പ്രശസ്ത സംഗീത സംവിധായകൻ എ.ആർ. റഹ്മാനും പങ്കാളി സൈറ ബാനുവും 29 വർഷത്തെ വിവാഹ ബന്ധം വേർപ്പെടുത്തിയതായി പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. മണിക്കൂറുകൾക്ക് ശേഷം റഹ്മാന്‍റെ ട്രൂപ്പിലെ ബാസിസ്റ്റായ മോഹിനി ഡേ അവരുടെ പങ്കാളിയുമായി വേർപിരിഞ്ഞു. മോഹിനിയും ഭർത്താവും മ്യൂസിക് കമ്പോസറുമായ മാർക്ക് ഹാർട്സച്ചും വേർപിരിയുന്നതായി ഇന്‍സ്റ്റഗ്രാമിലാണ് കുറിച്ചത്.
ഹൃദയത്തിന് വളരെ ഭാരമേറിയ വാർത്തയാണ് പുറത്തുവിടുന്നതെന്നും കുടുംബത്തിനും കൂട്ടുകാർക്കുമെല്ലാം നന്ദിയെന്നും ഇരുവരും ചേർന്നൊരുക്കിയ ഇൻസ്റ്റഗ്രാം പോസ്റ്റിൽ അറിയിച്ചു. തങ്ങൾ ഒരുമിച്ചെടുത്ത തീരുമാനമാണിതെന്നും നല്ല സുഹൃത്തുകളായി തുടരുമെന്നും ഇരുവരും അറിയിച്ചു. ഒരുമിച്ച് സംഗീതം ചെയ്യുന്നത് നിർത്തില്ലെന്നും വ്യക്തമാക്കി. തങ്ങളുടെ സ്വകാര്യത ആരാധകർ മാനിക്കണമെന്നും മോഹിനി ആവശ്യപ്പെട്ടു.
എ.ആർ. റഹ്മാന്‍റെ ട്രൂപ്പില്‍ ബാസിസ്റ്റായിരുന്ന മോഹിനി ലോകമെമ്ബാടും നാല്‍പതോളം റഹ്മാൻ ഷോയില്‍ പങ്കെടുത്തിട്ടുണ്ട്. 2023ലാണ് മോഹിനി ആദ്യമായി സ്വന്തം ആല്‍ബം പുറത്തുവിട്ടത്.
ചൊവ്വാഴ്ചയാണ് റഹ്മാനും പങ്കാളി സൈറ ബാനുവും വേർപിരിഞ്ഞത്. സൈറയുടെ അഭിഭാഷക വന്ദനാ ഷാ ആണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത്. ഇരുവര്‍ക്കുമിടയിലെ വൈകാരികബന്ധത്തിലുണ്ടായ പ്രശ്‌നങ്ങളാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്നും ഇത് ഏറെ പ്രയാസകരമായ തീരുമാനമാണെന്നും സൈറയുടെ അഭിഭാഷക പറഞ്ഞിരുന്നു. 'ഇരുവരും തമ്മിലുള്ള വൈകാരികസംഘര്‍ഷങ്ങള്‍ പരിഹരിക്കാനാകുന്നില്ല. പരസ്പരസ്‌നേഹം നിലനില്‍ക്കുമ്ബോഴും അടുക്കാനാകാത്തവിധം രണ്ടുപേരും അകന്നുപോയി' എന്നായിരുന്നു പങ്കുവെച്ച വാർത്തക്കുറിപ്പില്‍ പറഞ്ഞത്.
1995-ലാണ് എ.ആര്‍. റഹ്‌മാനും സൈറയും വിവാഹിതരാവുന്നത്. നീണ്ട 29 വർഷത്തെ വിവാഹജീവിതമാണ് ഇരുവരും അവസാനിപ്പിക്കുന്നത്. ഖദീജ റഹ്‌മാന്‍, റഹീമ റഹ്‌മാന്‍, എ.ആര്‍. അമീന്‍ എന്നിവരാണ് മക്കള്‍.