Image

ഓർമ്മകൾ മിന്നാമിനുങ്ങുകളെ പോലെ ( ഡയറിക്കുറിപ്പുകൾ : ജയശങ്കർ ശങ്കരനാരായണൻ )

Published on 20 November, 2024
ഓർമ്മകൾ മിന്നാമിനുങ്ങുകളെ പോലെ ( ഡയറിക്കുറിപ്പുകൾ : ജയശങ്കർ ശങ്കരനാരായണൻ )

ഓർമ്മകൾ മിന്നാമിനുങ്ങുകളെ പോലെയാണ്. നിനച്ചിരിക്കാതെ ഇരുട്ടിൽ  എന്നപോലെ ഓർമ്മകൾ മനസ്സിൽ മിന്നാമിനുങ്ങുകളെ പോലെ വന്നു തിടം വയ്ക്കും.

നാലു സംവത്സരങ്ങൾക്കു മുമ്പ് മരിച്ചുപോയ അച്ഛമ്മയെ എനിക്കെങ്ങനെ മറക്കുവാൻ സാധിക്കും. ഒരു  മീൻകറി കഴിക്കുമ്പോൾ ഒരു രുചിയായി അച്ഛമ്മ ഓർമയിൽ നിറഞ്ഞു നില്കും . നല്ല ഉള്ളിത്തോരൻ കഴിക്കുമ്പോളും അച്ഛമ്മ വായിൽ വച്ച് തന്ന തോരൻ്റെ മണം എനിക്കോർമ്മ വരും. മണവും രുചിയും തന്നിട്ട് അച്ഛമ്മ അങ്ങ് യാത്രയായി .

വെളുത്ത നിറവും  അഞ്ചടിയിൽ താഴെ പൊക്കവും ഉള്ള അച്ഛമ്മ എപ്പോഴും വെളുത്ത മുഷിഞ്ഞ മുണ്ടും ബ്ലൗസും (റൗക്ക) ഒരു തോർത്തുമായിരുന്നു വേഷം. നഷ്ടബോധം പേറുന്ന കണ്ണുകളായിരുന്നു എപ്പോഴും.  അവർക്കു നഷ്ടമായത് അവരുടെ ബാല്യമായിരുന്നു.

പതിമൂന്നാം വയസിൽ കല്യാണം കഴിഞ്ഞു കുട്ടനാട്ടിലെ വാലടി എന്ന തുരുത്തിലെ ആശാരി വീട്ടിൽ നിന്നും തൃക്കൊടിത്താനത്തെ ഇരൂപ്പ് എന്ന കരയിൽ വള്ളത്തിൽ തുഴഞ്ഞു വന്നു ആ മണ്ണിൽ കാല് കുത്തുമ്പോൾ ആ പതിമൂന്നുകാരി അറിഞ്ഞിരുന്നോ അത് അപ്പൂപ്പൻ്റെ സഹോദരൻ കൊച്ചപ്പൂപ്പൻ്റെ ഭാര്യയാവാനും കൂടിയായിരുന്നുവെന്ന്. അക്കാലത്തു ആശാരി കുടുംബങ്ങളിൽ അന്യമായി തീർന്നിട്ടില്ലാത്ത സംസ്കാരമായിരുന്നു  സഹോദരങ്ങൾക്കു ഒരു ഭാര്യ .

വൈകുന്നേരം പണി കഴിഞ്ഞു വീട് അണയുന്ന അപ്പൂപ്പന്മാർ ഭാര്യയായ ലക്ഷ്മികുട്ടിയെ അയല്പക്കങ്ങളിലെ കുട്ടികളോടൊപ്പം കളിക്കുന്നിടത്തു നിന്ന് കൂട്ടികൊണ്ടു പോകുമായിരുന്നു . ഓല മേഞ്ഞ ചാണകം മെഴുകിയ കുഞ്ഞു വീട്ടിലായിരുന്നു അവർ താമസിച്ചിരുന്നത്. പിൽകാലത്ത് ഓടിട്ട വീട് പണിതെങ്കിലും ആ പഴയ വീട് "ചാർത്ത്" എന്ന പേരിൽ നിലനിന്നിരുന്നു എൻ്റെ കുട്ടിക്കാലത്തും.

പതിമൂന്നു കുഞ്ഞുങ്ങളെ അച്ഛമ്മ പ്രസവിച്ചു. നാലു കുഞ്ഞുങ്ങൾ അസുഖം വന്നു മരിച്ചു പോയി. ഏറ്റവും ഇളയതായി പിറന്ന ആൺകുഞ്ഞു അയല്പക്കത്തെ മൂടിയില്ലാത്ത കിണറ്റിൽ വീണു മുങ്ങി മരിച്ചു. നിലനിന്നവർ എട്ടു പേർ. ഏഴു ആണും ഒരു പെണ്ണും. എൻ്റെ അച്ഛനായിരുന്നു എട്ടുപേരിലും മുതിർന്നത് .

ഭർത്താക്കന്മാരേയും മക്കളെയും നോക്കി അഹോരാത്രം അച്ഛമ്മ വീട്ടുപണികൾ ചെയ്‌തു. അവിടുത്തെ പറമ്പും പരിസരങ്ങളും അവർ ഒറ്റയ്ക്കു വെട്ടി തൂത്തു വൃത്തിയാക്കിയിരുന്നു. അടുക്കളത്തോട്ടത്തിലെ ഫലവർഗങ്ങളെ കുഞ്ഞുങ്ങളെ പോലെ നോക്കിയിരുന്നു. അച്ഛമ്മ വളർത്തിയിരുന്ന കോഴികുഞ്ഞുങ്ങൾക്കു പേരിട്ടു വിളിച്ചിരുന്നു . മുട്ടയും പച്ചക്കറികളും കൈമാറി അരിയും സാധനങ്ങളും വാങ്ങിയിരുന്നു. ഞാൻ ജനിക്കുമ്പോൾ സുഖദുഃഖ സമ്മിശ്രമായ നാലു സംവത്സരങ്ങൾ അച്ഛമ്മ ആ കുടുംബത്തിൽ ജീവിച്ചു കഴിഞ്ഞിരുന്നു.

കുഞ്ഞുങ്ങളായ എന്നെയും അനുജനെയും വളർത്താൻ കൂടെയുണ്ടായിരുന്ന അച്ഛമ്മയെ ഞങ്ങളുടെ അമ്മ  എന്നും നന്ദിയോടെ സ്മരിച്ചിരുന്നു. അമ്മ ജോലിക്കു പോകുന്ന പകലുകളിൽ അച്ഛമ്മയായിരുന്നു ഞങ്ങളെ നോക്കിയിരുന്നത്. സഹോദരി ജനിച്ചപ്പോൾ അവൾക്കു അച്ഛമ്മയുടെ പേരാണിട്ടത്. ലക്ഷ്മി.

എൻ്റെ കുട്ടിക്കാലമായപ്പോഴേക്കും മക്കളെ പോറ്റിയും ഭർത്താക്കന്മാരെ സേവിച്ചും അച്ഛമ്മ ആർക്കും അവഗണിക്കാനാവാത്ത ഒരു വ്യക്തിത്വമായി മാറി കഴിഞ്ഞിരുന്നു. അവരുടെ പരിഭ്രമങ്ങളും പരിഭവങ്ങളും അവർ ഉറക്കെ പറഞ്ഞിരുന്നു. ചൂലെടുത്തു മുറ്റമടിച്ചു കൊണ്ടായിരിക്കും അച്ഛമ്മയുടെ ചീത്ത പറച്ചിൽ.  ഭർത്താക്കന്മാർ തിണ്ണയിൽ മൗനം ഭുജിച്ചിരിക്കും.  അച്ഛമ്മയോടാർക്കും ഒരു പരാതിയും ഇല്ലായിരുന്നു . വീടുമാറി താമസിച്ചു കഴിഞ്ഞപ്പോൾ അച്ഛമ്മയുമായിട്ടുള്ള നിത്യസമ്പർക്കം നിലച്ചു. ഇളം തലമുറയിലെ നവജാതർക്കായിരുന്നു പിന്നെ ആ ഭാഗ്യം ലഭിച്ചത് .

ചിലനാളുകളിൽ അച്ഛമ്മ എല്ലാവരോടും പിണങ്ങി വീട് വിട്ടു പോകുമായിരുന്നു. ഒരു തുണി സഞ്ചിയിൽ വസ്ത്രങ്ങളെല്ലാം കുത്തി നിറച്ചു കലിതുള്ളി പടി ഇറങ്ങും. ചെന്ന് പറ്റുന്നത് കവലയിലുള്ള സർക്കാർ ആശുപത്രിയിൽ. അന്വേഷിച്ചു അനുനയിപ്പിക്കാൻ ചെല്ലുന്ന ഭർത്താക്കന്മാരോടും മക്കളോടും പെട്ടന്നൊന്നും അച്ഛമ്മ വഴങ്ങി കൊടുക്കുമായിരുന്നില്ല. രണ്ടു ദിവസം വിശ്രമിച്ചിട്ടേ അച്ഛമ്മ തിരിച്ചു വീട്ടിൽ വരുമായിരുന്നുള്ളു.

ഒരിക്കൽ അച്ഛമ്മയ്ക്ക് സുഖമില്ലാതെയായി. എൻ്റെ അമ്മ അച്ഛമ്മയെ നാലുകോടിയിലുള്ള റീത്താസ് ആശുപത്രിയിൽ കൊണ്ടുപോയി പരിശോദിപിച്ചു. ഗർഭപാത്രം ശസ്ത്രക്രിയ ചെയ്തു മാറ്റണം എന്ന് ഡോക്ടർ പറഞ്ഞു. ശസ്ത്രക്രിയ നടക്കുമ്പോൾ ഘടാഘടിയന്മാരായ ആൺമക്കളും ഭർത്താക്കന്മാരും നിസ്സഹായരായി ആ ആശുപത്രി വരാന്തയിൽ നിന്നു.

അച്ഛമ്മ പിന്നെയും ഒരുപാടു വർഷങ്ങൾ ജീവിച്ചു .

തെക്കേപറമ്പിലെ ശ്മശാനഭൂമിയിൽ നിന്നപ്പുറത്തെ പാടത്തെ കാഴ്ചകൾ കാണുന്നത് കുട്ടിക്കാലത്തെ ഒരു  രസമായിരുന്നു. പാടത്തു പണി എടുക്കുന്ന പെണ്ണുങ്ങൾ വിശ്രമിക്കാൻ ഞങ്ങളുടെ പറമ്പിൽ കയറിയിരിക്കുമായിരുന്നു. അച്ഛമ്മ അവർക്കു കുടിക്കാൻ കഞ്ഞിവെളളം കൊണ്ടുകൊടുക്കുമായിരുന്നു.

കുട്ടനാട്ടിലെ വാലടി എന്ന ദ്വീപിൽ നിന്ന് അപ്പുപ്പൻ അച്ഛമ്മയെ കല്യാണം കഴിച്ചു നദികളും തോട്ടുകളും വള്ളത്തിൽ തുഴഞ്ഞ് ഈ കരയ്ക്ക് വന്ന് കയറുന്നത് ഒരു നൂറു വർഷങ്ങൾ മുമ്പായിരിക്കണം. എൻ്റെ അച്ഛൻ്റെ പ്രായം കണക്കുകൂട്ടി ഞാൻ ഊഹിച്ചു പറയുന്നതാണ്. അന്ന് പതിമൂന്നു വയസ്സായിരുന്നു അച്ഛമ്മയ്ക്ക് പ്രായം. ആ ഇളം പ്രായത്തിൽ തൻ്റെ ബാല്യവും കൗമാരവും അടിയറവച്ച് ജനിച്ച നാട്ടും വീടും ഉപേക്ഷിച്ച അച്ഛമ്മ ഈ  പറമ്പിനരികിൽ നിന്ന് പടിഞ്ഞാറോട്ട് നോക്കി നിന്ന് നിശ്വാസം കൊള്ളുന്നത് എൻ്റെ ബാല്യകാലത്ത് ഞാൻ ഒരുപാട് കണ്ടിട്ടുണ്ട്. ഒരു സങ്കടം പടിഞ്ഞാറൻ കാറ്റ് പോലെ അച്ഛമ്മയെ വന്നു മൂടും.

കൊഴിഞ്ഞുപോയ വർഷങ്ങളിൽ ജീവിതത്തിൻ്റെ കാലവും പരിസരവും ഒരുപാട് മാറിയിരിക്കുന്നു. ഞങ്ങളുടെ ഇളയശ്ശേരി വീടും പറമ്പും പുത്തൻ തലമുറയിലെ അവകാശികൾ വിറ്റുവെങ്കിലും തെക്കേപറമ്പിലെ സ്മശാനഭൂമി ആരുടെയും പേരിലല്ലാത്തതിനാൽഅത് വിൽക്കാൻ സാധ്യമല്ലായിരുന്നു.  സ്മശാനഭൂമിയും അവിടേക്കുള്ള നടപ്പാതയും ഇന്നും അതുപോലെ നിലനിൽക്കുന്നു. ഓരോ തവണ അവധിക്കു വരുമ്പോഴും ഒരു അനുഷ്ഠാനം പോലെ ഞാനവിടെ പോകും. ആ നടവഴിയിൽ നടക്കുമ്പോൾ എൻ്റെ മനസ്സ് ഉൾകുളിർകൊള്ളും. ഏതോ ഒരു ശക്തി എന്നെ അവിടേക്കു കൂടുതൽ അടുപ്പിക്കുന്നപോലെ തോന്നും.

ഒർമ്മകൾ വിങ്ങി നിൽക്കുന്ന പിതൃക്കളുടെ മണ്ണിൽ ചെന്നു നിൽക്കുമ്പോൾ എന്തെന്നില്ലാത്ത മനശാന്തി ഞാൻ അനുഭവിക്കും. കടൽത്തീരത്ത് തിരയെണ്ണി നിൽകുമ്പോൾ, തിരമാലകൾ തീരത്തെ തലോടി തഴുകുമ്പോൾ, മനസിനും സമാധാനം തോന്നുന്നതുപോലെ.  ആ പൂർവിക ഭൂമിയിൽ ഞാൻ കൂപ്പു കൈകളോടെ മൗനം പൂണ്ടു നിൽക്കും.

അച്ഛമ്മയ്ക്ക് ശേഷവും കുടുംബത്തിലെ പലരും ചാരമായി ആ മണ്ണിൽ അലിഞ്ഞു കടന്നുപോയിരിക്കുന്നു. ആ പവിത്രഭൂമി ഇന്നിപ്പോൾ കാടു പിടിച്ചു കിടക്കുന്നു.

പണ്ട് നെൽപാടമായി കിടന്നിരുന്ന സ്ഥലങ്ങളിൽ ഒക്കെ വീടുകൾ വന്നിരിക്കുന്നു. ഗ്രാമം ഏറെക്കുറെ നഗരത്തോട് സമരസപ്പെട്ടു കഴിഞ്ഞിരിക്കുന്നു. മുന്നു പതിറ്റാണ്ടുകൾക്കു മുമ്പ് മുംബയിലേക്കു കുടിയേറിയ എനിക്കു ഗ്രാമവും നഗരവും തമ്മിൽ വലിയ വത്യാസങ്ങൾ ഒന്നും ഇന്ന് തോന്നാറില്ല. എൻ്റെ കുട്ടിക്കാലത്തെ ഗ്രാമത്തെ ഇനി എനിക്ക് ഒർമ്മകളിൽ മുങ്ങാംകുഴിയിട്ടു കാണേണ്ടിവരും.

അച്ഛമ്മ മരിച്ചപ്പോൾ അച്ഛമ്മയെ അവസാനമായി ഒരു നോക്കുകാണാൻ എനിക്ക് ഭാഗ്യമുണ്ടായിരുന്നില്ല.  കോളേജ് പഠനം കഴിഞ്ഞ നാളുകളിലൊന്നിൽ ഒരു പരീക്ഷ എഴുതാൻ ഞാൻ തിരുവനന്തപുരത്തു പോയി ഒരു രാത്രി താമസിച്ചു . പിറ്റേന്ന് പരീക്ഷ കഴിഞ്ഞു വീട്ടിൽ വന്ന ഞാൻ വീട് അടഞ്ഞു കിടക്കുന്നതു കണ്ടു  അത്ഭുതപ്പെട്ടു. അയലത്തെ വീട്ടിലെ സ്ത്രീയാണ് പറഞ്ഞത് തലേന്ന് രാത്രി അച്ഛമ്മ മരിച്ചു എന്ന്.

കുടുംബ വീട്ടിൽ ഞാൻ എത്തുമ്പോൾ നേരം ഇരുട്ടി കഴിഞ്ഞിരുന്നു . തെക്കേപറമ്പിലെ ശ്മശാനത്തിൽ ചിത കത്തി തുടങ്ങിയിരുന്നു. ചിതയ്ക്കരുകിൽ ഞാൻ ചെന്ന് നിന്നപ്പോൾ മെല്ലെ മെല്ലെ കത്തുകയായിരുന്ന  ചിതയിൽ അഗ്നി ഒരാവേശത്തോടെ ഉണർവോടെ ആളി പടർന്നു,

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക