ഇന്ത്യൻ വംശജരുടെ ഗണ്യമായ സാന്നിധ്യമുള്ള ഗയാനയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി
രണ്ടു ദിവസത്തെ സന്ദര്ശനത്തിനെത്തി. 1968ൽ ഇന്ദിരാ ഗാന്ധി എത്തിയ ശേഷം ഇതാദ്യമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഇവിടെ സന്ദർശനം നടത്തുന്നത്.
രണ്ടു ദിവസത്തിനിടയിൽ ബുധനാഴ്ച്ച ഇന്ത്യ-കരിക്കോം ഉച്ചകോടിയിൽ മോദി സഹാദ്ധ്യക്ഷനാവും. 14 രാജ്യങ്ങളാണ് ഉച്ചകോടിയിൽ പങ്കെടുക്കുക. കരീബിയൻ രാജ്യങ്ങളുടെ കൂട്ടായ്‌മയാണ് കരിക്കോം. ഉച്ചകോടിയിൽ അധ്യക്ഷത ഗയാന പ്രസിഡന്റ് മുഹമ്മദ് ഇർഫാൻ അലി, ഗ്രനഡ പ്രധാനമന്ത്രി ഡിക്കൻ മിച്ചൽ എന്നിവർ പങ്കു വയ്ക്കും.
ഇന്ത്യൻ പ്രവാസികൾ 185 വർഷം മുൻപ് എത്തിത്തുടങ്ങിയ സൗത്ത് അമേരിക്കൻ-കരീബിയൻ രാജ്യത്തു അവരെ ആദരിക്കുക എന്നതാണ് പ്രധാനപ്പെട്ട ഒരു കർത്തവ്യമെന്നു മോദി പറഞ്ഞു. ഇന്ത്യൻ വംശജർ ഗയാനയിൽ 39.8% ഉണ്ട്. 28.4% വരുന്ന ഹിന്ദുക്കളാണ് ഏറ്റവും വലിയ മതസമൂഹം.
ആദ്യമായി ഇന്ത്യൻ തൊഴിലാളികളെ ബ്രിട്ടിഷുകാർ കൊണ്ടുവന്ന കപ്പൽ എത്തിയ ഇടത്തു നിർമിച്ചിട്ടുള്ള ഇന്ത്യൻ അറൈവൽ മോണുമെന്റ് മോദി സന്ദർശിക്കും. കരിമ്പിൻ തോട്ടങ്ങളിൽ തൊഴിലാളികളായാണ് അന്ന് ഇന്ത്യക്കാർ എത്തിയത്.
ഗയാന പാർലമെന്റിനെ മോദി അഭിസംബോധന ചെയ്യും.
പ്രമുഖ പെട്രോളിയം-ഗ്യാസ് ശക്തിയായി വളരുന്ന ഗയാനയുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ ഇന്ത്യ ആഗ്രഹിക്കുന്നത് ആ സമ്പത്തുകൾ പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തിൽ കൂടിയാണ്. കുവൈറ്റിനെക്കാൾ മൂന്നിരട്ടി വരുന്ന 11 ബില്യൺ ബാരൽ എണ്ണ-ഗ്യാസ് നിക്ഷേപം ഗയാനയ്ക്കുണ്ട് എന്നാണ് കണക്ക്.
Modi visits Guyana