Image

അമേരിക്കൻ നിർമിത ദീർഘദൂര മിസൈലുകൾ യുക്രൈൻ റഷ്യയിലേക്കു വിക്ഷേപിച്ചു (പിപിഎം)

Published on 20 November, 2024
അമേരിക്കൻ നിർമിത ദീർഘദൂര മിസൈലുകൾ യുക്രൈൻ റഷ്യയിലേക്കു വിക്ഷേപിച്ചു (പിപിഎം)

റഷ്യയിലേക്ക് അമേരിക്കൻ നിർമിത ദീർഘദൂര മിസൈലുകൾ പായിക്കാൻ പ്രസിഡന്റ് ജോ ബൈഡൻ അനുമതി നൽകിയതിനു പിന്നാലെ യുക്രൈൻ അതു നടപ്പാക്കി. റഷ്യയുടെ ആയുധപ്പുരയിലേക്കാണ് 190 മൈൽ ദൂരം വരെ സഞ്ചരിക്കുന്ന മിസൈലുകൾ യുക്രൈൻ വർഷിച്ചത്.

ആയിരം ദിവസം പിന്നിട്ട ആക്രമണം കടുപ്പിക്കാൻ റഷ്യ ഉത്തര കൊറിയൻ സേനയെ രംഗത്തിറക്കിയതിനു പിന്നാലെയാണ് ബൈഡൻ ഈ അനുമതി യുക്രൈനു നൽകിയത്. അത്തരം ആക്രമണം ഉണ്ടായാൽ അണ്വായുധം പ്രയോഗിക്കാൻ മടിക്കില്ലെന്നു റഷ്യ കഴിഞ്ഞ ദിവസം താക്കീതു നൽകിയിരുന്നു.

റഷ്യയുടെ വടക്കൻ ബ്രയൻസ്‌ക് മേഖലയിലാണ് ചൊവാഴ്ച പുലർച്ചെ 3:25നു ആക്രമണം ഉണ്ടായതെന്നു റഷ്യൻ പ്രതിരോധ വകുപ്പ് അറിയിച്ചു. ആറു മിസൈലുകളിൽ അഞ്ചെണ്ണം അടിച്ചിട്ടു. ഒരെണ്ണം ചില്ലറ കേടുപാടുകൾ സൃഷ്ടിച്ചു.

യുഎസ് നിർമിത എ ടി എ സി എം എസ് മിസൈലുകൾ ഉപയോഗിച്ചെന്നു യുഎസ് ഉദ്യോഗസ്ഥർ സി ബി എസിനോട് സ്ഥിരീകരിച്ചു. ആക്രമണം സ്ഥിരീകരിക്കാനോ നിഷേധിക്കാനോ യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സിലിൻസ്കി തയാറായില്ല. എന്നാൽ യുക്രൈനു യുഎസ് ദീർഘദൂര മിസൈലുകൾ ഉണ്ടെന്നും അവ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വന്തമായി നിർമിക്കുന്ന നെപ്ട്യൂൺ മിസൈലുകളും ഉണ്ട്.  

ഇത്തരം ആക്രമണങ്ങളിൽ സഹായിക്കുന്ന രാജ്യങ്ങൾക്കു നേരെയും അണ്വായുധം പ്രയോഗിക്കാം എന്ന് തിങ്കളാഴ്ച ഇറക്കിയ ഉത്തരവിൽ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുട്ടിൻ വ്യക്തമാക്കിയിരുന്നു. 

യുദ്ധവ്യാപനത്തിനാണ് യുഎസ് ശ്രമിക്കുന്നതെന്നു റഷ്യ

യുദ്ധവ്യാപനത്തിനാണ് യുഎസ് ശ്രമിക്കുന്നതെന്നു റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് ആരോപിച്ചു. അമേരിക്കൻ സൈനികരുടെ സഹായം ഇല്ലാത്ത ഉന്നത സാങ്കേതിക വിദ്യ ആവശ്യമായ ഈ മിസൈലുകൾ വിക്ഷേപിക്കാൻ കഴിയില്ലെന്നു ലാവ്‌റോവ് ചൂണ്ടിക്കാട്ടി. ഇത് യുദ്ധത്തിന്റെ പുതിയൊരു ഘട്ടമായി റഷ്യ കാണുന്നു.

റഷ്യയുടെ കുർസ്‌ക് മേഖലയിൽ ആയിരക്കണക്കിന് ഉത്തര കൊറിയൻ സൈനികരെ വിന്യസിച്ചിട്ടുണ്ട്. അത് റഷ്യ നടത്തിയ വലിയൊരു വ്യാപനമാണെന്നു യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വക്താവ് മാത്യു മില്ലർ തിങ്കളാഴ്ച പറഞ്ഞു. ഏഷ്യൻ സൈന്യത്തെ യുദ്ധത്തിനു യൂറോപ്പിൽ കൊണ്ടു വരികയാണ് റഷ്യ ചെയ്തത്.

ബ്രിട്ടൻ അവരുടെ ദീർഘദൂര സ്റ്റോം ഷാഡോ മിസൈലുകൾ യുക്രൈന് നൽകുമെന്നു പറഞ്ഞിട്ടുണ്ട്. ഫ്രാൻസ് അവരുടെ സ്‌കാൽപ് മിസൈലുകളും. എന്നാൽ ജർമ്മനി മിസൈലുകൾ നൽകില്ലെന്നും അത് അനുചിതമാണെന്നും ചാൻസലർ ഒലാഫ് ഷോൾസ് പറഞ്ഞു.

Ukraine fires US long-range missiles at Russia 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക