Image

പ്രിയങ്ക ഗാന്ധി:തെരഞ്ഞെടുപ്പു ഗോദയിലെ അരങ്ങേറ്റം :പി എസ് ജോസഫ്‌

Published on 20 November, 2024
പ്രിയങ്ക ഗാന്ധി:തെരഞ്ഞെടുപ്പു ഗോദയിലെ അരങ്ങേറ്റം :പി എസ് ജോസഫ്‌

“ഞാന്‍ ഒരു പോരാളിയാണ് .നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ അന്തിമ നിമിഷം വരെ പോരാടും “,ആകര്‍ഷകമായ ഇംഗ്ലീഷില്‍ തികഞ്ഞ ആല്മാര്‍ഥതയോടെ വെളുത്ത വസ്ത്രത്തില്‍ സുസ്മേര വദനയായി പ്രിയങ്ക ഗാന്ധി നവംബര്‍ നാലിന് വയനാട്ടിലെ വൈത്തിരിയിലെ കോര്‍ണര്‍  പ്രചാരണ യോഗത്തില്‍  തടിച്ചു കൂടിയ വോട്ടര്‍മാരോട് പറയുന്നു .നവംബര്‍ 13 നായിരുന്നു  ഇവിടെ വോട്ടെടുപ്പ് ..”മുപ്പത്തിയഞ്ചു വര്‍ഷമായി മറ്റുള്ളവര്‍ക്ക്‌ വേണ്ടി മാത്രമേ താന്‍ വോട്ട് ചോദിച്ചിട്ടുള്ളൂ എന്നവര്‍ ഓര്‍മിപ്പിക്കുന്നു .ഇത് തെരഞ്ഞെടുപ്പു ഗോദയിലെ തന്‍റെ അരങ്ങേറ്റം ആണെന്ന് തെല്ലു നാണത്തോടെ  അവര്‍ പറയുന്നു .വയനാട്  ദുരന്തത്തിനിരയായ ചൂരല്‍ മലയില്‍ നിന്നും മുണ്ടക്കൈയ്യില്‍ നിന്നും  വളരെ അകലെയല്ല വൈത്തിരിയിലെ പ്രചാരണ വേദി .മേപ്പാടിയില്‍ ഒരു റോഡ്‌ ഷോ കഴിഞ്ഞു അവര്‍ എത്തിയതെ  ഉള്ളൂ .നാല് മണിയോടെ എത്തുമെന്ന് അറിയിച്ചിരുന്ന അവര്‍ ആറു മണിക്ക് എത്തിയപ്പോഴെക്കും തുടക്കത്തിലെ  ചെറിയ ഒരു സദസ്സ് വൈത്തിരിയിലെ വേദിക്ക് ചുറ്റും വലിയ ജനകൂട്ടമായി മാറിയിരുന്നു  .പ്രചാരണത്തിലെ പ്രധാന വിഷയങ്ങള്‍ ജോസഫ്‌ വാഴക്കനും ഷമ  മുഹമ്മദും സംഖ്യ കക്ഷിയായ  മുസ്ലിം ലീഗിന്റെ തീപ്പൊരി പ്രാസംഗികന്‍   സമദാനിയും         പറഞ്ഞു കഴിഞ്ഞു .പ്രിയങ്കക്ക് പറയാനുള്ളത് വയനാടിനു വേണ്ടി തന്‍റെ സഹോദരന്‍ രാഹുല്‍ ഗാന്ധി  ചെയ്ത കാര്യങ്ങളാണ്. അവിടെ ഒരു മെഡിക്കല്‍ കോളേജ് ശക്തമായി പ്രവര്‍ത്തിക്കേണ്ടതിനെ പറ്റിയാണ് . വയനാടിനെ ലോക ടൂറിസ്റ്റ് ഭൂപടത്തില്‍ പ്രതിഷ്ടിക്കും . അവിടത്തെ ഉത്പന്നങ്ങള്‍ക്ക് ആഗോള വിപണി ഉണ്ടാക്കും  എന്നവര്‍ ഉറപ്പു നല്‍കുന്നു .വിദ്യാഭ്യാസവും തൊഴിലും ആദിവാസികള്‍ക്ക് മെച്ചപ്പെട്ട അവസരങ്ങളുംസൃഷ്ടിക്കുമെന്നു അവര്‍ വാഗ്ദാനം ചെയ്യുന്നു .ദുരന്തത്തിനിരയായ വയനാട്ടിനു സഹായം  പ്രഖ്യാപിക്കാത്ത   മോദിയെ കുറ്റപ്പെടുത്തുന്നു. വോട്ടര്‍മാര്‍ വളരെ നിശബ്ദരായി അവരുടെ ഓരോ വാക്കും ശ്രവിക്കുന്നു.സ്ത്രീകളുടെ ഒരു വലിയ നിര ശ്രോതാക്കള്‍ ആയുണ്ട് .അവരുടെ അവകാശങ്ങള്‍ക്കും പ്രതിനിധ്യത്തിനും വേണ്ടി താന്‍ യത്നിക്കുമെന്നും അവര്‍ പറയുന്നുണ്ട് . പൊതുവേ യു ഡി എഫ് മണ്ടലമായ ഇവിടെ അവര്‍ക്കനുകൂലമാണ് എല്ലാം എന്ന വിശ്വാസം എങ്ങും പ്രകടമാണ് .താന്‍ അവര്‍ക്കൊപ്പം എക്കാലവും ഉണ്ടാകുമെന്നും പ്രിയങ്ക ഓര്‍മ്മിപ്പിക്കുന്നു .

പ്രിയങ്ക ഗാന്ധി ആദ്യമായി തെരഞ്ഞെടുപ്പു ഗോദയിലേക്ക് ഇറങ്ങുമ്പോള്‍ സഹോദരന്‍ രാഹുല്‍ ഗാന്ധി പോലും നേരിട്ടിട്ടില്ലാത്ത ചോദ്യങ്ങളാണ് അവരുടെ  സ്ഥാനാര്‍ഥിത്വത്തെ പിന്തുടരുന്നത് .ഒരിക്കല്‍ കൂടി  കേരളത്തില്‍ നിന്ന് നെഹ്‌റു ഗാന്ധി കുടുംബത്തിലെ ഒരാള്‍ മത്സരിക്കുമ്പോള്‍ ആ രാഷ്ട്രീയ പൈതൃകം ഉയര്‍ത്തുന്ന രാഷ്ട്രീയവും സൈദ്ധാന്തികവുമായ ചോദ്യങ്ങള്‍ അവരെ വലയം ചെയ്യുന്നു . കോഴിക്കോട് നടന്ന  ഒരു സമ്മേളനത്തില്‍ രാഷ്ട്രീയ നിരീക്ഷകനായ  ഹര്തോഷ് സിംഗ് ബാല്‍  തന്നെ അത്തരമൊരുചോദ്യം ഉന്നയിച്ചു  .വയനാട്ടിലെ വോട്ടര്‍മാരെ അത് വലുതായി സ്വാധീനിക്കില്ലെങ്കിലും പ്രിയങ്കയുടെ വരവ് സൈദ്ധാന്തികമായി  വലിയ ഒരു ആക്രമണത്തിന് വഴി  മരുന്നിടുന്നു എന്ന് വ്യക്തം .ബി ജെ പിയുടെ   അക്രമാസക്തമായ ഹിന്ദുത്വ അജണ്ട കോണ്‍ഗ്രസ്സില്‍  നിന്ന് സ്വീകരിച്ചതാണ് എന്ന്  84 ലെ സിഖുകാര്‍ക്കെതിരെയുള്ള ആക്രമണം മുന്നില്‍ നിര്‍ത്തി ബാല്‍ വാദിച്ചു. വാക്ക് കൊണ്ടു ക്ഷമ പറഞ്ഞത്  കൊണ്ടോ മന്‍ മോഹന്‍സിംഗിനെ  പ്രധാനമന്ത്രിയാക്കിയത്  കൊണ്ടോ ആ പാരമ്പര്യം ഇല്ലാതാകുന്നില്ല  എന്നദ്ദേഹം നിറഞ്ഞ സദസ്സില്‍ പറഞ്ഞു പ്രത്യേകിച്ചും സിക്കുകാരെ ആക്രമിച്ചു എന്ന ആരോപണം നേരിടുന്ന  കമല്‍ നാഥിനെ സംരക്ഷിച്ചു മുഖ്യമന്ത്രിയാക്കിയ  പാര്‍ട്ടിയുടെ അധര വ്യായാമത്തെ അദേഹം തുറന്നു കാട്ടി .മോദി എണ്‍പത്തി നാലിലെ കലാപത്തില്‍ നിന്ന്  പാഠം ഉള്‍ക്കൊണ്ടു. കലാപങ്ങളാണ്  വിജയ മാര്‍ഗം എന്ന് മോദി കണ്ടറിഞ്ഞു എന്ന് ബാല്‍ പറയുന്നു. ഹിന്ദു ഭൂരിപക്ഷത്തിന്റെ  ഈ മൊബിലൈസേഷന്‍ ആണ് പ്രധാന പ്രശ്നം .ഇതിനെ നിരാകരിച്ചു കൊണ്ടു പൈതൃകത്തിലെ പിഴവുകള്‍ ഏറ്റുപറഞ്ഞു പ്രിയങ്കക്ക് സൈദ്ധാന്തികമായി മുന്നേറാനാകുമോ എന്നാണ് ചോദ്യം 

 വയനാട്ടിലെ പ്രചാരണത്തില്‍ പുറത്തു നിന്നുള്ള ഈ  കോളിളക്കങ്ങള്‍ ഒന്നും പ്രിയങ്കയെ സ്പര്‍ശിക്കുന്നില്ല തിങ്കളാഴ്ച വൈത്തിരിയില്‍ അവരുടെ പ്രചാരണം നടന്നപ്പോള്‍ തടിച്ചു  കൂടിയ ജനക്കൂട്ടം  ഒരു ഉദാഹരണം  മാത്രം .പത്രിക നല്‍കിയ  നാള്‍ മുതല്‍ വലിയൊരു ജനക്കൂട്ടം അവരെ പിന്തുടരുന്നു.പ്രാദേശിക  രാഷ്ട്രീയത്തില്‍ അവര്‍ പരിചിതയല്ല. എങ്കിലും രാഹുലിനു  വേണ്ടി പ്രചാരണം നടത്തിയ ഈ സ്ഥാനാര്‍ഥി വലിയ ഹിറ്റാണ് .രാഹുലിനെക്കാള്‍, ,അഞ്ചു ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷം  ആണ് കോണ്‍ഗ്രസ് ഇവിടെ ലക്ഷ്യമിടുന്നത് .പക്ഷെ സത്യന്‍  മൊകെരിയാണ് എല്‍ ഡി എഫ് സ്ഥാനാര്‍ഥി എന്നത് കൊണ്ടു നല്ലൊരു മത്സരം തള്ളി കളയാനാവില്ല .ബി ജെപിയുടെ നവ്യ ഹരിദാസും വോട്ടര്‍മാരെ ആകര്‍ഷിക്കും  .വോട്ടിംഗ് ശതമാനം ഏറ്റവും താഴത്തെ നിലയിലെത്തിയത് എവിടെയോ എന്തോ പിഴച്ചു എ സൂചന നല്‍കുന്നുണ്ട്.എന്തായാലും  വയനാടിന്റെ ഹൃദയം അവര്‍ക്ക് ആകര്‍ഷിക്കാനാകുമോ .വിജയ പരാജയങ്ങള്‍ക്കപ്പുറം  പ്രിയങ്കയുടെ സ്ഥാനാര്‍ഥിത്വം   ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു . 

.ഒരു പക്ഷെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്‍റെ ഊടും പാവും നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പു മണ്ടലമാകും വയനാട് . സോണിയ ഗാന്ധി കഴിഞ്ഞാല്‍ കോണ്‍ഗ്രസ്സിന്‍റെ പരമോന്നത നേതാവായ രാഹുല്‍ ഗാന്ധിയെ ഏറ്റവും നിര്‍ണ്ണായകമായ വേളയില്‍ രക്ഷിച്ച തെരഞ്ഞെടുപ്പു മണ്ടലമാണ് വയനാട് .ഒരു പക്ഷെ ദക്ഷിണേന്ത്യയിലെ കോണ്‍ഗ്രസിന്‍റെ കുതിപ്പിനും താല്പര്യത്തിനും പിന്നില്‍ വയനാടുമായുള്ള ബന്ധം ഉണ്ട്  . സ്വാഭാവികമായി വയനാട്  ഉപേക്ഷിക്കുകയും  റായി ബേറെലിയില്‍ എം പി യായി അമ്മയുടെ കാല്പ്പാടുകളെ പിന്തുടരാന്‍ തീരുമാനിക്കുകയും ചെയ്ത രാഹുല്‍ ഗാന്ധി  രാഷ്ട്രീയമായി നല്ല തീരുമാനമാണ് കൈ കൊണ്ടത് .ഉത്തരേന്ത്യ  അവഗണിച്ചു കൊണ്ടു കോണ്‍ഗ്രസ്സിനു മുന്നോട് പോകാനില്ല .പക്ഷെ താന്‍ പ്രതിനിധാനം ചെയ്ത വയനാട്‌ മണ്ടലം സഹോദരി പ്രിയങ്കാ ഗാന്ധിക്ക് നല്‍കാന്‍ തീരുമാനിക്കുമ്പോള്‍ അത് ഉയര്‍ത്തുന്ന രാഷ്ട്രീയ ചോദ്യങ്ങള്‍ നിരവധിയാണ് .വയനാട്ടില്‍ പ്രിയങ്കയുടെ വിജയം ഉറപ്പാണെങ്കിലും ആ ചോദ്യങ്ങള്‍ പ്രിയങ്കയുടെ  വിശാലമായ രാഷ്ട്രീയ അരങ്ങേറ്റ വേളയില്‍ തന്നെ ഉന്നയിക്കപ്പെടുന്നു .. അവര്‍ എ ഐ സി സി ജനറല്‍സെക്രട്ടറി എന്ന നിലയിലും കോണ്‍ഗ്രസ് പ്രഥമ കുടുംബത്തിലെ അംഗമെന്ന നിലയിലും കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വലിയ സ്ഥാനം വഹിക്കുന്ന വ്യക്തിയാണ് പക്ഷെ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലേക്കുള്ള അവരുടെ അരങ്ങേറ്റം വയനാട് വഴിയാകുമ്പോള്‍ പല ചോദ്യങ്ങളും ഉയരുന്നു .

ദേശീയമായ വലിയ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്ന വേളയിലാണ് രാഹുല്‍ വയനാടിനെ രണ്ടാം മണ്ടലമായി തെരഞ്ഞെടുക്കുന്നത് .വളരെ ഉറപ്പായ ഈ മണ്ടലത്തിലെ വിജയമാണ് കോണ്‍ഗ്രസ്സിനു മുഖം രക്ഷപെടുത്താന്‍ കഴിഞ്ഞത് .അദ്ദേഹത്തെ വയനാട്  എം പി എന്ന് പറഞ്ഞു ചിലര്‍ തരം താഴ്ത്താന്‍  ശ്രമിച്ചുവെങ്കിലും അദ്ദേഹം ആ അവസരം ഉപയോഗിച്ചു മുന്നോട്ടു പോയി. ഇന്ന് അദ്ദേഹം പ്രതിപക്ഷ നേതാവാണ്‌ .542അംഗ സഭയില്‍ നൂറു എം പി മാരുടെ പിന്തുണയുള്ള പാര്‍ട്ടിയുടെ നേതാവ് .കോണ്‍ഗ്രസ്സും ഇന്ത്യ മുന്നണിയും ബി ജെ പിയെ ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാതെ പിടിച്ചു നിര്‍ത്തി .അത് തന്നെ  ഒരു  വലിയ വിജയമായിരുന്നു  മുന്നണി .ഭരണത്തിനു അടുത്തെത്തിയെന്നത് മറ്റൊരു നേട്ടമായി .അത് ഇന്ത്യയിലെ വിദ്വേഷ  രാഷ്ട്രീയത്തിന്റെ ശക്തി തെല്ലു കുറച്ചു .പക്ഷെ ജാഗ്രത കോണ്ഗ്രസിന് നഷ്ടപ്പെടുമോ  എന്നതാണ് ഇപ്പോഴത്തെ  പ്രശ്നം .കയ്യെത്തും ദൂരെ  നിന്ന ഹര്യാന കൈ വിട്ടത് കോണ്‍ഗ്രസ്സിന്റെ തന്ത്രങ്ങളില്‍ ഉള്ള പിഴവ് കൂടിയായി  കാണണം .ഇത്തരമൊരു അവസരത്തിലാണ് പ്രിയങ്കയെ വയനാട്ടില്‍ മത്സരരംഗത്തിറക്കുന്നത് .

   വാജ് പേയി സര്‍ക്കാര്‍ അധികാരത്തില്‍ എത്തുകയും ബി ജെപി സര്‍ക്കാര്‍ തുടരുകയും ചെയ്യും എന്ന നില നില്‍ക്കുമ്പോഴാണ് തകര്‍ന്നു  കിടന്നിരുന്ന കോണ്‍ഗ്രസ്സിനു പുതു ജീവന്‍ നല്‍കാന്‍  സോണിയ ഗാന്ധി പ്രിയങ്കയോടോപ്പം ഒരു വിമാനത്തില്‍ സാദാ  യാത്രികര്‍ ആയി  ശ്രീ പെരംപദൂരില്‍ എത്തി രാഷ്ട്രീയത്തിലേക്ക്  ഇറങ്ങുന്നുവെന്നു സൂചന നല്‍കിയത് . അതൊരു വലിയ രാഷ്ട്രീയ നിമിഷമായിരുന്നു പ്രിയങ്കയും രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന സൂചനകള്‍ ഉണ്ടായി പക്ഷെ കുടുംബം മുന്നില്‍ എന്ന ചിന്തയില്‍ ആകാം   സോണിയ പ്രിയങ്കയെക്കാള്‍ രാഹുലിനെ മുന്നോട്ടു കൊണ്ടു വരാനാണ് യത്നിച്ചത് . .രാഷ്ട്രീയത്തോട്  ആഭിമുഖ്യം കുറവായിട്ടും രാഹുല്‍  നിരന്തരം തന്‍റെ റോളില്‍ മെല്ലെ മെല്ലെ വിജയിക്കുന്നതാണ് നാം കണ്ടത് പക്ഷെ അത്  ഇനിയും ഫലവത്താകേണ്ടിയിരിക്കുന്നു .പ്രിയങ്കയെ ഒരു തുരുപ്പു ശീട്ടായി കൊണ്ടു വരാനാണ്  കോണ്‍ഗ്രസ് കരുതിയിരുന്നതെങ്കില്‍ പോലും അവിടെ കണക്കു കൂട്ടലുകള്‍ പിഴച്ചു . മോദിയും  പരിവാരവും ശക്തി സമാഹരിച്ചപ്പോഴാണ് പ്രിയങ്കയെ മനസ്സില്ലാ മനസ്സോടെ കോണ്‍ഗ്രസ്‌ രംഗത്ത് ഇറക്കിയത് .ഒരു കാലത്ത് അനായാസമായി നേതൃ നിരയിലേക് കടന്നു വരുമായിരുന്ന അവര്‍ പുതിയ  റോളില്‍ പരമാവധി തന്‍റെ ഭാഗം നിറവേറ്റിയെങ്കിലും അതൊന്നും  വോട്ടര്‍മാരെ തൃപ്തരാക്കിയില്ല എന്ന് യു പിയിലും മധ്യപ്രദേശിലും നടന്ന തെരഞ്ഞെടുപ്പുകള്‍ തെളിയിച്ചു .പഞ്ചാബ്  കൈ വിട്ടു പോയതിനു പിന്നില്‍  രാഷ്ട്രീയ യാഥാര്‍ത്ഥ്യം മനസ്സിലാക്കുന്നതിലുള്ള  കഴിവ്കേടും ഉണ്ടായിരുന്നു എന്ന് കരുതണം .അന്നത്തെ അവരുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി  സിദ്ധു ഇന്ന് എവിടെയാണ്? പ്രിയങ്കയെ വേണ്ട നേരത്ത് മത്സരരംഗത്ത് ഇറക്കുന്നതില്‍ ഉണ്ടായ  കാലതാമസം കോണ്‍ഗ്രസ്സിനു ദോഷകരമായി ഭവിച്ചു . കുടുംബത്തെ പിന്തുണയ്ക്കുന്ന  കോണ്‍ഗ്രസ് വോട്ടര്‍മാര്‍ക്ക് അത്തരമൊരു നീക്കം അഭികാമ്യമാകുമായിരുന്നു രാഹുല്‍  പിച്ച വെച്ചു പഠിച്ചതിനു ശേഷം അദ്ദേഹത്തിനു ഭീഷണി ആകാത്ത വിധം വര്‍ഷങ്ങള്‍ക്കു ശേഷമാണ്  പ്രിയങ്ക തെരഞ്ഞെടുപ് രാഷ്ട്രീയത്തിലേക്ക് വരുന്നത് . ലേറ്റ് ആയാലും ലേറ്റസ്റ്റ് ആയി വന്നുവല്ലോ എന്ന് കോണ്‍ഗ്രസ്സിന് ആശ്വസിക്കാം .ഈ  നീക്കം വഴി വൈതാളികന്മാരുടെ  അതിര് കവിഞ്ഞ പ്രിയങ്ക പ്രണയം ഇല്ലാതാക്കാനും ഒരു പരിധി  വരെ കഴിഞ്ഞിരിക്കാം.

 പക്ഷെ ദേശീയ രാഷ്ട്രീയത്തില്‍ ഒരു കൊടുങ്കാറ്റായി  മാറേണ്ട ഒരു നേതാവിന് പറ്റിയ  ഇടമാണോ വയനാട് ?രാഹുല്‍ അഭിമുഖീകരിച്ചതിലും വലിയ ആക്രമണം ഇവിടെ പ്രിയങ്ക നേരിടേണ്ടി വരും .വയനാടിന്റെ  വോട്ടര്‍ പ്രതിനിധ്യ  സ്വഭാവമാണ് അവരുടെ വിജയം ഉറപ്പാക്കുന്നതെങ്കിലും അത് തന്നെയാണ് അവരെ കുടുതല്‍ പ്രതിരോധനിരയില്‍ നിര്‍ത്തുന്നതും .

  ഒരു ദേശീയ നേതാവ് വയനാട്  പോലെയുള്ള ഒരു ന്യൂനപക്ഷ  പട്ടിക വര്‍ഗ കര്‍ഷക പരിസ്ഥിതിലോലമായ കാനന മേഖലയില്‍ മത്സരിക്കുന്നു എന്നത് ആ മണ്ടലത്തിനു വലിയ അനുഗ്രഹമാകേണ്ടതാണ് .എന്നാല്‍ അഞ്ചു വര്‍ഷം വയനാട് എം പി യായിട്ടു രാഹുലിന് അവിടെ എന്തെങ്കിലും ഇടപെടല്‍ നടത്താനായോ ?നിരവധി ഫോട്ടോ അവസരങ്ങള്‍ സമ്മാനിക്കുന്ന ഈ മണ്ടലത്തില്‍ അതിനപ്പുറം ഒരു ലോകമുണ്ടെന്നു അദേഹം അറിഞ്ഞുവോ?അവിടെ ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നത് മാത്രമല്ല പ്രധാന പ്രശ്നം എന്ന് അദ്ദേഹം മനസ്സിലാക്കണം  ?ദേശീയ രാഷ്ട്രീയത്തില്‍ മുഴുകുന്ന നേതാവാണ്‌ ആണെങ്കിലും സ്ഥിരമായി  ഗാന്ധി പൈതൃകമാക്കാന്‍ പോകുന്ന ഈ  മണ്ടലത്തെ പറ്റി രാഹുലും പ്രിയങ്കയും ചില കാര്യങ്ങള്‍ എങ്കിലും അറിയണം 

കോഴിക്കോടും മലപ്പുറത്തും വയനാട്ടിലുമായി മൂന്ന് ജില്ലകളില്‍ വ്യാപിച്ചു കിടക്കുന്ന ഈ മണ്ടലം  കേരളത്തിന്റെ ഒരു പരിചേദമാണ് അതിലുപരി 66 ശതമാനം ന്യൂനപക്ഷങ്ങള്‍ വോട്ടര്‍മാര്‍ ആയുള്ള മണ്ടലമാണ് ഇത്. അതാണ്‌, യു ഡി എഫിന്‍റെ ഈ വോട്ട് ബാങ്ക് ആണ് വയനാട്ടിലെ  കോണ്‍ഗ്രസ് വിജയത്തിന്  പിന്നില്‍ .അതാകട്ടെ ഒരു പരിധി വരെ മുസ്ലിം ലീഗ്  യു ഡി എഫ് ഘടക കക്ഷി  ആണെന്നതിനെ ആശ്രയിച്ചിരിക്കുന്നു .അതെ പോലെ ക്രിസ്ത്യന്‍ കുടിയേറ്റക്കാരുടെ  വോട്ടും .ഏറെ ചൂഷണത്തിന് വിധേയരായ ആദിവാസികളും ഈ മണ്ടലത്തിലെ  പ്രധാന വോട്ടര്‍മാരാണ് ആ നിലക്ക് വളരെ മര്‍മ്മ പ്രധാനമായ മണ്ടലമാണിത് . .ഇവരെ എല്ലാം ഒപ്പം കൊണ്ടു നടക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് എക്കാലവും കഴിയുമോ? ഇപ്പോള്‍ തന്നെ ക്രൈസ്തവ അണികളില്‍ വിള്ളല്‍ കണ്ടു തുടങ്ങിയിരിക്കുന്നു. 

പഴയപോലെ കൃഷി ഇന്നിവിടെ ഒരു വരുമാന മാര്‍ഗമല്ല . കര്‍ഷകര്‍ക്ക് പകരം പാറമടക്കാരും റിസോര്‍ട്ട് മാഫിയയും വയനാട്‌ സ്വന്തമാക്കിയിരിക്കുന്നു .ഇതിനു പുറമെയാണ് വന്യമൃഗ ജീവി ശല്യം സാധാരണ മനുഷ്യരെ ബാധിക്കുന്നത് . .കൃഷിയും  കര്‍ഷകരും വയനാട്ടില്‍ അന്യം നില്‍കുന്ന വിധമാണ് മൃഗശല്യം  .കേന്ദ്രത്തില്‍ അധികാരമില്ലെങ്കിലും സംസ്ഥാനത്ത് അധികാരമുള്ള രണ്ടു മുന്നണികളാണ്  ഇവിടെ പ്രധാന സ്ഥാനാര്‍ഥികള്‍ എന്ന  നിലക്ക് ഇവിടത്തെ കര്‍ഷകരുടെ അവസ്ഥക്ക് ഇരു വിഭാഗവും ഉത്തരം പറയേണ്ടതുണ്ട് കര്‍ഷകര്‍ക്ക്, ആദിവാസികള്‍ക്ക്  എന്താണ് ഗാന്ധി കുടുംബത്തിനു വാഗ്ദാനം ചെയാനുള്ളത് ?

അതിലും വലിയ പ്രശ്നമാണ്മാണ് പരിസ്ഥിതി .മുണ്ടക്കൈയും  ചൂരല്‍ മലയും സജീവമായി നില്‍ക്കുന്ന ഈ മണ്ടലത്തില്‍ പാരിസ്ഥിതിക ദുരന്തങ്ങള്‍ തടയാന്‍ എന്ത് നടപടികള്‍ നേരത്തെ സ്വീകരിച്ചു ?ഇനി എന്ത് ചെയ്യാന്‍ പോകുന്നു ?കുറെ വീടുകള്‍ കെട്ടി കൊടുത്തത് കൊണ്ടോ താല്‍ക്കാലിക ആശ്വാസം നല്‍കിയത് കൊണ്ടോ ഈ മേഖലയിലെ പ്രശ്നങ്ങള്‍ അവസാനിക്കില്ല നല്ല നിരീക്ഷണ സംവിധാനം, അത്യാധുനിക റഡാര്‍ പോലെയുള്ള സാങ്കേതിക സംവിധാനങ്ങള്‍ ,അര്‍പ്പണമനസ്സുള്ള ശാസ്ത്രഞ്ജന്‍മാരുടെ  വിന്യാസം എന്നിവ ഉണ്ടായാലേ  ഇത്തരം ദുരന്തങ്ങള്‍ ഒരു പരിധി വരെ നമുക്ക് തടയാനാവൂ . .ഇപോഴേ ഈ ദുരന്തങ്ങള്‍ വിസ്മൃതമായിരിക്കുന്നു. ആ നിലക്ക് വലിയ തലത്തില്‍ ഇതിനു നടപടിയെടുക്കണം 

 ഇതിനെല്ലാം പുറമേ ദേശീയ നേതാവ് ആണെങ്കിലും ഒരു പ്രാദേശിക നേതാവിനെ  പോലെ ,തെരഞ്ഞെടുക്കപ്പെട്ടാല്‍  വയനാട്  എം പി യെ പോലെ ,പ്രിയങ്ക പ്രവര്‍ത്തിക്കേണ്ടതുണ്ട് . അതായത് ഇവിടം അവര്‍  തന്‍റെ രാഷ്ട്രീയ വേദിയായി മാറ്റണം . ഇടക്ക് വന്നു മത്സരിച്ചു പോകുന്ന ഒരു വിനോദ യാത്രിക ആവരുത് അവര്‍.   പുതിയ എം പി ഇത്തവണ വിജയിച്ചാല്‍ , ഈ മണ്ടലത്തില്‍ തുടരണമെങ്കില്‍ സ്ഥായിയായി ഈ മണ്ടലവുമായി പ്രിയങ്കക്ക് ബന്ധം വേണം .അതാകട്ടെ കേരളത്തിലെ തരം താണ രാഷ്ട്രീയ  യുദ്ധങ്ങളില്‍ പങ്കെടുക്കാതെ വേണം താനും .

പ്രിയങ്ക ഇത്തവണ  ശക്തനായ ഒരു പ്രതിയോഗിയെയാണ് അഭിമുഖീകരിക്കുന്നത് സി പി ഐ യുടെ സത്യന്‍  മൊകേരി മുന്‍ എം പി ഷാനവാസിനെ പോലും വിറപ്പിച്ച നേതാവാണ്‌ .ഈ മണ്ടലവുമായി അടുത്തു ബന്ധമുള്ള നേതാവും  .ബി ജെപിയുടെ  നവ്യ ഹരിദാസ്‌ ഇവിടെ പുതു മുഖമാണ് എങ്കിലും  ദീര്‍ഘകാല ലക്ഷ്യത്തോടെയാണ് പാര്‍ടി അവരെ നിര്‍ത്തിയിരിക്കുന്നതെന്ന് വ്യക്തം .ആ നിലക്ക് ഇതൊരു നീണ്ടു നില്‍ക്കുന്ന വലിയ യുദ്ധമാണ്. വിജയത്തോടെ ആ  യുദ്ധമണ്ടലം കുറച്ചു കൂടി വലുതാകുമെന്ന് മാത്രം .ദേശീയ  നേതാവ് എന്ന നിലയില്‍ തിളങ്ങുമ്പോള്‍ തന്നെ ഒരു വയന്ട് എംപി യായി പ്രിയങ്കക്ക് തുടരാനാകുമോ എന്നതാണ് ഈ തെരഞ്ഞെടുപ്പ്  ഉയര്‍ത്തുന്ന ചോദ്യം . .


 

Join WhatsApp News
jon 2024-11-26 20:58:28
so sorry ro say that except vyanad anywhere in india priyanka has no chance to win. we the malayalees are stupid
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക