ഡൊണാൾഡ് ട്രംപ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതു കൊണ്ട് അദ്ദേഹത്തിനെതിനെതിരായ ഹഷ് മണി കേസ് തള്ളണമെന്ന ആവശ്യം മൻഹാട്ടൻ പ്രോസിക്യൂഷൻ നിരാകരിച്ചു. അദ്ദേഹം അധികാരമേറ്റ ശേഷം കേസ് മരവിപ്പിക്കാം എന്നാണ് അവരുടെ നിലപാട്.
2016 തിരഞ്ഞെടുപ്പിനു മുൻപ് നീലച്ചിത്ര നടിയുമായുള്ള ബന്ധം മറച്ചുവയ്ക്കാൻ അവർക്കു പണം കൊടുക്കുകയും അക്കാര്യം മൂടി വയ്ക്കാൻ ബിസിനസ് രേഖകൾ തിരുത്തുകയും ചെയ്തു എന്ന കേസിൽ ട്രംപ് കുറ്റക്കാരനാണെന്നു കോടതിയിൽ തെളിഞ്ഞിരുന്നുവെന്നു ജഡ്ജിനുളള കത്തിൽ മൻഹാട്ടൻ പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
34 ഫെലനി കുറ്റങ്ങളും തെളിഞ്ഞിരുന്നു
കോടതിയിൽ ആരോപിക്കപ്പെട്ട 34 ഫെലനി കുറ്റങ്ങളും തെളിഞ്ഞിരുന്നു. കേസ് തള്ളുന്നത് ഉചിതമല്ല. ഫെലനിക്കു ശിക്ഷിക്കപ്പെട്ട ഒരാൾ പ്രസിഡന്റായിരിക്കുന്നതിന് അനൗചിത്യവുമുണ്ട്. അതു കൊണ്ട് അദ്ദേഹം അധികാരത്തിൽ ഇരിക്കുന്ന നാലു വർഷം കഴിയുന്നതു വരെ കേസ് മരവിപ്പിച്ചു നിർത്തുക എന്നതാണ് നിർദേശം.
കേസ് മരവിപ്പിക്കണോ തള്ളണോ എന്ന കാര്യം ജഡ്ജ് യുവാൻ മെർഷൻ അടുത്ത് തന്നെ തീരുമാനിക്കും. ട്രംപിനെതിരെ വിചാരണ കണ്ട ഏക കേസ് തള്ളുന്നതിനെ പ്രോസിക്യൂഷൻ അനുകൂലിക്കുന്നില്ല. പ്രസിഡൻസിയുടെ താല്പര്യങ്ങൾ ജുഡീഷ്യറിയുടെ ഭദ്രതയുമായി തുലനം ചെയ്യണം എന്നാണ് അവർ പറയുന്നത്.
കേസ് തള്ളണമെന്ന ട്രംപിന്റെ ആവശ്യം ഡിസ്ട്രിക്ട് അറ്റോർണി ആൽവിൻ ബ്രാഗ് പ്രോസിക്യൂട്ടർമാരുമായി വിശദമായി ചർച്ച ചെയ്തിരുന്നു. പ്രതി പ്രസിഡന്റാകും എന്നതുകൊണ്ട് കോടതിയിൽ തെളിഞ്ഞ കേസ് തള്ളണം എന്നു നിഷ്കർഷിക്കുന്ന ഒരു നിയമവും നിലവിലില്ല എന്ന് അവർ ചൂണ്ടിക്കാട്ടി. നാലു വർഷത്തേക്കു മരവിപ്പിക്കാം എന്നതാണ് അവരുടെ നിർദേശം.
കേസ് തള്ളണം എന്ന ആവശ്യം ട്രംപ് ഈയാഴ്ച്ച മെർഷന്റെ മുന്നിൽ ഉന്നയിച്ചേക്കും. അടുത്തയാഴ്ച്ച വരേണ്ട വിധിന്യായം നീളും.
Manhattan prosecutors propose freezing hush money case