വ്യോമാക്രമണ ഭീഷണിയെ തുടർന്ന് യുക്രെയ്ൻ തലസ്ഥാനമായ കീവിലെ അമേരിക്കൻ എംബസി പൂട്ടി. ബുധനാഴ്ചയാണ് എംബസി അടക്കുന്ന വിവരം അമേരിക്ക ഔദ്യോഗികമായി അറിയിച്ചത്.
എംബസി പൂട്ടിയ വിവരം സ്ഥിരീകരിച്ച അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ജീവനക്കാരോട് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറാനും നിർദേശിച്ചു. കീവിലെ അമേരിക്കൻ പൗരൻമാരോട് സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് മാറാൻ നിർദേശിച്ചിട്ടുണ്ട്. അമേരിക്കൻ നിർമ്മിത ദീർഘദൂര മിസൈലുകള്‍ ഉപയോഗിച്ച് യുക്രെയ്ൻ ആക്രമണം തുടങ്ങിയതിന് പിന്നാലെയാണ് ഈ മുന്നറിയിപ്പ്.
യുദ്ധം ആരംഭിച്ചിട്ട് ആയിരം ദിവസം പിന്നിടുന്ന സാഹചര്യത്തില്‍ കൂടിയാണ് റഷ്യ ആക്രമണം കടുപ്പിക്കുന്നത്.
യുഎസ് നല്‍കിയ ദീര്‍ഘദൂര മിസൈലുകള്‍ റഷ്യയ്ക്കു മേല്‍ പ്രയോഗിക്കാന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അനുമതി നല്‍കിയിതു റഷ്യയുടെ പ്രകോപനത്തിന് കാരണമായിട്ടുണ്ട്. റഷ്യയ്ക്കകത്തെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണം നടത്താൻ യുക്രെയ്ൻ ആദ്യമായാണ് ദീർഘദൂര അമേരിക്കൻ ആയുധങ്ങള്‍ ഉപയോഗിക്കുന്നത്. പ്രാദേശിക സമയം ചൊവ്വാഴ്ച പുലർച്ചെ 3.25നായിരുന്നു ആക്രമണം. അതേസമയം റഷ്യ 5 മിസൈലുകളും ആക്രമിച്ചു തകർത്തു. തകർന്ന മിസൈലിന്റെ ഭാഗങ്ങള്‍ റഷ്യയുടെ സൈനിക കേന്ദ്രത്തിനടുത്താണ് പതിച്ചത്. എന്നാല്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നും റഷ്യൻ വ്യോമ പ്രതിരോധ സേന അറിയിച്ചു. ഇതിനു പിന്നാലെ ആവശ്യമെങ്കില്‍ ആണവായുധം പ്രയോഗിക്കാമെന്ന ഉത്തരവില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ ഒപ്പിട്ടിരുന്നു.
നേരത്തെ ആണവായുധം പ്രയോഗിക്കുന്നതുമായി ബന്ധപ്പെട്ട നയത്തില്‍ മാറ്റം വരുത്തുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ അറിയിച്ചതിന് പിന്നാലെ യുറോപ്പില്‍ ആകമാനം ആശങ്ക പടർന്നിരുന്നു.
റഷ്യ പാശ്ചാത്യ രാജ്യങ്ങള്‍ക്കെതിരെ പുതിയ യുദ്ധമുഖം തുറക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് കൂടി അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നല്‍കിയതോടെയാണ് യൂറോപ്പ് കനത്ത ജാഗ്രത പുലർത്തുന്നത്. ഹൈബ്രിഡ് യുദ്ധമുഖം റഷ്യ തുറക്കുമെന്നാണ് ഭീതിപ്പെടുത്തുന്ന റിപ്പോർട്ടുകള്‍. റഷ്യ സൈബർ ആക്രമണങ്ങളും, പ്രചാരണ യുദ്ധങ്ങളും, അട്ടിമറികളുമടങ്ങിയ ‘ഹൈബ്രിഡ് പദ്ധതികള്‍’ തങ്ങളുടെ എതിരാളികള്‍ക്കെതിരെയുള്ള പ്രധാന ആയുധമായി പുറത്തെടുക്കുകയാണ്. എണ്ണ- ഗ്യാസ് വിതരണ ചാനലുകള്‍ പോലുള്ള നിർണായക പൈപ്പ്‌ലൈൻ ലക്ഷ്യമാക്കുന്ന ആക്രമണ സാധ്യതയും ശക്തമാണ്.
അതേസമയം, അമേരിക്കയുടെ പുതിയ നയത്തോട് ശക്തമായ പ്രതികരണം ഉണ്ടാകുമെന്ന് റഷ്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
എന്നാല്‍ റഷ്യ യുക്രെയിനെ ആയിരിക്കില്ല ആക്രമിക്കുകയെന്നും ലോകത്തിന്റെ മറ്റെവിടെയെങ്കിലും ആയിരിക്കാമെന്നും നാറ്റോ രാജ്യങ്ങള്‍ ഭയപ്പെടുന്നുണ്ട്.
ഇതേ സമയം പല നാറ്റോ രാജ്യങ്ങളും തങ്ങളുടെ പൗരന്മാരോട് യുദ്ധസാഹചര്യമുണ്ടാകുമെന്ന് പ്രതീക്ഷിക്കണമെന്ന് മുന്നറിയിപ്പ് നൽകി .
യുദ്ധത്തിന് എങ്ങനെ തയ്യാറെടുക്കണമെന്ന് നിർദേശിക്കുന്ന ലഘുലേഖകള്‍ നാറ്റോ അംഗരാജ്യങ്ങള്‍ പൗരന്മാർക്ക് വിതരണം ചെയ്തതായാണ് വിദേശമാധ്യമങ്ങളെ ഉദ്ധരിച്ച് ഇന്ത്യാടുഡേ റിപ്പോർട്ട് ചെയ്തത്.
ആണവയുദ്ധം പൊട്ടിപ്പുറപ്പെടുമെന്ന ഭയത്തിനിടയില്‍ സ്വീഡൻ തങ്ങളുടെ പൗരന്മാരോട് സുരക്ഷിതരായിരിക്കണമെന്ന് ലഘുലേഖകളില്‍ മുന്നറിയിപ്പ് നല്‍കിയതായി യുകെ മിറർ റിപ്പോർട്ട് ചെയ്യുന്നു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഇത് അഞ്ചാം തവണ മാത്രമാണ് സ്വീഡൻ ഇത്തരത്തില്‍ മുന്നറിയിപ്പ് നല്‍കുന്നത്. ലഘുലേഖ എല്ലാ സ്വീഡിഷ് കുടുംബങ്ങള്‍ക്കും അയച്ചിട്ടുണ്ട്. യുദ്ധം ഉള്‍പ്പെടെയുള്ള അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാൻ ഉപദേശിക്കുന്ന ലഘുലേഖകള്‍ നോർവേ പുറത്തിറക്കി.
ആണവ ആക്രമണം ഉള്‍പ്പെടെ മൂന്ന് ദിവസത്തെ അടിയന്തര സാഹചര്യം കൈകാര്യം ചെയ്യാൻ ഉണങ്ങിയ ഭക്ഷ്യവസ്തുക്കള്‍, വെള്ളം, മരുന്നുകള്‍ എന്നിവ സംഭരിക്കാൻ ഡെൻമാർക്ക് തങ്ങളുടെ പൗരന്മാർക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റഷ്യ-ഉക്രെയ്ൻ യുദ്ധം രൂക്ഷമാകുന്നതിനിടെ ഫിൻലൻഡും പൗരന്മാർക്ക് മുന്നറിപ്പ് നല്‍കിയിട്ടുണ്ട്.