എം എസ് എൻ ബി സിയുടെ 'മോർണിംഗ് ജോ' അവതാരകർക്കെതിരെ റിപ്പബ്ലിക്കൻ നേതാവ് നിക്കി ഹേലി ആഞ്ഞടിച്ചു. ഡൊണാൾഡ് ട്രംപിനെ ഏഴു വർഷത്തിനു ശേഷമാണ് കാണുന്നതെന്നു സമ്മതിക്കുന്ന ജോ സ്കാർബറയും മിക്കാ ബ്രെഷിൻസ്കിയും സ്വന്തം റേറ്റിങ് തകർച്ചയിൽ അമ്പരന്നു പോയി എന്നതാണ് വാസ്തവമെന്നു അവർ ആഞ്ഞടിച്ചു.
വർഷങ്ങളോളം ട്രംപിന് അയിത്തം കൽപിക്കയും അദ്ദേഹത്തെ രൂക്ഷമായി വിമർശിക്കയും ചെയ്ത അവർക്കു ഇപ്പോൾ പിടിച്ചു നില്ക്കാൻ ട്രംപിനെ വേണ്ടി വന്നുവെന്നു ഹേലി ചൂണ്ടിക്കാട്ടി.
"ആശയവിനിമയം പുനരാരംഭിക്കാൻ" ഫ്ലോറിഡയിലെ ട്രംപിന്റെ മാർ-എ-ലാഗോ വസതിയിൽ പോയി അദ്ദേഹത്തെ കണ്ടുവെന്നു ജോ സ്കാർബറയും മിക്കാ ബ്രെഷിൻസ്കിയും പറഞ്ഞിരുന്നു. "ജോയും മിക്കയും പെട്ടെന്നു ഉണർവുണ്ടായിട്ടു ചെയ്തതല്ല," ഹേലി എക്സിൽ കുറിച്ചു. "അവർ റേറ്റിങ് കണ്ടു വിരണ്ടു. നിലനിൽപിന് ട്രംപ് വേണമെന്ന് അവർക്കു ബോധ്യപ്പെട്ടു."
സിറിയസ്എക്സ്എം ഷോയിലും സൗത്ത് കരളിന മുൻ ഗവർണർ ആക്ഷേപം ആവർത്തിച്ചു.
"ട്രംപിനെ കുറിച്ച് മതിപ്പു തോന്നിയപ്പോൾ ഞാൻ അദ്ദേഹത്തെ പുകഴ്ത്തി," ഹേലി പറഞ്ഞു. "അപ്പോൾ അവരെന്നെ കൊല്ലാൻ വന്നു." ട്രംപിനെ പലകുറി ആവർത്തിച്ചു ഫാസിസ്റ്റ് എന്നു വിളിച്ചവരാണ് അവർ.
'നാണം കെട്ടു മുട്ട് മടക്കിയ' അവതാരകരെ മറ്റു പലരും ആക്രമിച്ചു.
തിങ്കളാഴ്ച ഷോ തുടങ്ങിയപ്പോഴാണ് സ്കാർബറയും ബ്രെഷിൻസ്കിയും ട്രംപിനെ കണ്ട കാര്യം വെളിപ്പെടുത്തിയത്. സ്വകാര്യ കൂടിക്കാഴ്ച്ച ആയിരുന്നുവെന്നു അവർ പറഞ്ഞു. അഞ്ചു വർഷത്തെ രാഷ്ട്രീയ യുദ്ധം രാജ്യത്തെ കീറിമുറിച്ചു.
"എന്നാൽ 80 മില്യനോളം അമേരിക്കൻ വോട്ടർമാർക്കു ട്രംപിനെ വീണ്ടും തിരഞ്ഞെടുക്കാൻ കാരണങ്ങൾ ഉണ്ടായിരുന്നു," ബ്രെഷിൻസ്കി പറഞ്ഞു. "തിരഞ്ഞെടുപ്പിൽ തട്ടിപ്പു നടന്നുവെന്ന ആരോപണം, ട്രംപിന്റെ വിചാരണകൾ, ജനുവരി 6 കലാപം അതൊന്നും ആയിരുന്നില്ല അവർക്കു മുഖ്യം.
"അതു കൊണ്ട് മാറ്റങ്ങൾ വേണമെന്നു ഞാനും ജോയും തീരുമാനിച്ചു. ട്രംപിനോടു സംസാരിച്ചത് അതിന്റെ ഭാഗമാണ്."
Haley blasts ‘Morning Joe’ hosts