എത്ര തിരക്കുണ്ടെങ്കിലും അച്ഛനെയും എന്നെയും മകള്‍ പൊന്നു പോലെയാണ് നോക്കുന്നത്. ഇങ്ങനെയൊരു മകളെ കിട്ടിയതാണ് ഞങ്ങളുടെ മഹാഭാഗ്യം. നയന്‍താരയുടെ അമ്മ ഓമന കുര്യന് പറയുന്നു. നയന്‍താരയുടെ വിവാഹവും ജീവിതവും വരച്ചിടുന്ന 'നയന്‍താര ബിയോണ്ട് ദ് ഫെയറി ടെയ്ല്' എന്ന ഡോക്യുമെന്ററിയില്‍ മകളെ കുറിച്ച് മനസ് തുറക്കുകയായിരുന്നു അമ്മ.
ഓമന കുര്യന്റെ വാക്കുകള്‍; ഡിഗ്രിക്ക് പഠിക്കുമ്പോള്‍ തന്നെ സി.എയ്ക്ക് പഠിക്കണമെന്ന് മോള് പറഞ്ഞു. മോളെ കോളേജില്‍ കൊണ്ടു പോയി വിടാന്‍ ഞാനും അച്ഛനും കൂടി കാറില്‍പോകും. അവളുടെ ക്ളാസ് കഴിയുന്നതു വരെ അവിടെ കാത്തു കിടക്കും. അങ്ങനെയിരിക്കെ നല്ല മിടുക്കിയായി പഠിച്ചു കൊണ്ടിരിക്കെയാണ് സിനിമയിലേക്ക് അവസരം വന്നത്. ഒരു ദിവസം വീട്ടിലിരുന്ന് അസൈന്മെന്റ് എഴുതിക്കൊണ്ടിരിക്കുമ്പോഴാണ് സത്യന് അന്തിക്കാടിന്റെ വിളി വരുന്നത്. അദ്ദേഹം വനിതാ മാസികയുടെ കവര്‍ കണ്ട് വിളിക്കുകയായിരുന്നു. എനിക്ക് ആകെ പേടിയായി. കുടുംബത്തുള്ളവരൊക്കെ എന്തു പറയുമെന്ന് അറിയില്ല. ഞങ്ങള്‍ക്ക് സിനിമയോടെ വലിയ അകല്‍ച്ചയില്ല. എങ്കിലും കസിന്‍സ് ഉള്‍പ്പെടുന്ന ബന്ധുക്കള്‍ക്ക് സിനിമയില്‍ പോകുന്നതിനോട് എതിര്‍പ്പായിരുന്നു. ഞാനും മോളും അച്ഛനും കൂടി ആലോചിച്ച ശേഷം പരുമല പള്ളിയില്‍ പോയി പ്രാര്‍ത്ഥിച്ചു. പിന്നെ പെട്ടെന്നു തന്നെ സിനിമയില്‍ അഭിനയിക്കാം എന്നു തീരുമാനമായി. ഒന്നു രണ്ടു സിനിമകള്‍ ചെയ്തിട്ട് വീണ്ടും പഠിക്കാം എന്നാണ് വിചാരിച്ചത്. പക്ഷേ പിന്നീട് പഠനമൊന്നും നടന്നില്ല.
മലയാളത്തില്‍ നിന്നും തെന്നിന്ത്യന്‍ സിനിമാ ലോകത്തെത്തി അവിടെ താരറാണിയായി വാഴുമ്പോഴും മകള്‍ കുടുംബത്തോടുള്ള കടമ മറന്നിട്ടില്ലെന്ന് ഓമന കുര്യന് പറയുന്നു. അപ്രതീക്ഷിതമായിട്ടാണ് സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയത്. സിനിമയുടെ ആദ്യ നാളുകളില്‍ ഞങ്ങള്‍ രണ്ടും അവള്‍ക്കൊപ്പം സെറ്റില്‍ പോകുമായിരുന്നു. പിന്നീട് അച്ഛന് ആയി മകള്‍ക്കൊപ്പം പോകുന്നത്. മൂന്നാല് തമിഴ് സിനിമകള്‍ കഴിഞ്ഞപ്പോള്‍ അച്ഛനില്ചില മാറ്റങ്ങള്‍ വന്നു തുടങ്ങി. തുടക്കത്തില്‍ ഭക്ഷണം കഴിക്കാനായിരുന്നു ബുദ്ധിമുട്ട്. പിന്നീട് പതിയെ പതിയെ അദ്ദേഹം കാര്യങ്ങള്‍ മറക്കാന്‍ തുടങ്ങി. എന്നാല്‍ പിന്നീട് അദ്ദേഹം അസുഖ ബാധിതനായതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു. ഇപ്പോള്‍ ഒന്നര പതിറ്റാണ്ടിലേറെയായി അദ്ദേഹം മോശം ആരോഗ്യാവസ്ഥയിലൂടെ കടന്നു പോകുന്നു. മകന് ദുബായില്‍ താമസമായതിനാല്‍ ഇടയ്ക്കിടെ ഓടിയെത്താന്‍ കഴിയില്ല. പ്രയാസമാണ്. അതു കൊണ്ട് നയന്‍താര തന്നെയാണ് ഉത്തരവാദിത്വങ്ങള്‍ നോക്കി നടത്താറുളളത്. പിതാവിന്റെ രോഗാവസ്ഥ നയന്‍താരയെ ഏറെ അലട്ടിയിരുന്നെങ്കിലും വീട്ടില്‍ തന്നെ ഐ.സി.യു സംവിധാനം വരെയൊരുക്കി നയന്‍താര ഒപ്പം നിന്നുവന്നും ഓമന കുര്യന് ഡോക്യുമെന്ററിയില്‍ പറയുന്നു.
എത്ര തിരക്കുണ്ടെങ്കിലും ദിവസം മൂന്നോ നാലോ പ്രാവശ്യം മകള്‍ വീട്ടിലേക് വിളിക്കും. എന്നെയാണ് വിളിക്കുക. അച്ഛനും അമ്മയ്ക്കും സുഖമാണോ എന്നു ചോദിക്കും. എന്തു പ്രശ്നമുണ്ടെങ്കിലും എന്നെയാണ് വിളിക്കുക. വീട്ടില്‍ അച്ഛനായി ഒരു ഐ.സി.യു സംവിധാനം ്ഏതു നേരവും പ്രവര്‍ത്തനസജ്ജമാണ്. എത്ര തിരക്കുണ്ടെങ്കിലും എന്നെയും അച്ഛനെയും മകള്‍ പൊന്നു പോലെയാണ് നോക്കുന്നത്. ഇങ്ങനെയൊരു മകളെ കിട്ടിയത് ഞങ്ങളുടെ മഹാഭാഗ്യം. അതു പോലെ ഞാന്‍ ഏറെ ആഗ്രഹിച്ചതു പോലെ വളരെ നല്ലൊരു മരുമകനെയാണ് വിഘ്നേഷ് ശിവനിലൂടെ കിട്ടിയത്. മകള്‍ക്ക്, അവളെ മനസിലാക്കുന്ന, സ്നേഹമുള്ള ഒരാളെ ഭര്‍ത്താവായി കിട്ടണമെന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ട്. അതു പോലെ തന്നെയാണ് കിട്ടിയതും. '' ഓമന കുര്യന് പറയുന്നു.
നയന്‍താരയും തമിഴിലെ പ്രമുഖ നടനുമായി പ്രണയത്തിലായിരുന്ന സമയത്ത് അനുഭവിച്ച ദുരിതങ്ങളെ കുറിച്ചും അമ്മ ഓമന കുര്യന് ഡോക്യുമെന്ററിയില്‍ പറയുന്നുണ്ട്. ''ചെട്ടിക്കുളങ്ങര ക്ഷേത്രം അടുത്താണ്. രാവിലെ എഴുന്നേറ്റാലുടനെ ക്ഷേത്രത്തില്‍ പോയി പ്രാര്‍ത്ഥിക്കും. യേശുവിനെയും പ്രാര്‍ത്ഥിക്കും. ആ അമ്മയാണ് എനിക്കെന്റെ മോളെ തിരിച്ചു തന്നത്. ഇവള് കൈയ്യില്‍ നിന്നു പോയി എന്നു വിചാരിച്ച സമയങ്ങളുണ്ടായിരുന്നു. ആ സമയത്ത് ഒത്തിരി വിഷമം ഉണ്ടായിരുന്നു. ഞാന്‍ അവിടെയിരുന്നങ്ങ് പ്രാര്‍ത്ഥിച്ചു. ''എനിക്കെന്റെ മോളെ തിരിച്ചു തരണം. വേറെയൊന്നും തരണ്ട.'' എന്നു പ്രാര്‍ത്ഥിച്ചു. എന്റെ മോളെ എനിക്കറിയാം. ദൈവം കഴിഞ്ഞാല്‍ എന്റെ മോളെ എനിക്കാണ് അറിയാവുന്നത്. ഒരു ദോഷവും വരില്ലെന്ന് എനിക്കറിയാം. ദൈവം നമുക്ക് ജീവിക്കാന്‍ ധൈര്യം തന്നിട്ടുണ്ടെന്ന് അവള് പറഞ്ഞിട്ടുണ്ട്.'' ഓമന കുര്യന് പറഞ്ഞു.