Image

ജയൻ ചെറിയാന്റെ 'റിഥം ഓഫ് ദമ്മാം' ഐഎഫ്എഫ്‌കെയിൽ പ്രദർശിപ്പിക്കും

Published on 18 November, 2024
ജയൻ ചെറിയാന്റെ 'റിഥം ഓഫ് ദമ്മാം' ഐഎഫ്എഫ്‌കെയിൽ പ്രദർശിപ്പിക്കും

ന്യു യോർക്ക്: ജയൻ ചെറിയാന്റെ 'റിഥം ഓഫ് ദമ്മാം'  ഐഎഫ്എഫ്‌കെയിൽ  (ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള) പ്രദർശിപ്പിക്കും.  92 മിനിറ്റ് ദൈർഘ്യമുള്ള റിഥം ഓഫ് ദമ്മാം എന്ന കൊങ്ങിണി/കന്നഡ ചിത്രം, മലയാളിയായ  ജയൻ ചെറിയാനാണ്  (ജയൻ കെ.സി) അണിയിച്ചൊരുക്കിയിരിക്കുന്നത്. ന്യൂയോർക്കിലെ സിറ്റി കോളേജിൽ നിന്ന് ഫിലിം മേക്കിംഗിൽ എംഎഫ്എയും  ഹണ്ടർ കോളേജിൽ നിന്ന് ഫിലിം, ക്രിയേറ്റീവ് റൈറ്റിംഗിൽ  ബിഎയും കരസ്ഥമാക്കിയ ജയൻ ,  ഈ കഥയ്ക്ക് ജീവൻ പകരുന്നതിനുവേണ്ടി അഞ്ചുവർഷം കർണാടകയിലെ  യെല്ലപ്പൂരിൽ സിദ്ദി ഗോത്രസമൂഹത്തിനൊപ്പം ചിലവിട്ടു.ആ സമർപ്പണത്തിന്റെ ഫലമായി അന്താരാഷ്‌ട്ര ചലചിത്രോത്സവത്തിൽ പ്രദർശിപ്പിക്കാൻ ഈ ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.

പാപ്പിലിയോ ബുദ്ധ (2014), ദി ഷേപ്പ് ഓഫ് ദി ഷേപ്പ്ലെസ് തുടങ്ങിയ ചിത്രങ്ങളും  നിരവധി ഡോക്യുമെൻ്ററികളും ഹ്രസ്വചിത്രങ്ങളും  അദ്ദേഹം സംഭാവന ചെയ്തിട്ടുണ്ട്. രചയിതാവ് എന്ന നിലയിലും സംവിധായകനെന്ന നിലയിലും മനസ്സിനോട് ഏറ്റവും ചേർന്നുനിൽക്കുന്ന റിഥം ഓഫ് ദമ്മാമിനെക്കുറിച്ച് സംവിധായകൻ സംസാരിക്കുന്നു...

ഈ വർഷം ഡിസംബറിലാണ് ഐഎഫ്എഫ്കെ  നടക്കുന്നത്. ചലച്ചിത്ര നിർമ്മാതാവ് സലിം അഹമ്മദിൻ്റെ നേതൃത്വത്തിൽ  ലിജിൻ ജോസ്, ശാലിനി ഉഷാദേവി, വിപിൻ അറ്റ്‌ലി, ചലച്ചിത്ര നിരൂപകൻ ആദിത്യ ശ്രീകൃഷ്ണ എന്നിവരടങ്ങുന്ന സമിതി ഇന്ത്യൻ സിനിമ  വിഭാഗത്തിൻ്റെ ഭാഗമാകുന്ന ഏഴ് സിനിമകളാണ് തിരഞ്ഞെടുത്തത്.

ജയറാം സിദ്ദി എന്ന പന്ത്രണ്ടു വയസ്സുകാരനിൽ അവന്റെ മരിച്ചുപോയ മുത്തച്ഛൻ രാമ ബന്തുസിദ്ദിയുടെ ആത്മാവ് ബാധിച്ചു എന്ന വിശ്വാസത്തിൽ നിന്നാണ് 'ദി റിഥം ഓഫ് ദമ്മാം' പുരോഗമിക്കുന്നത്. പ്രാദേശിക മന്ത്രവാദികളുടെ സഹായം തേടിയിട്ടും, ജയറാമിൻ്റെ അവസ്ഥ മാറ്റമില്ലാതെ തുടരുന്നു . ഒരു  സ്വപ്നലോകത്തേക്ക് അവൻ രക്ഷപ്പെടുകയും തൻ്റെ മുത്തച്ഛനിൽ നിന്നുള്ള 'മാന്ത്രിക' ഉപകരണങ്ങൾ ഉപയോഗിച്ച് തൻ്റെ പൂർവ്വികരുമായി ബന്ധപ്പെടുകയും ചെയ്യുന്ന ജയറാം തൻ്റെ പൂർവ്വികരുടെ അടിമത്തത്തിൻ്റെ വേദനാജനകമായ ചരിത്രം അറിയുന്നു. അതോടെ യാഥാർത്ഥ്യവുമായുള്ള അവന്റെ ബന്ധം നഷ്ടപ്പെടുന്നു. ജയറാം സ്കൂളിൽ നിന്ന് പുറത്താകുന്നു, അവൻ്റെ കുടുംബം ഗോത്ര ആചാരങ്ങളും ദമ്മാം സംഗീതവും ഉപയോഗിച്ച് അവന്റെ സമനില വീണ്ടെടുക്കാൻ ശ്രമിക്കുന്നു. ഇവ രണ്ടും അവരുടെ സാംസ്കാരിക പൈതൃകത്തിന് അത്യന്താപേക്ഷിതമാണ്. രോഗശാന്തിയും സ്ഥിരതയും കണ്ടെത്തുന്നതിൽ അവനും കുടുംബവും അഭിമുഖീകരിക്കുന്ന വെല്ലുവിളികൾക്ക് ഊന്നൽ നൽകിക്കൊണ്ട് പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഒട്ടേറെ മുഹൂർത്തങ്ങൾ ചിത്രത്തിലുണ്ട്.

റിഥം ഓഫ് ദമ്മാം ഒരു നാഴികക്കല്ലാണ്. കാരണം ഉത്തര കർണാടകയ്ക്ക്  പുറത്ത് താരതമ്യേന അജ്ഞാതമായി തുടരുന്ന ഒരു വിഭാഗമാണ്  സിദ്ദി സമൂഹം. അവരുടെ ജീവിതവും സംസ്കാരവും ഇന്നലെകളും ലോകത്തിനുമുൻപിൽ തുറന്നുകാണിക്കാനുള്ള അവസരം എന്ന നിലയിലാണ് ഈ സിനിമയെ സമീപിച്ചിരിക്കുന്നത്.  ഷീദി അല്ലെങ്കിൽ ഹബ്ഷി എന്നും അറിയപ്പെടുന്ന സിദ്ധി സമൂഹത്തിന്റെ വേരുകൾ  കർണാടക, ഗുജറാത്ത്, ഹൈദരാബാദ് തുടങ്ങിയ പ്രദേശങ്ങളിൽ കണ്ടെത്താനാകും. പോർച്ചുഗീസ് വ്യാപാരികൾ അടിമകളായി ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് നിർബന്ധിതമായി കൊണ്ടുവന്ന തെക്കുകിഴക്കൻ ആഫ്രിക്കയിൽ നിന്നുള്ള ബന്തു ജനതയാണ് ഇവരുടെ പൂർവീകർ. ഏകദേശം 1530 നും 1740 നും ഇടയിൽ കൊങ്കൺ തീരത്തെ  കോളനികളിലേക്ക് മൊസാംബിക്കിൽ നിന്ന്  പോർച്ചുഗീസുകാർ ആഫ്രിക്കൻ അടിമകളെ ഇറക്കുമതി ചെയ്തിരുന്നു.  1835-ഓടെ ബ്രിട്ടീഷ് ഇന്ത്യയിൽ അടിമക്കച്ചവടം നിയമവിരുദ്ധമായിത്തീർന്നു, എന്നാൽ, 1865 വരെ പോർച്ചുഗീസ് നിയന്ത്രണത്തിലുള്ള ഗോവയിൽ അത് തുടർന്നു.

പിന്നീട് സിദ്ദി ജനത സങ്കീർണ്ണമായ ഇന്ത്യൻ ജാതി വ്യവസ്ഥയ്ക്കുള്ളിൽ മറ്റൊരു തരം അടിമത്തത്തിൽ അകപ്പെട്ടു.  ഇന്ത്യയിൽ സാമൂഹിക പുരോഗതി ഉണ്ടായിട്ടും,നൂറ്റാണ്ടുകളായി സിദ്ധി സമൂഹം ഇപ്പോഴും വിവേചനം നേരിടുന്നു. പാർശ്വവൽക്കരിക്കപ്പെട്ടിട്ടും സിദ്ധി സമൂഹം ശ്രദ്ധേയമായ പ്രതിരോധശേഷി പ്രകടിപ്പിക്കുകയും അവരുടെ തനതായ സാംസ്കാരിക പൈതൃകം  സംരക്ഷിക്കുന്നതിൽ വിജയിക്കുകയും ചെയ്തു. ഇന്ത്യൻ സംസ്കാരത്തിൻ്റെ ഘടകങ്ങൾ ഉൾക്കൊണ്ടുകൊണ്ടും  അവരുടെ പൂർവ്വിക ആചാരങ്ങൾ സംരക്ഷിച്ചുകൊണ്ടുമാണ് അവർ ഇത് നേടിയത്. പരമ്പരാഗത ദമ്മാം സംഗീതവും ഗോത്ര ആചാരങ്ങളും അവരുടെ സാംസ്കാരിക പൈതൃകത്തിൽ അവിഭാജ്യ ഘടകങ്ങളായി ഇന്നും  നിലകൊള്ളുന്നു.

സ്വത്വം കാത്തുസൂക്ഷിക്കുന്ന ജനത എന്നതാണ് ഇവരുടെ കഥ പറയാൻ പ്രേരണയായതെന്ന് ജയൻ ചെറിയാൻ പറയുന്നു. അവരുടെ ഗോത്ര ആചാരങ്ങളും മോഹിപ്പിക്കുന്ന ദമ്മാമും പ്രേക്ഷകർക്ക് വേറിട്ട അനുഭവം സമ്മാനിക്കുമെന്നും അദ്ദേഹത്തിനുറപ്പുണ്ട്. മുൻവിധികളെയും പക്ഷപാതങ്ങളെയും ചോദ്യം ചെയ്യാൻ ഇത് കാഴ്ചക്കാരെ പ്രോത്സാഹിപ്പിക്കും. സഹിഷ്ണുത , അതിജീവനം എന്നിങ്ങനെ സാമൂഹിക പ്രസക്തമായ ഒട്ടേറെ ഏടുകൾ ഇതിലുണ്ട്. സാംസ്കാരിക പൈതൃകത്തിൻ്റെ ശാശ്വത ശക്തിയും അത്തരം വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന സമുദായത്തോടുള്ള  ഐക്യദാർഢ്യവും ഉയർത്തിക്കാട്ടാൻ ഈ സിനിമയിലൂടെ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. സിദ്ദി സമൂഹത്തിൻ്റെ പശ്ചാത്തലത്തിലുള്ള ആദ്യത്തെ ഫീച്ചർ സിനിമയാണിത്.എല്ലാത്തരം പ്രേക്ഷകർക്കും ആസ്വദിക്കാവുന്ന തരത്തിലാണ് സിനിമയുടെ ക്രാഫ്റ്റ്.

ബെർലിൻ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ഡർബൻ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ബിഎഫ്ഐ ലണ്ടൻ ലെസ്ബിയൻ ഗേ ഫിലിം ഫെസ്റ്റിവൽ, നാറ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, റിയോ ഡി ജനീറോ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, കൊൽക്കത്ത ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, മോൺട്രിയൽ വേൾഡ് ഫിലിം ഫെസ്റ്റിവൽ എന്നിവയുൾപ്പെടെ നിരവധി  പ്രശസ്ത ചലച്ചിത്ര മേളകളിൽ അവതരിപ്പിക്കപ്പെട്ട ജയൻ ചെറിയാന്റെ മുൻ സൃഷ്ടികൾക്കും  നിരവധി ബഹുമതികൾ ലഭിച്ചിട്ടുണ്ട്.
 

Join WhatsApp News
പോൾ ഡി പനയ്ക്കൽ 2024-11-18 15:44:02
ജയന് അഭിനന്ദനങ്ങൾ! സംകീർണ്ണമായ മനുഷ്യകുലത്തിലെ ദുർഗ്രാഹ്യവും അന്ധകാരാവൃതവുമായ കോണുകളിൽ അനന്യസാധാരണമായ ധൈര്യത്തോടെ, സ്വപരിത്യാഗശീലത്തോടെ കടന്നുചെന്നു സ്വയം ഇഴുകിച്ചേരുകയും മനുഷ്യജീവിത ബിന്ദുക്കളുടെ നിശ്വാസങ്ങളെയും മറ്റു ചലനങ്ങളെയും പുറം ലോകത്തിനു കാണിച്ചു കൊടുക്കുകയും ചെയ്യുന്ന ജയൻ ചെറിയാന്റെ സപര്യതയെയും കഴിവുകളെയും അവ അർഹിക്കുന്ന ഗൗരവത്തോടെ സിനിമാ-സാംസ്കാരിക സമൂഹം ഇതുവരെ അംഗീകരിചിട്ടില്ല എന്നാണ് ഈയുള്ളവന് തോന്നുന്നത്. ഐ എഫ് എഫ് കെ യിൽ ജയന്റെ 'റിത്ം ഓഫ് ദമ്മാം' ഫില്മിന് എല്ലാ ഭാവുകങ്ങളും നേരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക