Image

സംഗീതം -ഓര്‍മ്മക്കുറിപ്പുകള്‍ : എസ് രാജേന്ദ്ര ബാബു:

Published on 19 November, 2024
സംഗീതം -ഓര്‍മ്മക്കുറിപ്പുകള്‍ : എസ് രാജേന്ദ്ര ബാബു:

ലതികയുടെയും ബേബി ശാളിനിയുടെയും ഗുരു 

കോടമ്പാക്കം എന്ന സിനിമയുടെ  വിചിത്ര ലോകത്ത് കലാകാരന്‍ എന്ന മുദ്ര പതിപ്പിക്കാന്‍ കടുത്ത ശ്രമം നടത്തിയ സംഗീത പ്രതിഭയാണ് എസ് രാജേന്ദ്ര ബാബു .ഒരു സംഗീത സംവിധായകനാകാനുള്ള സ്വപ്നം സാക്ഷാല്‍ക്കരിച്ചില്ല എങ്കിലും ബീറ്റില്‍സിലെ ജോര്‍ജ് ഹാരിസനു  ഒപ്പം പശ്ചാത്തല സംഗീതത്തില്‍  അദ്ദേഹത്തിനു സഹകരിക്കാനായി .അദ്ദേഹത്തിന്‍റെ സഹോദരി പിന്നണി ഗായിക ലതികയുടെ യശസ്സ് നാള്‍ക്കു നാള്‍ വര്‍ദ്ധിക്കുന്നു .അറിയപ്പെടുന്ന സംഗീത അധ്യാപികയാണ് അവര്‍ .രാജേന്ദ്രബാബുവിന്റെ സംഗീത ലേഖനങ്ങള്‍ അറിയപ്പെടാത്ത ഗായകരുടെ കഥകളാണ് .നമ്മുടെ പിന്നണിഗാന സംഗീത ചരിത്രം .

 

തികഞ്ഞ സംഗീതാന്തരീക്ഷത്തിലായിരുന്നു എന്‍റെ ബാല്യകൗമാരങ്ങൾ. തുടർന്നുള്ള ഓരോ
കാലഘട്ടത്തിലും പ്രശസ്തരും അപ്രശസ്തരുമായ നിരവധി സംഗീത പ്രതിഭകളെ നേരിട്ട് പരിചയപ്പെടാൻ ഇടവന്നിട്ടുണ്ട്. ആ അനുഭവങ്ങളിൽ ചിലത് പങ്കുവയ്ക്കുകയാണിവിടെ. സംഗീതം നമ്മുടെ ഓരോരുത്തരുടെയും എല്ലാ ജീവിത പരിസരങ്ങളുമായും ഇണങ്ങുകയും പൊരുത്തപ്പെടുകയും ചെയ്യുന്നതുകൊണ്ട് എന്‍റെ സംഗീതാനുഭവങ്ങൾ അനുവാചകഹൃദയങ്ങളിൽ രസകരമായ  അനുരണനങ്ങൾ സൃഷ്ടിക്കുമെന്നു തന്നെയാണ് വിശ്വാസം. ആലാപനത്തോടൊപ്പം ഹാർമോണിയം വായനയിലും മികവ് കാട്ടിയ കൗമാരക്കാലം വിദ്യാഭ്യാസകാലത്ത് അനേകം സുഹൃത്തുക്കളെ സമ്പാദിക്കാൻ സഹായകമായി. പ്രാദേശിക നാടക, ഗാനമേള സംഘങ്ങളിൽ സജീവമാകാൻ കഴിഞ്ഞത്അങ്ങനെയാണ്. 

പൂജപ്പുര മാധവൻ, വിഎസ് രാജൻലാൽ തുടങ്ങിയ സംഗീത സംവിധായകർക്കൊപ്പം
പ്രവർത്തിച്ചാണ് തുടക്കം. രാജൻലാൽ എന്‍റെ സമപ്രായക്കാരനും സുഹൃത്തുമായിരുന്നു. സ്വാതിതിരുനാൾ സംഗീത കോളെജ് വിദ്യാർത്ഥി ആയിരിക്കുന്ന കാലം മുതൽ രാജൻലാലിന് സംഗീതസംവിധാനവും ആലാപനവും തികച്ചും അനായാസകരം. ഇപ്പോഴത്തെ സംഗീത സംവിധായകൻ ശരത്തിന്‍റെ അമ്മാവനാണ് വി.എസ് രാജൻലാൽ. അദ്ദേഹം സംഗീതസംവിധായകനാകുമ്പോൾ ഞാൻ ഹാർമോണിസ്റ്റാകും. ഞാൻ സംഗീത സംവിധായകനാകുമ്പോൾ അദ്ദേഹം ഗായകനാകും. ഇങ്ങനെ
കൊല്ലത്തും പരിസരത്തും സംഗീതസാന്ദ്രമായ എന്‍റെ കൗമാരക്കാലം.

ഗള്‍ഫില്‍ ജയചന്ദ്രനും ലതികയും രാജേന്ദ്ര ബാബുവും 
അറുപതുകളുടെ ഒടുവിൽ കൊല്ലം എസ്എൻ കോളെജിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥി ആയിരുന്ന കണ്ടച്ചിറ ബാബു എന്നറിയപ്പെട്ടിരുന്ന ബാബു രാജേന്ദ്രപ്രസാദിന് മികച്ച കവിയെന്ന നിലയിൽ സുഹൃത്തുക്കൾക്കും അധ്യാപകർക്കുമിടയിൽ തികഞ്ഞ മതിപ്പുണ്ടായിരുന്നു. ബിരുദ
വിദ്യാർത്ഥിയായിരുന്ന എന്നെ ഒരിക്കൽ അദ്ദേഹം ക്ലാസ് റൂമിൽ വന്നു കണ്ടു. അദ്ദേഹത്തിന്‍റെ കവിതാസമാഹാരമായ രഥോത്സവത്തിലെ കവിതകൾക്ക് സംഗീതാവിഷ്കാരം നൽകി തന്‍റെ ഗ്രാമമായകണ്ടച്ചിറയിലെ ഒരു ക്ഷേത്രാങ്കണത്തിൽ അവതരിപ്പിക്കാൻ ഓർക്കസ്ട്ര നൽകി
സഹകരിക്കണമെന്നതായിരുന്നു അദ്ദേഹത്തിന്‍റെ ആവശ്യം. പ്രാദേശികതലത്തിൽ ഗാനമേളകൾക്ക്
ഓർക്കസ്ട്ര നൽകുന്നതിന് വലിയ ബുദ്ധിമുട്ടില്ല. എല്ലാവർക്കും ഹൃദിസ്ഥങ്ങളായ ചലച്ചിത്ര ഗാനങ്ങൾ അവതരിപ്പിക്കുന്നതിന് അധികം റിഹേഴ്സലൊന്നും ആവശ്യമില്ല. ഒരു ദിവസത്തെ റിഹേഴ്സൽ കൊണ്ട്പ രിപാടി അവതരിപ്പിക്കാം. പക്ഷെ ഇതു സംഗതി വേറെയാണ്. പതിനഞ്ചു പുതിയ ഗാനങ്ങൾ പശ്ചാത്തലസംഗീതം നിർവഹിച്ച് രംഗത്തവതരിപ്പിക്കണം. കുറഞ്ഞത് മൂന്നു ദിവസത്തെ റിഹേഴ്സൽ കൂടിയേ തീരൂ. മൂന്നു ദിവസത്തേക്ക് പക്കമേളക്കാരെ ഒരുമിച്ചു സംഘടിപ്പിക്കുകയെന്നതാണ് വെല്ലുവിളി. എല്ലാം ഒരുവിധം ഏർപ്പാടാക്കി കണ്ടച്ചിറയിലെ പ്രഭാകരൻ എന്ന കയർ വ്യവസായിയുടെ വീട്ടിൽ എല്ലാവരും ഒത്തുകൂടി.
കറുത്തു മെലിഞ്ഞ് പൊക്കം കുറഞ്ഞ ഒരു യുവാവ് അവിടെ നേരത്തെ തന്നെ വന്നിരിപ്പുണ്ടായിരുന്നു.
പാറിപ്പറന്ന ചെമ്പിച്ച ചുരുളൻ മുടി. അദ്ദേഹം ധരിച്ചിരുന്ന മുണ്ടും ഷർട്ടും ഏറെ മുഷിഞ്ഞിരുന്നു. എപ്പോഴുംവെറ്റില ചവയ്ക്കുന്ന ശീലം. പേര് പുരുഷൻ. അദ്ദേഹമാണ് രഥോത്സവത്തിലെ കവിതകൾക്ക് ഈണംനൽകിയിരിക്കുന്നത്. പട്ടണത്തിൽ നിന്നുവന്ന പത്രാസുകാരായ പക്കമേള ക്കാരെ കണ്ട്പകച്ചിരിക്കുകയാണ് പാവം പുരുഷൻ. വന്നപാടെ എല്ലാവരും റിഹേഴ്സലിനു തയാറായി.
പുരുഷൻ ആദ്യത്തെ പാട്ട് പാടി. പുതിയൊരു ചലച്ചിത്രഗാനം കേൾക്കുന്ന ഉന്മേഷവും ഉണർവും ആ
ഗാനത്തിനുണ്ടായിരുന്നു. കറുത്തുണങ്ങിയ ഈ കൊച്ചു മനുഷ്യനിൽ നിന്നാണോ ഇത്തരമൊരു സംഗീതപ്രവാഹം. അതിന്‍റെ പശ്ചാത്തല സംഗീത നിർവഹണത്തിനു ശേഷം അടുത്ത പാട്ട്. അതും വിസ്മയകരം.
ഉച്ചക്കുള്ള ഇടവേളയ്ക്കുള്ളിൽ അഞ്ചു ഗാനങ്ങൾ പൂർത്തിയായി. ഊണു കഴിഞ്ഞുള്ള
വിശ്രമത്തിനിടയിൽ പുരുഷൻ വിനയാന്വിതനായി അടുത്തു വന്നു. കറുത്തു മെലിഞ്ഞുണങ്ങിയ ഈ
മനുഷ്യന്‍റെ ഉള്ളിൽ നിന്നു പ്രവഹിച്ച് സംഗീതസൗരഭ്യം അനുഭവിച്ച് അമ്പരന്നിരിക്കുകയായിരുന്നു ഞങ്ങൾ.
പുരുഷൻ സ്വരം താഴ്ത്തി പറഞ്ഞു “ഇത്തരം സംഗീത ഉപകരണങ്ങളൊന്നും ഞാൻ മുമ്പ്
കണ്ടിട്ടില്ല. സംഗീതം അഭ്യസിച്ചിട്ടുമില്ല. കർഷക  തൊഴിലാളിയാണ്. വയൽവരമ്പത്ത് മൂളിപ്പാട്ടു പാടുന്ന ശീലമേയുള്ളു. സിനിമാപ്പാട്ടൊന്നും അറിഞ്ഞുകൂടാ. പാടുന്നതൊക്കെ സ്വന്തം സംഗീതം മാത്രം.

വി കെ ശശിധരന്‍ 
ജീവിതത്തിൽ മറക്കാനാവാത്ത അനുഭവമാണിത്. വിശ്രമത്തിനു ശേഷം വീണ്ടും റിഹേഴ്സൽ. മൂന്നാം
ദിവസം വൈകുന്നേരത്തോടെ റിഹേഴ്സൽ പൂർത്തിയാക്കി അന്നു രാത്രി രഥോത്സവത്തിലെ പതിനഞ്ച്പാട്ടുകൾ ക്ഷേത്രാങ്കണത്തിലെ നിറഞ്ഞ സദസ്സിൽ അവതരിപ്പിച്ചു. എന്‍റെ സഹോദരി ഏഴു വയസുകാരിലതിക ഇതിൽ യുഗ്മഗാനങ്ങളടക്കം അഞ്ചു ഗാനങ്ങൾ ആലപിച്ചു. തുടർന്ന് പ്രാദേശിക തലത്തിൽ പലനാടകങ്ങൾക്കും പുരുഷന്‍റെ സംഗീതത്തിന് ഞാൻ പശ്ചാത്തലമൊരുക്കി. ഇത്രയധികം നൈസർഗിക
വാസനയുള്ള ഒരു കലാകാരനെ സംഗീത ജീവിതത്തിന്‍റെ ഒരു കോണിലും പിന്നീട് കണ്ടുമുട്ടിയിട്ടില്ല.
വേണ്ടത്ര പരിശീലനമോ പ്രോത്സാഹനമോ ലഭിക്കാതെ ആ പ്രതിഭ കൊഴിഞ്ഞുപോയിട്ടുണ്ടാകണം. ആചെമ്പൻ മുടിക്കാരൻ കുറുകിയ മനുഷ്യന്‍റെ ഈണങ്ങൾ നിത്യവിസ്മയമായി ഇന്നും എന്‍റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു.കവിയും ഗാനരചയിതാവും എന്‍റെ സുഹൃത്തുമായ ചവറ ജെയിംസ് ഒരിക്കൽ കൊല്ലത്തെ മുളങ്കാടകംക്ഷേത്രത്തിനു സമീപമുള്ള ഒരു സ്റ്റോറിന്‍റെ ഒതുങ്ങിയ മൂലയിൽ വെളുത്ത ബനിയനും കൈലിയും ധരിച്ചിരുന്ന് ബീഡി തെറുക്കുന്ന ഹംസക്കയെ പരിചയപ്പെടുത്തി. കണ്ടാലുടൻ ഹൃദ്യമായൊരു ചിരിആർക്കും സമ്മാനിക്കുന്ന ഹംസക്ക്. വൈകുന്നേരം ഞങ്ങൾ ഒത്തുകൂടിയ നാടകക്യാമ്പിൽ വച്ചാണ്ഹംസക്കയെ വിശദമായി പരിചയപ്പെടുന്നത്. ഹൃദ്യമായ ചിരിപോലെ മധുരമായ സംഗീതം നിർവഹിക്കാനും ഹംസക്കയ്ക്ക് യാതൊരു പ്രയാസവുമില്ല. ചവറ ജെയിംസിന്‍റെ ഗാനങ്ങൾക്ക് മനോഹരമായ ഈണങ്ങൾ ചിട്ടപ്പെടുത്തിയ ഹംസക്കയെ വളരെ അപൂർവം ചില അവസരങ്ങളിലൊഴികെ പിന്നീട് ഒരിക്കലും
കണ്ടുമുട്ടാനായില്ല. ഹംസക്കയുടെ നിഷ്കളങ്കമായ ചിരിയും സംഗീതവും മനസ്സിൽ ഇന്നും മായാതെ
നിൽക്കുന്നു.
അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത് പ്രദർശനത്തിനെത്തിയ ആദ്യ ചിത്രം ;സ്വയംവരം
ആണ്. നിരവധി ദേശീയ അന്തർദ്ദേശീയ പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ചിത്രം. നമ്മുടെ ചലച്ചിത്ര
ആസ്വാദനത്തിനും സംസ്കാരത്തിനും ഒരു നൂതനപാത വെട്ടിത്തുറന്ന ആദ്യസംരംഭം. എന്നാൽ അതിനു മുമ്പ് പൂർത്തിയാക്കാൻ കഴിയാതെപോയ ഒരു ചിത്രം അദ്ദേഹം സംവിധാനം ചെയ്തിരുന്നു. കാമുകി എന്ന ആ ചിത്രത്തിന്‍റെ കഥാരചന സിഎൻ ശ്രീകണ്ഠൻ നായരും ഗാനരചന ഏറ്റുമാനൂർ സോമദാസനും നിർവഹിച്ചു. കെ ജെ യേശുദാസ്, എസ് ജാനകി, സിഒ ആന്റൊ തുടങ്ങിയവർ ആലപിച്ച ഗാനങ്ങൾ ചിട്ടപ്പെടുത്തിയത് പികെ ശിവദാസ്, വികെ ശശിധരൻ എന്നീ രണ്ടു സുഹൃത്തുക്കൾ ചേർന്നാണ്. 

ശശി ശിവൻ എന്ന പേരിലാണ് ഇവർ അറിയപ്പെട്ടിരുന്നത്. വികെ ശശിധരൻ പിൽക്കാലത്ത് ഇടശ്ശേരിയുടെപുതപ്പാട്ട് പാടിയും ചാനലുകളിൽ കുട്ടികൾക്ക് പാട്ടുകളും കഥകളും ചൊല്ലിക്കൊടുത്തും ഏറെ പ്രശസ്തനാവുകയും ചെയ്തു. കൊല്ലത്തെ കൊട്ടിയം എസ്എൻ പോളിടെക്നിക് കോളെജിൽ അധ്യാപകനായിരുന്നു വികെ ശശിധരൻ. കോളെജിലെ യുവജനോത്സവത്തോടനുബന്ധിച്ച് അദ്ദേഹം
ബ്രഹ്മാനന്ദന്‍റെ നേതൃത്വത്തിൽ മികച്ച ഓർക്കസ്ട്രയുടെ അകമ്പടിയോടെ ഒരു ഗാനമേള സംഘടിപ്പിച്ചു.ബ്രഹ്മാനന്ദൻ അക്കാലത്ത് പിന്നണിഗാന രംഗത്ത് പ്രവേശിച്ചിരുന്നില്ല. എന്‍റെ സഹോദരി ഏഴു വയസ്സുകാരി ലതിക ആയിരുന്നു സഹഗായിക. കാമുകിയിൽ യേശുദാസ് പാടിയ ജീവനിൽ, ജീവന്‍റെ ജീവനിൽ എന്ന ഗാനം ബ്രഹ്മാനന്ദനും ജാനകിയമ്മ പാടിയ ഏഴര വെളുപ്പിനുണർന്നു ഞാൻ എന്ന ഗാനം ലതികയും അവതരിപ്പിച്ചു. ഗാനമേളയുടെ വൻ വിജയം ഗായകർക്കൊപ്പം ശശി ശിവൻ ഇരട്ടകൾക്കും മികച്ച അംഗീകാരം നേടിക്കൊടുത്തു.
കരിക്കോട് കൈരളി തിയേറ്റേഴ്സ് എന്ന നാടക സംഘത്തിന്‍റെ അക്കൊല്ലത്തെ പുതിയ നാടകത്തിന്‍റെ
സംഗീത സംവിധാകനായി വികെ ശശിധരനെ ചുമതലപ്പെടുത്തി. കൈരളിയുടെ ഹാർമോണിസ്റ്റായിരുന്ന എനിക്ക് അങ്ങനെ ശശിധരന്‍റെ സഹായിയായി പ്രവർത്തിക്കാൻ അവസരമൊരുങ്ങി.

 സഹോദരിമാര്‍ കുമാരിയും ലതികയും 

ഒരു ചലച്ചിത്ര സംഗീത സംവിധായകനോടൊപ്പം പ്രവർത്തിക്കാൻ എനിക്കു ലഭിക്കുന്ന ആദ്യാവസരം. മനോഹരങ്ങളായ പാട്ടുകളാണ് അദ്ദേഹം നാടകത്തിനായി ഒരുക്കിയത്. പാട്ടുകൾക്ക് അനുയോജ്യമായ പശ്ചാത്തല സംഗീതം ഒരുക്കാൻ അദ്ദേഹം എന്നെ അനുവദിച്ചു. എന്‍റെ സംഗീത വഴികളിലെ ആദ്യത്തെ അനുഭവമായിരുന്നുഅത്. ചലച്ചിത്ര രംഗത്ത് വേണ്ടത് തിളങ്ങാൻ അദ്ദേഹത്തിനായില്ലെങ്കിലും ഇടശ്ശേരിയുടെ പൂതപ്പാട്ടിനുസംഗീതം നൽകി ആലപിച്ച വികെ ശശിധരൻ പിൽക്കാലത്ത് മലയാളികളുടെ പ്രിയപ്പെട്ടസംഗീതകാരനായി

കോളെജ് വിദ്യാഭ്യാസത്തിനു ശേഷം ഗാനമേള, നാടകം, നൃത്തം, കഥാപ്രസംഗം തുടങ്ങി സംഗീത
സംബന്ധിയായ പല രംഗങ്ങളിലും ഗായകനായും സംഗീത സംവിധായകനായും
ഹാർമോണിസ്റ്റായുമൊക്കെ പ്രവർത്തിച്ചു വരികയായിരുന്നു ഞാൻ. ഒരു സർക്കാർ ഉദ്യോഗസ്ഥനായി
എന്നെ കാണാൻ ആഗ്രഹിച്ചതിനാൽ മാതാപിതാക്കൾക്കു വേണ്ടി ഇടയ്ക്കിടെ പിഎസ്സി ടെസ്റ്റുകളും
എഴുതുന്നുണ്ടായിരുന്നു. ശാസ്ത്രീയ സംഗീതത്തിൽ അവഗാഹമുണ്ടായിരുന്ന അച്ഛൻ സദാശിവൻ
ഭാഗവതരും അമ്മ നളിനിയും എന്‍റെ സംഗീത പ്രവർത്തനങ്ങളെ എക്കാലവും പിന്തുണച്ചിട്ടേയുള്ളൂ.
കോളെജിലെ കെഎസ് നേതാ വായ കൊട്ടറ ഗോപാലകൃഷ്ണൻ ഇടതുപക്ഷ വിദ്യാർത്ഥി പ്രവർത്തകനായഎന്നെ സ്വ ന്തം അനുജനെപ്പോലെ സ്നേഹിച്ചിരുന്നത് ഞാൻ കലാകാരനായിരുന്നതു കൊണ്ട് മാത്രമാണ്.
ഗാനരചയിതാവും ഗായകനും നടനുമൊക്കെയായിരുന്നുവല്ലോ കൊട്ടറ. 1970-ലെ നിയമസഭാ
തെരഞ്ഞെടുപ്പിൽ അദ്ദേഹം കൊട്ടാരക്കരയിൽ നിന്ന് കേരളരാഷ്ട്രീയത്തിലെ അതികായൻ ആർ
ബാലകൃഷ്ണപിള്ളയെ പരാജയപ്പെടുത്തി എംഎൽഎ ആയി.
ഒരുദിവസം ഉച്ചയോടെ ഒരു പൊലീസ് ജീപ്പ് ആശ്രാമത്തെ എന്‍റെ വീടിനു മുന്നിൽ വന്നു നിന്നപ്പോൾ
പരിസരവാസികൾ ഉൽക്കണ്ഠയോടെ വീടിനു മുന്നിൽ തടിച്ചുകൂടി. സൗമ്യപ്രകൃതനായ സദാശിവൻ
ഭാഗവതരുടെ വീട്ടിൽ പൊലീസോ? നാട്ടുകാർ ഒന്നു പകച്ചു. “ആരാണ് രാജേന്ദ്രബാബു?” ഒരു
പൊലീസുകാരൻ ഗൗരവത്തോടെ ചോദിച്ചു. ഞാൻ മുന്നോട്ട് ചെന്നു. “ഡ്രസ് മാറ്റി വരൂ.” എന്‍റെ സംഭ്രമം പൊലീസുകാർ ആസ്വദിച്ചെങ്കിലും കൂടുതൽ വിഷമിപ്പിക്കാതെ കാര്യം പറഞ്ഞു. “എംഎൽഎ കൊട്ടറ
ഗോപാലകൃഷ്ണൻ കൊട്ടാരക്കര ഗസ്റ്റ്ഹൗസിൽ നിങ്ങളെ പ്രതീക്ഷിച്ചിരിക്കുന്നു. ഒന്നു കൂടെ വരണം.
പ്രത്യേകിച്ച് ഒന്നും സംഭവിക്കാത്ത നിരാശയിൽ നാട്ടുകാരെല്ലാം പിരിഞ്ഞു പോയി. ഗസ്റ്റ് ഹൗസിൽ
എത്തിയപ്പോൾ കൊട്ടറ പൊട്ടിച്ചിരിച്ചു. “പേടിച്ചുപോയോടാ. ഇവിടെ വേറെ വണ്ടിയൊന്നും ഇല്ലായിരുന്നു.
അതുകൊണ്ടോ, പൊലീസ് ജീപ്പ് അയച്ചത്. ഇരിക്ക്.
വിശാലമായ ഹാളിൽ സാമാന്യം വലിപ്പമുള്ള ചാരുകസേരയിൽ ആജാനബാഹുവായ ഒരു സൂര്യതേജസ്
വിടർന്ന കണ്ണുകൾ മുറുക്കിച്ചുവപ്പിച്ച് മുഖം- സാക്ഷാൽ എൽ പിആർ വർമ്മ. “നമ്മുടെ കല്ലട പദ്ധതിയുടെ പ്രവർത്തനം മന്ദഗതിയിലാണ് നീങ്ങുന്നത്. അവിടത്തെ തൊഴിലാളികളെ ഒന്ന് ഉത്സാഹിപ്പിച്ച്ഊ ർജസ്വലരാക്കാൻ നമുക്ക് ഒരു സംഘ ഗാനം തയാറാക്കണം. വരികൾ ഞാൻ എഴുതിയിട്ടുണ്ട്. തിരുമേനി സംഗീതം ചെയ്യും. നീ തിരുമേനിയെ സഹായിക്കണം. കൊട്ടറ പറഞ്ഞു നിർത്തി. ഒരു ഹാർമോണിയം അവിടെ സംഘടിപ്പിച്ചു വച്ചിട്ടുണ്ട്. എൽപിആറിനു മുന്നിൽ ഞാൻ ഹാർമോണിയവുമായി ഇരുന്നു.

എൽപിആർ വർമ്മ
അദ്ദേഹം എന്തൊക്കെയോ മൂളിക്കൊണ്ടിരുന്നു. ഞാൻ ആദ്യമായാണ് സംഗീത സംവിധായകൻ
എൽപിആർ വർമ്മയെ നേരിൽ കാണുന്നത്. അദ്ദേഹം ചിട്ടപ്പെടുത്തുന്ന ഈണമൊന്നും ഞാൻ
കേൾക്കുന്നില്ല. അദ്ദേഹത്തിന്‍റെ പ്രശസ്തങ്ങളായ സുന്ദര ഗാനങ്ങൾ ഒന്നൊന്നായി എന്‍റെ മനസ്സിന്‍റെ
താളുകളിലൂടെ തെളിഞ്ഞുമറയുകയാണ് . വീടിനു പൊൻമണി വിളക്കു നീ (കുടുംബിനി);അജ്ഞാതസഖീ
ആത്മസഖീ (ഒള്ളതു മതി), അക്കരപ്പച്ചയിലെ (സ്ഥാനാർത്ഥി സാറാമ്മ);ഉപാസന, ഉപാസന
(തൊട്ടാവാടി),വൈശാഖ പൗർണമി നാളിൽ(മേയർ നായർ)...
സന്ധ്യയോടെ സംഘഗാനത്തിന്‍റെ ഏകദേശ രൂപമായി. അദ്ദേഹം അവസാനിപ്പിച്ച മട്ടാണ്. സന്ധ്യ
കഴിഞ്ഞാൽ അൽപം മദ്യസേവ അദ്ദേഹത്തിന്‍റെ പതിവാണ്. അദ്ദേഹം അതിലേക്കു കടന്നു. ഞാൻ
രാത്രിയോടെ സംഘഗാനത്തിന്‍റെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് തയാറാക്കി. അടുത്ത ദിവസം പാട്ടും പശ്ചാത്തല സംഗീതവും അദ്ദേഹം ശ്രദ്ധിച്ചു കേട്ടു. ചെറിയ മിനുക്കു പണികൾ നടത്തിയ ശേഷം അദ്ദേഹം സ്ഥലംവിട്ടു.
ഗായകരെയും കിട്ടാവുന്നത്ര പക്കമേളക്കാരെയും സംഘടിപ്പിച്ച് ഒരു ടേപ് റെക്കോഡറിൽ പാട്ട് പകർത്തി.
കല്ലട ഇറിഗേഷൻ പദ്ധതിയോടനുബന്ധിച്ചു നടന്ന ഒരു ചടങ്ങിൽ പാട്ട് അവതരിപ്പിക്കുകയും തുടർന്ന്
പദ്ധതിയുമായി ബന്ധപ്പെട്ട തൊഴിലിടങ്ങളിൽ ആ പാട്ട് ആവർത്തിച്ച് കേൾപ്പിക്കുകയും ചെയ്തെന്ന്
പിന്നീട് അറിയാൻ കഴിഞ്ഞു. ഈ സംഘഗാനം കല്ലട പദ്ധതിയെ എത്രത്തോളം സ്വാധീനിച്ചെന്നൊന്നും എനിക്ക് നിശ്ചയമില്ല. എന്നാൽ ആ സംഗീത സാർവഭൗമന്‍റെ സാന്നിധ്യവും ആജ്ഞാശക്തിയുള്ള കണ്ണുകളും തിളങ്ങുന്ന സ്മരണയായി എന്‍റെ മനസ്സിൽ ഇന്നും തെളിഞ്ഞു നിൽക്കുന്നു. മലയാള ചലച്ചിത്ര സംഗീത ചരിത്രത്തിൽ എൽപിആർ വർമ്മയുടെ സ്ഥാനം അനിഷേധ്യമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക