സായാഹ്നചിത്രം വരയ്ക്കുന്ന പ്രകൃതിയെ ജനൽപ്പാളിക്കിടയിലൂടെ നോക്കിക്കൊണ്ട് ഞാനന്ന്,
ഒൻപതാം തരത്തിലെ ബയോളജി ക്ലാസ്സിലിരുന്നു.വൈകുന്നേരത്തെ ലോങ്ങ് ബെല്ലടിക്ക് കാതോർക്കും തോറും അടിവസ്ത്രത്തിന്റെ
നനവ് പേടിപ്പെടുത്തിക്കൊണ്ടിരുന്നു.ബെല്ലടിച്ചതും ചാടിയെണീറ്റ് പുറത്തേക്കിറങ്ങേണ്ട തിടുക്കത്തിലായി.
സമ്മതം ചോദിക്കാതെ മുന്നിലൊരു പിൻവിളി തെറിച്ചുവീണതും ഒന്ന് ഞെട്ടി .
"ദേ .. നീ ഇരുന്നട്ക്ക ചോര ..”
പിന്നിൽ നിന്ന് നിർമ്മലയാണ്.
പ്രതീക്ഷിക്കാത്ത
വാക്കുകളുടെ പുറത്ത് കുഴഞ്ഞുപോയ നിമിഷം, ക്ലാസ്സിലെ നോട്ടങ്ങളെല്ലാം എന്നിലേക്കെത്തി.. സത്യത്തിലന്ന് ഇന്നത്തെപോലെ ആരോഗ്യശാസ്ത്രത്തിൽ അവബോധം കിട്ടാത്തൊരു കാലമായിരുന്നു. സാനിറ്ററി പാഡും മെൻസ്ട്രുൽ കപ്പും ആർത്തവത്തിൽ വരുത്തിയ വിപ്ലവത്തെ ഉൾക്കൊണ്ട് ഇന്നത്തെ കുട്ടികളോട് ഭാഗ്യവാൻമാരായ മക്കളാണ് നിങ്ങളെന്ന് ഞാൻ പലപ്പോഴും പറഞ്ഞിട്ടുണ്ട് . കൗമാരക്കുട്ടികൾക്കുള്ള ബോധവൽക്കരണ ക്ലാസ്സുകളിൽ ആരോഗ്യ പ്രവർത്തകയായ എന്നെ നഷ്ടത്തിന്റെ തൂശിമുന നോവിക്കാൻ കാരണവും മറ്റൊന്നുമല്ല.
ക്ലാസ്സിലെ നോട്ടങ്ങളുടെ കനം കൂടിയപ്പോൾ ധൃതിയിൽ
ഞാനൊരു സൂത്രമൊപ്പിച്ചു.
“ഇതെന്റെ സ്ഥലല്ല ,ഞാനിങ്ങറ്റത്തോട്ടാ "
തെറിച്ചുവീണ വാക്കുകളിൽ നേരിന്റെ ഉപ്പുരസമില്ലെന്നറിഞ്ഞിട്ടും രക്ഷപ്പെടാനുള്ള വ്യഗ്രത എനിക്ക് ചൂട്ട് വീശിത്തന്നു.
തൊട്ടടുത്ത് അന്ധാളിച്ചു നിൽക്കുന്ന പ്രിയ കൂട്ടുകാരി ശകുന്തളയെ ഒളിക്കണ്ണോടെ ഒന്ന് പാളിനോക്കി .ഈ ഭൂമിയിൽ സംസാരം വഴിമുട്ടി വാക്കുകളസ്തമിക്കുന്ന അപൂർവം ചില ജന്മങ്ങളുണ്ട്!എന്റെ ശകുന്തള
അക്കൂട്ടത്തിലാണ്.ഇവരിലാകും പിടികിട്ടാത്ത പല കേസുകളും പോലീസുകാർപോലും കെട്ടിവെക്കുന്നതെന്ന് പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട്.
അറിയുന്ന ഉത്തരം പ്രകടിപ്പിക്കാനാവാതെ എന്ത് ചോദിച്ചാലും കമാന്നൊരക്ഷരമില്ലാതെ കുന്തം വിഴുങ്ങിയ മട്ടാണ് ക്ലാസ്സിൽ അവളുടെ നിൽപ്പ്.
“നിന്റെ നാവിൽ അമ്മിക്കല്ലുണ്ടോന്ന്?“
ടീച്ചർമാർ കളിയാക്കി ചോദിച്ചാലും ശകുന്തളയൊന്നും പ്രതികരിക്കില്ല. ഇവിടെ സംശയം മൺസൂൺ കാറ്റു പോലെ ദിശമാറി സഞ്ചരിച്ചതും ആശ്വാസത്തോടെ ഞാനൊന്നു നെടുവീർപ്പിട്ടു. ഉർവശീ ശാപം ഉപകാരമാക്കി മുന്നിൽ നിൽക്കുന്നവളിൽ ഞാനപ്പോളൊരീശോയെ കണ്ടു . അതാകും ബൈബിൾ വാചകം ഓർമ്മയിലേക്കെത്തിയത് .
“നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക”
വീട്ടിലേക്കുള്ള വഴി ഇരുണ്ടതായിരുന്നു. സന്ധ്യ മയങ്ങി ഇരുട്ടായതല്ല,ചിന്തകളുടെ കരിമ്പുകയിൽ എന്റെ ആകാശം കറുത്തതാണ് .ഒയലിച്ച മിഠായി നുണയുന്ന സഹയാത്രികരുടെ തമാശകളൊന്നും ആസ്വദിക്കാൻ പറ്റാതെ,യാത്രക്കിടയിൽ നാലാംപീടിക കഴിഞ്ഞതും കൊളച്ചേരിമുക്കെത്തിയതും ഞാനറിഞ്ഞതേ ഇല്ല.ഓരോ തോന്നലുകളും റോഡരികിലെ കാടുപടലങ്ങളായി ചുറ്റിപ്പിണഞ്ഞു കിടന്നു .ഇടയിലൂടെ ഞാനൊരു പുഴുവായി ഇഴഞ്ഞുനീങ്ങി. .
“പെണ്ണായാൽ ആർത്തവതിയാകും, പെറും, പാലൂട്ടും, അമ്മയായി ആകാശത്തോളം വളരും.
എന്നാൽ… തീണ്ടൽ ഒരു വല്ലാത്ത കുരിശാ….! “
തീണ്ടാരിയെന്ന ദുഷ്പ്പേരോടെ നാല് ദിവസം ദൂരത്തിരിക്കേണ്ട കാര്യമോർക്കും തോറും ആകെ തലപെരുത്തു . ഉള്ളാകെ കാരമുള്ളേറ്റപോലെ ചോര
പൊടിഞ്ഞു.വീട്ടിലെ മാറ്റമില്ലാത്ത ദുരാചാരത്തിനു താഴെ ഓർമ്മകൾ പിന്നെയും കത്തിക്കൊണ്ടിരുന്നു .
“ വേഗം പോയി
അമ്മാള്വാട്ത്തിയോട് വരാൻ പറ”
അച്ഛന്റെ ആജ്ഞയാണ്.
കാലിന് ഇച്ചിരി വൈകല്യമുള്ള അമ്മാള്വാട്ത്തി അച്ഛന്റെ
മച്ചിനിച്ചിയാണ്.ഒരു കാലത്ത് ഒറ്റക്കൂരയിൽ ഒരുമിച്ച് താമസിച്ച്,കളിച്ചുവളർന്നവരാണവർ. വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന അവരുടെ വീട് എന്റെ വീടിന്റെ രണ്ട് വീടപ്പുറത്താണ് . .ആകപ്പാടെ ഒരു മോള് മാത്രമാണവർക്കുള്ളത്. മോൾക്ക് അച്ഛനെ കണ്ട ഓർമ്മയില്ലെന്നാണ് അമ്മാള്വാട്ത്തി എപ്പോഴും പറയുക. ഒറ്റപ്പെടലിൽ മകളെങ്ങാൻ വഴിതെറ്റിയാലോ എന്നോർത്ത് ഏച്ചിയുടെ വീട്ടിലേക്കവളെ മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്.
അച്ഛന്റെ കനപ്പെട്ട വാക്കുകൾ ഞെങ്ങിഞെരുങ്ങി ഉമ്മറപ്പടി ഇറങ്ങുന്നതിനുമുന്നേ ഞാനോ കുഞ്ഞേച്ചിയോ അമ്മാള്വാട്ത്തിയെ വിളിക്കാനായി ഇറങ്ങിയോടും.
“” അച്ഛൻ വിളിക്ക്ന്ന്. “
അടുപ്പിൽ വെച്ച വെള്ളം താഴെയിറക്കിയും അമ്മാള്വാട്ത്തി ഓടിയെത്തും. ഗതികേടിന്റെ പാരമ്യത്തിലേ അച്ഛനവരെ വിളിക്കൂലൂന്നറിയാം.
കാല് വയ്യാതെ പാഞ്ഞു വരുന്ന അമ്മാള്വാട്ത്തിയെ നോക്കി അച്ഛനപ്പോൾ ചോദിക്കും
“നീയെന്നാ പായിന്ന് ?”
“കിട്ടൻ വിളിച്ചതല്ലേ: “
“ഉം “
അച്ഛന്റെ മൂളൽ അമ്മാള്വാട്ത്തിയുടെ നെറ്റിയിലൊരു കുങ്കുമപ്പൊട്ടായി തിളങ്ങും.മച്ചിനിയനോടുള്ള പ്രണയത്തിന്റെ പ്രതീകമായി ഞാനപ്പോളതളന്നെടുക്കും!
ചിലപ്പോളത് എന്റെ മാത്രം തോന്നലുമാകാം.
അമ്മാള്വാട്ത്തിയുടെ പുരിശാരത്തിന് സഹായിക്കാൻ എന്റെ പിങ്കിയും കൂടും. കറുപ്പിലും വെളുപ്പിലുമുള്ള അവളുടെ മേനിയഴകിൽ അമ്മാള്വാട്ത്തിയെന്നല്ല, ആരും വീണു പോകും. പിങ്കി നല്ല പൂച്ചയാണ്.പിങ്കീന്നുള്ള ഒറ്റവിളിയിൽ,ഏതൊരാകാശത്തുനിന്നും അവൾ ചാടിയിറങ്ങും. രാത്രിയിലെന്റെ നെഞ്ചോടൊട്ടിക്കിടക്കാനവൾക്ക് വലിയ താല്പര്യമാണ്.
കാല് ചൊറിഞ്ഞുകൊണ്ട് പിങ്കി വട്ടം ചുറ്റുമ്പോൾ അമ്മാള്വാട്ത്തി അവളെ വാരിയെടുക്കും. ഒരു കുഞ്ഞിനെയെന്നപോലെ ഉമ്മ വെക്കും.വയറു നിറച്ചു ഭക്ഷണം കൊടുക്കും. അതിന്റെയൊക്കെ നന്ദി അവൾ തിരിച്ചും കാണിക്കാറുണ്ട്. കഥ അത്രയൊക്കെയാണെങ്കിലും എന്റെ വെല്ല്യേച്ചിക്ക് പിങ്കിയെ ഒട്ടും ഇഷ്ടല്ല.
ചില നേരത്ത് ആർത്തി മൂത്ത് അവൾ കാണിക്കുന്ന അബദ്ധങ്ങളാകാം അതിന് കാരണം.
“അമ്മാള്വാട്ത്തിയും നീയും കൂടിയാ ഈ പൂച്ചേന മോശാക്ക്ന്ന്”
ഇടയ്ക്ക് വെല്ല്യേച്ചി കുറ്റം പറയും. കൂടാതെ തീക്കൊള്ളിയുമായി അതിന്റെ പിറകേ ഉറഞ്ഞുതുള്ളി പായുന്നതും ഞാനെന്റെ കണ്ണോണ്ട് കണ്ടിട്ടുണ്ട്.
വടക്കേ കോലായിയിൽ മാറി ഇരിക്കുന്ന തീണ്ടാരിക്കാരെ കണ്ടാൽ എനിക്കെന്നും പാവം തോന്നും. മോഷണശ്രമത്തിനിടയിൽ തച്ചോടിച്ച പൂച്ചകളെപോലെ കൂനിക്കൂടിയുള്ള ഒരിരിപ്പ്!
ഇന്നലെ വരെ സൗഹൃദത്തോടെ പെരുമാറിയ അടുക്കളയും പാത്രങ്ങളും അക്കൂട്ടർക്കപ്പോളൊരന്യലോകമാണ്.അവിടെ എന്തമ്മി കുമ്മായായാലും അവർക്കത് തൊടാനോ പിടിക്കാനോ യാതൊരധികാരവുമില്ല. അടുപ്പിലെ വെണ്ണീർ പോലും വാരിക്കളയാൻ കൊള്ളരുതാത്തവരാണവർ ! തീണ്ടാരിപ്പാത്രത്തിൽ ആരെങ്കിലും ഇറ്റിച്ചുകൊടുക്കുന്ന ജലപാനത്തിൽ, ദൈവത്തെ കണ്ടതു പോലെ അവർക്കൊരു നോട്ടമുണ്ട്. അത് കാണുമ്പോൾ എനിക്ക് നെഞ്ച് പൊട്ടും.
“നാളെ നീ..”
എന്നാരോ ഉള്ളിലിരുന്ന് പേടിപ്പിക്കുംപോലെ തോന്നും.തൃപ്തിയോടെ ഒരു ഭക്ഷണം കഴിക്കാൻ സാധിക്കാതെ വിശപ്പിന്റെ വിളിയും കടിച്ചമർത്തി നാലു ദിവസം നിൽക്കണം. കുളിക്കാതെ,നനക്കാതെ,സൗകര്യത്തോടെ കിടക്കാതെ, ദിവസങ്ങൾ കഴിച്ചുകൂട്ടുന്നവരോട് എനിക്ക് വല്ലാത്ത വേദനയാണ്.ഈ ദിവസങ്ങളിൽ ആ കണ്ണുകളെന്നോട് തീണ്ടാപ്പാടത്തെ ഓരോ കഥകൾ പറയാറുണ്ട് . ജീവിതത്തിന്റെ ഐശ്വര്യദേവത പടിയിറങ്ങിപ്പോയ കെട്ടനാളുകളുടെ നീറുന്ന കഥകൾ! അകന്നിരിക്കുമ്പോൾ അടുക്കാൻ കൊതിക്കുന്ന വാക്കുകളെ പോലും അയിത്തമുള്ളതുപോലെ തട്ടിമാറ്റുമ്പോൾ ശരിക്കും ഈ വ്യവസ്ഥിതിയോട് വെറുപ്പ് തോന്നും.
തീണ്ടലായവരെ സ്നേഹത്തോടെ തൊടുന്നത് ഭൂമി മാത്രമാകാൻ കാരണം ഭൂമിയും ഒരു പെണ്ണായതാകും എന്നെനിക്ക് തോന്നിയിട്ടുണ്ട്.
ഋതുമതിയായി ഗർഭിണിയായി പെറ്റുപോറ്റിയതാണല്ലോ ഈ സകല ചരാചരങ്ങളും!
തീർച്ചയായും തീണ്ടാരികളിൽ സന്തോഷിക്കുന്നതപ്പോൾ ഭൂമി തന്നെയാകും.
എന്നാലും ഞാനൊരു രസത്തിനോർക്കും
“തീണ്ടാരിക്കാർക്ക് ഭൂമിയും അശുദ്ധി പറഞ്ഞാൽ എന്താ കഥ!അവർ ആകാശത്ത്
പോകുമോ ? “
ഇതും ചിന്തിച്ച് മറ്റാരും കാണാതെ ചിരിക്കും.
അമ്മാള്വാട്ത്തി വേഗം ചോറും കറിയുമാക്കി സ്ഥലം വിടും. പിന്നെയതെല്ലാർക്കും നൽകേണ്ട ഉത്തരവാദിത്തം എനിക്കോ കുഞ്ഞേച്ചിക്കോ ആകും. ചിലപ്പോൾ കുഞ്ഞേച്ചിയും അവർക്കൊപ്പം പുറത്തേക്ക് പോയാൽ വീടെനിക്കൊരു ദുരിതമാകും.ആകെ ഒറ്റപ്പെട്ട് ഞാനപ്പോൾ അച്ഛനോട് ചോദിക്കും
“ കുഞ്ഞേച്ചി അച്ഛന്റെ പ്രീയപെട്ട മോളായിട്ടും എന്തിനാ ഇങ്ങനെ ദൂരത്താക്കുന്നത്? “
അച്ഛനപ്പോൾ ഒന്നും മിണ്ടില്ല. ആചാരങ്ങളുടെ രാഷ്ട്രീയ സംഹിതയൊന്നും ആരും ചോദ്യം ചെയ്യാറില്ലെന്ന് ആ മനസ്സ് മന്ത്രിക്കുന്നത് ഞാനപ്പോൾ കേൾക്കും..
ചോദ്യങ്ങളിങ്ങനെ ഉള്ളിലിരുന്ന് കലഹിച്ച് കലഹിച്ച് ഒടുവിൽ ഞാനൊരു പ്രതിഷേധിയായി മാറും .
തീണ്ടലായി പുറത്തിരിക്കുന്നവരോട് കാണുന്നോർക്കൊരു ചോദ്യമുണ്ട്,
“ നിങ്ങള് പൊറത്താ?”
തീയിൽ മണ്ണണ്ണ കുടയുന്നതുപോലെ ആ വാക്കുകൾ
കേൾക്കുന്ന എനിക്ക് സമൂഹത്തോട് അറപ്പ് തോന്നും
പൊറത്തായവരുടെ കഷ്ടപ്പാടുപോലെ തന്നെയാണ് അകത്തിരിക്കുന്നവരുടെ സ്വൈര്യക്കേടും.
ഞാനായാലോ കുഞ്ഞേച്ചിയായാലോ സ്കൂളിൽ പോകുന്നതിനിടയിൽ
പശുവിന് പുല്ലും വെള്ളവും കൊടുക്കുംപോലെ പുറത്തിരിക്കുന്നോർക്കുള്ളതെല്ലാം വെച്ചുകൊടുക്കണം, ഒപ്പം അകത്തുള്ളവർക്കും. അതിൽ പ്രധാനം ഊണ് വിളമ്പലാണ്. അതളന്ന് തൂക്കിയെടുക്കാൻ പാടുപെടുമ്പോഴൊക്കെ ഞാനീ തീണ്ടാരിയെ ശപിച്ചിട്ടുമുണ്ട്.’
” അവസാന തീണ്ടാരി ! “
പാത്രങ്ങൾക്ക് മാത്രമല്ല, പഠിക്കുന്ന പുസ്തകങ്ങൾക്കും ആശുദ്ധമുണ്ടെന്നറിഞ്ഞത് കുഞ്ഞേച്ചിയും തീണ്ടാരിയപ്പോളാണ്. അത്യാവശ്യം അവൾക്ക് പഠിക്കാനുള്ളത് മാറ്റി വെച്ച് കൊടുക്കുമെങ്കിലും മറ്റുള്ള പുസ്തകം തൊടാനോ മന:സമാധാനത്തോടെ ഒന്ന് പഠിക്കാനോ പറ്റാത്ത അവസ്ഥയിലായിരുന്നു.
നാലാമത്തെ ദിവസം വണ്ണാത്തി മാറ്റുടുത്ത് കുളത്തിലെ വെള്ളത്തിൽ മുങ്ങിക്കുളിക്കണം. മഴക്കാലം കുളത്തിലിറങ്ങുമ്പോൾ നല്ലോണം നോക്കണംന്ന് അമ്മ ഏച്ചിമാരെ ഉപദേശിക്കാറുണ്ട്. .അമ്മയെ പോലെ അവർക്ക് നീന്താനറിയില്ലെന്നതാണ് കാരണം.. നേരം വെളുക്കാൻ നിൽക്കാതെ നാട്ടുകാർ വഴിനടക്കുംമുൻപേ അശുദ്ധിക്കാർ സ്ഥലം കാലിയാക്കണം. അതുകൊണ്ട് വെളിച്ചം പരക്കും മുൻപേ തന്നെ അവർ കുളത്തിലേക്ക് പോകും . കുളം താഴെ വയലിലാണ്.
“വരമ്പത്തൂടെ നടക്കുമ്പോ പാമ്പ്ണ്ടാകും ,നോക്കണം ..'’
എന്നൊക്കെ അമ്മ പറയുന്നത് കേൾക്കുമ്പോൾ എനിക്ക് പേടിയാകും. അമ്മ ഇല്ലാതെ ഏച്ചിമാരാരെങ്കിലും ഒറ്റക്കാണ് പോകുന്നതെങ്കിൽ തിരികെ വരുന്നത് വരെ അമ്മയ്ക്കും ശ്വാസംകിട്ടാത്ത അവസ്ഥയാണ്. അമ്മയും അവർക്കൊപ്പം പുറത്താകുന്നതാണ് എനിക്ക് ആശ്വാസം . ഒപ്പം അമ്മയുണ്ടല്ലോ എന്ന ഒരൊറ്റ ആശ്വാസം.
വണ്ണാത്തിമാറ്റ് വാങ്ങി വീട്ടിലെത്തിക്കൽ എന്റെ പണിയാണ്. .വീട്ടിൽനിന്ന് കുറച്ചു ദൂരം നടന്നാൽ ഒരു കാട്ടിനുള്ളിലായിട്ടാണ് മാറ്റ് വാങ്ങേണ്ട ലീലേച്ചിയുടെ കുഞ്ഞുവീട്. പകൽ സമയത്തും കുറുക്കൻമാർ സവാരിക്കിറങ്ങുന്ന അവിടെ പോകുമ്പോൾ ഉള്ളിലൊരു ഭയം അറിയാതെ കടന്നുകയറും. അതസ്ഥാനത്താകുന്നത് കുറുക്കൻമാർ എന്നെ കണ്ടു പേടിച്ചോടുമ്പോളാണ്.
പോകുന്നവഴിയിൽ ഏതെങ്കിലും ഒരു മനുഷ്യനെ കണ്ടാൽ ഒച്ച താഴ്ത്തി അവർക്കൊരു ചോദ്യമുണ്ട്
“മാറ്റിനാ?”
മാറ്റെന്നാൽ ഒരു വെളുത്ത മുണ്ടാണ്.ലീലേച്ചിക്ക് ഭർത്താവുണ്ടെങ്കിലും ജീവിതഭാരം മുതുകിലേറ്റി തളർന്നുപോയ അദ്ദേഹം ഇപ്പോൾ ജോലിയൊന്നും ചെയ്യുന്നില്ല.കണ്ണൻ പെരൂണാൻ എന്നാണ് അവർ അറിയപ്പെടുന്നത്.കാവുകളിൽ കനലാടിയതിന്റെ വൈഷമ്യം അദ്ദേഹത്തിന്റെ ഓരോ ചലനത്തിലും പ്രകടമാണ് . തെയ്യം കലാകാരന്മാരായ കണ്ണൻ പെരൂണാനും രാമൻ പണിക്കരും ഇന്ന് വയ്യാണ്ടായെങ്കിലും ഒരു കാലത്ത് നാട്ടിൽ ദൈവങ്ങളായി ജനഹൃദയങ്ങളിലൂടെ കയറിയിറങ്ങിയവരാണവർ .രാമൻ പണിക്കരുടെ സാമ്പത്തികാവസ്ഥ കണ്ണൻപെരൂണാനെക്കാളും കുറച്ചുകൂടി മെച്ചമാണെന്ന് പറയാം. കാരണം അദ്ദേഹത്തിന്റെ ഭാര്യയായ ചെറിയേച്ചിക്കാണ് നാട്ടിൽ പിറന്നുവീഴുന്ന കുഞ്ഞുങ്ങളെ ഭൂമി കാണിക്കാനുള്ള ഭാഗ്യം ലഭിച്ചത് . ഇന്നത്തെപോലെ പ്രസവത്തിന്റെ ഡോക്ടർമാരൊന്നും ഇല്ലാത്തൊരു കാലത്ത് അവരെ നാട്ടിലൊക്കെ വലിയ ആവശ്യമായിരുന്നെങ്കിലും കിട്ടുന്ന വരുമാനം വളരെ തുച്ഛമായിരുന്നു.രാമൻ പണിക്കരെ കാണുമ്പോഴൊക്കെ അന്നെനിക്കൊരു തമാശ ഓർമ്മ വരും. കൂട്ടുകാരി ഷീജ പറഞ്ഞതാണത്..മീത്തലെ കാവിലെ തെയ്യത്തിന്റന്ന് രാത്രി ഷീജയാണ് നേരത്തെ കാവിലെത്തിയത്. ചന്തയിലേക്ക് പോകാനുള്ള തിടുക്കത്തോടെ ഷീജ എന്നെ കാത്തിരിപ്പായിരുന്നു. ഞാനും അമ്മയും കാവിന്റെ പടിക്കലേക്ക് എത്തുമ്പോഴേക്കും ഷീജ തുള്ളിച്ചാടി നമ്മളെ എതിരേൽക്കാനെത്തി . ഒപ്പം വൈകിയതിന് ഒരു പരിഭവവും കുടഞ്ഞിട്ടു.
”എന്നാലും നിന്റെ അച്ഛൻ വന്നിട്ടെത്ര സമയായി. നിനക്ക് നേരത്തേ വെരേനും””
ചന്തയിലെ വളകളും മാലകളും, വിറ്റഴിഞ്ഞു പോയോ, എന്നുള്ള ഷീജയുടെ സങ്കടം ശരി. പക്ഷേ വീട്ടിലിരിക്കുന്ന എന്റെ അച്ഛനെ ഇവളെങ്ങനെ കണ്ടു?
‘“അച്ഛനോ ! “
എന്റെ അതിശയം കണ്ടപ്പോൾ തണുപ്പൻ മട്ടിൽ ഷീജ ചോദിച്ചു,,
“ നിന്റച്ഛനല്ലേ ചാമുണ്ഡിത്തെയ്യം കെട്ടിയത്?”
കേട്ടതും ഞാൻ പൊട്ടിച്ചിരിച്ചു. അച്ഛന്റെയും രാമൻ പണിക്കരുടെയും രൂപസാമ്യം വിതച്ച തമാശ ഓർക്കുമ്പോൾ എനിക്കിപ്പോഴും ചിരി വരും.
കനലാടിയ കാവുകളിലെ തെയ്യങ്ങളൊന്നും ഇന്ന് കണ്ണൻ പെരൂണാന്റെ ദുഃഖം കാണുന്നില്ല, എല്ലാം സഹിക്കുന്നത്, അവരുടെ കുടുംബം മാത്രം.ലീലേച്ചിക്ക് പ്രശസ്ത തെയ്യം കലാകാരനായ ഒരു മകനുൾപ്പെടെ നാല് മക്കളാണ്. മൂത്ത മകളെ കല്യാണം കഴിച്ച് പറശ്ശിനിയിൽ കൊണ്ടുപോയതാണ് ഏക ആശ്വാസം. പറശ്ശിനി മുത്തപ്പന്റെ അനുഗ്രഹത്താൽ ആ മകൾ മോശമില്ലാതെ ജീവിക്കുന്നുണ്ട്.രണ്ടാമത്തെ ആള് നാട്ടിലെ പ്രശസ്ത കോലക്കാരനാണ്.. വർഷാവർഷം തെയ്യമായി കോലമിട്ടാലും അയാളുടെ കൈയിൽ നീക്കിയിരുപ്പ് ഒന്നും തന്നെ ബാക്കിയാകാത്തതിൽ ആ അമ്മയ്ക്ക് എന്നും സങ്കടമാണ്. .മൂന്നാമത്തെ ആൾ അൽപ്പം ബുദ്ധിക്കുറവുള്ള ഒരാളാണ്. അയാളെ ഓർത്ത് ലീലേച്ചിക്ക് എന്നും ആധിയാണ്. അതിന്റെ താഴെയുള്ള പെൺകുട്ടിക്ക് എന്റെ വയസാണ്. യു.പി.സ്കൂളിൽ സഹപാഠിയായ അവളെ ഹൈസ്കൂളിൽ ഞാൻ കാണാതിരിക്കാൻ കാരണം അവളുടെ അന്നത്തെ ജീവിത സാഹചര്യം മാത്രമാണ്.
പഞ്ഞകാലം വന്നാൽ ലീലേച്ചിക്ക് വിശപ്പ് കടിച്ചമർത്താനുള്ള ഒരായുധം ഈ “മാറ്റ് “മാത്രമാണ്.. എന്നാൽ തീണ്ടലുകാർക്കത് തീണ്ടൽ മാറ്റാനുള്ള ഒരൊറ്റമൂലിയാണ്.നാലുദിവസത്തെ നിവൃത്തികേടിനൊരറുതി, അതെ ഒരു വെളുത്ത മുണ്ടിൽ മനസും ശരീരവും ശുചിയാക്കാൻ നിയുക്തരായവരാണ് ഓരോ തീണ്ടാരികളും!
കുളിക്കാൻ പോകുമ്പോൾ അശുദ്ധി പറ്റിയ തുണിയൊക്കെ കെട്ടായി കൈയിൽ കരുതണം. കിടന്ന സ്ഥലം ചാണകം തെളിച്ച് ശുദ്ധിവരുത്തി ഇറങ്ങുമ്പോൾ കൈ നിറയെ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കണം. നാല് ദിവസം ഉണങ്ങിച്ചുരുണ്ട മുടിയൊക്കെ അവർക്കൊന്നു കുടഞ്ഞു കെട്ടാൻ. അതത്യാവശ്യമാണ്.കുളിച്ചു കഴിഞ്ഞാൽ തുണിക്കെട്ടിനൊപ്പം മാറ്റും കുളത്തിൻകരയിൽ വെക്കണം. അത് ലീലേച്ചി വന്നെടുത്തു കൊള്ളും.ദാരിദ്ര്യത്തിനെ കുഴിച്ചുമൂടുന്ന തീണ്ടാരികളുടെ ചോരത്തുണികൾ അവരലക്കുന്നത് ഒരു തോട്ടിൽ വെച്ചാണ്.ആ തോട് വണ്ണാത്തി തോടെന്നാണറിയുന്നത്.ഏത് മാലിന്യത്തെയും കുത്തിയൊലിപ്പിക്കാനുള്ള അദ്ഭുത കഴിവ് ആ തോട്ടിലെ ഒഴുക്കുവെള്ളത്തിനുണ്ടെന്നും എവിടെയും ഒഴുക്കുവെള്ളത്തിൽ അഴുക്കില്ലെന്നുമാണ് പൊതുവിൽ പറയാറ്.പക്ഷേ അതപ്പടി വിശ്വസിക്കാൻ എനിക്കന്ന് ബുദ്ധിമുട്ടായിരുന്നു. കാരണം അമ്മയോടൊപ്പം തോട്ടിൽ പോയാൽ കാൽക്കുഴയ്ക്കിടയിലൂടെ ഇടയ്ക്കൊക്കെ എന്തോ മഞ്ഞക്കട്ടകൾ ഒഴുകിപ്പോയിട്ടുണ്ട് .അതാരുടെയോ മലവിസർജ്ജനമാണെന്ന് മനസിലാക്കിയ അന്ന് മാറിയതാണ് ഒഴുക്കുവെള്ളത്തിലുള്ള എന്റെ അടിയുറച്ച വിശ്വാസം. പക്ഷേ തോട്ടിൻകരയിൽ പറ്റിപ്പിടിച്ചു നിൽക്കുന്ന അതിരാണിച്ചെടിയിലെ പിങ്ക് നിറമുള്ള അതിരാണിപ്പൂക്കൾ വണ്ണാത്തി തോടിനെന്നും ഒരലങ്കാരമാണ്. അതെനിക്ക് ഒരു പാട് ഇഷ്ടമാണ്.നാട്ടിലെ മിക്കവാറും ആളുകൾ ദിവസവും ഈ തോട്ടിൽ വെച്ചാണ് തുണി അലക്കുന്നത്.മഴക്കാലത്ത് വെള്ളം തെളിഞ്ഞാൽ മീനുകളുടെ സവാരി കാണാനും നല്ല രസാണ് . ആഴങ്ങളിൽ കുത്തിമറിഞ്ഞ് സന്തോഷം പങ്കുവെക്കുന്ന കണ്ണിമീനുകളെ തോർത്തുമുണ്ടിൽ കയറ്റി വീട്ടിലെത്തിക്കാനായി, തോട്ടിലിറങ്ങി ഞാനന്ന് മത്സരിച്ച് പരക്കം പാഞ്ഞിട്ടുണ്ട്.ചിലപ്പോഴൊക്കെ എന്റെ ശ്രമം വിജയിക്കും. പക്ഷേ കുപ്പിയിൽ കിടന്നത് രണ്ടേരണ്ടു ദിവസംകൊണ്ട് ചത്തുപോയാലും ഞാൻ നിരാശപ്പെടാറില്ല,പിന്നെയും കൊണ്ടുവരും.
തീണ്ടൽ കുളി കഴിഞ്ഞ് ഒരു രണ്ടു ദിവസത്തിനുള്ളിൽ ലീലേച്ചി അലക്കിയുണക്കിയ തുണിയുമായി വീട്ടിലേക്ക് വരും. അവരുടെ മുഖത്തപ്പോൾ നല്ലൊരു ചിരി പറിച്ചുനട്ടിട്ടുണ്ടാകും .ചാരോം വെള്ളത്തിൽ കഴുകി കഞ്ഞിവെള്ളം മുക്കിയുണക്കിയ തുണികളുമായുള്ള ആ വരവ് കാണുമ്പോൾ അമ്മയ്ക്ക് ലീലേച്ചിയോട് നല്ല ശുഷ്ക്കാന്തിയുണരും . തീണ്ടൽ മാറ്റിത്തന്ന അവരെ ദൈവത്തെ പോലെ സ്വീകരിക്കും.
അന്നൊക്കെ ഞാൻ അമ്മയോട് ചോദിക്കാറുണ്ട്.
” അമ്മേ… കണ്ട ആൾക്കാരുടെ ചോരത്തുണിയലക്കാൻ ഈ പാവങ്ങളെന്ത് തെറ്റാ ചെയ്തത് ?” “
ചിലപ്പോൾ അമ്മ അതിന് പ്രതികരിക്കില്ല വിവരമില്ലാത്ത പെണ്ണിന്റെ തോന്ന്യാസം പോലെ എന്നെയൊന്ന് ആഴ്ന്ന് നോക്കും.
എന്നിട്ട് മറ്റാരും കേൾക്കാതെ ശബ്ദം താഴ്ത്തി പറയും .
“വലിയ വലിയ കാര്യത്തിലൊന്നും കുട്ട്യള് എടപെടണ്ടാ.. “
വിടാതെ പിന്നെയും എന്റെ ചോദ്യം പിന്നാലെ പോയാൽ അമ്മ ഒന്ന് ചിന്തിക്കും. എന്നിട്ട് പറയും
“ ദാരിദ്ര്യം “
ദാരിദ്ര്യത്തിന്റെ പ്രതിവിധി ഈ നീചത്തരമല്ലെന്ന് ഞാനപ്പോളുറക്കെ പറയും..
പക്ഷേ അമ്മ കേട്ട ഭാവം നടിക്കില്ല. ഒഴുക്കിനൊപ്പം നീന്താൻ മാത്രം വിധിക്കപ്പെട്ട ജന്മങ്ങളെ ഓർത്ത് ഞാനപ്പോൾ മൗനം പാലിക്കും.
അന്നേ മനസിലുറപ്പിച്ചതാ.. ഇത്തരം തോന്ന്യാസത്തിന് ഞാൻ കൂട്ടില്ലെന്ന്.
വീടെത്താറാകുമ്പോഴേക്കും ചിന്തകൾ ഒരു കരപിടിച്ചു കഴിഞ്ഞിരുന്നു.
“ഇല്ല എനിക്കൊന്നും സംഭവിച്ചിട്ടില്ല എങ്ങനെയാണോ സ്കൂളിൽ പോയത്,അതുപോലെ തിരിച്ചെത്തിയിട്ടുണ്ട്.”
പലതവണ ഞാനിത് പറഞ്ഞു പഠിച്ചതും ഉള്ളം മുറിഞ്ഞ ചോര പെട്ടെന്ന് നിന്നു.ഏതോ സ്കൂളിന്റെ ചുമരിലെഴുതിക്കണ്ട
മത്തായിയുടെ തിരുവചനമപ്പോൾ എന്റെ ഓർമ്മയിലേക്കെത്തി,
” ഹൃദയ വിശാലത ഒരു ഭാഗ്യമാണ്.ദൈവം അവർക്കൊപ്പമാണ്. “