റഷ്യക്കെതിരെ യുക്രൈൻ യുഎസ് നിർമിത മിസൈലുകൾ വിക്ഷേപിച്ചതിനെ തുടർന്നു വർധിച്ച സംഘർഷം കണക്കിലെടുത്തു കിയവിൽ യുഎസ് ഉൾപ്പെടെ പാശ്ചാത്യ സഖ്യങ്ങളുടെ പല എംബസികളും അടച്ചു. എംബസിക്കു നേരെ റഷ്യൻ വ്യോമാക്രമണം ഉണ്ടാവുമെന്ന വ്യക്തമായ വിവരം ലഭിച്ചെന്നു യുഎസ് വൃത്തങ്ങൾ അറിയിച്ചു.
ഇറ്റാലിയൻ, സ്പാനിഷ്, ഗ്രീക്ക് എംബസികളും അടച്ചിട്ടു.
റഷ്യൻ സൈന്യത്തോടൊപ്പം യുക്രൈനെതിരെ ആക്രമണത്തിന് ആയിരക്കണക്കിന് ഉത്തര കൊറിയൻ സൈനികരും എത്തിയതിനെ തുടർന്നാണ് യുക്രൈന്റെ പ്രതിരോധം ശക്തമാക്കാൻ യുഎസ് ദീർഘദൂര മിസൈലുകൾ ഉപയോഗിക്കുന്നതിനു പ്രസിഡന്റ് ജോ ബൈഡൻ അനുമതി നൽകിയത്. തിങ്കളാഴ്ച യുക്രൈൻ അവ ഉപയോഗിച്ചു.
റഷ്യക്കുള്ളിൽ ആക്രമണം നടത്താൻ മിസൈലുകൾ നൽകുന്ന നേറ്റോ സഖ്യരാഷ്ട്രങ്ങൾ തിരിച്ചടി നേരിടുമെന്നു റഷ്യൻ ഫോറിൻ ഇന്റലിജൻസ് മേധാവി സെർജി നരിഷ്‌കിൻ പറഞ്ഞു.
ആക്രമണങ്ങൾ നിർത്തിവയ്ക്കില്ലെന്നു ക്രെംലിൻ
റഷ്യ ലക്ഷ്യങ്ങൾ നേടാതെ ആക്രമണങ്ങൾ നിർത്തിവയ്ക്കില്ലെന്നു ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ് വ്യക്തമാക്കി. യുക്രൈൻ പാശ്ചാത്യ സഖ്യങ്ങളിൽ ചേരുന്നതിനെ റഷ്യ എതിർക്കുന്നു. റഷ്യൻ അതിർത്തികൾ സുരക്ഷിതമായി സൂക്ഷിക്കേണ്ടതുണ്ട്. യുക്രൈന്റെ മണ്ണിൽ വിദേശ ആയുധങ്ങൾ ഉണ്ടാവാൻ പാടില്ല താനും.
അതേ സമയം, യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾക്കു മുൻപ് യുക്രൈനെ 'വളരെ ശക്തമായ' നിലയിൽ എത്തിക്കാനാണ് യുഎസ് ലക്ഷ്യമിടുന്നതെന്നു യുഎസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കിഴക്കു റഷ്യൻ സേനയുടെ മുന്നേറ്റം തടയാൻ യുക്രൈന് കഴിയണം. അതിനാണ് യുഎസ് മിസൈലുകൾ റഷ്യൻ ഭൂപ്രദേശത്തു ഉപയോഗിക്കാൻ അനുമതി നൽകിയത്. പിന്നാലെ റഷ്യൻ പടയെ ഉന്നം വയ്ക്കുന്ന ലാൻഡ്മൈനുകളും അനുവദിച്ചു.
US embassy shuttered in Kyiv over Russian attack fears