മലയാള നാടക - ചലച്ചിത്ര നടിയായിരുന്ന കോഴിക്കോട് ശാന്താദേവി ഓർമ്മയായിട്ട് ഇന്ന് പതിനാലാണ്ട്. ദമയന്തി എന്നാണ് യഥാർത്ഥനാമം. 60 വർഷത്തെ കലാജീവിതത്തിനിടയിൽ ആയിരത്തോളം നാടകങ്ങളിലും അഞ്ഞൂറോളം സിനിമകളിലും അഭിനയിച്ചു. 1954- ൽ വാസു പ്രദീപ് എഴുതി, കുണ്ഡനാരി അപ്പു നായർ സംവിധാനം ചെയ്ത സ്മാരകം എന്ന നാടകത്തിലൂടെ ശാന്താദേവി ആദ്യമായി നാടകവേദിയിൽ അരങ്ങേറ്റം കുറിച്ചു. 1957ൽ രാമു കാര്യാട്ട് സംവിധാനം ചെയ്ത 'മിന്നാമിനുങ്ങ്' എന്ന സിനിമയിലാണ് ആദ്യമായി തിരശ്ശീലയിലെത്തുന്നത്. മൂടുപടം, കുട്ടിക്കുപ്പായം, കുഞ്ഞാലിമരക്കാർ, ഇരുട്ടിന്റെ ആത്മാവ്, സ്ഥലത്തെ പ്രധാന പയ്യൻസ്,അസുരവിത്ത്, അദ്വൈതം,യമനം തുടങ്ങിയ ചിത്രങ്ങളിൽ പ്രമുഖ വേഷങ്ങളിൽ അഭിനയിച്ചു. 'കേരള കഫേ'യിൽ അൻവർ റഷീദ് സംവിധാനം ചെയ്ത 'ബ്രിഡ്ജി'ലാണ് അവസാനമായി അഭിനയിച്ചത്. നിരവധി ടെലിവിഷൻ സീരിയലുകളിലും ശാന്താദേവി അഭിനയിച്ചിട്ടുണ്ട്.
കോഴിക്കോട് ജില്ലയിലെ പൊറ്റമ്മലിൽ, തോട്ടത്തിൽ കണ്ണക്കുറുപ്പ്, കാർത്യായനിയമ്മ എന്നിവരുടെ പത്തു മക്കളിൽ ഏഴാമത്തെ മകളായിശാന്തദേവി ജനിച്ചു. സഭ സ്കൂളിലും ബി.എ.എം. എസ്. സ്കൂളിലുമായി വിദ്യാഭ്യാസം നടന്നു. 18 വയസുള്ളപ്പോൾ റെയിൽ വേ ഗാാർഡായ, മുറച്ചെറുക്കൻ ബാലകൃഷ്ണനെ വിവാഹം കഴിച്ചെങ്കിലും ഈ ബന്ധം അധികം നീണ്ടുനിന്നില്ല. ഒരു കുഞ്ഞിന്റെ ജനനശേഷം ബാലകൃഷ്ണൻ ശാന്താദേവിയെ ഉപേഷിച്ചു നാടു വിട്ടു. തുടർന്ന് പ്രസിദ്ധഗായകനായ കോഴിക്കോട് അബ്ദുൽഖാദറെ വിവാഹം ചെയ്തു. സുരേഷ് ബാബുവും സത്യജിത്തുമാണ് മക്കൾ.സത്യജിത് നിരവധി മലയാളചിത്രങ്ങളിൽ ബാലതാരമായിരുന്നു.
. യമനം എന്ന ചിത്രത്തിലെ അഭിനയത്തിന് 1992-ൽ മികച്ച സഹനടിക്കുള്ള ദേശീയപുരസ്കാരം നേടി. 2005-ൽ കേരള സംഗീതനാടക അക്കാദമിയുടെ സമഗ്രസംഭാവനക്കുള്ള പുരസ്കാരം ലഭിച്ചു.1983-ൽ മികച്ച നാടക നടിക്കുള്ളസംസ്ഥാന അവാർഡ് കോഴിക്കോട് കലിംഗയുടെ ദീപസ്തംഭം മഹാശ്ചര്യം എന്ന നാടകത്തിലെ അഭിനയത്തിന് ലഭിച്ചു.1979-ൽ കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ ചലച്ചിത്ര അവാർഡ്,സംഗീതനാടക അക്കാദമിയുടെ പ്രേംജി പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.
1990-കൾ മുതൽ ടെലിവിഷൻ പരമ്പരകളിലും സജീവമായിരുന്നു.. 2010 നവംബർ 20-ന് വാർദ്ധക്യസഹജമായ അസുഖം ബാധിച്ച് അന്തരിച്ചു.
അതുല്യയായ ആ അഭിനേത്രിയുടെ ഓർമ്മക്കുമുമ്പിൽ പ്രണാമം.