കാത്തിരിപ്പ് , പ്രതീക്ഷയുടെ പ്രതീകമായ കാത്തിരിപ്പ്. കാത്തിരിപ്പിന്റെ സുഖവും ,നോവും അറിയാത്തമനുഷ്യരുണ്ടോ ?
എല്ലാവരും കാത്തിരിക്കുകയാണ്, എന്തിനൊക്കെയോ വേണ്ടി . ചിലർക്കു വേണ്ടിയുള്ള ചിലതിനു വേണ്ടിയുള്ള കാത്തിരിപ്പാണ് പലരുടെയും ജീവിതത്തെ മുന്നോട്ട് നയിക്കുന്നത് , ജീവിക്കുവാൻ പ്രേരിപ്പിക്കുന്നത്.
കാത്തിരിപ്പ് ജീവിതത്തിന്റെ ഒരു ഭാഗം തന്നെ . എന്തെല്ലാം ഭാവങ്ങളും തലങ്ങളും അവയ്ക്ക് . ജീവിതഗന്ധിയായ കാത്തിരിപ്പുകൾ , നിത്യജീവി തത്തിന്റെ ഭാഗമായ കാത്തിരിപ്പുകൾ . കൃത്യത പാലിക്കാത്ത ട്രെയിൻ കാത്തു റെയിൽവേ സ്റ്റേഷനിലെ കാത്തിരിപ്പ്, അതാവാം ഒരു പക്ഷേ ഏറ്റവും വിരസമായ കാത്തിരിപ്പ്. ജീവിതത്തിന്റെ നല്ലൊരു ഭാഗം റയിൽവേ സ്റ്റേഷനിൽ കാത്തിരിക്കുവാൻ വിധിക്കപ്പെട്ടവർ ,അവരെ ഓർത്ത് വിഷമം തോന്നിയിട്ടുണ്ട്. പക്ഷേ ആ കാത്തിരിപ്പ് അവരിൽ ക്ഷമാശീലം വളർത്തിയിട്ടുണ്ടാവും എന്നു വല്ലപ്പോഴും കാത്തിരിക്കേണ്ടി വരുമ്പോൾ അക്ഷമമായ എന്റെ മനസ്സ് ചിന്തിക്കാറുണ്ട്. എന്തായാലും കാത്തിരിപ്പ് എപ്പോഴും പ്രതീക്ഷ തന്നെ .
പരീക്ഷ എഴുതി ഫലത്തിനായുള്ള ഉത്കണ്ഠയും ആകാംക്ഷാഭരിതവുമായ കാത്തിരിപ്പ്. ടെസ്റ്റും ഇന്റർവ്യൂവും കഴിഞ്ഞു ഉദ്യോഗലബ്ദിക്കായുള്ള കാത്തിരി പ്പ്. രോഗനിർണയത്തിനുള്ള ടെസ്റ്റ്, സ്കാനിങ് തുടങ്ങിയവ കഴിഞ്ഞു ഫലത്തിനായുള്ള ഭയവിഹ്വലതയോടെയുള്ള കാത്തിരുപ്പ്.
അപാരമായ ആഹ്ളാദങ്ങളും അഗാധമായ സങ്കടങ്ങളും സമ്മാനിക്കുന്ന കാത്തിരിപ്പുകൾ. ഒരുപക്ഷേ ഏറ്റവും രസകരമായ , സന്തോഷഭരിതമായ കാത്തിരിപ്പ് പ്രണയിതാക്കളുടേതാവാം . അവയ്ക്ക് ഒരായിരം ഭാവങ്ങളുണ്ടാവും ...
പത്തുമൂപ്പത് വർഷത്തെ റബർബോ ർഡ് ജീവിതത്തിനിടയ്ക്ക് പല ചെയർമാന്മാരും വന്നു പോയി . അതിൽ ഐ. എ. എസ്.കാരായ ലളിതാംബികയെയും ഷീല തോമസിനെയും ഞങ്ങൾ വനിതകൾ
സന്തോഷത്തോടെ കാത്തിരുന്നു. ഷീല തോമസിന്ബൊക്കേ കൊടുത്തു എതിരേൽക്കാൻ ഓഫീസിന്റെ താഴത്തെ നിലയിൽ ഞങ്ങളെല്ലാം ഇറങ്ങി നിന്നത് ഓർക്കുന്നു , സുസ്മേര വദനയായി പടി കയറി വന്ന പ്രതിഭ.
ചെറുതും വലുതുമായ കാത്തിരിപ്പുകൾ. ഒരോ കാത്തിരിപ്പും പ്രതീക്ഷയാണ്.
ഏറ്റവും സുഖമുള്ള കാത്തിരിപ്പിനുള്ള യോഗം സ്ത്രീ ജന്മത്തിനു തന്നെ . എന്തെല്ലാം ശാരീരിക ക്ലേശങ്ങളുണ്ടെന്രിനു വരികിലും കണ്മണിക്കായുള്ള കാത്തിരിപ്പിന്റെ സുഖം വാക്കുകൾക്കതീതമാണ്. മാസങ്ങളിലെ കാത്തിരുപ്പിൽ വിരസത ഒട്ടുമേയില്ല. പ്രാരാബ്ദകർമ്മങ്ങളുടെ ഭാരമോ നൊമ്പരമോ അലട്ടാതെ , കഴുതയുടെ ആയുസ്സുമായി
നടക്കുന്ന കാലത്തെ സുഖകരമായ കാലം .
അവസാനം കർമ്മകാണ്ഡം താണ്ടി സ്വധാമത്തിലേക്ക് പോകാനുള്ള കാത്തി രി പ്പ്. ഒരു പക്ഷേ ഏറ്റവും ദുരിതപൂർണ്ണമായ കാത്തിരിപ്പു അതാവും . ദീർഘ കാലമായി രോഗാവസ്ഥയിലാ ണെങ്കിൽ കഷ്ടപ്പാടോന്നു അവസാനിച്ചു കിട്ടുവാനുള്ള ബന്ധുക്കളുടെ കാത്തിരിപ്പ്. എല്ലാ കാത്തിരിപ്പുകൾക്കും ഉണ്ടൊരു പരിസമാപ്തി എന്നത് കാത്തിരിപ്പിനെ അർഥവത്താക്കുന്നു ,ഊഷ്മളമാക്കുന്നു. അവസാനകാലത്തെ ആയുസ്സ് നായയുടെയും മൂങ്ങയുടെയുമാണ് എന്നൊരു ചൊല്ലുണ്ട്.
വീട്ടുകാവൽ, അത് കഴിഞ്ഞു ആരാലും ഗൌനിക്കപ്പെടാതെ മൂങ്ങയെ പോലെ തുറിച്ചുനോക്കിയിരിക്കുക.
കാലം മാറി കഥ മാറി , വീട്ടുകാവലിനുള്ള പ്രസക്തി പോയി . വിദൂരത്തുള്ള മക്കൾ വരുന്നതു കാത്തിരിക്കാം ,
അല്ലെങ്കിൽ അവരോടൊപ്പം പോയി ഫ്ലാറ്റിലെ ജീവിതത്തിലേക്ക് ഒതുങ്ങാമെന്ന സ്ഥിതി .
വൃദ്ധദമ്പതികൾ മാത്രമായ കുടുംബങ്ങൾ , അന്യോന്യം ഊന്നു വടികളായി സസന്തോഷം കുറച്ചു കാ ലം
ജീവിക്കുവാൻ യോഗം കിട്ടുന്നവർ ഭാഗ്യമുള്ളവർ . അപരാഹ്നത്തിലെത്തും മുൻപേ ,വളരെ അപ്രതീക്ഷിതമായി തിരിച്ചു വരാത്ത യാത്രക്കു ഒരാൾമാത്രം ഒറ്റയ്ക്ക് പടിയിറങ്ങുമ്പോൾ സൃഷ്ടിക്കപ്പെടുന്ന ശൂന്യത മനസ്സിലും വീട്ടിലും എന്നന്നേക്കുമായി , ഒരിക്കലും നികരാത്ത ശൂന്യത.
ആദ്യം പോകുന്നവർ ഭാഗ്യം ചെയ്തവർ . അതി നുള്ള ഭാഗ്യമധികവും പുരുഷന്മാര്ക്ക് തന്നെ . നഷ്ടപ്പെ ട്ട ചിറകുകളുമാ യി , ഊഴം കാത്തിരിക്കുവാനുള്ള നിയോഗം സ്ത്രീ ജന്മത്തിന്.
അമ്മയുടെ കാത്തിരിപ്പ് കണ്ടതാണ്, അമ്മക്കു ഒരിക്കലും ഒറ്റയ്ക്ക് കഴിയേണ്ടി വന്നി ല്ല. എന്നിട്ടും അമ്മ പോകാനെന്തിനിത്ര തി ടുക്കം കാണിക്കുന്നത് എന്ന് വിഷമം തോന്നിയിട്ടുണ്ട്. “ മുപ്പത്തെട്ട് വര്ഷങ്ങളായി ഞാൻ ഒറ്റയ്ക്ക് , മുപ്പത്തെട്ട് മണിക്കൂറുകൾ പോലും ഞാൻ കഷ്ടപ്പെടില്ല” എന്നൊരിക്കൽ അമ്മ പറയുകയുണ്ടായി .
“അനായാസേന മരണം , ദീനം വിനാ ജീവിതം , ശംഭോ മഹാദേവാ “ അമ്മയുടെ പ്രാർഥന. ശ്വാസം
ആവശ്യമാണ്, ആശ്വാസം ആവശ്യമാണ്, വിശ്വാസം അത്യാവശ്യമാണ് എന്നു കുഞ്ഞുണ്ണി മാഷ് പറഞ്ഞതുപോലെ ആഗ്രഹിച്ചതു പോലെ തന്നെ അമ്മ പോയി . നല്ലൊരു മരണം സുകൃതമാണ്. സ്വയം ക്ലേശിക്കാതെയും മറ്റുള്ളവരെ ക്ലേശിപ്പിക്കാതെയും ദേഹി ദേഹത്തോട് വിട പറയണം ..
അമ്മയ്ക്കു ഉത്തരവാദിത്വങ്ങൾ ഏറെയായിരുന്നു, കഷ്ടപ്പാടുകളും . നാലു കുഞ്ഞുങ്ങളെ സംരക്ഷി ക്കേണ്ടതുണ്ടായിരുന്നു
അമ്മയ്ക്ക് . പക്ഷേ കടമകളെല്ലാം കഴിഞ്ഞപ്പോൾ ഉള്ളിന്റെ ഉള്ളിലെ ഒറ്റപ്പെടൽ അമ്മയെ
അലോസരപ്പെടുത്തിയിട്ടുണ്ടാവും . ഇരിക്കുന്തോറും ദു:ഖം അനുഭവിക്കേണ്ടി വരുമെന്ന ചൊല്ല് .എങ്കിലും അമ്മേ , അമ്മക്ക് വീടും നാടും വിടാതെ സ്വന്തം ഭൂമികയി ൽ ജീവിക്കാനൊത്തില്ലേ ? ഇന്നത്തെ അമ്മമാർ എത്രയോ നിസ്സഹായർ.. ജീവിതത്തിന്റെ അപരാഹ്നത്തി ൽ ഒറ്റപ്പെട്ടു പോകുന്നവർ, വിദൂരസ്ഥലത്ത് കഴിയുന്ന മക്കളും
നിസ്സഹായർ. അവരുടെ കൂടെ പോയി ജീവിതം പറിച്ചു നടാൻ ഇഷ്ടമില്ലാത്തവർ..
ചെയ്തുതീർക്കുവാൻ പ്രിയപ്പെട്ടവൻ ബാക്കിയാക്കി വെച്ച വളരെ കുറച്ചു ഉത്തരവാദിത്വങ്ങളെ
എനിക്കുണ്ടായിരുന്നുള്ളൂ . അത് തീ ർന്നപ്പോൾ മുതൽ ഞാൻ കാത്തിരിക്കുകയാ ണ്. ഏകാന്തതയുടെ
മൂടുപ്പടമണിഞ്ഞ കാത്തിരിപ്പ് .
രാത്രി കാലങ്ങളിൽ സുരക്ഷിതത്തിന്റെ സമാധാനം ഫ്ലാറ്റിന് നൽകാനാകുമെങ്കിലും വിരസമായ പകലുകൾ,
കൂട്ടിലകപ്പെട്ട കിളിയെ പ്പോലെ . ജീവിതത്തിന്റെ നല്ലൊ പങ്ക് വീടും വിശാലമായ തൊടിയുമായി ജീവിച്ചവർക്കു പൊരുത്തപ്പെടാനാവില്ല. എല്ലാം എന്നന്നേക്കുമായി ഇട്ടെറിഞ്ഞ് പോകുവാൻ എന്നേ തയ്യാറായി കഴിഞ്ഞെങ്കിലും അതുവരെയും അദൃശ്യ സാന്നിദ്ധ്യമനുഭവി ച്ച് എന്റെ മോഹത്തിനായി പണിത ഈ നാലുകെട്ടിൽ കഴിയുവാൻ മോഹം . വീടിനോട് മാത്രമല്ലല്ലോ ഒട്ടൽ , ഈ തൊടിയിലുള്ള സർവ്വചരാചരങ്ങളും - മാവും പ്ലാവും , പലതരംപക്ഷികളും നൽകുന്ന കുളിർമ്മ, എനിക്ക് മാത്രം സ്വന്തം . സന്ധ്യ കഴിഞ്ഞു സായാഹ്ന സവാരിക്കു ശേഷം പടിപ്പുരവാതിലുമടച്ചു ,എന്റെ അർദ്ധ പ്രാണൻ ഇനിയൊരിക്കലും വരില്ലെന്നറിയാമെങ്കിലും വെറുതെചെവിയോർത്തിരിക്കുമ്പോ ൾ മനസ്സിൽ തോന്നുന്നത് എന്തോ ഒന്ന് - അതിപ്പോൾ നിർവ്വികാരതയുടെ മരവിപ്പിന്റെ മൂടുപടമണിഞ്ഞുവോ . “ ഒറ്റക്കിരിക്കുവാൻ പഠിച്ചു കഴിഞ്ഞു ഞാൻ .....” പ്രശസ്ത കവയിത്രി
സുഗതകുമാരിയുടെ ഒറ്റയ്ക്ക് എന്ന കവിതകളിലെ വരികൾ ഓർമ്മ വരും . നല്ല ആത്മബലവും മനശക്തിയുമുള്ള അമ്മയോടൊപ്പം അമ്മയുടെ മരണം വരെ , എന്റെ നാൽപ്പത്തി മൂന്നു വയസ്സുവരെ ജീവിച്ചവളാണു ഞാൻ, വളരെ കരുത്തുള്ള ആളിന്റോപ്പം മൂന്ന് പതിറ്റാണ്ടും . ഒരു കരുത്തും പകർന്നു കിട്ടിയില്ലെങ്കിലും ഇന്ന് ആവാഹിക്കുവാൻ ഞാൻ ശ്രമിക്കുന്നു. എങ്കിലും ഏറെ നൊമ്പരം , ഏറെ വിങ്ങൽ അനുഭവി ക്കുന്ന പുലർകാലം . പ്രഭാതത്തിൽ ഒരു
പക്ഷേ വേറാർക്കും തോന്നാത്ത വിചിത്രമാ യ മാനസികാവസ്ഥ. രണ്ടു വയസ്സുള്ള പേരക്കുട്ടിയുടെ കുസൃതികൾ,
കിളികൊഞ്ചലുകൾ , അച്ഛമ്മേ എന്നു സ്നേഹത്തോടെയുള്ള വിളികൾ ഒക്കെയും മനസ്സിനെ സ്വാന്തനിപ്പിക്കുന്നു .സേവനപ്രവർത്തനങ്ങളിൽ മുഴുകി കഴിഞ്ഞ നാളുകളി ൽ മനസ്സിനു ഏറെ ആശ്വാസം നേടാൻ കഴിഞ്ഞിരുന്നു.
ഇനിയും അങ്ങനെ സേവനപ്രവർത്തനങ്ങൾക്കും , സത് സംഗത്തിനും ഒക്കെയ്ക്കും ഞാൻ കാത്തിരിക്കുന്നു.
കാത്തിരിപ്പില്ലെങ്കിൽ ജീവിതമില്ല . കാത്തിരിപ്പു പ്രതീക്ഷയുടെ തീനാളമാണ്.
നടുമുറ്റത്തേക്കു ഒഴുകി വരുന്ന നിലാവ് , ഇടനാഴിയിൽ നിന്നു നോക്കിയാ ൽ ആകാശത്ത് ഉദിച്ചുയർന്ന പൂർണ്ണ ചന്ദ്രനെ കാണാം . വെണ്ണിലാവിനെ കുറിച്ചു മലയാളത്തി ൽ എത്രയെത്ര കവിതകൾ, പാട്ടുകൾ . പക്ഷേഇപ്പോൾ മനസ്സിൽ ഓടിയെത്തുന്നത് ആത്മീയാചാര്യനും തമി ഴ് കവിയുമായ രാമലിംഗ സ്വാമിയുടെ കവിതയാണ്.
“വെണ്ണിലാവേ വെണ്ണിലാവേ ..
നാഥൻ മുടി മേലിറിക്കും വെണ്ണിലാവേ ..
ഒരു തന്തിരം നീ സൊല്ല വേണ്ടും വെണ്ണിലാവേ
അങ്ക നാനും വരവേണ്ടുഗിൻട്രേൻ വെണ്ണിലാവേ “
ശിവന്റെ ജഡയിലിരിക്കും ചന്ദ്രാ , അവിടെയെത്തുവാനുള്ള സൂത്രം പറഞ്ഞുതരൂ , അവിടെയെത്തുവാ ൻ
ഞാനാഗ്രഹിക്കുന്നു.