസ്ത ചാനലിലെ ക്രൈം റിപ്പോര്‍ട്ടറാണ് ശ്രീബാല. ചാനലിന്റ റേറ്റിങ്ങ് കൂട്ടാന്‍ വേണ്ടി അവര് തുടങ്ങന്ന ഒരു സീരീസാണ് ദുരൂഹ സാഹചര്യത്തില്‍ കാണാതാവുകയും പിന്നീട് മരിച്ച നിലയില്‍ കായലില്‍ നിന്നു കണ്ടെത്തുകയും ചെയ്ത മെറിന്‍ ജോയി എന്ന പെണ്‍കുട്ടിയുടെ കേസ്. ലോക്കല്‍ പോലീസ് അന്വേഷിച്ച് ആത്മഹത്യയെന്ന് എഴുതിയ അവളുടെ മരണത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം അന്വേഷിച്ചിറങ്ങുകയാണ് ആനന്ദിന്റെ കാമുകിയായ റിപ്പോര്‍ട്ടര്‍. അവളെ സഹായിക്കാന്‍ വേണ്ടിയാണ് ആനന്ദ് കേസിന്റെ പഴയകാല റെക്കോര്‍ഡുകള്‍ അന്വേഷിച്ചിറങ്ങുന്നത്. തങ്ങളുടെ മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല എന്ന മെറിന്റെ മാതാപിതാക്കളുടെ മൊഴിയില്‍വിശ്വസിച്ചു കൊണ്ട് ആനന്ദ് ആ കേസിനു പിന്നാലെയുളള തന്റെ യാത്ര തുടങ്ങുന്നു. മെറിന്റെ മാതാപിതാക്കളുടെ പരാതിയിന്‍മേല്‍ സര്‍ക്കാര്‍ കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുന്നു. അതിന്റെ തലവനായി എത്തിയ ഡി.സി.പി ശങ്കര്‍ദാസ് ആദ്യമൊക്കെ ഇതൊരു പക്കാ ആത്മഹത്യയാണെന്ന് പറഞ്ഞു കൊണ്ട് വിലങ്ങു തടി സൃഷ്ടിക്കുന്നുണ്ട്. മെറിന്റെ മരണം ആത്മഹത്യയല്ല, അതില്‍ കൊലപാതകത്തിന്റെ സാധ്യതകള്‍ ഉണ്ടെന്ന ആനനന്ദിന്റെ കണ്ടെത്തലുകള്‍ വകവച്ചു കൊടുക്കാന്‍ ശങ്കര്‍ദാസിന്റെ ഈഗോ തയ്യാറാകുന്നുമില്ല. എന്നാല്‍ ആനന്ദ് ഈ എതിര്‍പ്പുകള്‍ മറി കടന്ന് സ്വന്തം നിലയ്ക്ക് കേസ് അന്വേഷണവുമായി മുന്നോട്ടു പോവുകയാണ്. സംഭവ ദിവസം പള്ളിയില്‍ പോയി പ്രാര്‍ത്ഥിച്ചിറങ്ങി ഗോശ്രീ പാലം വരെ നടന്നു പോയ മെറിന്റെ തിരോധാനവും മരണവുമായി ബന്ധപ്പെട്ട ദുരൂഹത വെളിപ്പെടുത്തുന്ന സംഭവ വികാസങ്ങളാണ് തുടര്‍ന്ന് അരങ്ങേറുന്നത്.
ടൈറ്റില്‍ കഥാപാത്രത്തോട് വളരെയധികം നീതി പുലര്‍ത്തുന്ന പ്രകടനമാണ് അര്ജ്ജുന്‍ അശോകന്‍ കാഴ്ച വച്ചത്. വ്യത്യസ്തവും സങ്കീര്‍ണ്ണവുമായ ഭാവങ്ങള്‍ തികഞ്ഞ അനായാസതയോടെയും കൈയ്യടക്കത്തോടെയും അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. 20204 ല്‍ അര്‍ജ്ജുന് ലഭിച്ച മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരിക്കും ആനന്ദ് ശ്രീബാല എന്നതില്‍ സംശയമില്ല. ആനന്ദിന്റെ അമ്മയായി എത്തിയത് മലയാളികളുടെ പ്രിയപ്പെട്ട ശ്യാമളയായ സംഗീതയാണ്. ഒരിടവേളയ്ക്ക ശേഷം വീണ്ടും
തിരിച്ചെത്തിയ സംഗീത സ്‌ക്രീന്‍ പ്രസന്‍സു കൊണ്ടും ഉള്‍ക്കരുത്തുള്ള കഥാപാത്രമായും കഥയിലുടനീളം തിളങ്ങി. ഡിസിപി ശങ്കര്‍ദാസായി വന്ന സൈജു കുറുപ്പ് ആദ്യം നെഗറ്റീവ് ഷേഡിലും കഥയുടെ അവസാനം സത്യത്തിന്റെ വഴിയിലേക്കും എത്തുന്നത് രസമുളള കാഴ്ചയായിരുന്നു. വളരെ വ്യത്യസ്തമായ രീതിയില്‍ തന്നെ അദ്ദേഹം ആ നെഗറ്റീവ് ഷേഡ് തന്റെ കഥാപാത്രത്തില്‍ സന്നിവേശിപ്പിച്ചിട്ടുണ്ട്.
റിപ്പോര്‍ട്ടര്‍ ശ്രീബാലയായി എത്തിയ അപര്‍ണ്ണാ ദാസും ഇടവേളയ്ക്ക് ശേഷം സസ്‌പെന്‍ഷനിലായ പോലീസുകാരനായി എത്തുന്ന അജുവര്‍ഗ്ഗീസ്, കൂടാതെ സിദ്ദിഖ്. ധ്യാന്‍ ശ്രീനിവാസ്, നന്ദു, മാളവിക മനോജ്,കൃഷ്ണ, ശിവദ, അബിന്‍.കെ, മാസ്റ്റര്‍ ശ്രീപദ് തുടങ്ങിയവരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി.
ആത്മഹത്യയെന്ന് പോലീസ് എഴുതി തള്ളിയ ഒരു പെണ്‍കുട്ടിയുടെ മരണം കൊലപാതകമാണെന്നു കണ്ടെത്തുന്നതിലേക്ക് പഴുതുകള്‍ ഒന്നും അവശേഷിപ്പിക്കാതെ നടത്തുന്ന പരിശ്രമങ്ങള്‍. അത് തിരക്കഥയുടെ മികവാണ്. അഭിലാഷ് പിള്ളയുടെ തിരക്കഥയുടെ ബ്രില്ല്യന്‍സ് തന്നെയാണ് കുറ്റാന്വേഷണത്തിന്റെ പ്രയാണത്തിനിടയില്‍ ദുരൂഹതയുടെ ചുരുളുകള്‍ ഓരോന്നായി അഴിച്ചെടുക്കുന്നത്. ആത്മഹത്യയാണെന്നു കരുതുന്ന പല മരണങ്ങളുടെയും പിന്നില്‍ ഇതുപോലുള്ള ദുരൂഹതകള്‍ ഉണ്ടാകാമെന്നും കൊലപാതക സാധ്യത ഉണ്ടെന്നും ഈ ചിത്രം വ്യക്തമായി സമര്‍ത്ഥിക്കുന്നു. ഇത് അങ്ങേയറ്റം സൂക്ഷ്മതയോടെ നിര്‍വഹിക്കാന്‍ കഴിഞ്ഞതില്‍ നവാഗത സംവിധായകന്‍ എന്ന നിലയില്‍ വിഷ്ണു വിനയന്‍ തന്റെ അരങ്ങേറ്റ ചിത്രം ഗംഭീരമാക്കിയിട്ടുണ്ട് എന്നു പറയാം.
ചിത്രത്തിന്റെ വിജയത്തിനു കൈയ്യടി അര്‍ഹിക്കുന്ന മറ്റു ചിലര്‍ കൂടിയുണ്ട്. ഛായാഗ്രാഹകന്‍ വിഷ്ണു നാരായണന്‍, രഞ്ജിന്‍ രാജിന്റെ മനോഹരമായ സംഗീതവും പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ ആകെയുള്ള മൂഡിന് ചേരുന്നതാണ്. തിയേറ്ററില്‍ തന്നെ കാണേണ്ട ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ് 'ആനന്ദ് ശ്രീബാല'. മസ്റ്റ് വാച്ച് മുവീ.