കൊച്ചി: വന്‍കരകളിലെ സമകാലിക കലകള്‍ പ്രദര്‍ശിപ്പിക്കുന്ന കൊച്ചി മുസിരിസ് ബിനാലെയുടെ ആറാം പതിപ്പ് 2025 ഡിസംബര്‍ 12 മുതല്‍ 2026 മാര്‍ച്ച് 31 വരെ നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്രശസ്ത ആര്‍ട്ടിസ്റ്റായ നിഖില്‍ ചോപ്രയും എച്ച്എച്ച് ആര്‍ട്ട് സ്പേസസും ബിനാലെയുടെ പുതിയ പതിപ്പ് ക്യൂറേറ്റ് ചെയ്യുമെന്നും ഹോട്ടല്‍ വിവാന്തയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
ബിനാലെയുടെ ആറാം പതിപ്പ് അവിസ്മരണീയമാകും. കലയുടേയും സമൂഹത്തിന്റേയും സംവാദത്തിന്റേയും ഒത്തുചേരലിന് വേദിയാകുന്ന ആഗോള പരിപാടിയില്‍ ഭാഗമാകാന്‍ കേരളത്തിലെയും രാജ്യത്തേയും ലോകമെമ്പാടുമുള്ള ആസ്വാദകരേയും ക്ഷണിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു. തത്സമയ പ്രകടനം, ചിത്രകല,ഫോട്ടോഗ്രാഫി, ശില്പം, ഇന്സ്റ്റലേഷന് എന്നിവ സമന്വയിപ്പിക്കുന്ന കലാകാരനാണ് ക്യൂറേറ്ററായി തിരഞ്ഞെടുക്കപ്പെട്ട നിഖില്‍ ചോപ്രയെന്നും മുഖ്യമന്ത്രി പരിചയപ്പെടുത്തി.
കലാ മേഖലയില്‍ അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തരായ ഷാനയ് ഝവേരി, ദയാനിത സിംഗ്, റജീബ് സംദാനി, ജിതീഷ് കല്ലാട്ട്, ബോസ് കൃഷ്ണമാചാരി എന്നിവരടങ്ങിയ സമിതിയാണ് ക്യൂറേറ്ററെ തെരഞ്ഞെടുത്തത്.
ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് സന്നിഹിതനായിരുന്നു. കൊച്ചി ബിനാലെ ഫൗണ്ടേഷന് ചെയര്‍പേഴ്സണും മുന്‍ ചീഫ് സെക്രട്ടറിയുമായ ഡോ വി വേണു സ്വാഗതം ആശംസിച്ച ചടങ്ങില്‍ ശശി തരൂര്‍ എംപി ഓണ്‍ലൈനായി പങ്കെടുത്തു. കൊച്ചി ബിനാലെ ഫൗണ്ടേഷന് പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, ട്രസ്റ്റിമാര്‍, ഉപദേശകസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.