നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടച്ചുപൂട്ടുമെന്നു പ്രഖ്യാപിച്ചിരുന്ന ഫെഡറൽ വിദ്യാഭ്യാസ വകുപ്പിന് മേധാവിയെ പ്രഖ്യാപിച്ചു. ഭരണമാറ്റ പ്രക്രിയക്കു സഹാദ്ധ്യക്ഷയായി പ്രവർത്തിക്കുന്ന ലിൻഡ മക്മോഹനെയാണ് (76) ഡിപ്പാർട്മെന്റ് ഓഫ് എജുക്കേഷൻ സെക്രട്ടറിയായി ട്രംപ് നിയമിക്കുന്നത്.
ട്രംപിന്റെ ആദ്യ ഭരണത്തിൽ സ്‌മോൾ ബിസിനസ് അഡ്മിനിസ്ട്രേഷൻ മേധാവി ആയിരുന്നു മക്മോഹൻ. വേൾഡ് റെസ്‌ലിംഗ് എന്റർടൈൻമെന്റ് മുൻ സി ഇ ഒ ആണ്. ഭർത്താവ് വിൻസ് മക്മോഹനുമായി ചേർന്ന് ആരംഭിച്ച കമ്പനി ആയിരുന്നു അത്.
"പതിറ്റാണ്ടുകളുടെ നേതൃത്വ പരിചയവും വിദ്യാഭ്യാസത്തിന്റെയും ബിസിനസിന്റെയും അഗാധമായ പരിജ്ഞാനവും ലിൻഡ പ്രയോജനപ്പെടുത്തും," ട്രംപ് പറഞ്ഞു. "അടുത്ത തലമുറ അമേരിക്കൻ വിദ്യാർഥികൾക്കും തൊഴിലാളികൾക്കും പ്രയോജനപ്പെടുത്തി അമേരിക്കയെ വിദ്യാഭ്യാസ രംഗത്ത് ലോകത്തെ ഒന്നാം രാജ്യമാക്കും.
"വിദ്യാഭ്യാസത്തെ നമ്മൾ സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലേക്കു തിരിച്ചു നൽകും. ആ ചുമതല ലിൻഡ വഹിക്കും."
Trump names education secy