Image

ഒരു വലിയ തമസ്ക്കരണത്തിന്റെ കഥ:എസ് സലിംകുമാര്‍

Published on 19 November, 2024
ഒരു വലിയ തമസ്ക്കരണത്തിന്റെ കഥ:എസ് സലിംകുമാര്‍

മുന്‍ഷി പരമു പിള്ള  

മുൻഷിയെപ്പറ്റി പറയുമ്പോൾ പലരും ചോദിച്ചിട്ടുണ്ട് : ഏഷ്യാനെറ്റിലെ മുൻഷി ആണോ ? അല്ലെന്നു പറഞ്ഞാൽ ഏതു മുൻഷി? ചക്കീചങ്കരം എഴുതിയ മുൻഷിയാണോ? അതോ കെ എം മുൻഷി എന്ന ഹിന്ദി സാഹിത്യകാരൻ ആണോ? ഏഷ്യാനെറ്റിലെ മുൻഷിയാണെങ്കിൽ എല്ലാവരും എല്ലാം പറഞ്ഞുകഴിയുമ്പോൾ ഉചിതവും അനുചിതമല്ലെന്നു പറയാവുന്ന പഴഞ്ചൊല്ലുകളും കൊണ്ടു  കാര്യങ്ങളെ ഉപസംഹരിക്കുന്ന ഒരു മാന്യദേഹം ആണല്ലോ. ചക്കീചങ്കരം എഴുതിയത് മുൻഷി രാമക്കുറുപ്പ് ആണ്. അവരൊന്നുമല്ല - ഇത് വേറെ മുൻഷിയാണ് - മുൻഷി പരമുപിള്ള. 

 ഇരുപതാം നൂറ്റാണ്ടിൻ്റെ  ആദ്യപകുതിയിലെ കേരളീയ പത്രപ്രവർത്തന-നാടക-സിനിമാ-രാഷ്ട്രീയ ചരിത്രങ്ങൾ മുൻഷിയുടെ കയ്യൊപ്പു  പതിഞ്ഞവയാണ്. ചവുട്ടിത്താഴ്ത്തുംതോറും ഉയർന്നുവരുന്ന ഒരു ഊർജ്ജം മുൻഷിക്കൃതികളിൽ ഉണ്ട്. മലയാളനാടകരംഗത്ത് തമിഴ് മട്ടിലുള്ള    സംഗീതനാടകങ്ങൾക്കുശേഷം  കെപിഎസി പോലെയുള്ളവരുടെ  പുരോഗമനനാടകങ്ങൾമുമ്പ്  പരിവർത്തനത്തിൻ്റെ ആദ്യ അമരക്കാരിൽ ഒരുവൻ ആയിരുന്നു മുൻഷി പരമു പിള്ള. അദ്ദേഹത്തിൻ്റെ നാടകങ്ങൾക്ക്  സാധാരണക്കാരുടെ ജീവിതവും സംഘർഷങ്ങളും ഉന്നതവർഗ്ഗത്തിൻ്റെ  കാപട്യങ്ങളും ഒക്കെ വിഷയമായി. ഒരു നാടകത്തിന്റെ പേരുതന്നെ 'നാട്ടിൻപുറം' എന്നാണ്. ആറന്മുള പൊന്നമ്മ, കൊട്ടാരക്കര ശ്രീധരൻ നായർ, സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതർ, അഗസ്റ്റിൻ ജോസഫ്, ജഗതി എൻ കെ ആചാരി, കാഞ്ചന, ചേച്ചമ്മ, പറവൂർ ഭരതൻ, ജോസ്പ്രകാശ്  തുടങ്ങിയവരൊക്കെ അദ്ദേഹം എഴുതിയ നാടകങ്ങളിൽ ആദ്യമായും അല്ലാതെയും വേഷമിട്ടു. 

പ്രേംനസീറിൻ്റെ സിനിമാപ്രവേശത്തിനും നിമിത്തമായത് മുൻഷി പരമു പിള്ളയാണ്. 'മരുമകൾ' സിനിമയിലേക്ക് 'അബ്‌ദുൾ ഖാദർ കൊള്ളാം' എന്ന മുൻഷിയുടെ വാക്കാണ് പ്രേംനസീറിനെ സിനിമയിൽ പ്രവേശിപ്പിച്ചത്.  

തൻ്റെ ആദ്യ  ചിത്രമായ ത്യാഗസീമയിൽ, നായകനായ സത്യന്റെ പെങ്ങളുടെ കാമുകന്റെ വേഷത്തിൽ  അഭിനയിക്കാൻ കരാർ  ഒപ്പിട്ട സന്തോഷത്തിൽ വീട്ടിലെത്തിയപ്പോൾ അതാ, മുൻഷി പരമുപിള്ളയുടെ കത്ത് അവിടെ കാത്തു കിടക്കുന്നു. വേഗം സേലത്തെത്താൻ. ഒരാഴ്ച്ചക്കുള്ളിൽ സേലത്തെത്തി. പോൾ കല്ലുങ്കലിൻ്റെ 'മരുമകൾ' എന്ന ചിത്രത്തിൽ നായകനായി ചേർന്നു.  ആ ചിത്രതിൻ്റെ തിരക്കഥാരചനയിലും മറ്റുമായി  ഷൂട്ടിങ് തുടങ്ങുന്നതുവരെയുള്ള ഘട്ടത്തിൽ മുൻഷി പരമു പിള്ള സഹകരിച്ചിരുന്നെങ്കിലും ചില അസ്വാരസ്യങ്ങൾ കാരണം അദ്ദേഹം ആ പ്രൊജക്റ്റിൽ നിന്നും പിന്മാറി.  

ലളിത പദ്മിനി രാഗിണിമാരും കൊട്ടാരക്കര ശ്രീധരൻ നായർ, പാപ്പുക്കുട്ടി ഭാഗവതർ, കാഞ്ചന, ആറന്മുള  പൊന്നമ്മ  തുടങ്ങിയവർ ആദ്യം അഭിനയിക്കുന്നത് മുൻഷി തിരക്കഥയും സംഭാഷണവും എഴുതിയ 'പ്രസന്ന'യിൽ ആണ് . തമിഴിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ്‌ സിനിമകളില്‍ ഒന്നായ 'മണമകള്‍ ' ക്ക് കഥ എഴുതിയത് മുന്‍ഷി പരമു പിള്ള ആയിരുന്നു. സംഭാഷണം കെ കരുണാനിധിയും. മലയാളത്തിലെ ആദ്യത്തെ കാനന ചിത്രമായ വനമാല യുടെ കഥ തിരക്കഥ സംഭാഷണവും മുൻഷിയുടേതാണ്.
 

മുൻഷി എന്നത് ഭാഷാധ്യാപകൻ  എന്നതിൻ്റെ  പേർഷ്യൻ/അറബി വാക്കാണ്. മലയാളം മുൻഷി,  , സംസ്കൃതം മുൻഷി,  അറബി മുൻഷി എന്നതൊക്കെ ഇതിനുദാഹരണങ്ങളാണ്. മുൻഷി എന്ന വാക്കിൻ്റെ അർഥം എന്താണെന്ന് ഒരു മുൻഷീശിഷ്യൻ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി : എടാ അത് ഞാൻ കഴിഞ്ഞ ജന്മത്തിൽ പെണ്ണായിരുന്നതുകൊണ്ടു കിട്ടിയ പേരാണ്. 'ഷി' എന്നു പറഞ്ഞാൽ അവൾ അതായത് പെൺ. 'മുൻ'ജന്മത്തിൽ 'ഷി' ആയതുകൊണ്ടാണ് മുൻഷി എന്നു പറയുന്നത് ! കേരളത്തിലെ ബര്ണാഡ്ഷാ എന്ന് ചിലർ മുൻഷിയെ വിശേഷിപ്പിച്ചു. അതറിഞ്ഞപ്പോൾ മുൻഷി  പരമു പിള്ളപറഞ്ഞു: ഞാൻ ഷായൊന്നുമല്ല ഒരു ഷോ ആണ്.  

അദ്ദേഹം പറഞ്ഞത് തമാശയാണെങ്കിലും അത്  സത്യമാണ്. കേരളം കണ്ട ഏറ്റവും വലിയ വൺമാൻഷോകളിൽ ഒന്നായിരുന്നു മുൻഷി പരമുപിള്ള. അത് അദ്ദേഹത്തിൻ്റെ സാഹിത്യ-നാടക-സറ്റയർ-പത്രപ്രവർത്തന-നടന-അധ്യാപന-സാമൂഹ്യ നവോത്ഥാന-സാംസ്കാരിക-രാഷ്ട്രീയ-സിനിമാ രംഗങ്ങളിലെ ബഹുമുഖ പ്രവർത്തനങ്ങളുടെ ചരിത്രം പരിശോധിച്ചാൽ ബോധ്യമാകും. 'ഭയകൗടില്യലോഭങ്ങളില്ലാത്ത' നേർവ്യക്തിത്വം അദ്ദേഹത്തിൻ്റെ പ്രവർത്തനത്തിലുടനീളം  പശ്ചാത്തലമായി നിറഞ്ഞുനിൽക്കുന്നതു കാണാം. 

മുൻഷി പരമുപിള്ളയെപ്പറ്റി മലയാളത്തിൽ ആദ്യമിറങ്ങിയ പുസ്തകം 'മുൻഷി പരമു പിള്ള - വ്യക്തിയും ജീവിതവും'  എന്ന പുസ്തകത്തിൻ്റെ അവതാരികയിൽ കവി ഡി. വിനയചന്ദ്രൻ ഇങ്ങനെ പറയുന്നു : " സ്തോഭസങ്കുലമായ ജീവിതത്തിന്റെ പാരമ്യമായിരുന്നു മുൻഷി പരമു പിള്ള. വ്യക്തിജീവിതവും പൊതുജീവിതവും എന്നും സംഘർഷഭരിതമായിരുന്നു. പുതുപ്പള്ളിക്കോ തോപ്പിൽ ഭാസിക്കോ കിട്ടിയ പിൻബലവും സാന്ത്വനവും ദാമ്പത്യജീവിതത്തിൽനിന്ന് അദ്ദേഹത്തിനു  കിട്ടിയില്ല. യാഥാസ്ഥിക രാഷ്ട്രീയബോധങ്ങളോടും ജീവിതശീലങ്ങളോടും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമായിരുന്നു ആ ജീവിതം.  കപടസദാചാരങ്ങളെ കളിയാക്കിയും ഹൈന്ദവജാതിവ്യവസ്ഥയെ അതിശക്തമായി ചെറുത്തും ജനപക്ഷത്തും തെരുവിലും ഉള്ള ഒരു ജീവിതമായിരുന്നു അത് ........ഒരു പ്രസ്ഥാനമുണ്ടാക്കി വിളംബരം നടത്തി സ്വാതന്ത്ര്യസമരം നടത്തുന്ന ഒരു ഏർപ്പാടായിരുന്നില്ല അത്. അപ്പപ്പോൾ അഭിമുഖീകരിക്കേണ്ടി വരുന്ന സാമൂഹിക സാഹചര്യങ്ങളിലെ അനാചാരങ്ങളോട് ഒറ്റയാൻപട്ടാളമായി പോരാടുകയായിരുന്നു പലപ്പോഴും അദ്ദേഹം. ആദ്യാവസാനം അസ്വസ്ഥമായിരുന്ന കുടുംബജീവിതത്തിനിടയിലാണ് ഇത് സാധ്യമാക്കിയത്. എഴുത്തിലെ ഫലിതവും ക്രിയയിലെ പ്രായോഗികഫലിതവും പരസ്പരപൂരകമായിരുന്നു."

പ്രസന്നകേരളം, നവസരസന്‍ , ജ്വാല എന്നീ മാസികകളുടെ പത്രാധിപരായിരുന്നു മുന്‍ഷി. സരസന്‍ മാസികയിലൂടെ മുന്‍ഷി നടത്തിയ സാമൂഹ്യ വിമര്‍ശനം അന്നത്തെ ഭരണാധികാരികളുടെ ഉറക്കം കെടുത്തി. ഉത്തരവാദ ഭരണ കാലത്ത് സര്‍ സി പിയെ വിമര്‍ശിച്ചു കൊണ്ട് അദ്ദേഹം എഴുതിയതിനു മാസികകൾ  പലതവണ നിരോധിക്കപ്പെട്ടു. ഓരോ തവണയും അദ്ദേഹം പുതിയ പേരുകളില്‍ മാസിക ഇറക്കി. നവജീവൻ, നവലോകം, മലയാളി, കേരളകൗമുദി, ആത്മപോഷിണി, മലയാളരാജ്യം, ജനയുഗം, പ്രസന്നകേരളം, സരസൻ തുടങ്ങിയ പത്രമാസികാദികളിൽ അദ്ദേഹത്തിന്റെ ആക്ഷേപഹാസ്യ -  വിമർശനലേഖനങ്ങൾ പതിവായി വന്നിരുന്നുവെന്നു മാത്രമല്ല അവയിൽ ചിലതിന്റെ പത്രാധിപസമിതിയിലും അദ്ദേഹം ഉൾപ്പെട്ടിരുന്നു. 

ഇ വി കൃഷ്ണപിള്ളയുടെ ആത്മകഥയായ 'ജീവിത സ്മരണകളില്‍ തന്റെ ആത്മ മിത്രമായ പരമുവിനെക്കുറിച്ചും തങ്ങളുടെ ബാല്യ കൌമാര കാലങ്ങളെക്കുറിച്ചും ഹൃദയ സ്പര്‍ശിയായി ഇ വി എഴുതിയിരിക്കുന്നു.  'എന്നെക്കാൾ ഫലിതം പറയാനും പ്രവർത്തിക്കാനും  കഴിവുള്ള പരമു' എന്നാണ്.   ഈവിയുടെയും തന്റേയും ബാല്യകാലത്തിലെ  ഓർമ്മകൾ മുൻഷി പരമുപിള്ള  1942 ലെ 'പ്രസന്നകേരളം' മാസികയിൽ പല ലക്കങ്ങളിലായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.   

അക്കാലത്തെ സാധാരണ നാടകങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തങ്ങള്‍ ആയിരുന്നു അദ്ദേഹത്തിൻ്റെ  നാടക പ്രമേയവും അവതരണവും. സുപ്രഭ, ആറടിമണ്ണ്, തിരിച്ചടി, കള്ളന്‍ ഞാനാ, രണ്ടല്ല, കഴക്കൂട്ടത്തമ്മച്ചി, ശ്രീമാൻ കുന്നത്തൂർ, ആഹ്വാനം, പ്രതിഭ, മധുവിധു, നാട്ടിൻപുറം   എന്നിങ്ങനെ ഒട്ടനവധി നാടകങ്ങള്‍ അന്ന് കലാസ്നേഹികളുടെ ആദരം പിടിച്ചു പറ്റിയിരുന്നു. ഓച്ചിറ പരബ്രഹ്മോദയ നാടകലാസമിതി, പാലാ ഐക്യകേരള നടകലാസമിതി തുടങ്ങിയ വലിയ നാടകസമിതികൾ നിറഞ്ഞ സദസ്സിൽ അദ്ദേഹത്തിൻ്റെ  നാടകങ്ങൾ അവതരിപ്പിച്ചു. 
പ്രസന്നകേരളം, നവസരസന്‍ , ജ്വാല എന്നീ മാസികകളുടെ പത്രാധിപരായിരുന്നു മുന്‍ഷി. സരസന്‍ മാസികയിലൂടെ മുന്‍ഷി നടത്തിയ സാമൂഹ്യ വിമര്‍ശനം അന്നത്തെ ഭരണാധികാരികളുടെ ഉറക്കം കെടുത്തി. ഉത്തരവാദ ഭരണ കാലത്ത് സര്‍ സി പിയെ വിമര്‍ശിച്ചു കൊണ്ട് അദ്ദേഹം എഴുതിയതിനു മാസിക പലതവണ നിരോധിക്കപ്പെട്ടു. ഓരോ തവണയും അദ്ദേഹം പുതിയ പേരുകളില്‍ മാസിക ഇറക്കി. നവജീവൻ, നവലോകം, മലയാളി, കേരളകൗമുദി, ആത്മപോഷിണി, മലയാളരാജ്യം, ജനയുഗം, പ്രസന്നകേരളം, സരസൻ തുടഗിയ പത്രമാസികാദികളിൽ അദ്ദേഹത്തിന്റെ ആക്ഷേപഹാസ്യവിമര്ധനലേഖനങ്ങൾ വന്നുവെന്നു മാത്രമല്ല അവയിൽ ചിലതിന്റെ പത്രാധിപസമിതിയിലും അദ്ദേഹം ഉൾപ്പെട്ടിരുന്നു. 

കാലങ്ങളോളം ചില മാസികകളുടെ എല്ലാ ഉള്ളടക്കവും ഭൂരിഭാഗവും പല പേരുകളിൽ അദ്ദേഹമായിരുന്നു  എഴുതിയിരുന്നത്. ഒരു മാസികാപരിണാമകഥ ഇങ്ങനെ : 
"എവിടെ നിന്നോ ഒരു "നവസരസൻ" ഒരു മാസികയുടെ ഭാവത്തിൽ അന്ന് പ്രസിദ്ധീകൃതമായി. തൃശൂരിലെ ഒരു കൃഷ്ണവേണി അന്നത്തെ തിരുവിതാംകൂറിലെ ഒരു സമുന്നത വനിതാരത്നത്തിന് സി പി യെ സംബന്ധിച്ച് എഴുതുന്ന ഒരു കത്ത് മാത്രമായിരുന്നു ആ മാസികയിലെ ഏക ലേഖനം. സി പി സംശയിച്ചത് - അല്ല, തീർച്ചപ്പെടുത്തിയത് - അതിന്റെ കർത്താവ് ഈവി ആണെന്നായിരുന്നു. ഈവിക്ക് നിശ്ചയിച്ചിരുന്ന ഉദ്യോഗവും ഈവിക്കുണ്ടായിരുന്ന എല്ലാ പ്രത്യേക പരിഗണനകളും അതോടെ തകർന്നു. 'നവസരസൻ ' കണ്ടുകെട്ടുകയും ചെയ്തു. പക്ഷെ അടുത്ത മാസത്തിൽ 'സരസൻ'എന്ന പേരിൽ അത് വീണ്ടും ഇറങ്ങി. അതിലെ ലേഖനത്തിനും ഈവിക്കാണ് പ്രതികാരം സഹിക്കേണ്ടി വന്നത്. അതും കണ്ടുകെട്ടി. "രസൻ" എന്ന പേരിൽ അത് വീണ്ടും ഇറങ്ങി. ഈവിയുടെ രാജദ്രോഹബുദ്ധി സി പിയെ വല്ലാതെ ചൊടിപ്പിച്ചു. സാഹിത്യപരിഷത്തിൽ നിന്നുപോലും ഈവിയെ പുറന്തള്ളിച്ചു. 'രസൻ' കണ്ടുകെട്ടപ്പെടുകയും ചെയ്തു. എങ്കിലും അടുത്തമാസം "സൻ" എന്നപേരിൽ അത് വീണ്ടും ഇറങ്ങി. ഈവിയെ അറസ്റ്റുചെയ്തു ശിക്ഷിക്കുമെന്ന നിലയായി. അപ്പോഴാണ് മുൻഷി പരമു പിള്ള സർക്കാരിൻ്റെ  പേർക്ക്  ഈ മാസികാപരമ്പരയിലെ ഏക എഴുത്തുകാരൻ താൻ തന്നെയാണെന്നും ശിക്ഷ വല്ലതുമുണ്ടെങ്കിൽ അതിന്റെ അവകാശിയും താനാണെന്നും എഴുതിയത്. പാവം സർക്കാർ അത് വിശ്വസിച്ചില്ല. മുൻഷി പരമു പിള്ള എന്ന പള്ളിക്കൂടം വാദ്ധ്യാർക്ക് ആ തരം ലേഖനങ്ങളെഴുതാൻ വശമില്ലെന്ന് സർക്കാർ വിധിച്ചു. ഈ വി യെ രക്ഷിക്കാൻ വേണ്ടി സ്വയം ബലികൊടുക്കുന്ന ഒരു ഭോഷനായ ത്യാഗിയാണ് അദ്ദേഹമെന്ന് മാത്രമേ അവർ കണക്കാക്കിയുള്ളൂ"   (തൂലികാചിത്രം: മുൻഷി പരമുപിള്ള By ചന്ദ്രലേഖ. സരസൻ മാസിക- ചങ്ങനാശ്ശേരി, 1962 - പുസ്തകം 18 ലക്കം 3) (1962 ജൂൺ  17ന്  മുൻഷി അന്തരിച്ചു. അടുത്ത മാസം സരസനിൽ വന്ന ലേഖനം. 'ചന്ദ്രലേഖ' എന്ന പേരിൽ എഴുതിയിരുന്നത് പന്തളം കെ പി രാമൻ പിള്ളയായിരുന്നു. അവർ ഇരുവരുമായിരുന്നു അക്കാലത്തിറങ്ങിയിരുന്ന പല രാഷ്ട്രീയ ഹാസ്യ മാസികകകളുടെയും ഉള്ളടക്കം എഴുതിയിരുന്നതെന്ന് ഡി സി കിഴക്കേമുറി രേഖപ്പെടുത്തിയിട്ടുണ്ട്). 

അന്നത്തെ തിരുവിതാംകൂർ സർ സി പിയുടെ തിരുവിതാംകൂറാണ്- അതിൻ്റെ ഭരണതലസ്ഥാനം തിരുവനന്തപുരം ആയിരുന്നെങ്കിലും രാജാധികാരസത്തിനെതിരായുള്ള പ്രവർത്തനങ്ങളുടെ രാഷ്ട്രീയ തലസ്ഥാനമായിരുന്നു കൊല്ലം.  തുകൊണ്ടുതന്നെ നിരവധി പത്രമാസികാദികളുടെയും കേന്ദ്രമായിരുന്നു അവിടം. സി കേശവനും, ടി എം വർഗീസും, ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ളയും ഈ വി കൃഷ്ണപിള്ളയും, ആർ ശങ്കറും  ഒക്കെയുള്ള കൊല്ലത്തു മുൻഷി പരമുപിള്ളയും ഒരു പ്രധാന സാന്നിധ്യം ആയിരുന്നു. 

  വിവിധ രാജ്യങ്ങളിൽ ഇന്ത്യൻ അംബാസിഡർ ആയിരിക്കുകയും കേന്ദ്ര വിദേശകാര്യ സെക്രട്ടറി ആയും ഉപദേഷ്ടാവായും പേരുകേട്ട ജെ എൻ ദീക്ഷിത് (ജ്യോതീന്ദ്രനാഥ് ദീക്ഷിത്) മുൻഷി പരമുപിള്ളയുടെയും അധ്യാപികയും എഴുത്തുകാരിയും വിവർത്തകയും ഗാന്ധിശിഷ്യയായ സാമൂഹ്യപ്രവർത്തകയുമായിരുന്ന രത്നമയീ ദേവിയുടെയും മകനാണ് ജെ എൻ ദീക്ഷിത്. പരമുപിള്ളയുടെ മകൻ എങ്ങനെ ദീക്ഷിത് ആയി എന്ന ചോദ്യത്തിനുള്ള ഉത്തരം മുൻഷിയുടെ കോളും കൊടുങ്കാറ്റും നിറഞ്ഞ വ്യക്തിജീവിതത്തിൻ്റെ നേർചിത്രമായിരിക്കും. 

കായംകുളം  ഇംഗ്ലീഷ്  പള്ളിക്കൂടത്തിൽ മലയാളംമുൻഷി യായിരുന്ന കാലത് അങ്ങോട്ട് സ്ഥലം മാറി വന്ന ഹെഡ് മിസ്ട്രെസ്സിന്റെ മകളും മുൻഷിയുടെ വിദ്യാര്ഥിയുമായിരുന്നു രത്നമയീ ദേവി. അവരുടെ പ്രണയം വിവാഹത്തിൽ കലാശിച്ചു.  മക്കൾ ശാരദ, മണി, നരേന്ദ്രൻ, ശ്രീശ്  എന്നീ നാലു മക്കൾ അവർക്കുണ്ടായി . മണിയുടെ പേരാണ് ജ്യോതീന്ദ്ര നാഥ്  ദീക്ഷിത്. മുൻഷിയിൽനിന്നും പിരിഞ്ഞ രത്നമയീദേവി ഗാന്ധിജിയുടെ വാർദ്ധ ആശ്രമത്തിൽ താമസിക്കുമ്പോൾ മണിയെയും ശാരദയേയും  കൂടെ കൊണ്ടു പോയിരുന്നു. അവിടുത്തെ സഹപ്രവർത്തകനായിരുന്ന സീതാചരൻ ദീക്ഷിതുമായി രത്നമയീദേവി വിവാഹിതയാവുകയും മണിയെ സ്‌കൂളിൽ ചേർത്തപ്പോൾ   രണ്ടാനച്ഛൻ്റെ  സർനെയിം പേരിനൊപ്പം ചേർത്ത് ജ്യോതീന്ദ്രനാഥ് ദീക്ഷിത് എന്ന്  റജിസ്റ്ററിൽ ചേർത്തു. പിന്നീട് അദ്ദേഹം ജെ എൻ ദീക്ഷിത് എന്ന് അറിയപ്പെട്ടു. 

രത്നമയീദേവി

രത്നമയീദേവിയുടെ മരണാനന്തരമാണ് അവരുടെ  ആത്മകഥ 'അസ്തമയസന്ധ്യയിൽ' പ്രസിദ്ധീകരിച്ചത്. അതിൻ്റെ  ഒരു കോപ്പി 2003 ൽ  എനിക്ക് മുൻഷിയുടെ മകൾ ശാരദാമണിദേവി തന്നിരുന്നു. എന്നോട് വായിക്കാൻ വാങ്ങിയ സുഹൃത്ത് അതു  തിരികെത്തന്നില്ല.അങ്ങനെയിരിക്കുമ്പോഴാണ് 2019 ൽ ജി എൻ പണിക്കറുമായി കാണുന്നത്. അദ്ദേഹത്തിൻ്റെ  'പ്രദീപ്തി പ്രിന്റേഴ്സിൽ ആണ്  ആ പുസ്തകം അച്ചടിച്ചു കൊടുത്തത്. പുസ്തകത്തിൻ്റെ  കയ്യെഴുത്തുപ്രതി പൂർണമായും പ്രസിദ്ധീകരിച്ചില്ലെന്നും അതിൽ  അതൃപ്തി ഉണ്ടെന്നും ശാരദാമണീദേവി (മുൻഷിയുടെയും രത്നമയീദേവിയുടെയും പുത്രി)  എന്നോടു പറഞ്ഞിരുന്നു. എന്റെ കയ്യിലുള്ള കോപ്പി നഷ്ടപ്പെട്ടു പോയെന്നും ഒരു കോപ്പി കിട്ടിയാൽക്കൊള്ളാമെന്നും പറഞ്ഞപ്പോൾ  ജി എൻ പണിക്കറിന്റെ പുസ്തകത്തിന്റെ     ഫോട്ടോ കോപ്പി എടുപ്പിച്ചു. ആ പുസ്തകത്തിന്റെ ആദ്യപേജിൽത്തന്നെ ജി എൻ പണിക്കർ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു : "  പ്രൊഫസർ എം കൃഷ്ണൻ നായർ സാർ പറഞ്ഞതനുസരിച്ച് കയ്യെഴുത്തുപ്രതി മൂന്നിൽ ഒന്നായി ഞാൻ വെട്ടിച്ചുരുക്കി അച്ചടിച്ചത്. സാറിന്റെ മരുമകനും ഗ്രന്ഥകാരനും ഫോറസ്റ്റ് വകുപ്പ് ഉദ്യോഗസ്ഥനുമായ പി. മുരളീധരൻ നായർ വഴി എത്തിയ പുസ്തകം (കയ്യെഴുത്തു കോപ്പി). "

രത്നമയീദേവി ചെറുപ്പം മുതൽ എഴുത്തുകാരിയാണ്. അവരുടെ രചനകൾ മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലും ഉണ്ട്. ബഷീറിൻ്റെ  ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്, സർദാർ കെ എം പണിക്കരുടെ കേരളസിംഹം തുടങ്ങിയ നോവലുകളും മറ്റും  അവർ ഹിന്ദിയിലേക്കു വിവർത്തനം ചെയ്തിട്ടുണ്ട്. കാക്കാ കാലേൽക്കറുടെ  കൃതികൾ കേന്ദ്രസാഹിത്യഅക്കാദമിക്കു  വേണ്ടി മലയാളത്തിലേക്കു വിവർത്തനം ചെയ്തിയത് രത്നമയീദേവിയാണ്. ഗാന്ധിജിയുടെ വാർധ ആശ്രമത്തിലെ അന്തേവാസിയായി അവിടുത്തെ സംസ്കൃത സ്‌കൂളിന്റെ പ്രിൻസിപ്പാൾ ആയിരുന്നു അവർ.

''മുൻഷി പരമു പിള്ള : ജീവിതത്തിലെ കുറെ ഏടുകൾ'' എന്ന പേരിൽ രണ്ടു ലക്കങ്ങളിലായി കോഴിശ്ശേരിൽ വി ലക്ഷ്മണൻ കുങ്കുമം വാരിക (1995) യിൽ എഴുതിയ ലേഖനത്തിൽ രത്നമയീദേവിയെപ്പറ്റി ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു : "മുന്‍ഷിയില്‍ നിന്നു പറന്നകന്ന രത്നമയി ഒരർത്ഥത്തിൽ സാറിനെയും അതിവർത്തിച്ച ഉത്തുംഗശൃങ്ഗത്തിലാണ് ചെന്നെത്തിയത്. പ്രഗത്ഭയായ സാഹിത്യകാരിയും സംകാരികനേതാവുമായി അവർ ഉയർന്നു. അവർ അനന്യമായ വ്യക്തിത്വത്തിൻ്റെ നിദർശനമായി. ഹിന്ദി, ഇംഗ്ലീഷ്, സംസ്കൃതം, മലയാളം എന്നീ ഭാഷകളിൽ അഗാധമായ പ്രാവീണ്യം നേടി. വിവിധ ഭാഷകളിലായി ഇരുപതോളം ഗ്രന്ഥങ്ങളുടെ സ്രഷ്ടാവായി. സംസ്കൃതത്തിന് ഡോക്റ്ററേറ്റ് നേടി. സർവ്വോപരി ബ്രിട്ടീഷ് ഗയാനയിലെ ആദ്യത്തെ ഇന്ത്യൻ സാംസ്കാരിക പ്രതിനിധിയായി പ്രശസ്തി ആർജ്ജിച്ചു. ആഗസ്റ്റ് സമരത്തിൽ പങ്കെടുത്തിട്ടുണ്ട്. അറസ്റ്റ് വരിച്ച് കാരാഗൃഹവാസം അനുഭവിച്ചു. സാധാരണക്കാക്കാരിയായ ഒരു ഭാരതീയ (കേരളീയ) വനിതയ്ക്കു അക്കാലങ്ങളിൽ നേടാവുന്നതിലേക്കും സമുന്നതമായ സ്ഥാനത്തേക്ക് പറന്നുയരാൻ രത്നമയീദേവിക്ക്‌ കഴിഞ്ഞു."

അങ്ങനെയുള്ള രത്നമയീദേവിയുടെ ആത്മകഥ മൂന്നിൽ ഒന്നായി വെട്ടിച്ചുരുക്കാൻ നിർദ്ദേശം കൊടുക്കുവാൻ നിരൂപകഗജകേസരിയായ പ്രൊഫസർ എം. കൃഷ്ണൻ നായരേ പ്രേരിപ്പിച്ചത് എന്താണ്? അദ്ദേഹത്തിന്റെ അനന്തിരവൻ 'മരുമകനും ഗ്രന്ഥകാരനും ഫോറസ്റ്റ് വകുപ്പ് ഉദ്യോഗസ്ഥനുമായ' പി. മുരളീധരൻ നായർ  വഴിയാണ് പുസ്തകം അച്ചടിക്കെത്തിയത്. എഴുത്തുകാരനും എഡിറ്ററും അച്ചടിശാല ഉടമയുമായ മുൻ കേരളം പബ്ലിക് റിലേഷൻസ് വകുപ്പ് മേധാവിയും അറിയപ്പെടുന്ന മുതിർന്ന എഴുത്തുകാരനുമായ ജി എൻ പണിക്കരോട് എന്തുകൊണ്ടാണ് എന്ത് കാരണത്താലാണ് ആ പുസ്തകം മൂന്നിലൊന്നായി വെട്ടിച്ചുരുക്കാൻ നിർദ്ദേശിച്ചത്? ഒരു ജോബ് വർക്ക് എന്ന നിലയിൽ ജി എൻ പണിക്കർ അത് ഏറ്റെടുത്തു നടപ്പാക്കി. പക്ഷെ ആ വെട്ടിച്ചുരുക്കളിലൂടെ ഒരു മികച്ച വനിതാപ്രതിഭ മരണാനന്തരം  അപമാനിതയായി എന്നു  മാത്രമല്ല മുൻഷി പരമു പിള്ള  എന്ന മലയാളത്തിൻ്റെ ഒരു  മികച്ച എഴുത്തുകാരനെ തമസ്ക്കരിക്കുക എന്ന അദൃശ്യമായ ഒരു ആഭിചാരം കൂടി അതുവഴി  നടപ്പായിട്ടുണ്ട്.  

രത്നമയീ ദേവിയുടെ   പതിനേഴാമത്തെ വയസ്സ് മുതൽ മുൻഷി പരമു പിള്ള അവരുടെ ഭർത്താവായിരുന്നു. അവരോളം മുൻഷി പരമുപിള്ളയെന്ന വ്യക്തിയെ  അറിയുന്ന വേറെ ആരാണുള്ളത്? പക്ഷെ അവർ മുൻഷി പരമുപിള്ളയെപ്പറ്റി എഴുതിയതൊന്നും പൂര്ണരൂപത്തിലോ കാര്യമായ രീതിയിലോ ഇല്ലാത്ത വിധത്തിൽ ആ പുസ്തകത്തിൽ നിന്നും വെട്ടി മാറ്റിയിരിക്കുന്നു. 

മുൻഷി പരമു പിള്ളയെയും രത്നമയീദേവിയെയും അടുത്തറിയുന്ന പൊട്ടക്കനയം അച്യുതൻ പിള്ള പറഞ്ഞത് : അവരുടെ മരുമകൾജീവിതം ദുരിതപൂർണ്ണമായിരുന്നുവെന്നു തീർച്ച - പക്ഷെ അവരുടെ ഭർത്താവിനേപ്പറ്റി അവർ എഴുതിയത് എഡിറ്റുചെയ്തു കളയാൻ ( അതും അച്ചടിച്ച് വന്നാൽ എഴുന്നൂറോളം പേജ് വരുന്ന എണ്ണൂറോളം പേജുള്ള കൈയെഴുത്തു പ്രതി ഇരുന്നൂറ്റമ്പതില്പരം  പേജുകൾ  ഇറക്കിയത് അച്ചടിച്ചെലവ് ലാഭിക്കാനാണെന്നു ഇത് പ്രസിദ്ധീകരിക്കാൻ പണം മുടക്കിയ ആൾ പറഞ്ഞതായി ജി എൻ പണിക്കർ എന്നോട് പറഞ്ഞിട്ടുണ്ട്.

അങ്ങനെയൊരു  എഡിറ്റിങ് ക്രൂരകൃത്യം  നിര്വഹിക്കേണ്ടിവന്നതിലുള്ള ഖേദം അദ്ദേഹം തന്റെ ആത്മകഥയായ 'ഓർമകളുടെ തുരുത്തിൽ നിന്ന്' എന്ന പുസ്തകത്തിൽ ഇങ്ങനെ പറയുന്നു : "അത് മുഴുവൻ അച്ചടിച്ചാൽ ക്രൗൺ എട്ടിലൊന്നിൽ എഴുന്നൂറിലധികം പേജ് വരും. പക്ഷെ മുരളി പറഞ്ഞു, പുസ്തകം മൊത്തമായിത്തന്നെ ഇരുന്നൂറ് ഇരുന്നൂറ്റമ്പത് പേജിൽ ഒതുക്കണമെന്ന്. കൃഷ്ണൻ നായർ സാർ അൽപ്പം ചില കുറയ്ക്കലുകൾ വരുത്തിയശേഷമാണ് കയ്യെഴുത്തുകോപ്പി എൻ്റെ കയ്യിലെത്തിച്ചത്. എഡിറ്റ് ചെയ്ത് കുറേക്കൂടി ചുരുക്കാനുള്ള സ്വാതന്ത്ര്യം അവർ എനിക്ക് നൽകുകയും ചെയ്തു. ...... നിരവധി പേജുകൾ ഒഴിവാക്കി അവയുടെ സംഗ്രഹം ഓരോ അദ്ധ്യത്തിൻ്റെയും തുടക്കത്തിൽ എഴുതിച്ചേർത്തു. അധ്യായങ്ങൾക്ക് തലക്കെട്ട് നൽകി. മിസ്റ്റർ പി വി കൃഷ്ണനെക്കൊണ്ട് കവർ വരപ്പിച്ചു. തുറന്നു പറയട്ടെ, ഞാൻ ഇങ്ങനെ പാടുപെട്ടപ്പോൾ തികച്ചും അപരിചിതയും യശഃശരീരയുമായ ആ സഹോദരിയോട്‌ എനിക്ക് അളവറ്റ സ്നേഹാദരങ്ങൾ തോന്നി : കഷ്ടം, ആ ആത്മകഥ പൂർണ്ണരൂപത്തിൽ പുറത്തു വരുന്നില്ലല്ലോ എന്നതിലുള്ള ദുഃഖവും" 

 കയ്യെഴുത്തുപ്രതി ജി എൻ പണിക്കരുടെ  പ്രദീപ്തി പ്രിന്റേഴ്സിൽ എവിടെങ്കിലും ഉണ്ടോ എന്ന് തെരയുന്ന കാര്യം സൂചിപ്പിച്ചപ്പോൾ അത് ഇപ്പോഴത്തെ സാഹചര്യത്തിൽ അസാധ്യമാണെന്നാണ് അദ്ദേഹം പറഞ്ഞത്. എന്തുതന്നെയായാലും മുൻഷി പരമു പിള്ളയെ അറിഞ്ഞും അറിയാതെയും തമസ്കരിക്കുന്ന ഇരുപതാംനൂറ്റാണ്ടിലെ അവസാന സംഭവങ്ങളിൽ ഒന്നായി അത് മാറി.  

 (എസ്. സലിംകുമാർ  മുന്‍ഷി പരമു പിള്ളയുടെ ജീവചരിത്രകാരനാണ്.അദ്ദേഹത്തെപ്പറ്റിയുള്ള പുസ്തകത്തിൻ്റെ  വിപുലമായ പുതിയ പതിപ്പ് തയ്യാറായി വരുന്നു.)


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക